നോർവീജിയൻ എഴുത്തുകാരിയും ചലച്ചിത്ര സംവിധായികയുമായ ഓഡ്വിഗ് ക്ലൈവിെന പരിചയപ്പെടുത്തുന്നു. കൂടാതെ, അവരുെട 11 കവിതകളും മൊഴിമാറ്റുന്നു.
പ്രസിദ്ധ നോർവീജിയൻ എഴുത്തുകാരിയും ചലച്ചിത്ര സംവിധായികയുമാണ് ഓഡ്വിഗ് ക്ലൈവ് (ജനനം: 1954). അവരുടെ ശ്രദ്ധേയമായ പ്രസിദ്ധീകരണങ്ങളിൽ റിഫ്റ്റ്, ബസുനെൻഗെലൻ, ഹിസ്റ്റോറിയൻ ഓം നൾ, ആൾജിബ്രൈസ്ക്, ഡെറ്റ് ആന്ദ്രേ ബ്ലിക്കറ്റ്, സ്റ്റെർകെസ്റ്റ് എന്നിവ ഉൾപ്പെടുന്നു. ധാരാളം ഹ്രസ്വ ചലച്ചിത്രങ്ങളും അവര്‍ സംവിധാനംചെയ്തിട്ടുണ്ട്; അവ ലോകമെമ്പാടുമുള്ള പ്രധാന ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
കുട്ടികള്‍ക്കുള്ള കവിതകള്‍ക്ക് പുറമെ ഇറാനിയന്‍ കവി ഫോറഗ് ഫറോക്സാദ്. ഫലസ്തീനിയന്‍ കവി ഫദ് വാ തൂഖാന്‍ എന്നിവരുടെ കവിതകളുടെ പരിഭാഷയും അവരുടേതായി ഉണ്ട്. ഈ കവിതകള്‍ ‘ചന്ദ്രനും ഭൂമിക്കും ഇടയില്‍’ എന്ന സമാഹാരത്തില്‍നിന്ന്.
1. ഒരു കാലമുണ്ടായിരുന്നു
ഒരു കാലമുണ്ടായിരുന്നു
അന്ന് നീയായിരുന്നു പ്രപഞ്ചം
ഞാന്‍ കൈകാലുകള്‍ നിവര്ത്തുമ്പോള്
നിന്നെ എല്ലായിടത്തും കണ്ടു
നിന്റെ ചലനങ്ങളില്‍ ഞാന്‍ തൊട്ടിലാടി
ഞാന്‍ വാ തുറന്നു നിന്നെ രുചിച്ചു
ഒരു കാലമുണ്ടായിരുന്നു നമ്മള് നമ്മള്
രണ്ടു പേര് മാത്രമായിരുന്ന കാലം
രണ്ടു പേര്
രണ്ടു
പേര്.
2. ചന്ദ്രനും ഭൂമിക്കുമിടയില്‍
ഒരു കാലമുണ്ടായിരുന്നു, ഞാന്‍ അന്ന് ചന്ദ്രനും
ഭൂമിക്കുമിടയില്‍ ഒഴുകിനടക്കുന്ന
ഒരു കുഞ്ഞായിരുന്നു
എന്റെ അറയില്‍ കെട്ടിയിട്ട
ആടുന്ന ഒരു ബലൂണിലുള്ള യാത്ര,
നീ അത് നോക്കിനിന്നു
ഒരു കാലമുണ്ടായിരുന്നു
ഞാന്‍ കുഞ്ഞായിരുന്നു
നമ്മള് ഒന്നിച്ച് കഠിനമായ നിലത്തിറങ്ങി
ആകാശനീലയായ മഴക്കാലഷൂസുമണിഞ്ഞു
റോഡുകളിലൂടെ തളര്‍ന്നു നടന്നു
നീ സ്വകാര്യം പറഞ്ഞു,
ചിറകുകള്പോലെയും
ചിലതെെല്ലാമുണ്ടെന്ന്.
3. നീ എന്നോട് പറഞ്ഞു
നീ എന്നോട് പറഞ്ഞു,
മുകിലുകളിലേക്കുയരുന്ന
മഞ്ഞുതുള്ളികളെപ്പറ്റി
യൂറോപ്പിന് കുറുകെ പറക്കുന്ന
കറുത്ത പക്ഷിയെപ്പറ്റി
വത്തിക്കാനിലെ ഒരു പള്ളിയില്‍
മേൽത്തട്ടിനു കീഴെ പൊന്തിക്കിടന്ന
ഒരു ചിത്രകാരനെപ്പറ്റി
നീ എന്നോട് പറഞ്ഞു
പരുന്തുമുട്ടകളെപ്പറ്റി
ശലഭങ്ങളുടെ കൂട്ടിലുറങ്ങുന്ന പുഴുക്കളെപ്പറ്റി
രാഗങ്ങളായി മാറുന്ന സ്വരങ്ങളെയും
ശബ്ദങ്ങളില്‍നിന്നും മുദ്രകളില്‍നിന്നും
വളരുന്ന വാക്കുകളെയും പറ്റി
അമ്പരപ്പിക്കുന്ന വായനശാലകളില്‍ അവ
വാചകങ്ങള്‍ ആവുന്നതിനെപ്പറ്റി
അല്ലെങ്കില്‍ പാട്ടുകള്‍ ആവുന്നതിനെപ്പറ്റി.
നീ പറഞ്ഞു, നമുക്കുവേണ്ടി
മരിക്കാന്‍ പിറന്നവനെപ്പറ്റി,
നാം ചെയ്യാന്‍ ആഗ്രഹിച്ചിട്ടും
നടക്കാതെ പോയതിനെപ്പറ്റി
ചെയ്യരുതായിരുന്നിട്ടും
ചെയ്തതിനെപ്പറ്റി
ഞാന്‍ കലവറയില്‍ കിടന്ന
പഴയ സൈക്കിള്‍ പുറത്തെടുത്തു
കുന്നിനു താഴേക്ക് പോയി
പിന്നെ ഒരു കുഴിയില്‍
ചോരയൊലിക്കുന്ന കാല്‍മുട്ടുകളുമായി
കിടക്കുമ്പോള്‍ കണ്ടു,
ആകാശത്തിനു കുറുകെ
ഒരു മാലാഖ സൈക്കിള്‍ ഓടിക്കുന്നത്.
മലകളിലും ഗുഹകളിലും കഴിയുന്ന
ചെറുതും വലുതുമായ,
രാത്രികളിലും ഇരുണ്ട വെള്ളച്ചാട്ടങ്ങളിലും
ഒളിച്ചിരിക്കുന്ന
അത്ഭുതജീവിയെപ്പറ്റി
നീ പറഞ്ഞില്ല
അത് അലറുന്നത് കേട്ടപ്പോള്‍
നീ എന്നെ അലറുന്ന നദിയുടെ മുകളിലെ
പാലത്തിലേക്ക് കൊണ്ടുപോയി
പിന്നെ നമ്മള് അങ്ങോട്ടുമിങ്ങോട്ടും നടന്നു,
അങ്ങോട്ടും
ഇങ്ങോട്ടും.
4. കാല്‍വെപ്പുകള്‍
ഞാന്‍ ആദ്യം പിച്ചവെക്കുമ്പോള്‍
നീ എന്റെ കൈകള്‍ മുറുകെപ്പിടിച്ച
ഒരു കാലമുണ്ടായിരുന്നു
ഇപ്പോള്‍ നാം ഇറയത്തുകൂടി നടക്കുമ്പോള്‍
ഞാന്‍ നിന്നെ താങ്ങുന്നു
എനിക്ക് മനസ്സിലാകുന്നു,
നീ ഒരുപാട് ദൂരം നടന്നു എന്ന്.
5. നീ കൈ നീട്ടുന്നു
നീ വിസ്മയത്തിലേക്കു
ഒരു കൈ നീട്ടുന്നു
നിന്റെ ഉടല് യുക്തിയെക്കാള്‍ വലുതായ
എന്തിനെയോ ആശ്ലേഷിക്കുന്നു.
6. സാവധാനം വര്‍ഷങ്ങളുടെ കെട്ടഴിയുന്നു
സാവധാനം വര്‍ഷങ്ങളുടെ കെട്ടഴിയുന്നു
വസന്തകാലത്ത് കുന്നുകളില്‍
ആടുകളെന്നപോലെ അവ തുള്ളിക്കളിക്കുന്നു
നീ എന്റെ നെറ്റിമേല്‍
പതുക്കെച്ചുംബിക്കാനായി
കുനിയുന്നു
ഗ്രീഷ്മാരംഭത്തിലെ ത്രസിക്കുന്ന വെളിച്ചത്തില്‍
കളിക്കുന്ന കാലത്തെക്കുറിച്ചു പറഞ്ഞ്
നാം ഒന്നിച്ച് പൊട്ടിച്ചിരിക്കുന്നു.
7. ഞാന്‍ നിന്നെ കാണാന്‍ നോക്കുന്നു
ഞാന്‍ നിന്നെ കാണാന്‍ ശ്രമിക്കുന്നു
പക്ഷേ നീ ചെറുതായി ചെറുതായി വരുന്നു
എനിക്ക് നിന്നെ പൊക്കിയെടുക്കണം
മുറുക്കിപ്പിടിക്കണം
ലോലമായ വിരലുകള്‍കൊണ്ട്.
എനിക്ക് ശരിക്കറിയില്ല,
നീ ആരാണെന്ന്.
കണ്ണടച്ചാലേ
എന്തോ അന്വേഷിക്കുന്ന
നിന്റെ നോട്ടം ഓർമിക്കാനാവൂ
നീ എന്നെ കണ്ടോ അമ്മേ,
ശരിക്കും, അത് ഞാന്‍ ആയിരുന്നു
എന്ന് കണ്ടോ? ഞാന്‍,
അല്ലാതെ എന്നെപ്പോലെ മറ്റൊരാളല്ല
തീര്‍ച്ചയായും നീ കണ്ടിരിക്കും
ഞാനായിരുന്നോ ലോകത്തിലെ
ഏറ്റവും സൗന്ദര്യമുള്ള കുട്ടി?
നീയായിരുന്നോ ഏറ്റവും
സൗന്ദര്യമുള്ള അമ്മ?
8. നിനക്കു കുളമ്പുണ്ട്
നിനക്കു പിളര്‍ന്നിരിക്കുന്ന കുളമ്പുണ്ട്
പക്ഷിയുടെ കാലുകളുണ്ട്
നീ വസന്തത്തിലെ പശുക്കുട്ടിയാണ്
ഹേമന്തത്തില്‍ നീ ഒരണ്ണാന്
നീ ഒരു മുള്ളങ്കിയാണ്
ചുളി വീണ ഒരാപ്പിള്
നീ തെളിവെള്ളത്തില്‍
തിളങ്ങുന്ന മരച്ചില്ലയാണ്
നീ ഒളിച്ചു കളിക്കാനുള്ള
രഹസ്യ അറയുള്ള വീടാണ്
നീ കൂതികുണുക്കിപ്പക്ഷിയാണ്
പെന്ഗ്വിന് ആണ്
നീ തിളയ്ക്കുന്ന കെറ്റിലാണ്
ചൂടുള്ള അപ്പമാണ്
നീ ഹേമന്തസൂര്യനാണ്
ഗ്രീഷ്മചന്ദ്രനാണ്
നീ സ്വകാര്യം പറയുന്ന
ഒരോടക്കുഴലാണ്.
9. ചിത്രത്തയ്യല്
ഇതുപോലെ നാം സൂചിയില്‍
പുലരി കോര്‍ക്കുന്നു,
ദൂരം ശ്രദ്ധയോടെ പ്രയോഗിക്കുന്നു
മണിക്കൂറുകളുടെയും സെക്കൻഡുകളുടെയും
ഒരു മാതൃകാചിത്രമാണ് ഓരോ സ്റ്റിച്ചും.
അങ്ങനെ നാം സൂര്യനെയും
ചന്ദ്രനെയും പിടിച്ചെടുക്കുന്നു
ആകാശവും തൊലിയും തമ്മിലുള്ള
ദൂരം അളക്കുന്നു
പകല്‍ മുഴുവന്‍ മേഘങ്ങള്‍ പാറുന്നു,
ഇപ്പോള്‍ അലക്കിയിട്ട തുണികള്‍പോലെ.
10. നക്ഷത്രങ്ങളും കല്ലുകളും
നക്ഷത്രങ്ങളും കല്ലുകളും
പേശികള്‍ക്കും പൊറ്റകള്ക്കുമടിയില്
ഒളിഞ്ഞിരിക്കുന്നു
നമ്മുടെ കറുത്ത വയലുകളിലെ
കുഴികളിലൂടെ ഉന്തിത്തള്ളി വരുന്നു
നക്ഷത്രങ്ങളും കല്ലുകളും
നാം കല്ലുകള്‍ പൊക്കിയെടുക്കുന്നു,
അവ നമ്മെ നക്ഷത്രങ്ങളിലേക്ക്
വലിച്ചടുപ്പിക്കുന്നു.
11. ഗുണനം
ആനന്ദത്തെ ഞാന്‍
നീ ജീവിച്ച
നിമിഷങ്ങള്‍കൊണ്ട് ഗുണിക്കുന്നു
ദുഃഖത്തെ
സൂര്യനിലേക്കുള്ള ദൂരംകൊണ്ടും.
ഇങ്ങനെയാണ് ഞാന്‍
അന്ത്യത്തെയും അനന്തത്തെയും
മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്.
60 x 60 x
ഒരാള്‍ ഒരു പ്രകാശവര്‍ഷത്തില്‍
എത്ര സെക്കൻഡ് ഉണ്ടെന്ന് കണക്കുകൂട്ടുന്നു
ഒരു കുട്ടി ഒരു സാൻഡ് വിച്ചുമായി
പടവുകളില്‍ ഇരിക്കുന്നു
ഒരു പട്ടാളക്കാരന്
തോക്കുയര്‍ത്തുന്നു
ഒരു ദുഃഖം പ്രപഞ്ചത്തിലേക്ക്
അരിച്ചിറങ്ങുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.