നെൽപ്പാടം കതിരിട്ടാൽ തത്തകളുടെ കലപില ചിലപ്പ് കേട്ടാണ് രാവിലെ ഉണരുക. ഉണരുക എന്നു പറഞ്ഞാൽ തെറ്റാണ്. ഉണരുന്നതല്ല. ഉണർത്തുന്നതാണ്. ഒരുദിവസം തകരത്തപ്പുമായി പാടവരമ്പിലിരിക്കുമ്പോൾ അവനോട് ചോദിച്ചു. ഇഷ്ടമില്ലാത്തതിലേക്ക് ഉണരേണ്ടിവരുന്നത് ഒരു ശീലമാക്കേണ്ടിവന്നാൽ ഞാനെന്താണ് ചെയ്യുക? അന്നവനെന്റെ കൈയിൽ തൊട്ടു. തത്തകൾ ഒന്നിച്ചാണ് വരുന്നത്. കതിര് കൊത്തി പറക്കുന്നതും ഒന്നിച്ചുതന്നെ. പറന്നുവരുമ്പോഴേക്ക് തകരത്തപ്പിൽ കൊട്ടി അവയെ ഞാൻ എപ്പോഴും അകറ്റി. ആദ്യമാദ്യം രസമായിരുന്നു. കതിര് കൊക്കിൽ വെച്ച് ഒന്നിച്ചവ പറന്നുപൊങ്ങുന്നതു കാണാൻ ഭംഗിയായിരുന്നു. പിന്നെപ്പിന്നെ കൊട്ടുന്നത് എന്റെ...
നെൽപ്പാടം കതിരിട്ടാൽ
തത്തകളുടെ കലപില ചിലപ്പ് കേട്ടാണ് രാവിലെ ഉണരുക.
ഉണരുക എന്നു പറഞ്ഞാൽ തെറ്റാണ്.
ഉണരുന്നതല്ല.
ഉണർത്തുന്നതാണ്.
ഒരുദിവസം തകരത്തപ്പുമായി പാടവരമ്പിലിരിക്കുമ്പോൾ അവനോട് ചോദിച്ചു.
ഇഷ്ടമില്ലാത്തതിലേക്ക് ഉണരേണ്ടിവരുന്നത് ഒരു ശീലമാക്കേണ്ടിവന്നാൽ
ഞാനെന്താണ് ചെയ്യുക?
അന്നവനെന്റെ കൈയിൽ തൊട്ടു.
തത്തകൾ ഒന്നിച്ചാണ് വരുന്നത്.
കതിര് കൊത്തി പറക്കുന്നതും ഒന്നിച്ചുതന്നെ.
പറന്നുവരുമ്പോഴേക്ക്
തകരത്തപ്പിൽ കൊട്ടി അവയെ ഞാൻ എപ്പോഴും അകറ്റി.
ആദ്യമാദ്യം രസമായിരുന്നു.
കതിര് കൊക്കിൽ വെച്ച്
ഒന്നിച്ചവ പറന്നുപൊങ്ങുന്നതു കാണാൻ
ഭംഗിയായിരുന്നു.
പിന്നെപ്പിന്നെ കൊട്ടുന്നത് എന്റെ കൈയാണെന്നുതന്നെ അറിയാതെയായി.
ശബ്ദം കേട്ട് തത്തകൾ പറന്നുപോകുന്നുണ്ടോ എന്നും നോക്കാതെയായി.
കൊയ്ത്തു കഴിഞ്ഞ് പാടം ശൂന്യമാക്കി തത്തകൾ പോയി.
മിണ്ടാനൊന്നുമില്ലാതായപ്പോൾ
കൂട്ടിപ്പിടിച്ച കൈ വിടുവിച്ച്
അവനും പോയി.
എന്തിനെന്നറിയാതെ കൊട്ടിക്കൊണ്ടിരിക്കെ
പണിക്കാർ വന്ന് തകരത്തപ്പ്
അടുത്ത കൊയ്ത്തുകാലത്തേക്കായി എടുത്തുവെച്ചു.
കുറച്ചുനേരം വരമ്പിലിരുന്ന്,
അവനോ തത്തകളോ പോയ വഴിയിലേക്കോ പാടത്തേക്കോ തിരിഞ്ഞുനോക്കാതെ
വീട്ടിലേക്കുള്ള ഒതുക്കുകൾ കയറി ഞാനും പോന്നു.
അന്നുമുതൽ
എല്ലാ രാവിലെകളിലും എന്നെയാരൊക്കെയോ ഉണർത്തി.
ഉണർന്നുണർന്ന് ഉറങ്ങാത്തവളായി.
ഞാനിന്നും ജീവിച്ചിരിപ്പുണ്ട്.
തത്തകളെ എനിക്ക് കാണണമെന്നില്ല.
ഒരു ദിവസമെങ്കിലും ഇഷ്ടമുള്ളതിലേക്ക് ഇഷ്ടമുള്ളപ്പോൾ ഉണരാൻ പറ്റിയിരുന്നെങ്കിലെന്ന്
മിണ്ടാതെ പോയ അവനോടെനിക്ക്
സങ്കടം പറയണമെന്നുണ്ട്.
പക്ഷേ, ഇഷ്ടമില്ലാത്തതിലേക്ക് ഉണരാതിരിക്കാനും
ഒന്നും ശീലമാക്കാതിരിക്കാനും
അവന്
എന്നേക്കാൾ സ്വാതന്ത്ര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.