ഗസ്സയില്‍നിന്ന്

ഫലസ്​തീൻ ചെറുത്തുനിൽപി​ന്റെയും അതിജീവനത്തി​ന്റെയും ഒരു സൂചകംകൂടിയാണ്​. അവി​െട നിന്നുരുവെടുക്കുന്ന കവിതകൾ നമ്മെ പിടിച്ചുലക്കും. ഫലസ്​തീനിൽനിന്നുള്ള നാലു കവികളുടെ രചനകളുടെ മൊഴിമാറ്റമാണ്​ പ്രതിമാസ പംക്തിയിൽ കവി സച്ചിദാനന്ദൻ നിർവഹിക്കുന്നത്​. ‘‘അവന്റെ സുഖവിവരം അന്വേഷിക്കരുത്. അവന്‍ ആത്മാവ് കൈയില്‍ മുറുക്കിപ്പിടിച്ചിരിക്കയാണ്. അവന്‍ സ്വന്തം കഷ്ടപ്പാടുകളില്‍നിന്ന് ഒരു ഉടുപ്പ് തുന്നുന്നു, സ്വന്തം തലയിണകൊണ്ട് ഒരു ശവപ്പെട്ടി ഉണ്ടാക്കുന്നു’’, ഇങ്ങനെ ചിന്തിക്കുന്ന കവികള്‍ക്ക് കവിത വേഡ്സ് വർത്ത് പറയുംപോലെ ‘‘പ്രശാന്തതയില്‍ ഓർമിക്കപ്പെടുന്ന’’ ഒന്നല്ല; അതിജീവിക്കാനുള്ള...

ഫലസ്​തീൻ ചെറുത്തുനിൽപി​ന്റെയും അതിജീവനത്തി​ന്റെയും ഒരു സൂചകംകൂടിയാണ്​. അവി​െട നിന്നുരുവെടുക്കുന്ന കവിതകൾ നമ്മെ പിടിച്ചുലക്കും. ഫലസ്​തീനിൽനിന്നുള്ള നാലു കവികളുടെ രചനകളുടെ മൊഴിമാറ്റമാണ്​ പ്രതിമാസ പംക്തിയിൽ കവി സച്ചിദാനന്ദൻ നിർവഹിക്കുന്നത്​. 

‘‘അവന്റെ സുഖവിവരം അന്വേഷിക്കരുത്. അവന്‍ ആത്മാവ് കൈയില്‍ മുറുക്കിപ്പിടിച്ചിരിക്കയാണ്. അവന്‍ സ്വന്തം കഷ്ടപ്പാടുകളില്‍നിന്ന് ഒരു ഉടുപ്പ് തുന്നുന്നു, സ്വന്തം തലയിണകൊണ്ട് ഒരു ശവപ്പെട്ടി ഉണ്ടാക്കുന്നു’’, ഇങ്ങനെ ചിന്തിക്കുന്ന കവികള്‍ക്ക് കവിത വേഡ്സ് വർത്ത് പറയുംപോലെ ‘‘പ്രശാന്തതയില്‍ ഓർമിക്കപ്പെടുന്ന’’ ഒന്നല്ല; അതിജീവിക്കാനുള്ള സമരത്തില്‍നിന്ന്, ബോംബുകള്‍ക്കും വിമാനങ്ങള്‍ക്കും കീഴെ നില്‍ക്കുമ്പോഴുള്ള അസുരക്ഷിതത്വത്തിന്റെ ഭീതിയില്‍നിന്ന് അടിയന്തരമായി ഉണ്ടാകുന്ന ഒന്നാണ്. ബ്രിട്ടീഷുകാരുടെ മുൻകൈയില്‍ 1948ല്‍ സയണിസ്റ്റുകള്‍ ഫലസ്തീന്‍ ഏറ്റെടുത്തതില്‍ പിന്നെ ഫലസ്തീൻകാരുടെ അവസ്ഥ എന്തായിരുന്നെന്ന് ആദ്യം ഉദ്ധരിച്ച വരികള്‍ പറയുന്നുണ്ട്.

60-70 കാലത്ത് മഹ്മൂദ് ദര്‍വീശ്, ഫദ്​ വാ തൂഖാൻ, മുഈൻ ബസീസു, സമീഹ്​ അൽഖാസിം തുടങ്ങിയ കവികളുടെ കൈയിലാണ് ഫലസ്തീനിയന്‍ കവിത എന്ന് വിളിക്കാവുന്ന, ദുരിതത്തിന്റെയും ചെറുത്തുനിൽപിന്റെയുമായ, ഒരു കവിത രൂപംകൊള്ളുന്നത്. ഈ പംക്തിയില്‍ ഞാന്‍ മുന്പ് അവതരിപ്പിച്ചിട്ടുള്ള നജ് വാന്‍ ദര്‍വീശ്, അസ്മ അസായിസ തുടങ്ങിയവര്‍ ആ പാരമ്പര്യം മുന്നോട്ടു കൊണ്ടുപോയി. ഇപ്പോള്‍ ഗസ്സയെ ചുറ്റിപ്പറ്റി കവിത വീണ്ടും പുതുക്കപ്പെടുകയാണ്.

റിഫാത് അല്‍ അരീര്‍ പോലുള്ള കവികള്‍ ഈ യുദ്ധത്തില്‍ കൊല്ലപ്പെടുക തന്നെ ചെയ്തു. മറ്റു പല എഴുത്തുകാരും ബുദ്ധിജീവികളും കൊല്ലപ്പെടുകയോ ആക്രമണവിധേയരാവുകയോ ചെയ്തുകൊണ്ടിരിക്കുന്നു. ചില കവികള്‍, കവിതയിലേക്ക്, താഴെ കാണുംപോലെ, മൗനത്തെ ആനയിച്ചുകൊണ്ടാണ് കവിത പൂരിപ്പിക്കുന്നത്. ആതിഫ്​ അൽശാഇർ, അലന്‍ മോറിസണ്‍ എന്നിവര്‍ എഡിറ്റ് ചെയ്തു അടുത്തകാലത്ത് സ്മോക് സ്റ്റാക് ബുക്സ് പ്രസിദ്ധീകരിച്ച ‘ഔട്ട്‌ ഓഫ് ഗസ്സ’ എന്ന സമാഹാരത്തില്‍നിന്നുള്ള ഏതാനും കവിതകളാണ് താഴെ.

1. അലി അബൂഖത്താബ്​

 

1. എനിക്ക് എന്തുകൊണ്ട് എഴുതാനാവുന്നില്ല?

1. എന്തെന്നാല്‍ ഞാന്‍ ഒരാശയത്തെക്കാള്‍ ശക്തനാണ്

ഒരു ഭാഷയെക്കാള്‍ ദുര്‍ബലനും

2. എന്തെന്നാല്‍ ഞാന്‍ ഒരു മിഥ്യയെക്കാള്‍ വലുതാണ്‌

ഒരു സത്യത്തെക്കാള്‍ ചെറുതും

3. എന്തെന്നാല്‍ എനിക്ക് ഒരു

ശൂന്യതയെക്കാള്‍ തെളിച്ചമുണ്ട്

ഒരു അസ്തിത്വത്തെക്കാള്‍ നിഗൂഢതയും.

2. ശൂന്യം

കാറ്റിന് അതിന്റെ യുക്തിയുണ്ട്

കാലത്തിന്റെ ഉപ്പുരസത്തിന്നു

കുറുകെയാണ് നീ നടക്കുന്നത്

സ്ഥലത്തിന്റെ മണം നിന്നില്‍ കുറുകുന്നു

തുള വീണ കൈകളിലിട്ടു നീ

നിന്റെ മരണത്തെ കറക്കുന്നു

നീ കാറ്റിന്റെ മൂളലില്‍ മുറുകെപ്പിടിക്കുന്നു,

പിളര്‍പ്പിന്റെ ജ്വാലയില്‍

നിന്റെ ആത്മാവ് കത്തുന്നു

നീ സ്വന്തം അനുഷ്ഠാനങ്ങള്‍ രൂപപ്പെടുത്തുന്നു

നിഴലിന്റെ നുരകളില്‍ കണ്ണുനീര്‍ ചാലിക്കുന്നു

നിന്റെ തകര്‍ന്ന ഐതിഹ്യം

നരകം എന്ന കവിതയില്‍നിന്നുയരുന്നു

മുകളിലേക്ക് പോകൂ

മുകളിലേക്ക് പോകൂ

മുകളിലേക്ക് പോകൂ

പ്രാർഥന തീരാറാകുമ്പോള്‍ നിര്‍ത്തരുത്

അവര്‍ നിന്റെ പ്രതിധ്വനിയില്‍നിന്ന്

അടുത്തടുത്തു വരുന്നതു ഞാന്‍ കാണുന്നു

ചുമയുടെ ശബ്ദത്തില്‍നിന്ന്

വഴുതി വീഴുന്നത് ഞാന്‍ കാണുന്നു

രക്ഷപ്പെടുക,

കാറ്റിന്റെ പ്രവചനം പിന്തുടരുക.

2. വീണ്ടും ഗോദോവിനെ കാത്ത്

ഞാന്‍, അകലത്തിന്റെ തുടക്കത്തില്‍

അവനെ കാത്തിരിക്കയാണ്,

തോറ്റുപോയ ഒരു പ്രവാചകന്‍.

തേളുകള്‍ എന്നെ കുത്തുന്നു

വന്യകാലത്തിന്റെ വാക്കുകള്‍

എന്നെ കല്ലെറിയുന്നു

പാറകളിലേക്കുപോലും ദൗര്‍ബല്യം പടരുന്നു.

ഞാന്‍ പറഞ്ഞു, അവന്‍ വരണം

അവരെന്നെ അനുവദിച്ചു,

ഞാന്‍ പറഞ്ഞ തീയതി

ആവിയാകുംവരെ കാത്തു.

ഒന്നും വന്നില്ല, മരണമൊഴികെ.

3. ഉൽപത്തിയുടെ വകഭേദങ്ങള്‍

1

ആദിയില്‍ തൃഷ്ണയുണ്ടായി

അത് ലക്ഷ്യമില്ലാതെ കറങ്ങിനടന്നു,

ഒരു മിഥ്യയെ ആശ്ലേഷിച്ച്.

അതുകൊണ്ട് അത് പുകയായി മരിച്ചു.

സത്യത്തിന്റെ വെളിച്ചം

അതിനു പരമാനന്ദം നൽകിയപ്പോള്‍

അത് കാലത്തിന്റെ മൗനത്തില്‍

സ്വയം നഷ്ടപ്പെട്ടു.

 

2

ആദിയില്‍ ബോംബുണ്ടായി

ദൈവം അതിനു തീക്കൊടുത്തു

അതിനാല്‍ അവന്‍ ശകലങ്ങളായി ചിതറി

3

ആദിയില്‍ ആപ്പിള്‍ ഹവ്വയുടെ കയ്യിലായിരുന്നു

കായീന്റെ കയ്യില്‍ കത്തിയുണ്ടായിരുന്നു

ആദം ആപ്പിള്‍ തിന്നപ്പോള്‍

ആബേലിന്റെ കഴുത്തില്‍നിന്ന് ചോര വന്നു

4

ആദിയില്‍ കുറ്റമുണ്ടായി,

അതായിരുന്നു ആദിയും അന്തവും

ഒപ്പം വന്നു വെറുപ്പ്,

അതാണ്‌ ദൃശ്യവും അദൃശ്യവും

5

ആദിയില്‍ ദൈവം ആത്മകഥയെഴുതി,

താന്‍ സൂക്ഷിച്ചിരുന്ന ഏടില്‍.

ഭാവി നമ്മെ പരിഭ്രാന്തരാക്കിയപ്പോള്‍

നാം പറഞ്ഞു: നന്മയും ശാന്തിയും ദൈവത്തില്‍നിന്ന്

തിന്മയും യുദ്ധവും ചെകുത്താനില്‍നിന്ന്.

6

അങ്ങനെ ചെകുത്താന്

ന്യായീകരണം കിട്ടി.

4. നീയും ഞാനും

ഞാന്‍ ജ്വാലയുടെ നിഴല്‍

നീ ഇരുണ്ട ചാറ്റല്‍മഴ

ഞാന്‍ കണ്ണാടിയുടെ ആത്മരതി

നീ ചേറിന്റെ രാവണന്‍കോട്ട

ഞാന്‍ വാലറ്റത്തെ തീ

നീ സന്ധ്യയുടെ ഒരു കവിത

ഞാന്‍ കിനാവിന്റെ ഇടവഴികളില്‍ തടഞ്ഞുവീഴുന്നു

നിനക്കു ക്രൂരമായ കാലാവസ്ഥയുടെ

കാമാതുരമായ സ്വപ്നങ്ങള്‍

ഞാന്‍ പിറകോട്ടു നോക്കി ശപിക്കുന്നു

നീ വിറയ്ക്കുന്ന ശ്വാസത്തില്‍ സവാരി ചെയ്യുന്നു

ഞാന്‍ കുഴപ്പത്തിന്റെ കുതിരപ്പുറത്തും

നീ എന്റെ ആത്മാവില്‍നിന്നും

രണ്ടു സെക്കൻഡ് ദൂരെ വീഴുന്നു

ഞാന്‍ ശൂന്യതയില്‍ ചാരിനില്‍ക്കുന്നു

നീ വായുവിന്റെ ചില്ലകളില്‍ വിശ്രമിക്കുന്നു

ഞാന്‍ രഹസ്യമായ പതിവുകള്‍

ആവര്‍ത്തിക്കുന്ന ഒരാത്മാവാണ്

നീ വിജനതയുടെ ചടങ്ങുകള്‍ നടത്തുന്ന ഒരു ശരീരം

എന്റെ നാഡികള്‍ പൊടിയുടെ ഓർമ

നീ ഒരു കിടങ്ങിന്റെ ദുരന്തം അഭിനയിച്ചു കാണിക്കുന്നു

ഞാന്‍ കരച്ചിലിന്റെ സാമ്രാജ്യമാണ്‌

നീ ഓർമയുടെ വില്ലില്‍നിന്നു വിറയ്ക്കുന്നു

എന്നെ വ്യക്തത കൊല്ലുന്നു

നീ ദുര്‍ഗ്രഹമായ തണുപ്പനുഭവിക്കുന്നു.

2. റഫ്​അത്ത്​ അൽഅരീർ ( രക്തസാക്ഷിയായ കവി)

 

1. ഞാന്‍ മരിച്ചാല്‍

ഞാന്‍ മരിച്ചാല്‍

നീ ജീവിക്കണം

എന്റെ കഥ പറയാന്‍

എന്റെ വസ്തുക്കള്‍ വില്‍ക്കാന്‍

ഒരു കഷണം തുണിയും

അല്‍പം ചരടും വാങ്ങാന്‍

(അത് നീണ്ടതാകട്ടെ, വാലുള്ളത്)

അപ്പോള്‍ അവനവനോട്, അവനവന്റെ

മാംസത്തോടു പോലും

വിട പറയാതെ ഒരു ജ്വാലയായി മാറിയ

സ്വന്തം അച്ഛനെ കാത്തു

സ്വർഗത്തിന്റെ കണ്ണില്‍ നോക്കി

നില്‍ക്കുന്ന ഗസ്സയിലെ ഒരു കുട്ടി

ഒരു പട്ടം കാണട്ടെ, നീ ഉണ്ടാക്കിയ

എന്റെ പട്ടം മുകളില്‍ പാറുന്നത്,

അങ്ങനെ ഒരു ഞൊടി അവന്‍ ചിന്തിക്കട്ടെ,

അവിടെ സ്നേഹം മടക്കിക്കൊണ്ടു വരുന്ന

ഒരു മാലാഖ ഉണ്ടെന്ന്.

ഞാന്‍ മരിച്ചാല്‍

അത് പ്രത്യാശ കൊണ്ടുവരട്ടെ

അത് ഒരു കഥയാകട്ടെ.

2. ഞാന്‍ നീയാണ്

കണ്ണാടിയില്‍ നോക്കൂ

ഭയങ്കരം ഭയങ്കരം

താങ്കളുടെ എം 16ന്റെ അറ്റം

എന്റെ കവിളെല്ലില്‍

അത് അവിടെ വിട്ട മഞ്ഞ അടയാളം

സ്വസ്തികപോലെ വലുതായി

എന്റെ മുഖത്തുകൂടി വളഞ്ഞുപുളഞ്ഞു പോകുന്ന,

വെടിയുണ്ടയുടെ ആകൃതിയുള്ള വടു

എന്റെ കണ്ണില്‍നിന്നു ഇറ്റുവീഴുകയും

നാസാദ്വാരങ്ങള്‍ തുളയ്ക്കുകയും

കാതില്‍ നിറഞ്ഞുകവിയുകയുംചെയ്ത്

ഒഴുകുന്ന എന്റെ ഹൃദയവേദന,

എഴുപതു വര്‍ഷമോ മറ്റോ മുമ്പ്

താങ്കള്‍ക്കുണ്ടായപോലെ തന്നെ.

ഞാന്‍ താങ്കള്‍ തന്നെയാണ് ഞാന്‍

താങ്കളുടെ വര്‍ത്തമാന-ഭാവികളെ വേട്ടയാടുന്ന

താങ്കളുടെ ഭൂതകാലമാണ്

താങ്കളെപ്പോലെ ഞാനും ശ്രമിക്കുന്നു,

താങ്കളെപ്പോലെ പൊരുതുന്നു

താങ്കള്‍ ചെറുത്തപോലെ ചെറുക്കുന്നു

ഒരു നിമിഷത്തേക്ക്

താങ്കളുടെ ക്ഷമയും വാശിയും

ഞാന്‍ മാതൃകയാക്കുമായിരുന്നു,

താങ്കള്‍ എന്റെ ചോരയൊലിക്കുന്ന

കണ്ണുകള്‍ക്ക്‌ നടുവിലേക്ക് ആ തോക്കിന്‍കുഴല്‍

നീട്ടിപ്പിടിക്കുകയായിരുന്നില്ലെങ്കില്‍.

താങ്കളുടെ അമ്മയെക്കൊന്ന, അച്ഛനെക്കൊന്ന,

അതേ തോക്ക്, അതേ വെടിയുണ്ട

ഇപ്പോള്‍ താങ്കള്‍ എനിക്കെതിരെ ഉപയോഗിക്കുന്നു

ഈ തോക്ക് ശ്രദ്ധിച്ചു നോക്കൂ, ഈ വെടിയുണ്ടയും:

അത് മണത്തു നോക്കൂ,

അതില്‍ താങ്കളുടെയും എന്റെയും രക്തമുണ്ട്,

എന്റെ വര്‍ത്തമാനവും താങ്കളുടെ ഭൂതകാലവുമുണ്ട്

അതില്‍ എന്റെ വര്‍ത്തമാനമുണ്ട്,

താങ്കളുടെ ഭാവിയും.

അതുകൊണ്ടാണ് നാം ഇരട്ടകളാകുന്നത്

ജീവിതത്തിന്റെ അതേ വഴി,

അതേ ആയുധം,

അതേ ദുരിതം,

കൊല്ലുന്നവന്റെ മുഖത്ത് അതേ ഭാവം

എല്ലാം ഒന്ന്

പക്ഷേ ഒരു വ്യത്യാസം:

താങ്കളുടെ കാര്യത്തില്‍

ഇര പിന്നിലേക്കു പരിണമിച്ചു,

വേട്ടക്കാരനായി.

ഞാനിതാ പറയുന്നു:

ഞാന്‍ താങ്കളാണ്,

ഇപ്പോഴത്തെ താങ്കള്‍ അല്ലെന്നു മാത്രം

എനിക്ക് താങ്കളോട് വെറുപ്പില്ല

താങ്കള്‍ വെറുക്കുന്നതും

എന്നെ കൊല്ലുന്നതും തടയാന്‍

താങ്കളെ സഹായിക്കണം എന്നേയുള്ളൂ

ഞാന്‍ പറയുന്നു:

താങ്കളുടെ പീരങ്കിയുടെ ഒച്ച

താങ്കളെ ബധിരനാക്കുന്നു

വെടിമരുന്നിന്റെ മണം

എന്റെ ചോരയുടെ മണത്തെ തോൽപിക്കുന്നു

തീപ്പൊരികള്‍ എന്റെ

മുഖഭാവങ്ങള്‍ വികൃതമാക്കുന്നു.

ഈ വെടിവെപ്പ് ഒന്ന് നിര്‍ത്താമോ,

ഒരു നിമിഷത്തേക്ക്? പറ്റുമോ?

ഒന്ന് കണ്ണടച്ചാല്‍ മാത്രം മതി

(ഈ ദിവസങ്ങള്‍ നമ്മുടെ

ഹൃദയങ്ങളെ അന്ധമാക്കുന്നതുകൊണ്ട്)

കണ്ണടയ്ക്കൂ, മുറുക്കി അടയ്ക്കൂ,

അപ്പോള്‍ മനക്കണ്ണുകൊണ്ടു കാണാം.

എന്നിട്ട് കണ്ണാടിയില്‍ നോക്കൂ

ഒന്ന്. രണ്ട്.

ഞാന്‍ താങ്കളാണ്

ഞാന്‍ താങ്കളുടെ ഭൂതകാലമാണ്

എന്നെ കൊല്ലുമ്പോള്‍

താങ്കള്‍ കൊല്ലുന്നത് താങ്കളെത്തന്നെയാണ്.

3. ഹലാ അൽയാൻ

 

1. വായാടി

യൂറോപ്പില്‍ ഒരു പഴയ കാമുകി

എന്നെ വിട്ട് തനിയേ ഭക്ഷണം കഴിക്കാന്‍ പോയി

നാണംകുണുങ്ങിയായ ഒരു കാട്ടുപയ്യന്‍

കയ്യില്‍ ഒരു ചുകന്ന മാക്കറൂണ്‍

കൂടുതലായി കൊണ്ടുവന്നു, എന്നിട്ട്

അറബിയില്‍ പറഞ്ഞു: ആന മിന്‍ ഇറാക്ക്.

*

ഞാന്‍ നിന്റെ ഉള്ളിലെ അറബിയെ കൊല്ലും

എന്ന് പറഞ്ഞ ബാര്‍, ഓ അല്ലാഹ്, എന്റെ പേരക്കുട്ടി,

(ആട്ടുവാന്‍ ശിരസ്സില്ലാത്ത പിന്നിയിട്ട തലമുടി)

എന്ന് ഒരാള്‍ പറഞ്ഞ റിപ്പോര്‍ട്ട്‌

*

ഞാന്‍ ആ കാട്ടുപയ്യനോട് പറയുന്നു,

മാപ്പ്, മാപ്പ്, മാപ്പ്. അവന്റെ കണ്ണിന്റെ

നിറം കോഞ്ഞ്യാക് വൈനിന്റേത്.

ഞങ്ങള്‍ കോക്ടെയില്‍ നാപ്കിനുകള്‍

ഒരു വെള്ളക്കൂമ്പാരത്തിലേക്ക് വലിച്ചെറിയുന്നു

അവന്‍ പറയുന്നു, അമേരിക്കക്കാര്‍ അവന്റെ

പട്ടണത്തില്‍ വന്നപ്പോള്‍ അവര്‍ ആരെയാണ്

കൊല്ലുന്നതെന്ന് നോക്കിയില്ല, അവര്‍ സ്ത്രീകളോട്

വീട്ടിലിരിക്കാന്‍ പറഞ്ഞു, ‘‘ഞാന്‍ നല്ല ആളാ’’ണെന്നു

പറഞ്ഞിട്ടും അവര്‍ അടുത്ത് നിന്ന

മരങ്ങളിലേക്ക് നിറയൊഴിച്ചു

അവന്റെ പ്രിയപ്പെട്ട പക്ഷികള്‍,

എപ്പോഴും സംസാരിക്കുന്നവ,

കൊമ്പുകളില്‍നിന്ന് വീണു,

‘ഇത് പോലെ’ എന്നുപറഞ്ഞ്

അവന്‍ വിരലുകളില്‍നിന്ന് നാപ്കിനുകള്‍

പറത്തിവിട്ടു

*

കിളിപ്പാട്ട്:

തീരത്ത് അടിയുന്ന വസ്തുക്കള്‍

പാന്റികള്‍, ടെലിവിഷനുകള്‍,

ജ്യൂക് ബോക്സുകള്‍, മുട്ടില്‍ ഇഴയുന്ന

പ്രായത്തിലുള്ള കുട്ടികള്‍

*

ഞാന്‍ അവരുടെ തിരക്കഥ പിന്തുടരുക മാത്രമാണ്. ഞാന്‍ ഷൂസ് ശ്രദ്ധയോടെ ഊരിവെക്കുന്നു. എന്റെ മുടിയില്‍ അവളുടെ വിരലോടിക്കാന്‍ ഞാന്‍ ഇസ്രായേലി പട്ടാളക്കാരിയെ അനുവദിക്കുന്നു, അത് മറ്റെന്തിനെക്കാളും സ്നേഹമാണെന്ന് തോന്നിക്കുംവരെ. ഒരു ഞൊടി, ഞാന്‍ കണ്ണടച്ചാല്‍ അവള്‍ എന്ത് ചെയ്യുമെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു, മുടിയില്‍ അവള്‍ വിരലോടിക്കുന്നത് നിര്‍ത്തുംവരെ ഞാന്‍ പാടുന്നു. അവള്‍ ഓരോ മുടിച്ചുരുളും തൊട്ടുനോക്കുന്നു, വിഷമിക്കേണ്ടാ, അവള്‍ ആഗ്രഹിച്ചാലും അത് ചീകിയൊതുക്കാന്‍ അവള്‍ക്കാവില്ല എന്ന് ഞാന്‍ പറയുമ്പോള്‍ അവള്‍ പതുക്കെ പുഞ്ചിരിക്കുന്നു. മനസ്സിലാകുന്നില്ലേ എന്ന് അവളോട്‌ ചോദിക്കണം എന്ന് എനിക്കുണ്ട്.

*

മനസ്സിലാവുന്നില്ലേ, എന്റെ മുടിയാണ് എന്റെ സൈന്യം

*

അതിര്‍ത്തിയില്‍ രണ്ടു പട്ടാളക്കാര്‍...

വേണമെങ്കില്‍ ഒരു പാറക്കഷണം വലിച്ചെറിയാം.

അവരിലൊരാള്‍ എന്റെ പാസ്പോര്‍ട്ട്‌

വായിക്കുന്നതായി ഭാവിക്കുന്നു

അയാള്‍ക്ക് എന്റെ ബെല്‍റ്റ്‌ എടുത്തുമാറ്റണം,

ഞാന്‍ എന്തിനു ഇവിടെ വന്നു എന്നറിയണം.

2. പൈതൃകം

അവര്‍ അറബി പഠിക്കുന്നതുകൊണ്ട്

എന്റെ മുത്തശ്ശന്‍ ഹീബ്രു പഠിച്ചു

ഞാന്‍ നഫേസിന്റെ മകളാണ്, മുഹമ്മദിന്റെ പേരക്കുട്ടി

സലീമിന്റെ പേരക്കുട്ടി.

എന്റെ ഓരോ സ്വപ്നവും ഞാന്‍ സാക്ഷാത്കരിക്കുന്നത്

ഖുര്‍ആന്‍ കൊണ്ടാണ്. അതെ, മമ്മ,

ഞാന്‍ വീണ്ടും സൂറകള്‍ വായിക്കുകയാണ്

പക്ഷേ ഞാന്‍ നോമ്പ് എടുക്കാറില്ല,

മുട്ടു കുത്താറില്ല.

തീയില്ലാത്ത മരുഭൂമിയില്ല

മരുഭൂമിയുടെ ചോരക്കുഴലുകള്‍ പിത്തളകൊണ്ടാണ്

വെണ്ണക്കല്ല് വിരിച്ച ഒരു മുറിയില്‍

ഞാന്‍ ഒരു പട്ടാളക്കാരനുമായി

ചീട്ടു കളിച്ചു. ഞാന്‍ പിരിഞ്ഞ പട്ടാളക്കാരന്‍,

അയാള്‍ എന്നെ ഓർമിപ്പിച്ചു.

ഒട്ടകങ്ങളെ കെട്ടിയിടൂ, അല്ലാഹുവില്‍ വിശ്വസിക്കൂ.

മുടിയില്ലാത്ത സ്ത്രീ അവളുടെ

മരുമകളുടെ മുടിയെക്കുറിച്ച് പൊങ്ങച്ചം പറയുന്നു

ഞാന്‍ വീട്ടിലെ വിരുന്നുകാര്‍ക്കുവേണ്ടി

നിന്നെക്കൊണ്ടു പാടിക്കുന്നു

ആശാരിയുടെ വാതില്‍ പൊളിഞ്ഞുവീഴുകയാണ്

ആകാശം ഒരു നീലപ്പന്തല്‍പോലെ ഇടിഞ്ഞു

വീഴാതിരിക്കാന്‍ പാട്ട് പാടുന്നവരുണ്ട്

കോളനികളില്‍ ഞാന്‍ ശോശന്നയായി

ഞാന്‍ ശോശന്നക്ക് സ്നേഹിക്കാന്‍ ചിലതുകൊടുത്തു,

തോക്ക് പിടിച്ച, ഷര്‍ട്ടിടാത്ത, പയ്യന്മാര്‍,

നീലപോലെ നീലയായ നീന്തല്‍ക്കുളങ്ങള്‍.

ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളില്‍ ഹീബ്രുവിലുള്ള

ചുവരെഴുത്തുകള്‍ ഉണ്ടായിരുന്നു, എനിക്ക്

വായിക്കാന്‍ പറ്റാത്തവ.

ശോശന്ന ചോദിച്ചു, അവയുടെ അർഥം എന്താണെന്ന്,

പിന്നെ ഓര്‍ത്തെടുത്തു,

ഞങ്ങള്‍ ഇങ്ങോട്ട് തിരിച്ചുവരും

ഇത് ഞങ്ങളുടെയാണ്,

ഞങ്ങളെ പുറത്തു നിര്‍ത്താനാവില്ല.

 

3. എനിക്ക് കുരുവികളോട് വെറുപ്പില്ല

അടുത്ത മുറിയില്‍ നീ നിന്റെ അമ്മയോട്

ചോദിക്കുന്നത് കേട്ടു, അമ്മേ, നമ്മള്‍

ഫലസ്തീന്‍കാരാണോ? അവര്‍ ‘‘അതെ’’

എന്ന് പറഞ്ഞപ്പോള്‍

വീട്ടിലാകെ ഒരു കനത്ത മൗനം വന്നുവീണു

ശിരസ്സിനു മുകളില്‍ തൂങ്ങിയിരുന്ന എന്തോ

പൊട്ടിത്തെറിക്കുന്ന ശബ്ദത്തോടെ വീണതുപോലെ,

പിന്നെ -മൗനം

ഘസ്സന്‍ കനഫാനി മകന്‍ ഫയേസിനുള്ള

ഒരു കത്തില്‍: എനിക്ക് കുരുവികളോട് വെറുപ്പില്ല

കണ്ണടച്ചുപിടിച്ചു തീ കാണാനോ

കോണ്‍ക്രീറ്റിന്റെ പ്രളയം കാണാനോ ഭീകരമായ

മഞ്ഞുകട്ടികളുടെ വലുപ്പമുള്ള

ലഘുലേഖകള്‍ കാണാനോ

എനിക്കുദ്ദേശ്യമില്ല

എന്റേതല്ലാത്ത കുടിയൊഴിക്കലിന്റെ റിഹേഴ്സല്‍

നടത്താന്‍ എനിക്കു താൽപര്യമില്ല:

പലചരക്കു കടയില്‍നിന്ന് വീട്ടിലേക്ക്,

വീട്ടില്‍നിന്ന് നദീതീരത്തേക്ക്, നദീതീരത്തുനിന്ന്

വിമാനത്താവളത്തിലേക്ക്. ഇതാ നിയമങ്ങള്‍:

ഒരു റോഡ്‌ ഉണ്ടായിരുന്നു, അതിപ്പോഴില്ല

ഒരു കടലുണ്ട്, അതിലെ വെള്ളം കുടിച്ചുകൂടാ.

നിങ്ങള്‍ക്ക് ഒരു പൊടിക്കുഞ്ഞുമായി

എത്ര ദൂരം ഓടാന്‍ കഴിയും?

മധ്യവയസ്സിലെത്തിയ ഒരു നായയുമായി?

അറുപത്തഞ്ച് സെക്കൻഡില്‍ നിങ്ങള്‍ക്ക്

എത്ര ദൂരം പോകാന്‍ കഴിയും? പതിനൊന്നടി?

നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഒരു പൂവുണ്ടെങ്കില്‍

അത് ഒളിച്ചുവെക്കാനുള്ള സമയമാണിത്

അമ്മയുണ്ടെങ്കില്‍ അവളെ നിലവറയിലേക്ക്

മാറ്റി പാര്‍പ്പിക്കാനുള്ള സമയമാണിത്

നിലവറ ഇല്ലെങ്കിലോ?

ഈ കവിതകൊണ്ട് എനിക്കൊന്നും നേടേണ്ട.

ഞാന്‍ എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,

പക്ഷേ പറയുന്നു. നിയമങ്ങള്‍ തിരുത്തപ്പെട്ടിരിക്കുന്നു

ഞാന്‍ എന്നാല്‍ ഞാന്‍

ഞാന്‍ എന്നാല്‍ ഒരു ചെമ്പന്‍ മത്സ്യം.

ഞാന്‍ എന്നാല്‍ 583 അക്ഷരങ്ങളുള്ള

ഒരു പരസ്യപ്പലക.

ഇവയാണ് നിയമങ്ങള്‍.

എനിക്ക് ഒരിക്കല്‍ ഒരു അമ്മൂമ്മയുണ്ടായിരുന്നു

അവര്‍ക്ക് ഒരിക്കല്‍ ഓർമയുണ്ടായിരുന്നു

അത് പാല് പോലെ പിരിഞ്ഞുപോയി.

അവര്‍ ഫോണ്‍ ചെയ്തു ചോദിക്കും, എന്റെ മകനെപ്പറ്റി,

അവന്‍ കുറുമ്പനാണോ,

കട്ടിയുള്ളത് കഴിക്കാന്‍ തുടങ്ങിയോ,

പേരിനൊത്ത് ഉയരുന്നുണ്ടോ എന്നെല്ലാം.

ഞാന്‍ പറയും, ഉവ്വ്, ഞാന്‍

എപ്പോഴും ഉവ്വെന്നേ പറഞ്ഞുള്ളൂ

ഞാന്‍ അവളോട് അവന്റെ പേര് ചോദിച്ചു

..........

അവള്‍ പറയുന്നതായി ഞാന്‍ സങ്കൽപിച്ചു

...........

ഹൃദയംകൊണ്ട് ഭൂമിയുടെ എത്ര ആഴത്തില്‍

നിങ്ങള്‍ക്കു കുഴിച്ചു പോകാന്‍ കഴിയും?

ഇവയാണ് നിയമങ്ങള്‍:

ബോംബില്‍നിന്ന് ഒളിക്കാന്‍ സ്ഥലമില്ല,

കപ്പലില്ല. സ്ഥലം വിട്ടോളൂ. എന്താ പോകാത്തത്?

നിങ്ങള്‍ക്ക് ചെറുക്കാം. എന്താണ് ചെറുക്കാത്തത്?

ഫോണില്‍ ഉമ്മൂമ്മ എന്നെ അവരുടെ

ഹൃദയം എന്നാണു വിളിക്കുക.

 

അവരുടെ ആത്മാവ്. അവര്‍ക്ക്

ദൈവം കൊടുത്ത കണ്ണുകള്‍.

അവര്‍ ചോദിക്കും, ഞാന്‍ ഇനിയും ഫലസ്തീനില്‍

വരാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന്.

ഞാന്‍ അവള്‍ക്കു മണ്ണൊന്നും കൊണ്ടുവന്നില്ല,

പക്ഷേ ഒരു കഥ അവര്‍ക്കിഷ്ടമായി,

അതുകൊണ്ട് ഞാന്‍ അത് വീണ്ടും വീണ്ടും പറയും,

ഞാന്‍ ബസ് സ്റ്റാൻഡില്‍ കണ്ട ഒരു സ്ത്രീയെക്കുറിച്ച്,

അറബി സംസാരിക്കുംവരെ അപരിചിതയായിരുന്ന

ഒരുവള്‍, എന്നെ ഇത്ത എന്നും മോള്‍ എന്നും

ഇത്താത്ത എന്നും മാറിമാറി വിളിച്ചവള്‍.

ഞാന്‍ അവരോടു പറഞ്ഞു, അവള്‍ ജോലി മാറ്റിവെച്ച്

എന്നെ കാറില്‍ കയറ്റി പൂന്തോട്ടം കടന്ന്

ഏറ്റവും ഉയരത്തിലെത്തി

​െബെറൂത്തിനോടു കൈ വീശി കാണിച്ചതെന്ന്

ഞാന്‍ അവളോടും കൈ വീശി, പിന്നീട് അവള്‍ പറഞ്ഞു

അവളും കൈ വീശി എന്ന്, അവളുടെ ബാല്‍ക്കണി

എതിര്‍ദിശയിലേക്കാണ് തിരിഞ്ഞിരുന്നതെങ്കിലും.

കടല്‍ ഭയപ്പെടുത്തുംവിധം കടുംനീലയായിരുന്നു

സാരമില്ല, ഒരു മകനുണ്ടായിരുന്നു, സാരമില്ല.

ഇതാണ് നിയമം: ഗസ്സ എന്ന് പറഞ്ഞാല്‍...

എന്ന് തിരിച്ചു പറയണം... എന്ന് പറഞ്ഞാല്‍

...എന്ന് പറയണം

ഇതാണ് നിയമം:

മൈക്കുണ്ടെങ്കില്‍ അതിലേക്കു പാടരുത്,

കാമറ ഉണ്ടെങ്കില്‍ അതിലേക്കു നോക്കരുത്

ഒരു പേര് ഉച്ചരിച്ചു പോയാല്‍ തിരിച്ചെടുക്കാനാവില്ല

...എന്ന് പറയണമെങ്കില്‍ ...എന്ന് പറയണം

ഗസ്സ എന്ന് പറയണമെങ്കില്‍ ഗസ്സ എന്ന് പറയണം

നോക്കുകയാണെങ്കില്‍ ഒന്നും വിടാതെ നോക്കണം

ഇതാണ് നിയമം:

ഇത് എന്റെ ഉമ്മയിട്ട പേര്

ഇത് എന്റെ ചെറിയ ജീവിതം,

മറ്റു പേരുകള്‍ പോലെ തന്നെ.

ഇതാ അഞ്ചു വര്‍ഷം മുന്പ്

മരിച്ച് പോയ എന്റെ ഉമ്മൂമ്മ.

അവര്‍ പിന്നെയും സംസാരിക്കുന്നു

പ്രതീക്ഷിക്കാതിരിക്കെ എന്നെ വിളിക്കുന്നു

‘‘കീഫ് ഇബ്നിക്’’, അവര്‍ പറയുന്നു, അവന്‍ എവിടെ?

എനിക്ക് ഒന്ന് സ്വാഗതം പറയണം

ഞാന്‍ എന്ത് തിരിച്ചു പറയും?

അയാള്‍ കൊള്ളാം, ഞാന്‍ പറയുന്നു

അടുത്ത മുറിയില്‍നിന്ന് ഒരു കുട്ടിയെ

വിളിക്കുന്നതായി ഭാവിക്കുന്നു

ഇവിടെനിന്ന് കടലിരമ്പം

കേള്‍ക്കുന്നതായി നടിക്കുന്നു

ഇതാണ് നിയമം:

സഹിക്കാവുന്നത്ര നാം സഹിക്കുന്നു,

ഇനി സഹിക്കാന്‍ കഴിയാതാവുംവരെ.

നമുക്കു വിലപിച്ചുകൊണ്ടു നില്‍ക്കാന്‍

കഴിയാത്തത് നാം കണ്ടുപിടിക്കുന്നു

ഗസ്സയില്‍ സൂര്യന്‍ അസ്തമിക്കുന്നു

ഗസ്സയില്‍ സൂര്യന്‍ ഉദിക്കുന്നു

നിങ്ങളുടെ മൗനത്തില്‍

നിങ്ങളുടെ നീലപ്പെന്‍സിലില്‍

നിങ്ങളുടെ ദൈവംതന്ന കണ്ണുകളില്‍.

അവന്‍ നന്നായിരിക്കുന്നു, നന്നായിരിക്കുന്നു,

ഞാന്‍ പറയുന്നു. അവന്‍ ദാ മുട്ടില്‍ ഇഴയുന്നു

മാഷാ അല്ലാഹ്, മാഷാ അല്ലാഹ്

ഞങ്ങള്‍ ഒന്നിച്ച് കടലിനെയും മകനെയും

പുകഴ്ത്തുന്നു, അവന്‍ എത്രമാത്രം വലുതായി

എന്ന് പറഞ്ഞു പ്രശംസിക്കുന്നു.

4. ഫരീദ് ബിതാര്‍

 

വിശദീകരണമില്ലാത്ത ദുരിതം

ഫലസ്തീനിലെ യുദ്ധങ്ങള്‍ അവസാനിക്കുന്നില്ല,

കടന്നുപോവില്ലെന്ന വാശിയാണ്

വര്‍ഷങ്ങള്‍ കഴിയുമ്പോള്‍,

എനിക്ക് ഒരു കല്ലിനേക്കാള്‍ വയസ്സാവുമ്പോള്‍

ലക്ഷം ഒലീവുമരങ്ങള്‍ മറിഞ്ഞുവീഴുമ്പോള്‍

യുദ്ധങ്ങള്‍ പ്രതികാരബുദ്ധിയോടെ കടന്നുവരുന്നു

എന്റെ ദുഃസ്വപ്‌നങ്ങള്‍ തിരിച്ചുവരുന്നു

രാജകീയമായ ഒരു തടാകം

ക്യാമ്പില്‍ എന്നെ സ്വാഗതംചെയ്യുന്നു

മൂടല്‍മഞ്ഞു പുലര്‍വെളിച്ചത്തില്‍ മായുന്നു

ഗസ്സയില്‍ ഭൂഗര്‍ഭ ബോംബുകള്‍ പൊട്ടിത്തെറിക്കുന്നു

ബോംബുകളോട് പൊട്ടുന്നത് നിര്‍ത്താന്‍

ഞാന്‍ നിലവിളിക്കുന്നു

ഞാന്‍ ഒരു അത്ഭുതത്തിനായി പ്രാര്‍ഥിക്കുന്നു

ഇത് ഒരു പേക്കിനാവാണെന്നു മാത്രം കരുതുന്നു.

ഉണരുമ്പോഴോ, കഴിഞ്ഞ ദിവസത്തെ എല്ലാം

അതുപോലെ തന്നെ.

Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 03:00 GMT
access_time 2024-11-25 02:30 GMT
access_time 2024-11-25 02:00 GMT
access_time 2024-11-18 03:45 GMT
access_time 2024-11-18 02:45 GMT
access_time 2024-11-18 02:00 GMT
access_time 2024-11-11 05:30 GMT