കെ.കെ. െകാച്ചിന്റെ അടുത്ത സുഹൃത്തുകൂടിയായ ചിത്രകാരൻ ശശി മേമുറിയുടെ അനുസ്മരണം.കൊച്ചേട്ടൻ ഓർമയാവുമ്പോൾ ഘനീഭവിച്ച സങ്കടം മനസ്സിൽ കനമായി നിറയുന്നു. വിമർശന സാമൂഹികതക്ക് സമാനതകൾ ഇല്ലാത്ത ആവിഷ്കാരനിർമിതികൾ നൽകിയ ചിന്തകനും ചരിത്രകാരനും എഴുത്തുകാരനും വാഗ്മിയും സാമൂഹിക പ്രവർത്തകനുമായിരുന്നു കെ.കെ. കൊച്ച്. ’70കളിലെ സർഗാത്മക ഭാവനാഭാവുകത്വത്തിൽനിന്നും 80കളിൽ ധൈഷണിക ചിന്താലോകത്തിലേക്ക് ട്രാൻസ്ഫോമേഷൻ നടത്തിയ വിമർശന സാമൂഹിക ജീവിതമായിരുന്നു (Critical Social) കൊച്ചേട്ടന്റേത്. സാംസ്കാരിക വിമർശനം ഏറ്റെടുത്ത കൊച്ചേട്ടന് വിശാല ജ്ഞാന/ ചരിത്ര/ സാംസ്‌കാരിക നിർമിതികളെ ആവിഷ്കരിക്കാതിരിക്കാൻ...
കെ.കെ. െകാച്ചിന്റെ അടുത്ത സുഹൃത്തുകൂടിയായ ചിത്രകാരൻ ശശി മേമുറിയുടെ അനുസ്മരണം.
കൊച്ചേട്ടൻ ഓർമയാവുമ്പോൾ ഘനീഭവിച്ച സങ്കടം മനസ്സിൽ കനമായി നിറയുന്നു. വിമർശന സാമൂഹികതക്ക് സമാനതകൾ ഇല്ലാത്ത ആവിഷ്കാരനിർമിതികൾ നൽകിയ ചിന്തകനും ചരിത്രകാരനും എഴുത്തുകാരനും വാഗ്മിയും സാമൂഹിക പ്രവർത്തകനുമായിരുന്നു കെ.കെ. കൊച്ച്.
’70കളിലെ സർഗാത്മക ഭാവനാഭാവുകത്വത്തിൽനിന്നും 80കളിൽ ധൈഷണിക ചിന്താലോകത്തിലേക്ക് ട്രാൻസ്ഫോമേഷൻ നടത്തിയ വിമർശന സാമൂഹിക ജീവിതമായിരുന്നു (Critical Social) കൊച്ചേട്ടന്റേത്. സാംസ്കാരിക വിമർശനം ഏറ്റെടുത്ത കൊച്ചേട്ടന് വിശാല ജ്ഞാന/ ചരിത്ര/ സാംസ്‌കാരിക നിർമിതികളെ ആവിഷ്കരിക്കാതിരിക്കാൻ തരമില്ലായിരുന്നു. ചരിത്രവും/ നരവംശ ശാസ്ത്രവും/ തത്ത്വചിന്തയും/ രാഷ്ട്രമീമാംസയും/ ലാവണ്യ രസസംഹിതകളും കൊച്ചേട്ടന്റെ ധൈഷണികതക്കു പിടികൊടുക്കുന്ന ഒബ്ജറ്റുകൾ ആയി മാറി.
ചരിത്രത്തെക്കുറിച്ച് കൊച്ചേട്ടൻ വളരെ മുമ്പേ തന്നെ വ്യാകുലപ്പെട്ടു. ബൃഹദാഖ്യാനങ്ങളിൽ രാജാക്കന്മാരും കൊട്ടാരങ്ങളും പടയോട്ടങ്ങളുമാണുള്ളത്. പരിചാരകരും ചതഞ്ഞ മനുഷ്യരും ഭാരം വലിച്ച് തളർന്നുവീഴുന്ന മൃഗങ്ങളുമില്ല. ചരിത്രസ്രഷ്ടാക്കൾ ഈ അവഗണിതരും അദൃശ്യരാക്കപ്പെട്ടവരുംകൂടിയാണ്. സ്ഥൂല ലോകത്തോടൊപ്പം ബഹിഷ്കൃതമായ സൂക്ഷ്മലോകത്തിനും ഇടം കിട്ടേണ്ടതുണ്ട്. ചരിത്രപാഠ നിർമിതികളെ അപനിർമിച്ച് കൊച്ചേട്ടൻ തന്റെ ദാർശനികതയുമായി മുഖ്യധാരയോട് കലഹിച്ചു.
ഉത്തരാധുനികതയോടൊപ്പം സഞ്ചരിക്കുന്ന പുതുതലമുറയിലെ ദലിത് ധൈഷണികതക്ക് എക്കാലത്തും വലിയ റിസോഴ്സും റഫറൻസും ആയിരിക്കും കൊച്ചേട്ടൻ. കൊച്ചേട്ടൻ തുടങ്ങിവെച്ച സംസ്കാര നിർമിതിയുടെ സ്കൂൾ പലർക്കും സ്വതന്ത്രവും മൗലികവും ആയ ധൈഷണിക സാംസ്കാരിക ലോകത്തെ പുതുക്കാനും പുതുസൃഷ്ടിക്കാനുമുള്ള പ്രചോദനവും ഊർജവും നൽകുന്നു.
എഴുത്ത് എന്നത് സാമൂഹിക നീതിയിലേക്കും വിശാല ജനാധിപത്യ ബോധ്യങ്ങളിലേക്കും വളരേണ്ടുന്ന ജാഗ്രത നിറഞ്ഞ രാഷ്ട്രീയ പ്രവർത്തനമാണെന്ന് അംബേദ്കറൈറ്റ് ദാർശനികതയെ മുൻനിർത്തി കൊച്ചേട്ടൻ വിശ്വസിച്ചിരുന്നു. പ്രസാധനരംഗത്ത് നേരിട്ടും പരോക്ഷമായും ഉണ്ടായിരുന്ന കൊച്ചേട്ടന്റെ ഇടപെടൽ ഏറ്റവും സർഗാത്മകവും മൗലികവും സാമൂഹിക പ്രബുദ്ധതക്കും ജനകീയമുന്നേറ്റങ്ങൾക്കും വഴി ഒരുക്കുന്നതുമായിരുന്നു.
നവംബർ ബുക്സ്, സബ്ജക്ട് ആൻഡ് ലാംഗ്വേജ് പ്രസ്, യെനാൻ മാസിക, സീഡിയൻ മാസിക, ഉത്തരകാലം തുടങ്ങിയ പ്രസാധനസംരംഭങ്ങൾ കേരളത്തിന്റെ പൊതു ധൈഷണിക മണ്ഡലങ്ങളിൽ വിശാല ജനാധിപത്യത്തിന്റെയും അംബേദ്കറിസത്തിന്റെയും കീഴാള രാഷ്ട്രീയ ബോധ്യങ്ങളുടെയും ചർച്ചക്കും സംവാദങ്ങൾക്കും ഇടയായിത്തീർന്നു. അതോടൊപ്പം അരിക് ജീവിതങ്ങളുടെ വിമോചന സ്പന്ദനങ്ങൾക്കും സാംസ്കാരിക വ്യവഹാരങ്ങൾക്കും അന്തസ്സും അഭിമാനവും അഭിജ്ഞാനതയും ദൃശ്യതയും നൽകാനും കഴിഞ്ഞിട്ടുണ്ട്.
നാടൻപാട്ടും നാടോടി/ ഐതിഹ്യ ആഖ്യാനങ്ങളും കീഴാള അനുഷ്ഠാന കലാവിഷ്കാരങ്ങളുമാണ് ദലിത് സംസ്കാരത്തിന്റെ മുഖ്യ ചിഹ്ന പരിച്ഛേദങ്ങൾ എന്ന പൊതുബോധം ആഴത്തിൽ നിലനിൽക്കുമ്പോഴാണ് കൊച്ചേട്ടൻ ആധുനിക ദലിത് ധൈഷണിക പരിപ്രേക്ഷ്യങ്ങൾക്കും ആഖ്യാനങ്ങൾക്കും മുഖ്യധാരയിൽ തുടക്കമിടുന്നത്. ജ്ഞാനസിദ്ധാന്തങ്ങളെ ആഴത്തിൽ പഠിച്ചും വിശകലനം ചെയ്തും കാൽപനികമായ സംസ്കാര നിർമിതികളെയും അനുഭൂതി മാത്രം പകരുന്ന കലാ സാഹിത്യ പ്രകാശനങ്ങളെയും കൊച്ചേട്ടൻ വിമർശനവിധേയമാക്കി.
കൊച്ചേട്ടൻ മുമ്പ് താമസിച്ചിരുന്ന വാടകവീട്ടിൽ, കടുത്തുരുത്തിയിലെ നവംബർ ബുക്സിൽ പലപ്പോഴായി പോയിട്ടുണ്ട്. അതുപോലെ കൊച്ചേട്ടനോടൊപ്പമുള്ള ചില യാത്രകൾ, കൊച്ചേട്ടൻ പങ്കെടുത്ത പൊതുപരിപാടികളിൽ സംവാദങ്ങളിൽ കൊച്ചേട്ടനെ കേൾക്കുവാൻ പോകുമായിരുന്നു.
ഒരിക്കൽ കൊച്ചേട്ടൻ എഴുതിയ ഒരു ചരിത്ര പുസ്തകത്തിന് എന്നോട് കവർചിത്രം വരക്കാൻ പറഞ്ഞു. ചിത്രം വരച്ച് പൂർത്തിയാക്കി. കൊച്ചേട്ടൻ എന്നോട് കോട്ടയം ടൗണിൽ ചെല്ലാൻ പറഞ്ഞു. അവിടെ ഒരു പ്രസിലാണ് ബുക്ക് പബ്ലിഷ് ചെയ്യാൻ കൊടുക്കുന്നത്. ഡി.ടി.പി ചെയ്യുന്ന സ്ഥലത്ത് പണം കൊടുത്തു കഴിഞ്ഞപ്പോൾ കൈയിൽ ഇരുന്ന പൈസ എല്ലാം തീർന്നു. ഉച്ച കഴിഞ്ഞു ഭക്ഷണം കഴിച്ചിട്ടില്ല. ഞങ്ങൾക്ക് രണ്ടാൾക്കും നല്ല വിശപ്പുണ്ട്. കൊച്ചേട്ടൻ പറഞ്ഞു.
മാങ്ങാനം എന്ന സ്ഥലത്ത് ഒരു എഴുത്തുകാരനുണ്ട്. നമുക്ക് അവിടെ പോയി അദ്ദേഹത്തിന്റെ വീട്ടിൽനിന്നും ഭക്ഷണം കഴിക്കാമെന്ന്. അങ്ങനെ ഞങ്ങൾ ബസ് കയറി മാങ്ങാനത്ത് മൂപ്പരുടെ വീട്ടിലെത്തി. എന്നാൽ, വിശന്ന് വലഞ്ഞുചെന്ന ഞങ്ങൾക്ക് മുന്നിൽ അദ്ദേഹം സാഹിത്യവും കവിതയും വിളമ്പി. അദ്ദേഹത്തിന്റെ ഗുരു കടമ്മനിട്ടയാണ്. കടമ്മനിട്ടയെക്കാൾ ആവേശത്തിൽ ‘കുറത്തി’യും ‘കിരാതവൃത്ത’വും പാടി. പിന്നെ അദ്ദേഹം രചിച്ച കുറെ നാടൻപാട്ടുകളും. അങ്ങനെ രണ്ടു മൂന്ന് മണിക്കൂർ കേവലം പച്ചവെള്ളം മാത്രം കുടിച്ചു കടന്നുപോയി. വീണ്ടും അദ്ദേഹം എഴുതിയ മറ്റൊരു പാട്ട് പാടാൻ തയാറായി. ഈ പാട്ട് മഹാത്മാ ഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിൽ പാടണമെന്ന് ഡി. വിനയചന്ദ്രൻ മാഷ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞു.
(മലയാളം ഡേയുടെ സമയത്ത് ദലിത് വിദ്യാർഥികളോട് നാടൻപാട്ടും നാടൻകലകളും അവതരിപ്പിച്ച് പരിപാടി കൊഴുപ്പിക്കണമെന്ന് വിനയചന്ദ്രൻ സാർ. മറ്റു വിദ്യാർഥികൾ അവർ എഴുതിയ ആധുനിക കവിതകൾ അവതരിപ്പിക്കും.)
അങ്ങനെ ഊണ് കഴിക്കാൻ മോഹവും പരവേശവുമായി ചെന്ന ഞങ്ങൾ വെറും കട്ടൻ ചായയും കവിതകളും നാടൻ പാട്ടുകളും കേട്ട് അവശരായി തിരിച്ചു കോട്ടയത്ത് ടൗണിൽ വന്നു. ടൗണിൽ വെച്ച് കണ്ട ഒരാളോട് കൊച്ചേട്ടൻ കുറച്ചു വർത്തമാനം പറഞ്ഞു കുറച്ചു പൈസ വാങ്ങി. ഞങ്ങൾ ചായക്കടയിൽ കയറി ചായയും ചെറുകടിയും കഴിക്കുമ്പോൾ ഞാൻ കൊച്ചേട്ടനോട് ചോദിച്ചു, പൈസ തന്ന ആൾ എഴുത്തുകാരൻ ആണോയെന്ന്. കൊച്ചേട്ടൻ പറഞ്ഞു അതാണ് കെ.എൻ. രാമചന്ദ്രൻ. മുഖ്യധാര ആഘോഷിച്ച ഒരു പ്രതിഭയായിരുന്നു കൊച്ചേട്ടൻ. കീഴാള ധൈഷണികതയുടെ എക്കാലത്തെയും ദീപ്തമായ പ്രതീകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.