01
മഴയും മഞ്ഞും വെയിലും
കാറ്റുമാർത്തലയ്ക്കുന്നു
എത്രയോ നാളായ് മണ്ണിൽ
കിടക്കുമൊരു വിത്തിൽ
അതിസൂക്ഷ്മലോലമാം
ജീവെൻറയണു ധൂളി-
പ്പിറവിക്കു സാക്ഷിയാ-
മതിെൻറ ഗർഭസ്ഥലി.
ഭൂമി,യാകാശം, വൃക്ഷം
പക്ഷി, പ്രാണിലോകങ്ങൾ
സൗമ്യമായ് വിലയിക്കും
ജീവെൻറയപൂർവത.
ഇരുൾ സാഗരം നീന്തി -
യൊരു മത്സ്യകന്യക
ചുറ്റിലും വെളിച്ചത്തിൻ
കിരണ പ്രസാരണം.
ആരാവാ, മുദയത്തിൻ
ദൂതനോ? സന്ദേഹമോ?
വിൺതടം പൊട്ടിപ്പിളർ-
ന്നിറങ്ങുമൊരു താരം..!
''മകനേ'', വിളിക്കുന്നു
ധരിത്രി, ''വരൂ മിഴി-
തുറക്കൂ, വാക്കായ്, വാക്കി-
ന്നുള്ളിലെ വെളിച്ചമായ്.
ഇരു കൈകളും കൂപ്പി
വന്നണയുക നിെൻറ
വഴികൾ തെളിക്കുവാൻ
സൂര്യനും നക്ഷത്രവും.
ഇരുളാണല്ലോ ചുറ്റും
ഇരുളാണുണ്ണീ, നിെൻറ
കണ്ണി, ലാകാശത്തിലും
നടക്കും വഴിയിലും.
കൺകളിൽ വെളിച്ചത്തിൻ
നൂൽത്തിരി ചാർത്താൻ, വിരൽ-
ത്തുമ്പിലഗ്നിയാളുവാൻ
സൂര്യനെ നമിക്കുക.''
02
മിഴികളടച്ചു ഞാൻ
ഇരു കൈകളും കൂപ്പി
ഹൃദയം സ്പർശിച്ചു ഞാൻ
ജീവെൻറയെരികനൽ..!
പ്രാണെൻറ മുളന്തണ്ടിൽ
കാറ്റുകളാവാഹിച്ച്
പ്രണമാസനസ്ഥനായ്
ഞാൻ നമിക്കുമ്പോൾ നിന്നെ
എൻ സിരകളിൽ സൂര്യാ,
ഇരച്ചു കേറുന്നുണ്ട്
നിെൻറയൂർജത്തിൻ നൂറ്
നിശ്ശബ്ദ പ്രകമ്പങ്ങൾ..!
ഇളം മഞ്ഞിൻ
പുലരിവെട്ടം
മിഴികൾക്കുള്ളിൽ
തെളിയുകയായ്
ഒഴുകിയെത്തും
നീർച്ചാലുകൾ
സിരകൾക്കുള്ളിൽ
പടരുകയായ്.
കിളിക്കൂട്ടം
മരച്ചില്ലയിൽ
വെയിൽക്കൂട്ടം
കിളിച്ചില്ലയിൽ
വരിവരിയായ്
കുഞ്ഞുറുമ്പുകൾ
നിരനിരയായ്
കുഞ്ഞുവേരുകൾ
രൂപരഹിതം
മണ്ണിലിഴയും
ഉടലുതേടും
ജീവകോടികൾ..!
തരിക സൂര്യാ,
തരിക വീണ്ടും
നിെൻറ മണവും
നിെൻറ നിറവും
മിഴി തുറക്കാൻ
പ്രാണ മധുവും..!
കയ്യുകൾ വിഹായസ്സായ്
കണ്ണുകളാവേഗമായ്
ഉടലിൻ നെടുനില
ഭൂമിക്കു പ്രത്യംഗമായ്
ഹസ്ത ഉത്ഥാനത്തിലെൻ
മനമർപ്പിക്കേ, നിന്നിൽ
തുറന്നു കാട്ടുന്നു നീ
ജീവെൻറ മഹാലീല..!
നദികൾ, സമുദ്രങ്ങൾ
മേഘത്തിൻ മറപറ്റി
മേഞ്ഞു പോം തടാകങ്ങൾ
ഇരുളും വെളിച്ചവും
ഒന്നെന്നു തോന്നും പുണ്യ-
ഭൂമിതൻ രജഃസ്ഥലം
മഴ മിന്നലും കാറ്റും
നിലാവുമൊരുക്കുന്ന
ജീവെൻറ കളിസ്ഥലം
അക്ഷയ ജീവാമൃതം.
ഭൂമിയേത്? ഏതാകാശം?
രണ്ടുമൊന്നു തന്നെയോ
കാണുവതല്ലോ വാഴ്വിൻ
മാന്ത്രികക്കിനാക്കാഴ്ച
നിശ്ശബ്ദമൊരേ ശബ്ദം
ബോധത്തിൻ തേൻ തുള്ളികൾ
കൺതുറക്കൂ, കാണൂ നീ
കാതു കൂർപ്പിച്ചിരിക്കൂ..!
പാദഹസ്തത്തിൽ ഞാനെൻ
സൂര്യനെ നമിക്കവെ
ഭൂമിയോതുന്നൂ, പുത്രാ,
നിന്നെ നീ കാണുന്നില്ലേ?പുലരിയോർമിക്കുന്നു
കണ്ടിരുന്നല്ലോ പൂവേ
നിന്നെ ഞാൻ പണ്ടെപ്പൊഴോ
നിൻ മുഖ സാദൃശ്യമെൻ
കരളിൽപ്പതിഞ്ഞല്ലോ.
ഏതു കാനനത്തിെൻറ
ഉൾവനികയിൽ? ഏതു
വീടിെൻറ ടെറസ്സിൻ മേൽ?
ഏതേതു കാലങ്ങളിൽ?
ഏതേതു വർണങ്ങളിൽ..?
നിെൻറ സൗരഭം കണ്ണിൻ
വെളിച്ചം തെളിക്കുന്നു
നിെൻറയോർമകൾ ജീവ-
കോശങ്ങൾ പകുക്കുന്നു
നിെൻറ യാത്രകൾ എെൻറ
ജീവെൻറ പരമ്പര..!
അശ്വസഞ്ചലനത്തിൽ
ഞാൻ നമിക്കുമ്പോൾ നിന്നെ
കേൾക്കുന്നു ദൂരത്തുനി-
ന്നുള്ളു നൊന്തൊരു തേങ്ങൽ...
മലകൾ, കുന്നും മേടും
കാടുമൊത്തിറങ്ങുന്ന
തേങ്ങലാണതിൻ ശത-
തന്ത്രികൾ ജൃംഭിക്കുന്നു.
എവിടെ നിന്നാണതി-
ന്നുദ്ഭവ? മറിവീല
എങ്കിലുമതിൻ സ്വര-
മെനിക്കു പരിചിതം.
അതിെൻറ താളത്തിലെൻ
ഹൃദയം തുടിക്കുന്നു
അതിനെ നെഞ്ചിൽ ചേർത്തെൻ
പുത്രനായ് തഴുകുന്നു.
അതിെൻറ നാദം കിളി-
യൊച്ചകൾ മരങ്ങളിൽ
അതിെൻറ ശ്രുതി കാറ്റിൻ
സ്വര സാധനകളിൽ..!
നിെൻറ സ്നേഹത്തിൻ നേർത്ത
നൂലിഴ പൊട്ടിച്ചു ഞാൻ
ഓർമതൻ തുറസ്സിലേ-
ക്കിറങ്ങിപ്പോയെങ്കിലും
എെൻറയുള്ളിലും നിെൻറ-
യുള്ളിലും പരസ്പര
ബന്ധിതമാകുന്നതാ-
മോർമതൻ മണ്ണൊപ്പുകൾ...
എങ്കിലുമതിന്നൊച്ച
കേൾക്കുന്നു ഞാനെന്നുള്ളിൽ
പ്രപഞ്ചമതിൻ വാതിൽ
തുറക്കും ചിലമ്പൊലി..!
പർവതാസനത്തിൽ ഞാൻ
കാൽ വണങ്ങുമ്പോൾ സൂര്യാ,
മണ്ണിെൻറ നറുമണം
പൂട്ടുകൾ തുറക്കുന്നൂ.
മണ്ണടരുകൾ താണ്ടി-
യെത്തിടുമതിന്നൊച്ച
നേർത്തതെങ്കിലുമെെൻറ-
യുൾക്കാതിൽ മുഴങ്ങുന്നു.
ഏതൊരാളിനും ചെന്ന്
കേറുവാൻ കഴിയാത്ത
രഹസ്യ സങ്കേതത്തിൽ
മണ്ണിെൻറ സ്മൃതിച്ചെപ്പ്.
ഓർമകൾ മനസ്സിെൻറ
ഉള്ളറ തുറക്കുന്നു
ചീവീടിൻ കരച്ചിലായ്
രാത്രികളുണർത്തുന്നു.
എനിക്കു കേറിക്കിടക്കാ-
നുറങ്ങാനുമെെൻറ
സ്വപ്നങ്ങൾ സിരകളിൽ
ഭദ്രമായ് വളർത്താനും
മണ്ണിെൻറ മണം, മണ്ണി-
ലുറങ്ങും വിത്തിൻ മണം
പുന്നെല്ലിൻ മണം, കാറ്റി-
ലിഴയും പൂവിൻ മണം.
എവിടെനിന്നോ പുറ-
പ്പെട്ടിടും വാക്കിൻമണം
തേടി ഞാൻ മണ്ണിൽ കരു-
ണാർദ്രമായലയുന്നു.
മണ്ണിെൻറ പുരാതന
സ്മൃതികളുണരുന്നു.
പർവതശിഖരങ്ങ-
ളാണതിൻ മനോനില
പ്രാണെൻറ തളിരില-
ച്ചില്ലയിൽ കാറ്റിൻ മിഴി.
ഉയർന്നു പാറുന്ന
പറവയും മണ്ണി-
ലിഴഞ്ഞു വൻ ഫണ-
മുയർത്തിയാടുന്നൊ-
രുരഗവുമെെൻറ
സിരയിലുണ്ടല്ലോ.
ജലം, മരം, അഗ്നി,
മഴ, മഞ്ഞും കാറ്റും
ഒരുപോലെന്നുള്ളി-
ലുറങ്ങിടുന്നല്ലോ.
പല വർണങ്ങളിൽ
പല രൂപങ്ങളിൽ
അവയെല്ലാമെന്നി-
ലിഴഞ്ഞു കേറുന്നു.
ചിലപ്പൊഴെന്നുള്ളി-
ലുയർത്തിടും ഫണം
അതിലെൻ കാമന-
യുറഞ്ഞു തുള്ളിടും.
ചിലപ്പൊഴെൻ ചിറ-
കുയർന്നു വീശിടും
അതിലെൻ ലോകങ്ങൾ
വിശാലമായ് തോന്നും.
ജലം തേടിപ്പോകും
മെലിഞ്ഞ വേരുകൾ
മഴയോടെന്നപോൽ
കാറ്റിനോടെന്നപോൽ
അഗ്നിയോടെന്നപോൽ
പറകയാണല്ലോ
ഇതൊന്നുമല്ലല്ലോ
മനുഷ്യജീവിതം
ഇതൊന്നുമല്ലല്ലോ
മൃതിയും ജീവനും..!
സാഷ്ടാംഗം വണങ്ങുന്നു
പ്രാണങ്ങളൊന്നാകുന്നു
ഭാരങ്ങളെല്ലാം മണ്ണി-
ലിറക്കിക്കിടത്തുന്നു.
പ്രാണവായുവും അഗ്നി
ജലവും മേഘങ്ങളും
കിളിയും മരങ്ങളും
ചിറകുമൊന്നാകുന്നു.
രോഗത്താൽ പരിക്കേറ്റൊ-
രസ്ഥി, മജ്ജ, മാംസവും
ജീവെൻറ ധാതുക്കളു-
മലിഞ്ഞു മണ്ണാകുന്നു.
മണ്ണിന്നു മീതെ സ്വര-
ജതികൾ പിറക്കുന്നു
മണ്ണിെൻറ സ്വര,മെെൻറ
സ്വരവുമൊന്നാകുന്നു..!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.