എന്തുപേക്ഷിക്കണം?

വീടു വിട്ടോടുമ്പോള്‍ ഞാന്‍

എന്തുപേക്ഷിക്കണം?

പോര്‍ വിമാനത്തിന്റെ മുരള്‍ച്ച കേട്ടു

പേടിച്ചോടുമ്പോള്‍ കാലൊടിഞ്ഞ മകനെ?

പെല്ലറ്റുകള്‍കൊണ്ട് ചോരയൊലിക്കുന്ന മകളെ?

പാതി വരച്ച ഒരു പക്ഷിയുടെ

പടമുള്ള അവളുടെ സ്ലെയ്റ്റിനെ?

കണ്ണീര്‍ വീണു അക്ഷരങ്ങള്‍ ഹീബ്രുവോ

അറബിയോ എന്ന് അറിയാത്തവിധം പടര്‍ന്ന

അവന്റെ പുസ്തകത്തെ?

ജീവിതത്തിനും മരണത്തിനുമിടയില്‍

അതിരിട്ട കല്ലുപോലെ

പകച്ചുനില്‍ക്കുന്ന അവരുടെ ഉമ്മയെ?

മറവിയുടെ രാത്രിയില്‍ ഉറങ്ങുന്ന എന്റെ ഉപ്പയെ?

മക്കളുടെ കളിക്കൂട്ടുകാരനായിരുന്ന

ചാരനിറമുള്ള പൂച്ചയെ? ശബ്ദങ്ങള്‍ കേട്ടു

കയറു പൊട്ടിക്കുന്ന ആടിനെ?

തവിട്ടുമേഘംപോലെ മെല്ലെ ചലിക്കുന്ന ഒട്ടകത്തെ?

ഇവിടെക്കഴിഞ്ഞ മൂന്നു തലമുറകളുടെ

പൊടിപുരണ്ട ഓർമയെ? നാലാം തലമുറയുടെ

കൂമ്പുവിടരാത്ത സ്വപ്നങ്ങളെ? ഒലീവിന്‍കായ്കളുടെ

ചവര്‍പ്പും മണല്‍ത്തരികളും നിറഞ്ഞ ഗന്ധത്തെ?

ഇനിയും ജനിക്കാത്ത സ്നേഹത്തിന്റെ ഭാഷയില്‍

കലപില കൂട്ടുന്ന കുരുകില്‍ പക്ഷികളെ?

ഒഴുകാത്ത പുഴയെ? ഇല്ലാത്ത കടലിനെ?

ആഗ്രഹങ്ങളുടെ ആകാശത്തെ?

നെറ്റിയില്‍ തയമ്പായി മാറിയ

നിശ്ശബ്ദമായ പ്രാർഥനകളെ?

അതോ ശൂന്യതയുടെ കൂടായി മാറിയ,

നിരായുധമാക്കപ്പെട്ട എന്റെ

വിലകെട്ട ആത്മാവിനെയോ?

Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.