ടി.ഡി. രാമകൃഷ്ണെൻറ, മാധ്യമം ആഴ്ചപ്പതിപ്പിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ച 'മാമ ആഫ്രിക്ക' എന്ന നോവൽ വായിക്കുന്നു. ഇൗ നോവലിനെ മുൻനിർത്തി ഉത്തരാധുനികതയുടെ ഉത്തരകാലത്തുണ്ടായ മലയാളത്തിലെ നോവൽഘടനയുടെ പ്രമേയപരിസരത്തെ പരിശോധിക്കുന്നു.
''ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയുടെ ഭരണാധികാരിയായിരുന്നു ഇദി അമീൻ. ഇദി അമീനെ ചരിത്രം കാണുന്നത് ക്രൂരനായ ഒരു ഭരണാധികാരിയായാണ്. അനേകമാളുകൾ അമീെൻറ ദുർഭരണത്തിൽ കൊല്ലപ്പെട്ടു. ഏഷ്യൻ വംശജരെ പുറത്താക്കി വംശീയ ശുദ്ധീകരണം തന്നെ നടത്തപ്പെട്ടു. എതിരാളിയുടെ ശരീരാവയവങ്ങൾ മുറിച്ചെടുത്ത് കഴുത്തിൽ തൂക്കി നടക്കുന്നത് അദ്ദേഹത്തിെൻറ വിനോദമായിരുന്നു. 1979ൽ ടാൻസനിയയുടെ സഹായത്തോടെ നടന്ന പട്ടാള അട്ടിമറിയിൽ അമീൻ പുറത്താക്കപ്പെട്ടു''
(വിക്കിപീഡിയ മലയാളം. 'ഇദി അമീൻ' എന്ന ലേഖനം)
നോവലിന് ചില ലക്ഷണങ്ങളുണ്ട് എന്ന് ആരോ കൽപ്പിച്ചതുകൊണ്ടാണ് 'ലക്ഷണമൊത്ത നോവൽ' എന്ന വിശേഷണം മലയാളത്തിൽ ഉറച്ചുപോയത്. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലിന് മുമ്പുണ്ടായ മലയാള നോവലുകളുടെ ആഖ്യാനഘടനയിലെ 'ലക്ഷണക്കേടാ'ണ് പുതിയകാലത്തിെൻറ മലയാളനോവലുകളുടെ മുഖലക്ഷണം. നോവലിെൻറ രൂപം, മാതൃക, ഘടന എന്നിവയുടെ നിർമിതിയെ നിർണയിക്കുന്ന രാഷ്ട്രീയത്തെ അധിഷ്ഠിതമാക്കി, മലയാളനോവലിൽ ഇന്നോളം നടന്ന ആഖ്യാനകലാ പരീക്ഷണങ്ങളെ ഡോ. ഷാജി ജേക്കബ് നാലു കാലഘട്ടങ്ങളായി വിഭജിക്കുന്നുണ്ട്. കൊളോണിയൽ ആധുനികത (1850–1950), ദേശീയാധുനികത (1890–1950), ആധുനികതാവാദം (1950–1990), ആധുനികാനന്തരത (1990 മുതൽ) എന്നിങ്ങനെയാണത്. ഈ കാലഭിത്തികയോടും തലക്കെട്ടിനോടും അതിലെ ഉൾപ്പിരിവുകളോടും സംവാദങ്ങളാകാമെന്നാലും ഈ വിഭജനം സാധുവാണ്.
1990 മുതലുള്ള നോവലുകളാണ് ഉത്തരാധുനിക ഘട്ടത്തെ പ്രതിനിധാനംചെയ്യുന്നതെങ്കിലും രണ്ടായിരത്തിനു ശേഷം ഉണ്ടായ മാറ്റങ്ങൾ അതിദ്രുതവും നോവലിെൻറ ഘടനയെക്കുറിച്ചുള്ള പൂർവപാഠങ്ങളെ പൂർണമായും തിരസ്കരിക്കുന്നവയും ആയിരുന്നു. രണ്ടായിരത്തിപ്പത്തിനു ശേഷമുണ്ടായ മലയാളനോവലുകൾ ഉത്തരാധുനികതയുടെ ഉത്തരഘട്ടത്തെ പ്രതിനിധാനംചെയ്യുന്നു. ടി.ഡി. രാമകൃഷ്ണനാണ് ആ പുതുമ സൃഷ്ടിച്ചവരിൽ പ്രധാനപ്പെട്ട ഒരാൾ. ഫ്രാൻസിസ് ഇട്ടിക്കോര (2009) മുതൽ അന്ധർ, ബധിരർ, മൂകർ (2019) വരെയുള്ള അദ്ദേഹത്തിെൻറ രചനകളാണ് ഈ കാലത്തുണ്ടായതെങ്കിലും കഴിഞ്ഞ നൂറ്റാണ്ടിനൊടുവിൽ പ്രസിദ്ധീകരിച്ച 'ആൽഫ' എന്ന ആദ്യ നോവലിൽതന്നെ ആഖ്യാനത്തിലെ ഈ വ്യത്യസ്തത അദ്ദേഹം പുലർത്തുന്നത് കാണാം. മാത്രമല്ല, ഈ വ്യത്യസ്തതകൾ നോവലിെൻറ 'നല്ല ലക്ഷണ'ത്തെ തകർക്കുന്നു എന്ന ആരോപണംതന്നെയാണ്, ഫ്രാൻസിസ് ഇട്ടിക്കോര ഉണ്ടാക്കിയ ഞെട്ടലിൽ മലയാളത്തിലെ ചില വിമർശകർ അന്ന് ഉന്നയിച്ചത്. ടി.ഡി. രാമകൃഷ്ണെൻറ 'മാമ ആഫ്രിക്ക' എന്ന നോവലിനെ മുൻനിർത്തി ഉത്തരാധുനികതയുടെ ഉത്തരകാലത്തുണ്ടായ മലയാളത്തിലെ നോവൽഘടനയുടെ പ്രമേയപരിസരത്തെ പരിശോധിക്കുകയാണ് ഈ ലേഖനം. മൂന്ന് പ്രധാന ആശയങ്ങൾ അതിന് അടിസ്ഥാനമായി മുന്നോട്ടുവെക്കാം.
1. നോവലിെൻറ ആഖ്യാനഘടന
സമഗ്രമായ ഘടനയെയും ആഖ്യാനത്തെയും നിഷേധിക്കുന്നു എന്നതാണ് ഉത്തരാധുനിക നോവലുകളുടെ പ്രധാന പ്രത്യേകതയായി ഏറെപ്പേരും ചൂണ്ടിക്കാണിച്ചത്. കഥാപാത്രങ്ങളുടെയും സംഭവങ്ങളുടെയും നിയന്ത്രണത്തിൽനിന്ന് നോവലിസ്റ്റ് സ്വയം വേർപ്പെട്ട് അവയെ സാഹചര്യങ്ങൾക്ക് വിട്ടുകൊടുക്കുന്നു എന്ന തോന്നൽ ഉത്തരാധുനിക നോവലുകൾ സൃഷ്ടിച്ചു. വൈരുധ്യം നിറഞ്ഞ ആശയതലവും ലീലാപരതയും ഇതര സാഹിത്യരൂപങ്ങളിൽനിന്ന് നേരിട്ടുള്ള സ്വീകരണവും നോവലിെൻറ രചനാതന്ത്രമായി വികസിക്കുന്നു. നാടകം, തിരക്കഥ, പ്രസംഗം, കവിത, ലേഖനം, ആത്മകഥ, അഭിമുഖം എന്നിവ മുതൽ വാർത്തയും ഉത്തരപ്പേപ്പറും പ്രാചീനലിഖിതവുമെല്ലാം നോവലിെൻറ മുഖ്യഭാഗമായി മാറുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ആധുനികാനന്തര ജനപ്രിയ സിനിമകളുടെ മാതൃക പിൻപറ്റുന്ന ആഖ്യാനരൂപമായി നോവലുകൾ മാറി. സിനിമ മാത്രമല്ല, പ്രമേയതലത്തിൽ മറ്റു ജനപ്രിയ മാധ്യമങ്ങളെയും സാങ്കേതികവിദ്യയെയും സാമൂഹിക വിവരവിനിമയമാർഗങ്ങളെയും നോവൽ ആഖ്യാനത്തിനായി ഉപയോഗിക്കപ്പെടുന്നതും ഈ കാലത്തിെൻറ അടയാളമാണ്.
2. നോവലിലെ ഭാഷാഘടന
നോവലിലെ ആഖ്യാനത്തിന്, ഏകമുഖമല്ലാത്തതും വൈവിധ്യപൂർണവും സവിശേഷവുമായ ഒരു ഭാഷ ഉണ്ടായി എന്നു മാത്രമല്ല, ഭാഷയുടെ സഹജമായ പ്രശ്നങ്ങളും നോവൽ കൈകാര്യം ചെയ്തു. ഭാഷയുടെ പ്രശ്നം നോവലിെൻറ പ്രമേയഘടനയുടെ ഭാഗമായി. മലയാളത്തിെൻറ സ്വാഭാവിക ഭൂമികയിൽനിന്ന് നോവൽപ്രമേയങ്ങൾ ഇതരദേശങ്ങളിലേക്ക് പടർന്നത് ഈ ഭാഷാചിന്തകളെ സജീവമാക്കി. ആഖ്യാനഭാഷയിലെ പരീക്ഷണങ്ങൾ എന്നതായിരുന്നു ആധുനികതയുടെ അവസാനകാലത്തും ഉത്തരാധുനികതയിലെ തുടക്കത്തിലും ഇതിനെ വിശേഷിപ്പിച്ചിരുന്നത്. ഇപ്പോഴത് പരീക്ഷണഘട്ടം പിന്നിട്ട് നോവൽ ആഖ്യാനത്തിെൻറ സ്വാഭാവികമായ ഘടനയായി വികസിച്ചിരിക്കുന്നു. അത് നോവലിസ്റ്റിെൻറ പൂർണനിയന്ത്രണത്തിലുള്ള വീക്ഷണങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്തു. ഒരു നോവലിൽതന്നെ ഒട്ടേറെ കാഴ്ചപ്പാടുകളെയും ആശയലോകങ്ങളെയും അവതരിപ്പിക്കുകയും വൈരുധ്യമെന്നു തോന്നുന്ന നിലപാടുകൾ അവതരിപ്പിക്കുകയും ചെയ്യുക എന്ന പ്രവണത ഉണ്ടായി. ഒരാശയത്തെത്തന്നെ പലരീതിയിൽ നോക്കിക്കാണാനുള്ള ശ്രമങ്ങളുടെ സാധൂകരണമായിരുന്നു അത്. മേൽക്കൈനേടിയ മാനകഭാഷക്കു പകരമായി പ്രാദേശികഭാഷകളെയും വാമൊഴികളെയും ആഖ്യാനത്തിെൻറ കേന്ദ്രത്തിലേക്കെത്തിക്കാൻ ഈ മലയാള നോവലുകൾക്കു സാധിച്ചു. വാമൊഴിയെ മാത്രമല്ല ഒരു ഭാഷയിലെ സാഹിത്യത്തെയും അതേ ഭാഷയുടെ ഭാഗമായി നോവൽ പരിഗണിച്ചു. അർഥത്തിലെ പ്രശ്നങ്ങൾ, വിനിമയവ്യത്യാസങ്ങൾ, സാഹിത്യരൂപങ്ങളെക്കുറിച്ച വിശകലനങ്ങൾ, ഭാഷാപദവി, മനോഭാവം തുടങ്ങിയവയൊക്കെ നോവലിലൂടെ ചർച്ചചെയ്യപ്പെട്ടു.
3. നോവലിലെ ചരിത്രഘടന
ചരിത്രത്തിൽനിന്ന് പുറത്താക്കപ്പെട്ടവരുടെ ആഖ്യാനങ്ങളെയാണ് ഉത്തരാധുനിക നോവൽ കണ്ടെത്തുന്നത്. സ്ത്രീ, ദലിത്, ഭിന്നലിംഗ, ന്യൂനപക്ഷ, ആദിവാസി സ്വരങ്ങളെ മാത്രമല്ല അധികാരത്തിെൻറ ഓരത്തുനിൽക്കേണ്ടിവന്ന വ്യക്തികളെയും സംഭവങ്ങളെയും ദേശങ്ങളെയും ഈ രചനകൾ വീണ്ടെടുക്കുന്നു. അതോടെ, ചരിത്രത്തെയും ചരിത്രമെഴുത്തിനെയും പുതിയ കാലത്തിെൻറ നോവൽ പുതുക്കിപ്പണിയുകയാണ് ചെയ്യുന്നത്. പുതുനോവലുകൾ ഏറ്റവുമധികം കടന്നുചെന്ന വൈജ്ഞാനികമേഖലയും ചരിത്രവിജ്ഞാനീയംതന്നെ ആയിരിക്കണം. ലിഖിതമായ ചരിത്രത്തെ അതിെൻറ നിശ്ശബ്ദതകളിൽനിന്ന് വായിച്ചെടുക്കുകയാണ് ഉത്തരാധുനിക നോവൽ ചെയ്തത്. അങ്ങനെ, ചരിത്രനോവൽ എന്ന പഴയ രചനാരീതിയെയും ഈ നോവൽപാഠങ്ങൾ തിരുത്തുന്നു. അന്നോളം ചരിത്രാഖ്യാനത്തിൽ മേൽക്കൈയുണ്ടായിരുന്ന സവർണ പുരുഷനെ മാറ്റിനിർത്തി, ഓരത്തേക്ക് മാറ്റിനിർത്തിയവരുടെ കാഴ്ചപ്പാടിലുള്ള പുതിയ ചരിത്രമെഴുത്തായി നോവൽ മാറി. ലൈംഗികത്തൊഴിലാളികൾ, മനുഷ്യമാംസവിൽപ്പനക്കാർ, മോഷ്ടാക്കൾ, സ്വവർഗപ്രണയികൾ, അടിമകൾ, ഗുണ്ടകൾ എന്നിവരുടെ അന്നോളം രേഖപ്പെടുത്താത്ത ചരിത്രം അവരുടെതന്നെ ഭാഷയിൽ എഴുതാനായിരുന്നു ഉത്തരാധുനിക മലയാളനോവലിെൻറ ഉത്തരഘട്ടം ശ്രമിച്ചത്.
ഈ മൂന്നു കാഴ്ചപ്പാടുകൾ 'മാമ ആഫ്രിക്ക' എന്ന നോവലിൽ എങ്ങനെ പ്രവർത്തനക്ഷമമാകുന്നു എന്ന് വിമർശനാത്മകമായി വിശകലനം ചെയ്യാം.
മാമ ആഫ്രിക്കയുടെ ആഖ്യാനഘടന
നോവലിസ്റ്റ് സ്വന്തം ഛായയിൽ പണിത രാമു (രാമകൃഷ്ണൻ) എന്ന എഴുത്തുകാരനാണ് 'മാമ ആഫ്രിക്ക'യിലേക്ക് വാതിൽ തുറക്കുന്നത്. പുതുനോവലുകളിലെ 'ലീലാപരത' എന്ന ലക്ഷണത്തിെൻറ ഈ നോവലിലുള്ള ആദ്യ അടയാളമാണ് അത്. പ്രണയത്തെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും കവിതയെക്കുറിച്ചും കാൽപനികമായ കുറെ സ്വപ്നങ്ങൾ ത്രസിപ്പിച്ച യുവാക്കളുടെ കേരളമായിരുന്നു എഴുപതുകളിലെ കേരളം എന്നറിയപ്പെടുന്നത്. അക്കാലത്ത് അത്രയും സ്വപ്നലോകങ്ങളിൽ ജീവിച്ച രാമു തനിക്ക് കിട്ടിയ വിലാസത്തിൽ, ആഫ്രിക്കയിലുള്ള ഒരു പെൺസുഹൃത്തിനു കത്തെഴുതുന്നു. എട്ടോ ഒമ്പതോ മാസം നീണ്ടുനിന്ന കത്തെഴുത്ത് പ്രണയമായിരുന്നു അത്. പിന്നീട് മലയാളത്തിലെ എഴുത്തുകാരിൽ പ്രമുഖനായി മാറിയ രാമു, വർഷങ്ങൾക്കുശേഷം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് സോഫിയ എന്ന ഒരു പബ്ലിഷിങ് എക്സിക്യൂട്ടിവിനെ കണ്ടുമുട്ടുന്നതോടെയാണ് നോവൽ ആരംഭിക്കുന്നത്. കുട്ടിക്കാലത്ത് തനിക്കുണ്ടായിരുന്ന ഒരു തൂലികാസൗഹൃദം ഈ നോവലിെൻറ പിറവിക്ക് കാരണമായിട്ടുണ്ട് എന്ന് ടി.ഡി. രാമകൃഷ്ണൻ ചില അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ആ പ്രചോദനതന്തുവും നോവലിെൻറതന്നെ ഭാഗമായിമാറുന്നു എന്നതാണ് പുതിയ നോവൽ ആഖ്യാനത്തിെൻറ ലീലാത്മക രചനാതന്ത്രം. തെൻറ കലാലയക്കാലത്തെ സങ്കൽപകാമുകിയായ താരാവിശ്വനാഥിെൻറ മകളാണ് സോഫിയയെന്ന് രാമു തിരിച്ചറിയുന്നു. സോഫിയയുടെ അഭ്യർഥനപ്രകാരം, അമ്മ സൂക്ഷിച്ചുവെച്ച മലയാളം രചനകളുടെ പരിശോധനയും പ്രസാധനവും രാമു ഏറ്റെടുക്കുന്നു. അങ്ങനെ സമാഹരിക്കപ്പെട്ട, 'താരാവിശ്വനാഥിെൻറ തിരഞ്ഞെടുത്ത മലയാളം രചനകൾ' ആണ് 'മാമ ആഫ്രിക്ക' എന്നു പേരിട്ട ഈ നോവൽ. അതിൽ, അതേപേരിലുള്ള ഒരു ലഘുനോവലും ചില കഥകളും ഏതാനും കവിതയും അഭിമുഖവും അപൂർണമായ ആത്മകഥയും അനുഭവക്കുറിപ്പും യാത്രാവിവരണവും ചരിത്രവും ഒക്കെ ഉണ്ട്. താര വിശ്വനാഥ് എന്ന സാങ്കൽപിക എഴുത്തുകാരിയുടെ പേരിൽ ടി.ഡി. രാമകൃഷ്ണൻതന്നെ രചിച്ച അത്രയും വിവിധങ്ങളായ രചനകൾ കുത്തിക്കെട്ടിവെച്ചതാണ് ഈ നോവൽ എന്നും പറയാം. അങ്ങനെ നോക്കുമ്പോൾ ഈ നോവലിൽ ആഖ്യാനത്തിെൻറയും പ്രമേയത്തിെൻറയും ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ഒരു യഥാർഥ 'നോവലിസ്റ്റ്' ഇല്ല. അല്ലെങ്കിൽ, ഈ നോവലിൽ ടി.ഡി. രാമകൃഷ്ണൻ എന്ന യഥാർഥ നോവലിസ്റ്റ് മാത്രമേ ഉള്ളൂ.
സങ്കീർണമാണ് നോവലിെൻറ പ്രമേയഘടന. ആഫ്രിക്കയുടെ മിത്തും മതവും ഗോത്രസംസ്കൃതിയും രാഷ്ട്രീയവും വിമതാധികാരങ്ങളും ചിന്താലോകവും വംശീയതയും നോവലിൽ സങ്കൽപവും യഥാർഥവും ചേർത്ത് ടി.ഡി. രാമകൃഷ്ണൻ തുന്നിക്കെട്ടുന്നുണ്ട്. താരയുടെ മലയാളം രചനകൾ ചേർത്ത് ഒരു പതിപ്പിറക്കുമ്പോൾ രാമു എന്ന എഡിറ്റർ ചേർത്തുവെച്ച ക്രമത്തിലാകണമെന്നില്ല ഒരു വായനക്കാരനോ വായനക്കാരിയോ ഈ നോവൽ വായിക്കുന്നത് എന്നും വരാം. രാമുവിെൻറ തിരഞ്ഞെടുപ്പുകളിൽ ചിലതൊക്കെ വായനയിൽ വിട്ടുകളയുകയും ആകാം. അതൊന്നും പക്ഷേ നോവൽവായനയുടെ പൂർണതയെ നിരാകരിക്കുകയില്ല. ഈ നോവലിലെ ഏറ്റവും അപ്രസക്തമായ ഭാഗം (താരയുടെ എഴുത്തുകളിലെ ഏറ്റവും ദുർബലമായ രചന) തുടക്കത്തിൽ ചേർത്ത മാമ ആഫ്രിക്ക എന്ന ലഘുനോവലിലെ മനുഷ്യോൽപ്പത്തിയെക്കുറിച്ച വിശദമായ ആഖ്യാനങ്ങളാണ് എന്നാണ് ഈ ലേഖകെൻറ അഭിപ്രായം. അവയത്രയും മുറിച്ചുകളഞ്ഞാലും നോവലിന് ഒന്നും സംഭവിക്കുകയില്ല. ഇങ്ങനെ യാഥാർഥ്യവും ഭാവനയും ചരിത്രവും കഥയും രേഖീയവിരുദ്ധമായി (നോൺലീനിയർ) കൂട്ടിക്കുഴച്ച് വായനക്കാരെ വിഭ്രമിപ്പിക്കുന്ന ഈ ആഖ്യാനതന്ത്രം തെൻറ എല്ലാ നോവലുകളിലും മുമ്പ് ടി.ഡി. രാമകൃഷ്ണൻ പയറ്റിയിട്ടുണ്ടല്ലോ. അതിൽ 'ഫ്രാൻസിസ് ഇട്ടിക്കോര'യുടെയും 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'യുടെയും ആഖ്യാനത്തിൽ പുലർത്തിയ സുഘടിതസ്വഭാവവും പൂർവാപരബന്ധവും ഈ നോവലിൽ പലപ്പോഴും കൈവിട്ടുകളയുന്നുമുണ്ട്. അങ്ങനെ പ്രമേയഘടന അയഞ്ഞുപോകുന്നതിെൻറ പൂർണമായ ഉത്തരവാദിത്തം പക്ഷേ, താര വിശ്വനാഥിനാണെന്ന് നമ്മെ വിശ്വസിപ്പിക്കാനും ആശ്വസിപ്പിക്കാനും സാധിക്കുമെന്നതാണ് ഇത്തരം 'നോവലിനകത്തെ നോവൽ' ആഖ്യാനത്തിെൻറ പ്രധാന മെച്ചം.
തുടക്കത്തിൽ ചേർത്ത 'എഡിറ്ററുടെ കുറിപ്പ്' എന്ന അധ്യായത്തിലൂടെയാണ് 'മാമ ആഫ്രിക്ക'യുടെ സവിശേഷമായ ആഖ്യാനഘടനയെ എഴുത്തുകാരൻ സാധൂകരിക്കുന്നത്. താര വിശ്വനാഥ് എന്ന എഴുത്തുകാരിയെ പരിചയപ്പെടുത്തിക്കൊണ്ടാണ് ആ കുറിപ്പ് ആരംഭിക്കുന്നത്. കഥാനായികയാണ് താര എന്ന അറിവ് നോവലിസ്റ്റിനുള്ളതുകൊണ്ട് ആ തുടക്കം അനിവാര്യമാണുതാനും. പിന്നീട് താരയുമായുള്ള തെൻറ തൂലികസൗഹൃദത്തിെൻറ കഥ പറയുന്നു. രാമുവിന് താരയോടുള്ള വിപ്രലംഭപ്രണയം ഈ അധ്യായത്തിൽ ദീർഘമായി വിവരിക്കപ്പെടുന്നുണ്ട്. താര രാമുവിനെഴുതുന്ന ഒരു കത്തിൽ നോവലിെൻറ പ്രധാന അച്ചുതണ്ടായ 'മാമ ആഫ്രിക്ക' എന്ന ദേവീസങ്കൽപത്തെ അവതരിപ്പിക്കുകയാണ്. അത്തരമൊരു ആഖ്യാനത്തിലൂടെ താരയുടെ കഥാപാത്രസ്വഭാവത്തിൽ ടി.ഡി. രാമകൃഷ്ണൻ ചേർക്കാനുദ്ദേശിക്കുന്ന ഭാരതസ്ത്രീ എന്ന നിർമിതി പൂർണമാകുന്നു. മറ്റൊരു കത്തിൽ ''രാമായണം മുഴുവൻ കാണാതെ ചൊല്ലാനറിയാമോ?'' എന്നാണ് താര രാമുവിനോട് ചോദിക്കുന്നത്. അവളുടെ അച്ഛനും മുത്തച്ഛനുമൊക്കെ എഴുത്തച്ഛെൻറ രാമായണം കാണാപ്പാഠമായിരുന്നുവെത്ര. അതോടെ താരയുടെ 'ഹൈന്ദവസ്വത്വ'വും സ്ഥാപിക്കപ്പെടുന്നു. ഇങ്ങനെ മലയാളിയും ഭാരതീയവും ഹൈന്ദവവുമായ സ്ത്രീ സ്വത്വനിർമിതിയിലൂടെ താരയുടെ കഥാപാത്രത്തെ ഈ അധ്യായത്തിൽതന്നെ നോവലിസ്റ്റ് പണിതെടുക്കുകയാണ് ചെയ്യുന്നത്. തുടർ അധ്യായങ്ങളിൽ താൻ എഴുതുന്നതൊക്കെയും അങ്ങനെ സ്വന്തംപേരിൽനിന്ന് താരയുടെ തോളിലിടാൻ ഈ ആഖ്യാനതന്ത്രത്തിലൂടെ നോവലിസ്റ്റിന് കഴിയുന്നു. അതുകൊണ്ടാണ് ഒരു ആഫ്രിക്കൻ രാജ്യത്തു നടക്കുന്ന സംഭവവികാസങ്ങളായിട്ടുകൂടി ഈ നോവൽ പൊതുവെ ഇന്ത്യൻ വലതുപക്ഷ വീക്ഷണത്തിെൻറ ഭ്രമണപഥത്തിൽ അകപ്പെട്ടു കറങ്ങുന്നത്; എസ്.കെ. പൊറ്റെക്കാട്ടിെൻറ ആഫ്രിക്കൻ യാത്രാവിവരണങ്ങളുടെ ആവർത്തനമായി ചില അധ്യായങ്ങളെങ്കിലും മാറുന്നത്.
മാമ ആഫ്രിക്കയിലെ ഭാഷാഘടന
താര വിശ്വനാഥിെൻറ 'മാമ ആഫ്രിക്ക' എന്ന നോവലിനുള്ളിലെ നോവൽ മനുഷ്യവംശത്തിെൻറ ചരിത്രം വിവരിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്. പ്രപഞ്ചപരിണാമത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടത്തിൽ ദൈവം മനുഷ്യന് ജന്മം നൽകാൻ തീരുമാനിക്കുന്നു. മനുഷ്യപൂർവജനുസ്സിൽ പെട്ട, പതിനാറു വയസ്സുള്ള ഒരു പെൺകുട്ടി മനുഷ്യനെ പ്രസവിക്കാനൊരുങ്ങുമ്പോൾ കൂടെയുള്ളവർ ഉച്ചരിക്കുന്ന പ്രാകൃതഭാഷയെ നോവലിസ്റ്റ് പരിഭാഷപ്പെടുത്തുന്നുണ്ട്. മനുഷ്യവംശത്തിെൻറ ആരംഭം എന്നതുപോലെ മനുഷ്യഭാഷയുടെ ആരംഭം എന്ന പ്രശ്നത്തെയും ഈ അധ്യായം ഒരുപോലെ വിശദമാക്കുന്നതുകാണാം. മനുഷ്യനുമേലെ മനുഷ്യൻ നടത്തുന്ന അധികാരത്തെയും ഭാഷക്കുമേലെ നടത്തുന്ന അധികാരത്തെയും നോവലിൽ ആദ്യന്തം സമാന്തരമായി കൈകാര്യംചെയ്യുന്നതിെൻറ തുടർച്ചയാണിത്. സ്വാതന്ത്ര്യം എന്നർഥമുള്ള 'ഉഹുറു' എന്ന വാക്കിനെ നിരോധിക്കുന്നത് കേവലമൊരു വാക്കിെൻറ നിരോധനമല്ലെന്നും സ്വാതന്ത്ര്യത്തിെൻറതന്നെ നിരോധനമാണ് എന്നും മനസ്സിലാക്കാൻ എളുപ്പമാണ്.
സ്വാഹിലിയാണ് കഥാഭൂമികയിലെ പ്രാദേശിക ഭാഷ. ലോകത്തെ പ്രധാന ഭാഷാഗോത്രങ്ങളിലൊന്നായ ബാന്ദു (Bantu) കുടുംബത്തിലെ പ്രമുഖഭാഷയാണ് സ്വാഹിലി. കിസ്വാഹിലി എന്നാണ് ശരിയായ പേര്. അറബികളാണ് ഈ സാൻസിബാരിയൻ ഗോത്രഭാഷക്ക് വൻകരയിലാകെ പ്രചാരവും ലിപിയും നൽകിയത്. കേരളത്തിലെ അറബിമലയാളംപോലെ അറബിലിപിയിൽ എഴുതപ്പെട്ടതാണ്, സ്വന്തമായി ലിപിയില്ലാത്ത സ്വാഹിലിയിലെ ആദ്യകാല സാഹിത്യസമ്പത്ത്. യൂറോപ്യൻ അധിനിവേശത്തോടെ ലാറ്റിൻലിപിയിലേക്ക് സ്വാഹിലിയുടെ എഴുത്ത് പൂർണമായും മാറ്റപ്പെട്ടു. പതിനഞ്ചു നൂറ്റാണ്ടുകളുടെ അധിനിവേശത്തിെൻറയും അതിജീവനത്തിെൻറയും ചരിത്രമുള്ള ഭാഷയാണ് സ്വാഹിലി. സ്വാഹിലി ഭാഷയുടെ ചരിത്രവും അതിെൻറ നിലനിൽപ്പിെൻറ രാഷ്ട്രീയവും മലയാളത്തിെൻറ സാംസ്കാരിക ചരിത്രത്തോട് തുല്യതയുള്ളതാണ്. അതുകൊണ്ടുതന്നെ ഈ നോവലിൽ താര കൈകാര്യം ചെയ്യുന്ന ഭാഷകളും നോവലിസ്റ്റ് ഒട്ടേറെ പദങ്ങളിലും സംഭാഷണത്തിലും തലക്കെട്ടുകളിലും കൈകാര്യംചെയ്യുന്ന ഭാഷകളും തമ്മിൽ അറബി, ഇംഗ്ലീഷ്, സ്വാഹിലി എന്നീ മൂന്നു ഭാഷകളുടെ സമന്വയവും സൂക്ഷ്മരാഷ്ട്രീയവും കലർന്നിട്ടുണ്ട്.
മിറർ മാസികയിൽ കണ്ടെത്തിയ വിലാസത്തിൽ രാമു അയച്ച കത്തിന് 'വടിവൊത്ത മലയാള കൈയക്ഷരത്തിൽ, കവിത തുളുമ്പുന്ന ഭാഷയിലാണ്' താരയുടെ മറുപടി വന്നത് എന്ന് എഡിറ്റർ സാക്ഷ്യപ്പെടുത്തുന്നു. താരയുടെ 'തികഞ്ഞ' മലയാളിത്തം ആ വടിവും തുളുമ്പലും ഉള്ള ഭാഷയിലൂടെ സ്ഥാപിക്കപ്പെടുന്നു. താര സ്വന്തം ഭാഷയെക്കുറിച്ച് ആലോചിക്കുന്ന പല സന്ദർഭങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് 'വസോമ വിതാപൂ' (പുസ്തകം വായിക്കൂ) എന്ന അധ്യായത്തിലുള്ളത്. ആഫ്രിക്കൻ സാഹിത്യത്തെക്കുറിച്ചുള്ള കുറേ നിരീക്ഷണങ്ങളും ഈ അധ്യായത്തിലുണ്ട്. സ്വാഹിലിയിലോ ഇംഗ്ലീഷിലോ, കവിതയോ കഥയോ എഴുതാൻ താര ഏറെ ബുദ്ധിമുട്ടിയിരുന്നു. ''ചിന്തിക്കുന്ന ഭാഷ മലയാളമായതുകൊണ്ട്'' ഇതരഭാഷകളിൽ സർഗാത്മകസാഹിത്യമെഴുതുമ്പോൾ ചോർന്നുപോകുന്ന വൈകാരികതയെക്കുറിച്ച് താര ആശങ്കിക്കുകയാണ്. ഒരു ഭാഷാപ്രശ്നംതന്നെയാണത്. ഇന്ന് മലയാള ഭാഷാസംരക്ഷണത്തിെൻറ ഭാഗമായി പല കോണുകളിൽനിന്നും ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ചോദ്യമാണ് ''ഏതു മലയാളം?'' എന്നത്. ഏതു മലയാളമാണ് താരയുടെ വൈകാരികഭാഷയെ പ്രതിനിധാനംചെയ്യുന്നത് എന്ന സന്ദേഹം ഇവിടെയും പ്രസക്തമാണ്. ''വീട്ടിൽ മലയാളം മാത്രം സംസാരിക്കുന്നതുകൊണ്ടും എന്നും രാമായണംപോലുള്ള കൃതികൾ ചൊല്ലി ശീലിച്ചതുകൊണ്ടും'' ആണ് മലയാളത്തെ അത്രയും ആന്തരികമായി താര ഉൾക്കൊള്ളുന്നത്. പന്ത്രണ്ടാംവയസ്സിലേ അധ്യാത്മരാമായണം കിളിപ്പാട്ട് മുഴുവൻ മനഃപാഠമാക്കിയവളാണ് താര. മാധവിക്കുട്ടിവരെയുള്ള മലയാളഭാഷാലോകത്തെ ഈ അധ്യായത്തിൽതന്നെയാണ് താര കണ്ടെടുക്കുന്നത്. സാഹിത്യത്തിൽ മലയാളഭാഷയെയും അതിെൻറ പിതൃസ്ഥാനത്ത് രാമായണത്തെയും പ്രതിഷ്ഠിച്ചുകൊണ്ടാണ് താരയുടെ ആ വടിവൊത്ത 'ശുദ്ധമലയാളം' സ്ഥാപിതമാകുന്നത്.
താരയുടെ പാരമ്പര്യത്തിൽതന്നെ ഈ രാമായണമലയാളമുണ്ട് എന്ന് ഒട്ടേറെ സ്ഥലങ്ങളിൽ നോവൽ ആവർത്തിച്ചുറപ്പിക്കുന്നു. നാട്ടിൽനിന്ന് കൂടെക്കൊണ്ടുവന്ന താളിയോലയിലെഴുതിയ അധ്യാത്മരാമായണവും എഴുത്താണിയും ചുവന്ന പട്ടിൽ പൊതിഞ്ഞു സൂക്ഷിക്കുകയും ദിവസവും സഹസ്രനാമം ചൊല്ലുകയും ചെയ്തിരുന്ന മുത്തച്ഛൻ പണിക്കർ, താൻ രക്ഷിച്ചെടുത്ത് ഭാര്യയാക്കിയ മസായിക്കാരിയെ മലയാളം മാത്രമല്ല 'മലയാള സംസ്കാര'വും പാരമ്പര്യവും പഠിപ്പിച്ചു. വീട്ടിൽ മലയാളം സംസാരഭാഷയാക്കുകയും ചെയ്തു. യൂറോപ്പിൽ പോയി പഠിച്ചു ഡോക്ടർ ആയ മകൻ വിശ്വനാഥ പണിക്കരും ഭാര്യയും മാതാപിതാക്കളെ പിന്തുടർന്ന് രാമായണവും ലളിതസഹസ്രനാമവും നിത്യജീവിതത്തിെൻറ ഭാഗമാക്കി. മസായിക്കാരിയായ മുതുമുത്തശ്ശി, മുത്തശ്ശി, അമ്മ എന്നിവരുടെയെല്ലാം പൂർവചരിത്രം നോവലിസ്റ്റ് (അല്ലെങ്കിൽ താര വിശ്വനാഥ്) കൂടുതൽ വിശദമാക്കാതെ വിട്ടുകളയുകയാണ്. സ്വന്തം പിതാക്കളിലൂടെ കൈവന്ന ഭാഷാപാരമ്പര്യത്തിലാണ് താര അഭിമാനിക്കുന്നത്. രാമായണവും പിതാക്കളിലൂടെ കൈമാറിയാണ് താരയുടെ അമ്മയിലെത്തുന്നത്. തെൻറ ബോധത്തെയും അറിവിനെയും ബാധിച്ച രാമായണവ്യാധിയിൽനിന്ന് രക്ഷപ്പെടാൻ, പുതിയ മലയാളത്തിെൻറ രാഷ്ട്രീയം മനസ്സിലായ എൽസമ്മയുമായുള്ള പരിചയംപോലും താരക്ക് സഹായകരമാകുന്നില്ല.
നോവലിലെ പ്രമേയത്തിലും അതിെൻറ ഉച്ചകോടിയിലും പ്രധാന പങ്കുവഹിക്കുന്ന ഒരു ഘടകമാണ് ഹേമാംബികസ്തുതിയിലെ രഹസ്യകോഡുകൾ. ഭാഷ സ്വയമേവ ഒരു കോഡ് ആണ്. വാക്കിനുള്ളിൽ സംപൃക്തമായ അർഥം പ്രാചീനഭാഷാശാസ്ത്രത്തിലും ആധുനികാനന്തര ഭാഷാവിജ്ഞാനീയത്തിലും പ്രധാനപ്പെട്ട ഒരു പഠനവിഷയവുമാണ്. അതോടൊപ്പം രഹസ്യഭാഷ എന്നത് മറ്റൊരു കോഡിെൻറ ആവരണംകൂടി ഭാഷക്ക് കൃത്രിമമായി അണിയുന്നു. ഉത്തരാധുനിക നോവലുകളിൽ പലതും ഈ രഹസ്യഭാഷ എന്ന പ്രമേയത്തിൽ അതിയായ താൽപര്യം പ്രകടിപ്പിക്കുന്നത് കാണാം. ഡാൻബ്രൗണിെൻറ ഡാവിഞ്ചി കോഡ് അതിന് മികച്ച ഉദാഹരണമാണ്. മലയാളത്തിൽ ബെന്യാമിെൻറ മഞ്ഞവെയിൽ മരണങ്ങൾ എന്ന നോവലിൽ രഹസ്യകോഡുകൾ കഥാപരിണാമത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ടി.ഡി. രാമകൃഷ്ണെൻറ 'ഫ്രാൻസിസ് ഇട്ടിക്കോര'യിലെ പുരാതന ക്രിസ്തുഗോത്ര ലിഖിതങ്ങളും 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'യിലെ പ്രാചീന തമിഴ് രേഖകളും മറ്റനേകം ഭാഷാവ്യവഹാരങ്ങളും രഹസ്യങ്ങളൊളിപ്പിച്ച ആഖ്യാനങ്ങളായി അവതരിപ്പിക്കപ്പെടുന്നുണ്ട്. ഒരു രഹസ്യം ഒളിപ്പിച്ചുവെക്കുന്ന ബാഹ്യഭാഷ ഈ നോവലിൽ ഹേമാംബിക സ്തുതിയണ്. വലിയൊരു നിധികുംഭവും വിപ്ലവത്തിലേക്കുള്ള വഴികളും ആ ദുർഗാസ്തുതിക്കുള്ളിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നു. കോേമ്രഡ് പണിക്കർക്ക് ഇടതുപക്ഷ വിപ്ലവത്തെ ഒളിച്ചുകടത്താനുള്ള സാംസ്കാരിക ചിഹ്നങ്ങളായി ഇവിടെ സംസ്കൃതത്തിലുള്ള ഹേമാംബികസ്തുതി മാറുന്നു.
മാമ ആഫ്രിക്കയിലെ ചരിത്രം
ഈ പഠനത്തിെൻറ തുടക്കത്തിൽ ചേർത്ത ഉദ്ധരണി, വിക്കിപീഡിയ മലയാളത്തിൽ 'ഇദി അമീൻ' എന്ന തലക്കെട്ടിലുള്ള ലേഖനം മുഴുവനായും പകർത്തിയതാണ്. അഞ്ചോളം വാക്യങ്ങളേ ഉള്ളൂ അതിൽ. അതിലെ, 'ശത്രുക്കളുടെ ശരീരാവയവങ്ങൾ കഴുത്തിൽതൂക്കി നടക്കുന്ന പതിവ് ഇദി അമീന് ഉണ്ടായിരുന്നു' എന്ന വിവരത്തിന് ഒരു റഫറൻസുപോലും നൽകിയിട്ടില്ല എന്നുകൂടി ശ്രദ്ധിക്കണം. ഇദി അമീനെക്കുറിച്ച് അത്തരം ധാരാളം വിവരങ്ങൾ ഇപ്പോഴും പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. ആയിരക്കണക്കിന് സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുക, ലൈംഗികമായി ഉപയോഗിച്ച ശേഷം അവരെ കൊന്ന് വേവിച്ച് തിന്നുക, ആയിരക്കണക്കിന് മനുഷ്യരെ ക്രൂരമായി മുറിവേൽപ്പിച്ച് ആസ്വദിക്കുക, വിനോദത്തിനായി മാത്രം ആളുകളെ കൊല്ലുക തുടങ്ങി പലതും ഇപ്പോഴും ആധികാരിക വിവരങ്ങളായി ആവർത്തിച്ചുകൊണ്ടിരിക്കുന്നു. തങ്ങളുടെ കോളനികളെക്കുറിച്ചും അവിടത്തെ ജനങ്ങളെക്കുറിച്ചും അധികാരിവർഗത്തെക്കുറിച്ചും ഇത്തരം ആഖ്യാനങ്ങൾ സൃഷ്ടിക്കുക എന്നത് എല്ലാ കൊളോണിയൽ ശക്തികളും ചെയ്തിരുന്നതാണ്. യൂറോപ്പിലും അമേരിക്കയിലും ഇന്ത്യയെക്കുറിച്ചുപോലും ഇത്തരം ധാരണകൾ നിലനിൽക്കുന്നുണ്ട്.
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയാണ് മാമ ആഫ്രിക്കയുടെ ആഖ്യാനഭൂമിക. മലയാളവായനക്കാർക്ക് ഏറെ പരിചയമുള്ള ഭൂഖണ്ഡമാണ് ആഫ്രിക്ക. എസ്.കെ. പൊറ്റെക്കാട്ടിെൻറ യാത്രാവിവരണങ്ങൾതന്നെയാണ് അതിന് പ്രധാന കാരണം. 'ഇരുണ്ട ഭൂഖണ്ഡ'ത്തെക്കുറിച്ചു മാത്രമല്ല ഇരുണ്ട നിറമുള്ള മനുഷ്യരെക്കുറിച്ചും, നേരത്തേ പറഞ്ഞ കൊളോണിയൽ ആഖ്യാനങ്ങളുടെ അതേ അച്ചിലാണ് മലയാളിയുടെ പൊതുധാരണകളും വാർത്തെടുത്തത്. ഇന്ത്യയിൽ നൂറ്റാണ്ടുകളോളം നിലനിന്ന ദേവാസുര സങ്കൽപത്തോട് ഏറെ സാമ്യമുള്ളതുകൊണ്ട് ആസുരശരീരത്തിെൻറ മാതൃക നീേഗ്രായുടേത് ആയിത്തീർന്നു. കറുപ്പൻ, കാപ്പിരി, നീേഗ്രാ എന്നീ പേരുകളിൽ മലയാളത്തിൽ അവർ അറിയപ്പെട്ടു. എസ്.കെ. പൊറ്റെക്കാട്ടിെൻറ 'കാപ്പിരികളുടെ നാട്ടിൽ' എന്ന യാത്രാവിവരണം ആരംഭിക്കുന്നത്, മൊമ്പാസ തുറമുഖത്ത് കപ്പലടുക്കുമ്പോൾ, വാർഫിലെ ഗുദാമിെൻറ മുകൾതട്ടിൽ നിൽക്കുന്ന കറുത്തു തടിച്ച കൂറ്റൻ കാപ്പിരിശരീരത്തിെൻറ അത്ഭുതം പങ്കുവെച്ചുകൊണ്ടാണ്. ആഫ്രിക്കൻ വൻകരയിലെ കറുത്ത വർഗങ്ങളെ മുഴുവൻ ആ കറുത്ത ശരീരം പ്രതിനിധാനംചെയ്യുന്നുണ്ട്.
ആധുനികാന്തര മലയാളനോവൽ കേരളത്തിൽനിന്ന് സമുദ്രസഞ്ചാരം ചെയ്തെത്തിയതാണ് ഇപ്പോൾ ആഫ്രിക്കൻ വൻകരയിൽ. ഗണ്ട എന്ന ആദിമഗോത്രത്തിെൻറ പേരിൽനിന്നാണ് ഉഗാണ്ട എന്ന ദേശനാമമുണ്ടായത്. ആയിരക്കണക്കിന് കൊല്ലങ്ങൾ സ്വന്തമായ വിശ്വാസാചാരങ്ങളുമായി ജീവിച്ചുപോന്ന ഈ ആദിമഗോത്രഭൂമി 1862ൽ ബ്രിട്ടീഷുകാർ തോക്കും ബൈബിളുമായി കടന്നുകയറുംവരെ ആഫ്രിക്കയിലെത്തന്നെ ഏറ്റവും സമ്പന്നവും ശക്തവുമായ പ്രദേശമായിരുന്നു. 1862ൽ സ്പെക്ക്, ഗ്രാൻറ് എന്നീ ബ്രിട്ടീഷ് ക്യാപ്റ്റന്മാർ ബുഗാണ്ടയിലെ (ഉഗാണ്ട) ഗോത്രാധികാരിയായ (കബാക്ക) മുടേസയെ സന്ദർശിച്ച് കച്ചവടത്തിനും മിഷനറി പ്രവർത്തനങ്ങൾക്കുമുള്ള അനുവാദം നേടിയെടുത്തു. അതിനു മുമ്പുതന്നെ സ്വാഹിലികളും അറബികളും ബുഗാണ്ടയിൽ കച്ചവടത്തിനെത്തിയിരുന്നു. 1875ൽ അമേരിക്കക്കാരനായ സ്റ്റാൻലിയും കബാകയെ സന്ദർശിച്ച് മിഷനറി പ്രവർത്തനത്തിനു അനുവാദം തരപ്പെടുത്തിയതോടെ െപ്രാട്ടസ്റ്റൻറ്, റോമൻ കത്തോലിക്കാ സഭകളിൽപെട്ട മിഷനറിമാർ തമ്മിലുള്ള മതപ്പോരിന് (കേരളത്തിലെപ്പോലെ) ഉഗാണ്ട വേദിയാവുകയും അത് സായുധകലാപങ്ങളിലേക്കുവരെ എത്തുകയും ചെയ്തു.
ശത്രുക്കളാൽ 'നരഭോജി' എന്നുപോലും ആരോപിക്കപ്പെട്ട ഇദി അമീൻ ദാദ, 1971ൽ മോബുട്ടുവിനെ (മിൽട്ടൺ ഒബോട്ടെ) അട്ടിമറിച്ച് അധികാരസ്ഥനാകുകയും പിന്നീട് നിഷ്കാസിതനാവുകയും ചെയ്ത ഏതാനും വർഷങ്ങളുടെ ഉഗാണ്ടയുടെ ചരിത്രം 'മാമ ആഫ്രിക്ക'യിൽ വിശദമായി രേഖപ്പെടുത്തുന്നുണ്ട്. സോവിയറ്റ് യൂനിയനിലെ കമ്യൂണിസ്റ്റുകാരുടെ സഹായത്തോടെ ആഫ്രിക്കൻ ഐക്യനാടുകൾ എന്ന ആശയം നടപ്പിലാക്കാൻ പാട്രിസ് ലുമുംബയും ജൂലിയസ് നരേരയും ഒക്കെ ശ്രമിക്കുന്ന കാലമാണത്. ബ്രിട്ടീഷ് യൂറോപ്യൻ കൊളോണിയലിസത്തിൽനിന്ന് ലോക രാജ്യങ്ങൾ ക്രമേണ സ്വതന്ത്രമായിക്കൊണ്ടിരിക്കുന്ന കാലംകൂടിയാണത്. ബ്രിട്ടീഷ് കോളനിവാഴ്ചയുടെ ഭാഗമായി ആഫ്രിക്കയിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ ചരിത്രംകൂടി ഈ നോവലിെൻറ പശ്ചാത്തലമായി വർത്തിക്കുന്നു. 120 വർഷങ്ങൾക്കു മുമ്പ് ആഫ്രിക്കയിൽ തീവണ്ടിപ്പാളം പണിയാൻ പോയ മുപ്പതിനായിരത്തോളം ഇന്ത്യൻ തൊഴിലാളികളോടൊപ്പം മേസ്ത്രിയായെത്തിയ മലയാളി കരുണാകര പണിക്കരുടെ കൊച്ചുമകൾ ആണ് താര വിശ്വനാഥ്. കെ.പി.എം പണിക്കർ, മകൻ ഡോക്ടർ വിശ്വനാഥ് പണിക്കർ, ഡോക്ടറുടെ മകളായ കഥാനായിക താര വിശ്വനാഥ്, താരയുടെ അപ്രകാശിത മലയാള രചനകൾ പ്രസിദ്ധീകരിക്കുന്ന മകൾ സോഫിയ എന്നിങ്ങനെ നാലു തലമുറകളുടെ വംശാവലി നോവലിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു വൻകരയുടെ ചരിത്രം അതിലെ ഒരു ചെറുരാജ്യത്തിലൂടെയും ആ രാജ്യത്തിെൻറ ചരിത്രം അതിലെ ഒരു കുടിയേറ്റ കുടുംബത്തിെൻറ ചരിത്രത്തിലൂടെയും അതുതന്നെ, അക്കാലത്തെ എല്ലാ സങ്കീർണമായ രാഷ്ട്രീയപ്രക്രിയയിലൂടെയും കടന്നുപോയ താര എന്ന സ്ത്രീയിലൂടെയും രേഖപ്പെടുത്തപ്പെടുന്നു എന്നതാണ് ഈ നോവൽ കൈകാര്യംചെയ്യുന്ന ചരിത്രാഖ്യാനത്തിലെ ഒരു പുത്തൻ പുതുമ.
ചരിത്രത്തെ നേരിട്ട് കൈകാര്യംചെയ്യുന്ന നോവൽരചന എന്ന അർഥത്തിൽ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'യുടെ തുടർച്ചയാണ് 'മാമ ആഫ്രിക്ക' എന്നും പറയാം. ഒന്ന് ദ്രാവിഡജനതയുടെ ചരിത്രവും മറ്റേത് ആഫ്രിക്കൻ കറുത്ത വർഗത്തിെൻറ ചരിത്രവും പറയുന്നു. ഒന്ന് ആഭ്യന്തര കലഹങ്ങളുടെയും അധികാരവഴക്കിെൻറയും ശ്രീലങ്കയെയും മറ്റേത് ആഭ്യന്തരകലഹങ്ങളുടെയും അധികാരവഴക്കിെൻറയും ഉഗാണ്ടയെയും ഭൂമികയാക്കുന്നു. ഒന്ന് മഹീന്ദ്ര രാജപക്സെ എന്ന പുരുഷ ഏകാധിപതിയെയും മറ്റേത് ഇദി അമീൻ ദാദ എന്ന പുരുഷ ഏകാധിപതിയെയും ചിത്രീകരിക്കുന്നു. ഒന്ന് രജനി തിരണഗാമെ എന്ന എഴുത്തുകാരിയെയും മറ്റേത് താര വിശ്വനാഥ് എന്ന എഴുത്തുകാരിയെയും കേന്ദ്രമാക്കുന്നു. ഒന്ന് ദ്രാവിഡ സാംസ്കാരിക ചരിത്രത്തെയും മറ്റേത് ആഫ്രിക്കൻ സാംസ്കാരികചരിത്രത്തെയും പശ്ചാത്തലമാക്കുന്നു. വിമതവിഭാഗക്കാർ അനുഭവിക്കുന്ന പീഡനമുറകളുടെ ദീർഘമായ വിവരണങ്ങൾ രണ്ടു നോവലുകളിലും ഏതാണ്ട് സമാനസ്വഭാവത്തിൽ ആവർത്തിക്കുന്നുണ്ട്. എൽ.ടി.ടി.ഇ പോരാട്ടഗ്രൂപ്പിലെ അന്തശ്ഛിദ്രതകളെയും ഉഗാണ്ടയിലെ ഇടതുപക്ഷ ഗ്രൂപ്പുകളിലെ അഭിപ്രായഭിന്നതകളെയും നോവൽ പ്രശ്നവത്കരിക്കുന്നതും ഏറക്കുറെ ഒരുപോലെയാണ്. ഈ നോവലുകൾക്കുള്ളിലെ നോവലുകളായ 'ദേവനായകിയിൻ കതൈ'യും 'മാമ ആഫ്രിക്ക'യും ഏതാണ്ട് ഒരേ അമ്മദൈവങ്ങളുടെ കൽപ്പിതാഖ്യാനങ്ങളാണ് (ഈ രണ്ടു നോവലുകളും തമ്മിലുള്ള ഇത്തരം സമാനതകൾ കൂടുതൽ വിശദമായ താരതമ്യവിശകലനം അർഹിക്കുന്നുണ്ട്).
1989 മേയ് മാസത്തിൽ താര മരിക്കുന്നതിനു നാലുമാസം മുമ്പ് പെൻപോയിൻറിനു നൽകിയ അഭിമുഖത്തി
െൻറ തലക്കെട്ടായി നോവലിസ്റ്റ് നൽകിയത് 'കറുപ്പിനും വെളുപ്പിനുമിടയിൽ' എന്നാണ്. രാമു എഡിറ്റ്ചെയ്യുന്ന സമാഹാരത്തിൽ അവസാനമായി ചേർത്ത, താരയുടെ അപൂർണ ആത്മകഥയുടെ പേരും അതുതന്നെ. കറുത്തവരുടെ നിസ്സഹായതക്കുമേൽ വെളുത്തവർഗക്കാർ നടത്തിയ ക്രൂരമായ അധിനിവേശത്തെ കറുപ്പ്/ വെളുപ്പ് എന്ന ദ്വന്ദ്വത്തിൽ നിർത്തുന്നതിനു പകരം കറുപ്പിനും വെളുപ്പിനുമിടയിലുള്ള ഇന്ത്യൻ സവർണതയുടെ മറ്റൊരു അധികാരാസക്തിയെക്കൂടി നോവൽ മുന്നോട്ടുവെക്കുന്നു. തെൻറ 'കിളിക്കൂടി'ലെത്തിപ്പെട്ട താരയോട് തവിട്ടുനിറക്കാരായ മുയിന്തികൾ (ഇന്ത്യക്കാർ) തങ്ങളോടുചെയ്ത അതിക്രമത്തിെൻറ വംശീയചരിത്രം ഇദി അമീൻ വിവരിക്കുന്നുണ്ട്. വെള്ളക്കാരനോടുള്ള വൈവാഹികബന്ധത്തെ ഇപ്പോഴും മഹത്തരമായി കാണുന്ന ഇന്ത്യൻമനസ്സ് കറുത്തവനെ, അവൻ രാഷ്ട്രത്തിെൻറ പ്രസിഡൻറാണെങ്കിൽപോലും നീചനും മൃഗതുല്യനുമായാണ് കണക്കാക്കുന്നത്. ''നിങ്ങൾ ഇന്ത്യക്കാർക്ക്, പ്രത്യേകിച്ചും സ്ത്രീകൾക്ക് കറുത്ത പുരുഷന്മാരെ അത്ര വെറുപ്പാണ്. നിങ്ങൾ പേടിയാണെന്നാണ് പറയുക, സത്യമതല്ല വെറുപ്പാണ്. നിങ്ങൾ ഞങ്ങളെ മനുഷ്യരായി കണക്കാക്കുന്നില്ല'' എന്ന ഇദി അമീെൻറ വാക്കുകൾ ആഫ്രിക്കയിലെ കറുത്തവർഗക്കാർ അനുഭവിച്ച ഇരട്ട അടിമത്തത്തിനെതിരെയുള്ള രോഷമാണ് പ്രകടമാക്കുന്നത്. ഇദി അമീനുശേഷം ഇജാസ് തോംബെയുടെ പിടിയിലകപ്പെട്ട താര അയാളുടെ നിർബന്ധത്തിനു വഴങ്ങി സ്വന്തം ശരീരം പങ്കിടുമ്പോഴും അതേ 'കറുത്ത തൊലിപ്പേടി' പുറത്തുചാടുന്നത് കാണാം. ''വിചിത്ര ജന്തുവിെൻറ കാലുകൾപോലെയുള്ള ആ കറുത്തുരുണ്ട വിരലുകളിൽ തൊടാൻ അറപ്പുതോന്നി'' എന്നാണ് താര ആ സന്ദർഭത്തെ സൂചിപ്പിക്കുന്നത്.
മാമയുടെ ചിത്രീകരണം ഭാരതീയപുരാണത്തിലെ ദുർഗയുടെ മിത്തിനോട് ഏറക്കുറെ സാമ്യമുള്ളതാണ്. ബൈബിളിലെയും ഖുർആനിലെയും പറുദീസാനഷ്ടകഥയിലെ സ്വർഗത്തെയും മാമ ആഫ്രിക്ക എന്ന ലഘുനോവലിൽ അവതരിപ്പിക്കുന്നുണ്ട്. ടി.ഡി. രാമകൃഷ്ണെൻറ ആദ്യ നോവലായ ആൽഫയിലെ ശാസ്ത്രജ്ഞർ ഭാവനയിൽ കണ്ട ഭാവിസ്വർഗത്തിെൻറ മറ്റൊരു പുനരവതരണംകൂടിയാണ് അത്. ഇടതുപക്ഷവിപ്ലവത്തെ സജീവമാക്കാനുള്ള പ്രവർത്തനങ്ങളിൽ വീണ്ടും മുഴുകുമ്പോഴും താരയെ ആപത്തുകളിൽ നിന്ന് രക്ഷിക്കുന്നതും അനിവാര്യഘട്ടങ്ങളിൽ തുണയാകുന്നതും ഹേമാംബിക കീർത്തനവും അതിെൻറ പ്രത്യക്ഷരൂപമായ മാമയുമാണ്. ഈ കീർത്തനങ്ങളെഴുതിയ പ്രാചീനതാളിയോലയിലൊളിപ്പിച്ച രഹസ്യങ്ങൾക്ക് നോവലിലെ കഥയുടെ നിർവഹണഘട്ടത്തിൽ വലിയ പ്രാധാന്യം ലഭിക്കുന്നുമുണ്ട്. രാമായണത്തിനും ഹൈന്ദവമിത്തുകൾക്കും പണിക്കരുടെ ഇടതുപക്ഷവിപ്ലവബോധത്തിൽ ലഭിക്കുന്ന ഈ മേൽക്കൈ 'മതേതര'മാണെന്ന ഭാവത്തിലുള്ളതാണ്. അതുകൊണ്ടാണ് റഷീദും മൂസാ അബൂബക്കറും ''പരമകാരുണ്യവാനായ പ്രപഞ്ചനാഥെൻറ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാകട്ടെ'' എന്ന് ആശംസിക്കുമ്പോൾ വിശ്വനാഥ പണിക്കർ അവരെ ''അന്ധവിശ്വാസികളായ കമ്യൂണിസ്റ്റുകൾ'' എന്ന് പരിഹസിക്കുന്നത്. രാമായണവും ദേവീസ്തോത്രവും കേവലമായ വിശ്വാസവും ഇസ്ലാംമതാഭിവാദനം അന്ധവിശ്വാസവുമാകുന്ന ഈ പരിണതിയെയാണ് ഒ.വി. വിജയൻ 'ഒരു സിന്ദൂരപ്പൊട്ടിെൻറ ഓർമക്ക്' എന്ന ലേഖനത്തിൽ 'ബ്രാഹ്മണിക് കമ്യൂണിസം' എന്ന് വിളിച്ചത്. ഒകാപി ലോഡ്ജിൽവെച്ച് അച്ഛെൻറ സമപ്രായക്കാരനും വിപ്ലവസുഹൃത്തും ലുമുംബയുടെ ശിഷ്യനും പാർട്ടി നേതാവും സ്വന്തം കൂട്ടുകാരിയുടെ അച്ഛനുമായ ആൽബർട്ടോ മിലിന്ദിനാൽ ബലാത്സംഗംചെയ്യപ്പെടുന്ന താര, വിപ്ലവപ്രസ്ഥാനങ്ങൾക്ക് ആഗോളതലത്തിൽതന്നെ ഉണ്ടായ മനുഷ്യവിരുദ്ധമായ വ്യതിയാനങ്ങളുടെ ഇരയാവുകയാണ്.
നോവലിലെ പ്രമേയം, ഭാഷ എന്നിവയിലെന്നപോലെ ചരിത്രസമീപനത്തിലും രാമായണം കേന്ദ്രസ്ഥാനത്തുവരുന്നുണ്ട്. തെൻറ മുത്തച്ഛൻ കേരളത്തിൽനിന്നു ആഫ്രിക്കയിലെത്തിച്ച രാമായണവും എഴുത്താണിയും ചുവന്ന പട്ടിൽ പൊതിഞ്ഞ്, സ്ത്രീകൾക്ക് സ്പർശിക്കാൻ അനുവാദമില്ലാതെ, വീട്ടിലെ പൂജാമുറിയിൽ ആദരണീയമായ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടു. അതോടെ അത് കേവലമായ ഒരു സാഹിത്യകൃതിയല്ലാതാവുകയും ആഫ്രിക്കയിലേക്ക് ഒളിച്ചുകടത്തിയ ഭാരതീയ ദേവാസുരസങ്കൽപമായി മാറുകയും ചെയ്യുന്നു. ആഫ്രിക്കൻ വൻകരയിൽ കൊള്ളയും കൊലപാതകവുമായി അധിനിവേശം നടത്തിയ വെള്ളക്കാരുടെ ഒരു കൈയിൽ തോക്കും മറുകൈയിൽ ബൈബിളുമായിരുന്നല്ലോ. പണിക്കർ വലംകൈയിൽ കൊണ്ടുവന്ന രാമായണം പ്രകാരം വെള്ളക്കാരും സവർണ ഇന്ത്യക്കാരും ദേവതുല്യരും കറുത്തവർഗക്കാർ അസുരജന്മങ്ങളുമാണ്. സീതയെ തട്ടിക്കൊണ്ടുപോകുന്ന രാവണനാണ് താരയെ തട്ടിയെടുക്കുന്ന ഇദി അമീനായി നോവലിൽ മാറുന്നത്. ഇങ്ങനെ അസുരവംശത്തിെൻറ ചരിത്രത്തുടർച്ചയായി ആഫ്രിക്കൻ കറുത്തവർഗക്കാരെ നോവൽ സ്ഥാപിക്കുന്നു. കറുത്ത തൊലിയുള്ളവരുടെ നാടായതിനാലാണല്ലോ വെള്ളക്കാർ ആഫ്രിക്കയെ ''ഇരുണ്ടഭൂഖണ്ഡം'' എന്നു വിളിച്ചത്. ''അവർ മനുഷ്യരെ തിന്നുന്നവരാ''ണെന്ന് എഴുതിവെച്ചത്. കറുത്തവർഗക്കാർ നഗ്നരും പ്രാകൃതരും സംസ്കാരമറ്റവരുമാണെന്ന് നമ്മെ ഭയപ്പെടുത്തിയത്. അനുസരിക്കാത്ത വേലക്കാരനെ വീട്ടിലെ ഉരലിലിട്ട് ഇടിച്ച് ചമ്മന്തിയാക്കിയ ഒരു കാപ്പിരിയുടെ കഥ നടന്ന സംഭവമായി എസ്.കെ. പൊറ്റെക്കാട്ട് ആഫ്രിക്കൻ സഞ്ചാരക്കുറിപ്പുകളിൽ വിവരിക്കുന്നുണ്ട്. കറുത്തവർഗക്കാരെ പിശാചുവത്കരിക്കാനുള്ള അത്തരം കൊളോണിയൽ ആഖ്യാനങ്ങളുടെ തുടർച്ചയാണ് ബലി, ഭക്ഷണം, ലൈംഗികത, അനുഷ്ഠാനം തുടങ്ങിയ അവരുടെ ഗോത്രാചാരങ്ങളെ വെറുപ്പുളവാക്കുന്ന ഭാഷയിൽ അതിദീർഘമായി വിവരിക്കുന്നതിലൂടെ ഈ നോവലും അബോധത്തിലെങ്കിലും ആവർത്തിക്കുന്നത് എന്ന് പറയാതിരിക്കാനാവില്ല.
ഉപദർശനം
മാമ ആഫ്രിക്ക എന്ന നോവലിെൻറ ആഖ്യാനത്തിലും ഭാഷയിലും ചരിത്രത്തിലും രാമായണം എന്ന ഇതിഹാസവും അധ്യാത്മരാമായണം എന്ന അതിെൻറ മലയാള അനുവർത്തനവും ബാഹ്യമായും ആന്തരികമായും മേൽക്കൈ നേടുന്നു എന്ന വസ്തുതയാണ് ഇത്രയും വിശദമാക്കിയതിൽ കിട്ടുന്ന പ്രധാനപ്പെട്ട ഉപലബ്ധി. ഉത്തരാധുനികതയുടെ ഉത്തരകാലത്ത് എഴുതപ്പെട്ട മലയാള നോവലുകളിലെ ഘടനയും സമീപനവും എത്രയും പുതുമയും വ്യത്യസ്തതയും കൈക്കൊള്ളുമ്പോഴും, മലയാളസാഹിത്യചരിത്രം നൂറ്റാണ്ടുകളായി തുടരുന്ന മൂല്യസങ്കൽപനങ്ങളിലും പൊതുബോധത്തിലും അവ കാര്യമായ വ്യത്യാസം പുലർത്തുന്നില്ല എന്ന പാഠമാണ് ഈ വിശകലനം നൽകുന്ന തിരിച്ചറിവ്. അധ്യാത്മരാമായണം കിളിപ്പാട്ടിൽ രാമകഥ നേരിട്ട് ആഖ്യാനംചെയ്യുന്നതിനു പകരം കിളിയെക്കൊണ്ട് കഥപറയിപ്പിക്കുകയാണ് എഴുത്തച്ഛൻ. ആഖ്യാനശാപമെന്ന 'അറം' പറ്റാതിരിക്കാനാണ് അത്തരമൊരു ഇടനില കഥനത്തിൽ കൊണ്ടുവന്നത് എന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്. ഇവിടെ, താര വിശ്വനാഥ് എന്ന ശാരികപ്പൈതലിനെ മുന്നിൽ നിർത്തി പുതിയ കാലത്തിെൻറ രാഷ്ട്രീയമായ ശാപങ്ങളിൽനിന്ന് രക്ഷപ്പെടാനാകുമെന്ന് ടി.ഡി. രാമകൃഷ്ണൻ എന്ന എഴുത്തച്ഛൻ ആശിക്കുന്നു.
l
അധിക വായനക്ക്
1. എസ്.കെ. പൊറ്റെക്കാട്ട്- കാപ്പിരികളുടെ നാട്ടിൽ 2019 ജനുവരി. ഡി.സി ബുക്സ് കോട്ടയം
2. ടി.ഡി. രാമകൃഷ്ണൻ- മാമ ആഫ്രിക്ക. 2019 മേയ്. ഡി.സി ബുക്സ് കോട്ടയം
3. ടി.ഡി. രാമകൃഷ്ണൻ- സുഗന്ധി എന്ന ആണ്ടാൾ ദേവനായകി. 2014 ഡി.സി ബുക്സ് കോട്ടയം
4. ഡോ. കെ.കെ. ശിവദാസ് (എഡി.) മലയാള നോവൽ രണ്ടായിരത്തിനു ശേഷം. 2014. പാപ്പിറസ് ബുക്സ് കോട്ടയം
വെബ് േസ്രാതസ്സുകൾ
1. ജയിംസ് വർഗീസ്. 'മാമ ആഫ്രിക്ക ഓരോ മനുഷ്യെൻറയും അകത്തിെൻറ കഥയാണ്' ലേഖനം – മലയാളനാട് വെബ് മാസിക
2. ഷാജി ജേക്കബ്, ആധുനികാനന്തര മലയാളനോവൽ: വിപണി, കല, പ്രത്യയശാസ്ത്രം ഭാഗം മൂന്ന്: ആഖ്യാനവും നോവലിെൻറ കലയും രണ്ട്: നവമലയാളി വെബ് മാസിക
3. ഷംല യു. ആഖ്യാനതന്ത്രം – ഉറൂബിെൻറയും എം.ടി. വാസുദേവൻനായരുടെയും മുകുന്ദെൻറയും നോവലുകളിൽ. ഗവേഷണപ്രബന്ധം. മഹാത്മാ ഗാന്ധി സർവകലാശാലയിലെ ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഫാക്കൽറ്റിയിൽ സമർപ്പിച്ചത്- 2010
4. ഇദി അമീൻ എന്ന ലേഖനം– വിക്കിപീഡിയ മലയാളം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.