മാധ്യമം ആഴ്ചപ്പതിപ്പിന്റെ (ലക്കം 1409) ടി. പത്മനാഭൻ പതിപ്പിന് ഒരു അനുബന്ധമാണ് ഇൗ കുറിപ്പ്. തന്റെ ‘പപ്പേട്ടൻ’ അനുഭവം എഴുതുകയാണ് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ലേഖകൻ. മലയാള കഥാസാഹിത്യത്തിലെ അത്ഭുതപ്രതിഭാസമാണ് ടി. പത്മനാഭൻ. തൊണ്ണൂറ്റിയാറാം വയസ്സിലും കഥാപ്രപഞ്ചത്തിൽ മുൻനിരയിൽതന്നെ തുടരുന്ന പപ്പേട്ടന് തുല്യനായി മറ്റൊരാൾ ഇന്ത്യൻ സാഹിത്യത്തിലില്ല. അതുല്യപ്രതിഭ എന്നത് ഔപചാരികമായ വിശേഷണമല്ലാതായി മാറുകയാണ്. കാലങ്ങൾ കടന്നും നിലനിൽക്കുന്ന പപ്പേട്ടന് കേരളത്തിലും പുറത്തും ലഭിക്കുന്ന സ്വീകാര്യത വിസ്മയകരമാണ്. തലയെടുപ്പുള്ള ആ കഥാകാരനെ ആദരിക്കാൻ, മാധ്യമം ആഴ്ചപ്പതിപ്പ് കണ്ണൂരിൽ ...
മാധ്യമം ആഴ്ചപ്പതിപ്പിന്റെ (ലക്കം 1409) ടി. പത്മനാഭൻ പതിപ്പിന് ഒരു അനുബന്ധമാണ് ഇൗ കുറിപ്പ്. തന്റെ ‘പപ്പേട്ടൻ’ അനുഭവം എഴുതുകയാണ് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ലേഖകൻ.
മലയാള കഥാസാഹിത്യത്തിലെ അത്ഭുതപ്രതിഭാസമാണ് ടി. പത്മനാഭൻ. തൊണ്ണൂറ്റിയാറാം വയസ്സിലും കഥാപ്രപഞ്ചത്തിൽ മുൻനിരയിൽതന്നെ തുടരുന്ന പപ്പേട്ടന് തുല്യനായി മറ്റൊരാൾ ഇന്ത്യൻ സാഹിത്യത്തിലില്ല. അതുല്യപ്രതിഭ എന്നത് ഔപചാരികമായ വിശേഷണമല്ലാതായി മാറുകയാണ്. കാലങ്ങൾ കടന്നും നിലനിൽക്കുന്ന പപ്പേട്ടന് കേരളത്തിലും പുറത്തും ലഭിക്കുന്ന സ്വീകാര്യത വിസ്മയകരമാണ്. തലയെടുപ്പുള്ള ആ കഥാകാരനെ ആദരിക്കാൻ, മാധ്യമം ആഴ്ചപ്പതിപ്പ് കണ്ണൂരിൽ സംഘടിപ്പിച്ച ‘പപ്പേട്ടന് സ്നേഹാദരം’ പരിപാടി അഭിനന്ദനം അർഹിക്കുന്നു, അതിൽ സംബന്ധിക്കാൻ കഴിഞ്ഞില്ല. സ്ഥലത്ത് ഇല്ലായിരുന്നു.
പപ്പേട്ടനെ കുറിച്ച് പറയാൻ പഴയ ചില ഓർമകളുണ്ട്. ഏറ്റവും അടുത്ത ബന്ധം ഉണ്ടായിരുന്ന കാലത്തെ കുറിച്ചാണത്...
1989ലാണ് പപ്പേട്ടനെ പരിചയപ്പെടുന്നത്. എഫ്.എ.സി.ടിയിൽ നിന്ന് വിരമിച്ച് കണ്ണൂരിൽ സ്ഥിരതാമസത്തിനു വന്നപ്പോൾ. തെക്കിബസാറിലെ സബ് ജയിലിനു മുന്നിലെ റോഡിൽ സ്കൂട്ടർ ഓടിച്ചു പോകുമ്പോൾ അദ്ദേഹത്തെ കണ്ടു. കഥകൾ വായിച്ചതുകൊണ്ടും ഫോട്ടോകൾ കണ്ടതുകൊണ്ടും പരിചയപ്പെടാൻ പ്രയാസമായില്ല. പി.പി. ശശീന്ദ്രൻ പ്രസിഡന്റും ഞാൻ സെക്രട്ടറിയുമായിരുന്ന കണ്ണൂർ പ്രസ് ക്ലബിൽ മീറ്റ് ദി റൈറ്റർ/ആർട്ടിസ്റ്റ് എന്നൊരു സർഗാത്മക പരിപാടി നടത്താറുണ്ടായിരുന്നു. കല /സാഹിത്യത്തിലെ ശ്രദ്ധേയരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു സാംസ്‌കാരിക പരിപാടിയായിരുന്നു അത്. അതിലേക്ക് പപ്പേട്ടനെ ക്ഷണിക്കാൻ പള്ളിക്കുന്നിലെ വീട്ടിലേക്ക് വന്നോട്ടെ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘‘വീട്ടിൽ വന്നോളൂ. സന്തോഷം... പക്ഷേ, അത്തരം പരിപാടിയിൽ എനിക്ക് താൽപര്യം ഇല്ല.’’ പപ്പേട്ടന്റെ പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി.
അതൊരു പുതിയ അനുഭവമായിരുന്നു. അന്നൊക്കെ പ്രസ് ക്ലബിൽ ഇത്തരം പ്രോഗ്രാമുകളിലേക്ക് പെങ്കടുക്കാൻ പല എഴുത്തുകാരും വലിയ താൽപര്യം കാണിച്ചിരുന്നു. അപ്പോഴാണ് അതിൽ താൽപര്യമില്ലെന്ന് പപ്പേട്ടൻ വെട്ടിത്തുറന്ന് പറഞ്ഞത്. ഇത് എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം വർധിപ്പിച്ചു. പിന്നീട് 1990ൽ ‘കലാകൗമുദി’ക്ക് വേണ്ടി പപ്പേട്ടന്റെ കവർസ്റ്റോറിയായി നീണ്ട അഭിമുഖം തയാറാക്കി. ‘പ്രകാശം പരത്തുന്ന കഥാകാരൻ’ എന്ന പേരിൽ ആ ലക്കം പുറത്തിറങ്ങി.
പപ്പേട്ടന്റെ അതുവരെയുള്ള കഥകളിലെ അയാൾ, പൂച്ച, പൂക്കൾ, സംഗീതം, സ്നേഹം, ഏകാന്തത, കുട്ടികളെ സ്നേഹിക്കുന്ന കഥാകാരൻ, എന്നാൽ കുട്ടികൾ ഇല്ലാത്തത്, ചെറുപ്പകാലത്തെ അവഗണന, ദാരിദ്ര്യം... ഇതൊക്കെ കഥകളിലെ പ്രസക്തമായ പാരഗ്രാഫ് ഉദ്ധരിച്ചു ചോദ്യങ്ങൾ ചോദിച്ചു. ഒരു വലിയ ഇന്റർവ്യൂ ആയിരുന്നു അത്. പപ്പേട്ടന്റെ ഫുൾ ഫോട്ടോ വെച്ചുള്ള കവർസ്റ്റോറി. ആദ്യമായിട്ടാണെന്ന് തോന്നുന്നു പപ്പേട്ടന്റെ ഒരു സമ്പൂർണ അഭിമുഖം ഒരു വാരികയിൽ ഇങ്ങനെ വന്നത്. അതും ‘കലാകൗമുദി’യുടെ സുവർണകാലത്ത്, ആ അഭിമുഖം വായിച്ച് എനിക്ക് നിരവധി അനുമോദനങ്ങൾ ലഭിച്ചു. അന്നാണ് എഴുതിത്തുടങ്ങുന്ന കഥാകൃത്തുക്കളെ ഒരെഴുത്തുകാരൻ ഉള്ളിൽ തട്ടി പ്രശംസിക്കുന്നത് ഞാൻ കണ്ടത്.
‘കലാകൗമുദി’യിലെ ഇന്റർവ്യൂവിൽ അദ്ദേഹത്തോടുള്ള ഒരു ചോദ്യം ഇതായിരുന്നു:
പുതിയ തലമുറയിൽ താങ്കൾക്കിഷ്ടപ്പെട്ട കഥാകൃത്ത് ആരാണ്?
പപ്പേട്ടൻ: ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്. ആ ചെറുപ്പക്കാരൻ എഴുതിയ ‘പരിണാമ ദിശയിലെ ഒരേട്’ മികച്ച കഥയാണ്. എനിക്ക് അങ്ങനെയൊരു കഥ എഴുതാൻ കഴിയില്ല…
ഇന്റർവ്യൂ അച്ചടിച്ചു വന്നപ്പോൾ മലയാള മനോരമ പത്രം വാചകമേളയിൽ പപ്പേട്ടന്റെ ആ അഭിപ്രായം കൊടുത്തു: ഒരു യുവ എഴുത്തുകാരന് ഇതിൽപരം പ്രചോദനം വേറെ കിട്ടാനിടയില്ല. കേവലമായ പ്രശംസയല്ല, കഥാസാഹിത്യത്തിൽ മുൻനിരയിൽ നിൽക്കുന്ന ഒരെഴുത്തുകാരൻ പുതിയ കഥാകൃത്തിന്റെ കഥ വായിച്ചു പറയുകയാണ്. തനിക്കങ്ങനെ ഒരു കഥ എഴുതാൻ കഴിയില്ലെന്ന്...
അക്കാലത്താണ് പപ്പേട്ടന്റെ പ്രശസ്തമായ ആ കഥ, ‘ഗൗരി’, പ്രസിദ്ധീകരിച്ചത്. ‘ഗൗരി’ വന്നതിനു ശേഷം ഞങ്ങൾ സുഹൃത്തുക്കൾ, ഡോ. ടി.പി. സുകുമാരൻ മാഷുടെ നേതൃത്വത്തിൽ ഒരു സൗഹൃദ കൂട്ടായ്മയുണ്ടാക്കി. മുരളി നാഗപ്പുഴ, ടി.എൻ. പ്രകാശ്, പിന്നെ ഞാനും. ‘ഗൗരി’ കഥ പുസ്തകമാക്കിയപ്പോൾ അതിന്റെ റിലീസ് കണ്ണൂരിൽ നടത്താൻ തീരുമാനിച്ചു. അന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ കേന്ദ്ര കൃഷിവകുപ്പ് സഹ മന്ത്രിയായിരുന്നു. മഹാത്മാ മന്ദിരത്തിൽ വെച്ചായിരുന്നു പുസ്തകപ്രകാശനം. കേന്ദ്രമന്ത്രിയായതിനു ശേഷമുള്ള മുല്ലപ്പള്ളിയുടെ കണ്ണൂരിലെ ആദ്യ പൊതുപരിപാടിയായിരുന്നു. മഹാത്മാ മന്ദിരത്തിന്റെ ചരിത്രത്തിൽ അത്രയും വലിയൊരു ആൾക്കൂട്ടം മുമ്പൊരിക്കലും ഉണ്ടായിരുന്നില്ല. അത്രക്കും വൻ ജനക്കൂട്ടം. പുനത്തിൽ കുഞ്ഞബ്ദുള്ള, കോവിലൻ എന്നീ എഴുത്തുകാരും ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ‘ടി. പത്മനാഭൻ കലയും ജീവിതവും’ എന്ന പുസ്തകം ഞാൻ എഡിറ്ററായി പി.കെ ബ്രദേഴ്സ് പ്രസിദ്ധീകരിച്ചു.
പപ്പേട്ടനെ കുറിച്ചുള്ള പ്രധാന എഴുത്തുകാരുടെ ലേഖനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട്... അതിനുശേഷം പപ്പേട്ടന്റെ ഓണ ഓർമകൾ വെച്ച് മറ്റൊരു ലേഖനം ഓണപ്പതിപ്പിൽ നൽകിയിരുന്നു. ‘കുന്നുകളിൽ മഴ പെയ്യുമ്പോൾ...’ എന്ന ആ ലേഖനത്തിൽ അച്ഛൻ മരിച്ചശേഷം താനും അമ്മയും അന്ന് അനുഭവിച്ച പട്ടിണിയെയും അവഗണനയെയും പറ്റിയും മറ്റും പറഞ്ഞിരുന്നു. അതിലെ ഹൃദയസ്പൃക്കായ ഒരു ഭാഗം ഇങ്ങനെയായിരുന്നു:
‘‘ഒരു നാൾ... അമ്മാവന്റെ ചെറു മക്കൾ വീട്ടിലേക്ക് വിളിച്ചു. അമ്മയുടെ അനുവാദം ചോദിച്ചപ്പോൾ ഇളയമകനെങ്കിലും വയറുനിറയെ ചോറ് തിന്നട്ടെയെന്ന് അമ്മ കരുതി. ആഹ്ലാദത്തോടെ അവിടെ ചെന്നു.
അമ്മാവന്റെ ആ വലിയ വീട്ടിലെ ഊൺമേശയിൽ ആർത്തിയോടെ നോക്കി. മുന്നിൽ ചോറും കറികളും...
സ്വപ്നമാണോ? അമ്മാവന്റെ ചെറു മക്കളോടൊപ്പം ഊണ് കഴിക്കുമ്പോൾ, അമ്മയെയും തന്റെ സഹോദരങ്ങളെയും ഓർമവന്നു. അവരിപ്പോൾ ഒന്നും കഴിക്കാതെ... നാലു ദിവസം ഇങ്ങനെ വയറു നിറഞ്ഞപ്പോൾ, സ്‌കൂളും ക്ലാസും കുട്ടികളും പഠിത്തവുമെല്ലാം പുതിയ അനുഭവങ്ങളായി മാറുകയായിരുന്നു. പത്മനാഭൻ എന്ന കുട്ടിയുടെ ഉള്ളിൽ ഉന്മേഷം.
പക്ഷേ, അത് അധികനാൾ തുടർന്നില്ല...
നാലു ദിവസം കഴിഞ്ഞപ്പോൾ, അമ്മാവന്റെ മക്കളുടെ മുഖഭാവം മാറി. ഒരുച്ചക്ക് പത്മനാഭനും കുട്ടികളും ഊണ് കഴിക്കാൻ പോയപ്പോൾ, അവർ സ്വന്തം മക്കളെ തല്ലാൻ തുടങ്ങി... പത്മനാഭൻ തരിച്ചിരുന്നു പോയി. ആ കുട്ടികളുടെ മേലുള്ള ഓരോ അടിയും തന്റെ ഹൃദയത്തിലാണ് വന്നുവീഴുന്നത്. ഊണ് കഴിക്കാനാവാതെ തലയും കുനിച്ചിരുന്നു. വേദനയില്ലാതെ തല്ലു നാടകം കളിച്ച അവരുടെ മുന്നിൽനിന്നും കൈകഴുകി ഇറങ്ങിപ്പോകുമ്പോൾ മനസ്സിൽ ശപഥമെടുത്തു, ഇനി ഈ വീട്ടിൽ കാലുകുത്തില്ല...’’
പഴയ ഈ ഓർമകൾ വായിച്ച് സി.പി.എം നേതാവ് പി. ജയരാജൻ എന്നെ വിളിച്ചു, ‘‘പപ്പേട്ടനെ കുറിച്ചുള്ള നിങ്ങളുടെ ലേഖനം വായിച്ചപ്പോൾ കണ്ണു നിറഞ്ഞുപോയി’’ എന്ന് പറഞ്ഞു. 1998ൽ ടി.എൻ. പ്രകാശ് എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച ‘ടി. പത്മനാഭൻ: ആത്മബലിയുടെ അരനൂറ്റാണ്ട്’ എന്ന ഗ്രന്ഥത്തിൽ എന്റെ ഈ ലേഖനം നൽകിയിരുന്നു.
പപ്പേട്ടനെ ഇടക്കിടെ കാണുമായിരുന്നു. നല്ല സൗഹൃദം തുടർന്നു.
എന്നാൽ, പപ്പേട്ടനുമായി അകന്ന കാലത്തെ കുറിച്ചും പറയാം.
കാലം കടന്നുപോയപ്പോൾ പപ്പേട്ടനുമായുള്ള വ്യക്തിബന്ധം നഷ്ടപ്പെട്ടു.
ഒരുതരത്തിൽ പറഞ്ഞാൽ ഭാഗികമായി ഞാൻതന്നെയാണ് കാരണക്കാരൻ. എന്നാലത് മനഃപൂർവമല്ല എന്നത് മറ്റൊരു സത്യം...
ഗൾഫിൽ കൈരളി ടി.വിയിൽ പ്രവർത്തിക്കുന്ന സമയത്ത് പപ്പേട്ടൻ നിരവധിതവണ ദുബൈ അടക്കമുള്ള സ്ഥലങ്ങളിൽ സാഹിത്യ പരിപാടികൾക്കായി വന്നിരുന്നു. അന്നൊന്നും ഞാൻ ചെന്ന് അദ്ദേഹത്തെ കണ്ടിരുന്നില്ല. ഒന്നു രണ്ടു തവണ പപ്പേട്ടൻ ഉള്ള സ്ഥലത്ത് എത്തിപ്പെടാൻ കഴിയാത്തവിധം ചാനലുമായി ബന്ധപ്പെട്ട ഒൗദ്യോഗിക യാത്രകളും തിരക്കുകളുമായിരുന്നു കാരണം. അത് ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് വിടവുണ്ടാക്കി. അദ്ദേഹവുമായുള്ള വ്യക്തിബന്ധം അത്രയും തീവ്രമായിരുന്നുവല്ലോ.
അകാരണമായ അകൽച്ചയുടെ പ്രതികരണം എങ്ങനെയായിരിക്കും എന്ന ഉൾഭയം എന്നിലുണ്ടായിരുന്നു. ആരുടെ മുഖത്ത് നോക്കിയും പറയാനുള്ളത് പറഞ്ഞുതീർക്കുന്ന സ്വഭാവം അറിയാമെന്നുള്ളതുകൊണ്ടുതന്നെ മനഃപൂർവം അല്ലാതെ ഞാൻ മാറിനിന്നതായിരുന്നു. തെറ്റും ശരിയും ഇപ്പോൾ അളന്നിടുന്നില്ല. എങ്കിലും എന്നെങ്കിലും ഒരുനാൾ പഴയ ചില ഓർമകൾ പറയണമെന്നുണ്ടായിരുന്നു.
മാധ്യമത്തിന്റെ സ്നേഹോപഹാരം കഥാകൃത്ത് ടി. പത്മനാഭന് ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ സമ്മാനിക്കുന്നു. കഥാകൃത്ത് എം.കെ. മനോഹരൻ, മാധ്യമം ജോയന്റ് എഡിറ്റർ പി.െഎ. നൗഷാദ്, മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീം, കഥാകൃത്ത് പി.കെ. പാറക്കടവ്, മാധ്യമം പത്രാധിപ സമിതിയംഗം ആർ.കെ.ബിജുരാജ്, എഴുത്തുകാരായ അംബികാസുതൻ മാങ്ങാട്, ശിഹാബുദ്ദീൻ പൊയ്ത്തും കടവ്, നാരായണൻ കാവുമ്പായി, മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, കഥാകൃത്ത് വി.എച്ച്. നിഷാദ് എന്നിവർ സമീപം
ആ കാരണംകൊണ്ട് തന്നെ ‘മാധ്യമ’ത്തിന്റെ സ്നേഹാദരവ് പരിപാടിയിൽ ക്ഷണിച്ചപ്പോൾ സംബന്ധിക്കാൻ തീരുമാനിച്ചതായിരുന്നു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മനസ്സിലെ പപ്പേട്ടനെ കുറിച്ച് അദ്ദേഹത്തിന്റെ മുന്നിൽവെച്ചു തന്നെ തുറന്നുപറയാൻ കിട്ടിയ ഒരവസരമായിരുന്നു. എന്നാൽ പുതിയ സിനിമയുമായി ബന്ധപ്പെട്ടു വളരെ അത്യാവശ്യമായി തിരുവനന്തപുരം വരെ യാത്ര ചെയ്യേണ്ടതിനാൽ അവിടെ സന്നിഹിതനാവാൻ കഴിഞ്ഞില്ല.
സ്നേഹിക്കുന്നവരെ അങ്ങേയറ്റം സ്നേഹിക്കുകയും എന്നാൽ ഇഷ്ടമില്ലാത്തത് ഒരു മയവുമില്ലാതെ തുറന്നുപറയുകയും ചെയ്യുന്ന പപ്പേട്ടന്റെ മനസ്സ് തിരിച്ചറിയാൻ വലിയ പ്രയാസമുണ്ടാവില്ല. ഒരു കുട്ടിയുടെ മുന്നിലെ തുറന്ന പുസ്തകമാണദ്ദേഹം, തനിക്കിഷ്ടമുള്ളവരെ ചേർത്തുപിടിക്കുന്ന സ്വഭാവം. അവരിൽനിന്നും തിരിച്ചൊന്നും പ്രതീക്ഷിക്കുന്നുമില്ല എന്നതാണ് യാഥാർഥ്യം. ഇനി ആരിൽനിന്നും ഒന്നും കിട്ടേണ്ടതില്ലാത്തവിധം പൊതുസ്വീകാര്യനായി അദ്ദേഹം ഉയർന്നല്ലോ..?
എത്ര സ്നേഹിച്ചാലും, എന്തുതന്നെ സൗഹൃദം പുലർത്തിയാലും അവനവൻ കടമ്പ എന്ന സ്വാർഥത വെച്ചുപുലർത്തുന്ന പല എഴുത്തുകാരിൽനിന്നും തീർത്തും വ്യത്യസ്‍തനാണ് പപ്പേട്ടൻ. ഏറെ അടുത്തും അകന്നും നിൽക്കുമ്പോഴും പപ്പേട്ടനെ കുറിച്ച് ഇങ്ങനെ പറയാൻ എനിക്ക് എപ്പോഴും കഴിയും:
ഒരു ഏകാകിയുടെ ധൈര്യവും ആർജവവും, ഒന്നിനെയും പേടിക്കാത്ത ചങ്കൂറ്റവും, എഴുതിയ കഥകളേക്കാൾ എഴുതാത്ത കഥകളെ തൊണ്ണൂറ്റിയാറാം വയസ്സിലും മനസ്സിൽ പേറുന്ന സ്നേഹാർദ്രമായ മനസ്സുള്ള കഥാകാരൻ. കാലവും അനുഭവങ്ങളും സാക്ഷി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.