കാഴ്ച

ഞാനൊരു ബസ്‍സ്​േറ്റാപ്പിൽ ഇരിക്കുകയാണ്.

ഒറ്റയ്ക്കാണ്.

കാഴ്ച കാണുകയാണ്.

എന്തിനിങ്ങനെ സ്വയം മറന്നിരിക്കുന്നു

എന്ന് തോന്നാതിരുന്നില്ല,

അത്തരം തോന്നൽ വെറുതെയാണെന്ന്

അറിയാമെങ്കിലും.

ആളുകൾ വരുന്നുണ്ട്.

അക്ഷമരായി ബസ് കാത്തുനിൽക്കുന്നുണ്ട്.

ചിലർ തങ്ങൾക്കായുള്ള വണ്ടിവരുമ്പോൾ 

സന്തോഷത്തോടെ കയറിപ്പോകുന്നുണ്ട്.

ചിലർ, സമയമായിട്ടും തങ്ങൾക്കുള്ളത്

വരാത്തതെന്താണെന്ന തോന്നലിൽ 

പിന്നെയും പിന്നെയും സമയം നോക്കുന്നുണ്ട്.

ചിലർ, തങ്ങൾക്കുള്ളത് ഇനി വരില്ലെന്നുറപ്പിച്ച് 

സങ്കടത്തോടെ പാർപ്പിടങ്ങളിലേക്ക്

തിരിച്ചുപോകുന്നുണ്ട്.

ആരുമെന്നെ ശ്രദ്ധിക്കുന്നില്ല.

പക്ഷേ, ഞാനവരെ കാണുന്നു.

ഇടയ്ക്കൊരു മഴ പെയ്തു.

ഒരു പൂച്ചയെന്റെ ഇരിപ്പിടത്തിനടിയിലേക്ക്

കയറി ശരീരം കുടഞ്ഞു.

എന്നെയൊന്നു ചുഴിഞ്ഞുനോക്കിയ ശേഷം 

ഒരരികുപറ്റി ചുരുണ്ടുകിടന്നു.

കുറച്ചു കഴിഞ്ഞ് ഒരു നായ 

യജമാനന്റെ കൂടെവന്നു.

ബസ്‍സ്​േറ്റാപ്പിന്റെ തൂണിനുതാഴെ 

ഒരു കാൽ പൊക്കി മൂത്രമൊഴിച്ചു.

നാലുപാടും നോക്കുന്നതിനിടയിൽ 

ഞാനതിന്റെ കണ്ണിൽപെട്ടു.

ആ ജീവി പരിചയപൂർവം വാലിളക്കി.

യജമാനന്റെ ബസ് വരുന്നതുവരെനിന്നശേഷം 

തിരിച്ചുപോയി.

ഞാൻ ഉള്ളാലെ ഒന്ന് ചിരിച്ചു.

അയാൾക്ക് സ്വന്തമെന്ന് പറയാൻ നായയെങ്കിലുമുണ്ട്.

2

ഞാനാ ബസ്‍സ്​േറ്റാപ്പിൽതന്നെ ഇരിക്കുകയാണ്.

ഒറ്റയ്ക്കല്ല.

കൂടെയൊരാളുണ്ട്.

ഞങ്ങൾ കാഴ്ചകൾ കാണുന്നുണ്ട്.

ആരുമില്ലാത്തൊരാൾ ഒറ്റയ്ക്ക് കാണുന്ന കാഴ്ചയല്ല 

കൂടെയൊരാളുള്ളപ്പോൾ കാണുന്നത്.

ഞങ്ങൾ തൊട്ടുതൊട്ടാണിരിക്കുന്നത്.

ആളുകളപ്പോഴും അവിടേക്ക്

വന്നും പോയുമിരിക്കുന്നു.

പക്ഷേ, ഞാനാരെയും കാണുന്നില്ല.

അയാളുടെ കാൽവിരലുകളിലെ 

നഖങ്ങളിൽ വരെ 

എന്നോടുള്ള സ്നേഹമുണ്ടോയെന്ന്

പരതിക്കൊണ്ടിരിക്കുന്നു.

അയാളുടെ കൈവിരലിലെ 

ഒറ്റക്കൽ മോതിരത്തിലെന്റെ 

മുഖം തിളങ്ങുന്നതു കണ്ട് 

സന്തോഷിക്കുന്നു.

അയാളുടെ കട്ടിയുള്ള മീശയിലെ 

ഒരേയൊരു നരച്ച രോമത്തിലെന്റെ 

ജീവിതം നിറം പിടിക്കുന്നുണ്ടോയെന്ന്

ഇടങ്കണ്ണിട്ട് നോക്കുന്നു.

പ്രിയ പ്രേമമേയെന്നു കുറുകി

എന്റെ കാഴ്ചയയാൾക്ക്  വെറുതെ കൊടുക്കുന്നു.

അതിനിടയിൽ മഴ പെയ്തു.

നേരത്തേ വന്ന പൂച്ച വീണ്ടുമോടിക്കയറിവന്നു.

തൂക്കിയിട്ടു തമ്മിൽ പിണഞ്ഞുകിടക്കുന്ന 

ഞങ്ങളുടെ കാലുകൾ തൊട്ടുരുമ്മിയത് 

തറയിൽ കിടന്നു.

വണ്ടി കയറിപ്പോയ യജമാനൻ വരുന്നുണ്ടോ

എന്നു നോക്കി നായ വന്നു.

 സ്നേഹിക്കുന്നവരിലേക്കുള്ള വഴി

മറന്നുപോകാതിരിക്കാനൊരു അടയാളം

അവശേഷിപ്പിക്കുവാനെന്നപോലെ 

തൂണിനുതാഴെ വീണ്ടും മൂത്രമൊഴിച്ചു.

ഞാൻ ശ്രദ്ധിക്കാതിരുന്നതിനാലാവണം 

ഞങ്ങളെ നോക്കി നെറ്റിചുളിച്ചു.

എന്തോ ചിന്തിച്ച് തൃപ്തി വരാത്തപോലെ

തിരിച്ചുപോയി.

ഞാനയാളുടെ അടുക്കലേക്ക് കൂടുതൽ ഒട്ടിയിരുന്നു.

നോക്കൂ കൂട്ടുകാരാ...

പ്രണയിക്കുമ്പോൾ ഞാൻ നിങ്ങളെയല്ലാതെ 

മറ്റാരെയും കാണുന്നില്ല.

ശ്രദ്ധിക്കുന്നില്ല.

3

ഇപ്പോഴും ഞാനാ ബസ്‍സ്​േറ്റാപ്പിൽ തന്നെയുണ്ട്.

രാത്രിയാവാറായി.

ആളുകൾ പരിഭ്രമത്തോടെ ഇനിയും

യാത്രയുണ്ടല്ലോ എന്ന മട്ടിൽ

അവിടെ വന്നുനിൽക്കുന്നു.

ചിലർ വണ്ടി കയറിപ്പോകുന്നു.

മുമ്പേ പോയ ചിലർ 

ക്ഷീണിച്ചവശരായി തിരിച്ചുവരുന്നു. 

ചിലർ മടങ്ങിവരാതെയുമിരിക്കാം.

ഇപ്പോൾ ഞാനൊറ്റയ്ക്കാണ്

കാഴ്ചകൾ കാണാൻ.

അയാൾക്കെന്നെ ഉപേക്ഷിച്ചുപോകാൻ

പാകത്തിലൊരു ദീർഘദൂര ബസ് 

നേരത്തേ വന്നിരുന്നു.

സമയം വൈകുന്നതിൽ അയാൾ

അക്ഷമനായി ഇരിക്കുകയായിരുന്നു.

അതുകണ്ട് തൊണ്ടയിലേക്കൊരു

കടുത്ത വേദന ഉരുണ്ടുകയറി വന്നത് 

ഞാൻ കടിച്ചമർത്തിയതയാൾ കണ്ടില്ല.

കൈ ദുർബലമായി തണുത്തിരിക്കുന്നതയാൾ 

അറിഞ്ഞില്ല.

എന്റെയടുക്കൽനിന്നെഴുന്നേറ്റ്

ബസ് വരുന്നുണ്ടോ എന്ന് ഇടയ്ക്കിടെ നോക്കുകയും 

പിന്നെയും അടുത്തുവന്നിരിക്കുകയും

ചെയ്തുകൊണ്ടിരുന്നു.

ഒടുക്കം അയാൾ പോയി.

മഴ പിന്നെയും പെയ്തു.

ഇരുട്ടിത്തുടങ്ങിയിട്ടും പൂച്ച ഓടിവന്നു.

ഇപ്രാവശ്യമത് ശരീരം കുടഞ്ഞ് 

ഇരിപ്പിടത്തിലേക്ക് ചാടിക്കയറി 

എന്നെ ചാരിയിരുന്നു.

ഞാനതിന്റെ ശിരസ്സിൽ പതിയെ തലോടി.

യജമാനൻ വരുന്ന സമയം

ഇനി തെറ്റുകയില്ലെന്ന ധാരണയിൽ നായയും വന്നു.

തൂണിന്റെ ചുവട് മണപ്പിച്ചു.

സ്നേഹത്തിന്റെയടയാളമായി യജമാനന്റെ

മണമവിടെയുണ്ടെന്ന് 

മൂക്കുകൊണ്ട് പരതിപ്പരതി ഉറപ്പാക്കി.

ശേഷമെന്നെ ചെരിഞ്ഞുനോക്കി.

എന്റെ കണ്ണുകൾ നിറഞ്ഞുതൂവി.

കാഴ്ച മറഞ്ഞു.

ഉപേക്ഷിക്കപ്പെട്ടിടത്തിരുന്ന് കണ്ട കാഴ്ച തന്നെ 

വീണ്ടും കാണേണ്ടിവരുന്നതെത്ര വേദനയാണ്!

ഇരുട്ടായി. 

ഒരു പെരുമഴ ഇനിയും വരുന്നുണ്ട്.

അവിടെനിന്നും മെല്ലെ ഇറങ്ങിനടക്കുകയാണ്.

ദൈവമേ...

ഞാനെന്തിനാണവിടെ ചെന്നിരുന്നത്?

എനിക്കെവിടേക്കാണ് പോകാനുണ്ടായിരുന്നത്?

പറഞ്ഞുതരൂ...


Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.