ശാന്തി സ്വപ്നംകാണുന്ന മനുഷ്യരുടെ, അശാന്തമായ ജീവിതസത്യങ്ങളാണ് ‘മരിച്ചവരുടെ യുദ്ധങ്ങൾ’ എന്ന വി.കെ. ജോസഫിന്റെ ആദ്യ നോവൽ അസ്വസ്ഥപ്പെടുത്തുംവിധം ആവിഷ്കരിക്കുന്നത്. ജ്വലിച്ച് ജീവിക്കാൻ വേണ്ടി, ഇനിയും മരിക്കാത്തവർ നടത്തുന്ന ഗംഭീരവും അവിരാമവുമായ സമരസ്വപ്നസ്മരണകളാണ്, മരിച്ചവരുടെ യുദ്ധങ്ങൾ എന്ന നോവലിൽ നീറ്റലും നിർവൃതിയുമായി നിറയുന്നത്. ‘Dead... I say? There is no death. Only change of worlds’ എന്ന്, ഒന്നരനൂറ്റാണ്ടിനും മുമ്പ് സിയാറ്റിൽ മൂപ്പൻ പറഞ്ഞത് ‘മരിച്ചവരുടെ യുദ്ധങ്ങൾ’ വായിക്കുമ്പോൾ ഇന്നും കാതിൽ മുഴങ്ങും. അധികാരവ്യവസ്ഥയിൽ വിള്ളൽവീഴ്ത്തുന്ന വാക്കുകളിലൊക്കെയും നീതിയുടെ കനലെരിയും.
പതിവ് ജീവിതത്തിന്റെ നീതികേടുകളുടെ നരച്ച ശരികളെ പൊള്ളിക്കുംവിധമുള്ളൊരു വെട്ടിയെഴുത്തിൽവെച്ചാണ്, മരണ-ജീവിതങ്ങളുടെ വിസ്തൃതലോകങ്ങളിലേക്ക് നോവൽ വളരുന്നത്. തോമസ് എന്ന കേന്ദ്ര കഥാപാത്രത്തിന്റെ മരണാനുഭവത്തിന്റെ അസ്ഥിയിൽനിന്നും പടർന്നുകിടക്കുന്ന കുടിയേറ്റജീവിതത്തെ, അതിന്റെ വൈവിധ്യത്തിൽ കണ്ടെടുക്കുംവിധമാണ്, നോവൽ മുന്നേറുന്നത്. മരിച്ചവരൊന്നും മരിച്ചവരല്ലെന്ന ജീവിതം സൂക്ഷിക്കേണ്ട മഹാശരികളിൽനിന്നാണ്, നോവൽ സ്വന്തം ശക്തിസംഭരിക്കുന്നത്.
മരണത്തെ അഭിമുഖീകരിക്കുന്ന സമയത്ത് ഒരാശുപത്രി സ്വപ്നസ്രോതസ്സായി മാറുന്നു. ജീവിതകാലത്തെ സ്മരണകളിലും വിശ്വാസങ്ങളിലും അപ്പോൾ പുതുനിറങ്ങൾ വന്നുനിറയുന്നു. മരണാനുഭവത്തിലൂടെ നോവലിസ്റ്റ് നിർവഹിച്ച ജീവിതകാഴ്ചകൾ, ആഖ്യാനത്തിന്റെ മനോഹാരിതക്കൊപ്പം, പകുക്കുന്നത് ജീവിതസംഘർഷത്തിന്റെ പിടച്ചിലുകളുമാണ്, ആശുപത്രി കിടക്കയിൽ മരണം കാത്ത് കഴിയുന്ന തോമസ് സ്വപ്നസ്മരണകളുടെ പശ്ചാത്തലത്തിൽ, ഭ്രമകൽപനകളുടെ സഹായത്തോടെ പ്രകൃതിയുടെ ഭാഗമാവുന്നതിൽ സാന്ദ്രമാവുന്നത് മലയാളഭാഷയിലെ ഹൃദയസ്പർശിയായൊരു ആസന്നമരണാനുഭവമാണ്. മനശ്ശാസ്ത്രജ്ഞർ വിവരിക്കുന്ന ഏതൊരു, നിയർഡെത്ത് എക്സ്പീരിയൻസിനെയും മരിച്ചവരുടെ യുദ്ധങ്ങളിലെ മരണവിവരണം മറികടക്കും.
ആശുപത്രിയുടെയും ചുറ്റിലുമുള്ളവരുടെയും സാന്നിധ്യത്തെ വകഞ്ഞുമാറ്റി അയാൾ സ്വപ്നത്തിനുള്ളിലൂടെ കൈകൾ വിടർത്തി നീന്തിക്കൊണ്ടിരുന്നു. നീലനദിയുടെ ചുരുളുകൾക്കിടയിലൂടെ പൊടുന്നനെ നേരത്തേ കണ്ട പക്ഷികളുടെ രണ്ടുനിര അയാൾക്കുനേരെ ചിറകടിച്ചു പറന്നു. മുന്നിലുള്ള വലിയ രണ്ടു പക്ഷികൾ അയാളുടെ സഞ്ചാരത്തെ തടഞ്ഞുകൊണ്ട് ഓർമകളുടെയും സ്വപ്നത്തിന്റെയും നദിയെ പിളർന്നുകഴിഞ്ഞിരുന്നു.
ശ്വാസംമുട്ടലിന്റെയും അബോധയാത്രകളുടെയും വിമ്മിട്ടത്തോടെ അയാൾ ഉണരുകയും വീണ്ടും മയക്കത്തിലേക്കു വഴുതുകയും ചെയ്തു. പുറത്തെ മരച്ചില്ലകളിലിരുന്ന് മാലാഖയും ലൂസിഫറും അയാളുടെ നേരെ നോക്കിക്കൊണ്ടിരുന്നു. മരണം കാറ്റിന്റെ കൈകൾ വിടർത്തി മഴയുടെ നാരുകളിൽ തൂങ്ങി മുറിക്കുമുകളിൽ പറന്നുകൊണ്ടിരുന്നു (മരിച്ചവരുടെ യുദ്ധങ്ങൾ).
അഗാധമായ മതബോധ്യങ്ങളെയല്ല, അന്ധ പൗരോഹിത്യത്തെയാണ് ‘മരിച്ചവരുടെ യുദ്ധങ്ങൾ’ പ്രതിക്കൂട്ടിൽ നിർത്തി വിചാരണചെയ്യുന്നത്. കാലഹരണപ്പെട്ട കീഴ്നടപ്പുകൾക്കുമുമ്പിൽ കമിഴ്ന്നു കിടക്കാൻ, ഒരുവിധേനയും തീരുമാനിച്ചിട്ടില്ലാത്ത, അഗാധബോധ്യത്തിന്റെ തീപ്പന്തമാണ് നോവലിൽനിന്നും ആളുന്നത്. സ്പർശിക്കുന്നതിലെല്ലാം കാവ്യാത്മകതയുടെ മുദ്ര പതിപ്പിക്കാൻ ശേഷിയാർജിച്ചൊരു ഭാഷാസാന്നിധ്യംകൊണ്ടു കൂടിയാണ് മരിച്ചവരുടെ യുദ്ധങ്ങൾ വായനയിൽ അനുകൂല-എതിർബന്ധങ്ങളുടെ തീവ്ര ഒഴുക്കൊരുക്കുന്നത്.
നിക്കോസ് കസാൻദ്സാക്കിസ്, ഷൂസെ സരമാഗു, ഹെർമൻ ഹെസ്സേ, ജിബ്രാൻ, ഓർഹാൻ പാമുക് തുടങ്ങിയവർ തുറന്നുവെച്ച, അഗാധ ആത്മീയതയിലാണ് വി.കെ. ജോസഫ് സ്വയം കണ്ടെത്താൻ സ്വന്തംരീതിയിൽ പരിമിതികളോടെ ശ്രമിക്കുന്നത്. അതോടൊപ്പം വിമോചനദൈവശാസ്ത്രചിന്തകൾ ഉഴുതു മറിച്ച, തെറ്റുകൾ കൃത്യം അടയാളപ്പെടുത്തപ്പെടുമ്പോഴും മനുഷ്യർ ചെയ്യുന്ന മഹാശരികൾ മായ്ച്ച് കളയപ്പെടരുതെന്ന് സൂക്ഷ്മത്തിൽ തിരിച്ചറിയുന്ന, ഒരാശയലോകത്തെയാണ് മരിച്ചവരുടെ യുദ്ധങ്ങൾ നിവർന്നുനിന്ന് അഭിവാദ്യം ചെയ്യുന്നത്.
ഓർമകൾ ഒന്നൊന്നായി അയാളിൽനിന്ന് പറന്നകലുന്നതിന്റെ വേദനയിലൂടെ അയാൾ സഞ്ചരിച്ചു. അയാളുടെ ധ്യാനത്തിന്റെ ഭൂഗർഭങ്ങളിൽനിന്ന് ഒരു പൂവുപോലെ വിരിയുന്ന ഓർമകൾ. ഓർമകളെ പ്രണയിച്ച് പൂമ്പാറ്റകൾപോലെ സ്വപ്നങ്ങൾ. ഓർമകൾക്കും സ്വപ്നങ്ങൾക്കുമിടയിലൂടെ പൊടുന്നനെ മറവിയുടെ ഒരു മരണവണ്ടി ഇടിവാൾപോലെ പാഞ്ഞുപോയി (മരിച്ചവരുടെ യുദ്ധങ്ങൾ).
ഓർമകളോളം ഉയരമുള്ളൊരു കൊടുമുടിയും അത്രതന്നെ അഗാധമായ സമുദ്രവും വിസ്തൃതമായ അനാദിവിജനതകളും, നിബിഡാന്ധകാരാവൃതമായ വനങ്ങളും ജീവിതത്തിൽ വേറെയില്ലെന്ന അസ്വസ്ഥ അറിവാണ് നോവലിന്റെ ഭൂമിയും ആകാശവും! ഓർമയില്ലെങ്കിൽ ഒന്നുമില്ലെന്നാണ്, പിന്നെ നമ്മൾ ഒന്നുമല്ലെന്നാണ്, ഒരു ജീവിതമഹാമന്ത്രംപോലെ ‘മരിച്ചവരുടെ യുദ്ധങ്ങളിൽ’നിന്നും മുഴങ്ങുന്നത്.
ഒരൊറ്റവരിയും വാക്കും വിടാതെ വായിക്കേണ്ട, നവകാലത്തിൽ ശരിക്കുമുണ്ടാവേണ്ട ശക്തിസൗന്ദര്യങ്ങൾക്കൊപ്പം, ജീവിതമൂല്യങ്ങളെ വിചാരണചെയ്യുന്ന, ആഴത്തിൽ ചൂഴ്ന്നിറങ്ങുന്ന ചോദ്യശരങ്ങളുടെ മൂർച്ചയിലുമാണ് ‘മരിച്ചവരുടെ യുദ്ധങ്ങൾ’ സ്വന്തം ആശയാനുഭൂതിലോകം അടയാളപ്പെടുത്തുന്നത്.
കവിതയും തത്ത്വചിന്തയും ചരിത്രവുമാണ്, ജീവിത-മരണങ്ങളൊരുക്കുന്ന ബന്ധ-ബന്ധന വിസ്തൃതിയിൽവെച്ച് നോവലിൽ കണ്ടുമുട്ടുന്നത്. വേവലാതികളോടെയും അത്രതന്നെ നിർവൃതികളോടെയും, നിന്നനിൽപ്പിൽനിന്നും, നടന്നും ഓടിയും മരിച്ചുകിടന്നും പരസ്പരം ചട്ടക്കൂടുകളൊക്കെയും ചവിട്ടിത്തകർത്തുമാണത് മുന്നേറുന്നത്.
അദൃശ്യസാന്നിധ്യമായി നിൽക്കുന്ന പ്രകാശം ചൊരിയാനാവാത്ത നിസ്സഹായമായൊരു ദൈവം നോവലിന്റെ ശക്തിയാണ്! ദൈവശത്രുവായി കരുതപ്പെടുന്ന, എന്നാൽ നോവലിസ്റ്റിന്റെ കാഴ്ചപ്പാടിൽ ഒരു വിധേനയും അങ്ങനെമാത്രം കരുതാൻ പറ്റാത്ത ലൂസിഫറാണ് പ്രകോപനചിന്തയുടെ കരുത്തായി കുതറുന്നത്.
ദൈവത്തിൽ ഉന്മത്തമായ മാലാഖ ചരിത്രത്തിന് മതാത്മകമായ ഒരു മാനം നൽകും വിധവും, എന്നാൽ അതിനെത്തന്നെ കീഴ്മേൽ മറിച്ചിടുംവിധവും നോവലിൽ ആവിഷ്കൃതമായത് പതിവ് വായനയിൽ അന്വേഷണത്തിന്റെ അശാന്തി നിറക്കും. തർക്കം, ഏറ്റുമുട്ടൽ, സംവാദം, സൗഹൃദം, പ്രണയം, കുടിയേറ്റം, രാഷ്ട്രീയം, മതം തുടങ്ങി ഇന്നേറെ അനിവാര്യമായ ബഹുസ്വരതയുടെ ഒന്നിലേറെ ഭൂപടങ്ങൾ മരിച്ചവരുടെ യുദ്ധങ്ങളിൽനിന്ന് ആർക്കും ഉള്ളംനിറഞ്ഞ് കാണാനും കണ്ടെടുക്കാനും കഴിയും.
ഒട്ടേറെ സംഭവങ്ങൾ, അത്രയേറെ കഥാപാത്രങ്ങൾ, ചുഴികൾ, ഇടിവെട്ട്, മിന്നൽ എന്നിങ്ങനെ വിപുലവും വൈവിധ്യമാർന്നതുമായ ഒരു കാൻവാസിൽ നിറഞ്ഞുനിൽക്കുന്നത് തോമസും ലൂസിഫറുമാണ്. ഒരാൾ മണ്ണിലും മറ്റയാൾ വിണ്ണിലും നിന്നുകൊണ്ട് തമ്മിൽ കാണാതെയാണെങ്കിലും സ്മരണകളിൽവെച്ച് വേറിട്ട വിധത്തിൽ തമ്മിൽ കാണുന്നുണ്ടെന്നുള്ളതാണ്, അടിയൊഴുക്കായി നോവലിൽ നാനാ പ്രകാരേണ നിറയുന്നത്.
മലയാളത്തിന്റെ എക്കാലത്തെയും അഭിമാനമായ എസ്.കെയുടെ ‘വിഷകന്യക’ കുടിയേറ്റത്തെക്കുറിച്ച് മുമ്പെഴുതപ്പെട്ട ശ്രദ്ധേയമായൊരു നോവലാണ്. ആ സവിശേഷതകൾ മാറ്റിവെച്ചാൽ പ്രശസ്ത നോവലിൽനിന്നും ഒരാൾക്കെത്ര ഭൂമിവേണം എന്ന ലിയോ ടോൾസ്റ്റോയിയുടെ കഥയുടെ അസന്നിഹിത സാന്നിധ്യം കണ്ടെത്താനാവും. അക്കാലത്തുനിന്ന് വീണ്ടും വായിക്കാൻ കഴിഞ്ഞാൽപോലും ഇന്നതിൽനിന്നും പലതരം വിള്ളലുകൾ വാപിളർത്തും! ഒന്നുമില്ലാത്തവന്റെ അധ്വാനകേന്ദ്രിതമായ ആർത്തിയെ ചൂഷണകേന്ദ്രിതമായ കൊലയാളി ആർത്തിയിൽനിന്നും വേർതിരിച്ചറിയുന്നതിലെ വീഴ്ചയാണതിൽ നാനോവിള്ളലുകൾ സൃഷ്ടിക്കുന്നത്.
ഒന്നും ഇല്ലാത്തവന്റെ നിസ്സഹായമായ, ആരാലും കേൾക്കപ്പെടാത്ത നിലവിളികളുടെ കണ്ണീരുപ്പ് കലർന്ന ആർത്തി എവിടെവെച്ചാണ്; ഉള്ളവരുടെ സർവം വെട്ടിപ്പിടിച്ച് സ്വന്തമാക്കാനുള്ള അധിനിവേശ ആർത്തിയിൽനിന്ന് വ്യത്യസ്തമാവുന്നതെന്ന്, വേർതിരിച്ചറിയാതിരുന്നതിനാലാണ്, ഒരാൾക്കെത്ര ഭൂമിവേണമെന്ന ടോൾസ്റ്റോയ് കഥക്കൊപ്പം എസ്.കെയും സ്വന്തം നോവലായ ‘വിഷകന്യക’യിൽ ഒന്നിടറിയത്.
കാലപരിമിതികൾക്കകത്ത് കുടുങ്ങിപ്പോകുന്നതുകൊണ്ട് കൂടിയാവാം, വളരെ വിസ്തൃതമാനമാർജിക്കാൻ സാധ്യതയുണ്ടായിരുന്ന പല കൃതികളും ആവിധം ആയിത്തീരുന്നത്. ഒടുവിൽ ഓരോരുത്തരെയും കാത്തിരിക്കുന്നത് ആറടിമണ്ണ് എന്ന് സത്യത്തിൽ ഓർമിപ്പിക്കേണ്ടത് ഭൂമി മുഴുവൻ സ്വന്തമാക്കിയ കുടില പ്രഭുത്വത്തെയാണ്, അല്ലാതെ ഭൂമിയിൽ ഒരവകാശവുമില്ലാത്ത കർഷകരെയല്ല.
കർഷകരുടെ മണ്ണിനുവേണ്ടിയുള്ള ആർത്തി ഒരാദർശമാവുന്നത്, ജന്മിത്തത്തിന്റെ ഭൂമിക്കുമേലുള്ള ആധിപത്യം പരാന്ന ജീവിതത്തിന്റെ അശ്ലീലമാവുന്നതുകൊണ്ടാണ്. രണ്ടിനെയും ഒരേ തുലാസിലിട്ട് തൂക്കി നീതി നടപ്പിലാക്കുന്നവരെ ആ ആറടി മണ്ണുപോലും മരണാനന്തരം വിചാരണ ചെയ്തേക്കും. ജീവിക്കാൻ ആറടിമണ്ണ് പോരാ എന്ന അധ്വാന പാഠത്തിൽനിന്നാണ് ‘മരിച്ചവരുടെ യുദ്ധങ്ങൾ’ എന്ന നോവൽ കുടിയേറ്റത്തിന്റെ കവാടങ്ങൾ തുറക്കുന്നത്.
എന്നാൽ വി.കെ. ജോസഫ് ‘മരിച്ചവരുടെ യുദ്ധങ്ങൾ’ എന്ന സ്വന്തം സൃഷ്ടിയെ, കുടിയേറ്റ ചരിത്രപശ്ചാത്തലത്തിൽ മാത്രം ചുരുക്കാതെ, ആധുനിക മനുഷ്യാസ്തിത്വത്തിന്റെ, ശരി/തെറ്റ് ബൈനറികളെ അഥവാ ഇരട്ടകളെ മറികടക്കുന്ന, ജീവിതസംഘർഷത്തിന്റെ, ചിരിയും കണ്ണീരും ഇടകലർന്ന് നടത്തുന്ന ചെറുത്തുനിൽപിന്റെകൂടി ശക്തിയിലേക്ക് വിമോചിപ്പിക്കുന്നതിനാണ് ശ്രമിച്ചിരിക്കുന്നത്. ആറടിക്കും നൂറടിക്കും അപ്പുറമാണതിന്റെ നിൽപ്പ്. അതുകൊണ്ടാണ് ചുരുക്കിപ്പറയാൻ പാകത്തിലുള്ള നോവലിലെ കഥ തീരുമ്പോഴും, ജീവിതവാഹനം ഓട്ടാനുള്ള ഇന്ധനം നോവലിൽനിന്ന് പിന്നെയും കത്തുന്നത്.
മരിച്ചിട്ടും മരിക്കാത്ത തോമസ് എന്ന കേന്ദ്ര കഥാപാത്രത്തിന്റെ കഥയാണ് ‘മരിച്ചവരുടെ യുദ്ധങ്ങൾ’ എന്ന നോവൽ; പക്ഷേ അപ്പോൾപോലുമത് പടർന്നുകിടക്കുന്ന സ്മരണകളുടെ പച്ചപ്പാണ്. യാഥാസ്ഥിതികർ ഒരുക്കുന്ന തെമ്മാടിക്കുഴികൾക്കെതിരെ ശിരസ്സുയർത്തി സമരം നയിക്കുന്നത്, നീതി നിലനിൽക്കുന്നിടത്തോളം കാലം നിവർന്ന് നിൽക്കുന്ന, നിൽക്കേണ്ട ഓർമകളാണ്. ആ അർഥത്തിൽ, സ്മൃതിനാശ-ആധിപത്യസന്ദർഭത്തിൽ, സ്മൃതിസമൃദ്ധിയുടെ വിജയമാണ് ‘മരിച്ചവരുടെ യുദ്ധങ്ങൾ’ എന്ന നോവൽ ആഘോഷിക്കുന്നത്.
കാവ്യാത്മകമായൊരു ഭാഷയാണ് നോവലിലുടനീളം, ജീവിതകയ്പിന്റെ പാറക്കെട്ടുകൾക്കിടയിലൂടെ സ്നേഹസൗഹൃദ അരുവിയായി ഒഴുകുന്നത്. ഭാഷ സ്വയമൊരു സാന്ത്വന േസ്രാതസ്സും, സൗഹൃദകേന്ദ്രവുമായി മാറുമ്പോഴാണ്, അധികാരപ്രതാപങ്ങളൊക്കെയും പൊളിയുന്നത്.
പലവിധകാരണങ്ങളാൽ മനുഷ്യരായ മനുഷ്യരുടെയൊക്കെ ശിരസ്സിലും ശരീരത്തിലും ബന്ധങ്ങൾക്കിടയിലും എന്തിന് നിനവുകളിൽപോലും കയറിപ്പറ്റിയ, ഏത് ഔന്നത്യത്തിലെത്തിയ മനുഷ്യരെപ്പോലും ചളിയിലാഴ്ത്തുന്ന, ജീർണ അധികാരം അപ്പോൾ കാവ്യാത്മകതയുടെ ഒഴുക്കിൽ ഒരു ചത്ത എലിപോലെ അഴുക്കുചാലിൽ ഒലിച്ചുപോവും. കാവ്യാത്മകത എന്നത് ഭാഷയുടെ മറഞ്ഞിരിക്കുന്ന അധികാരങ്ങളെ കലക്കുന്ന സ്നേഹസമരമാണെങ്കിൽ, വി.കെ. ജോസഫിന്റെ ‘മരിച്ചവരുടെ യുദ്ധങ്ങൾ’ എന്ന നോവൽ; ആ സമരത്തിന്റെ ഹൃദ്യമായൊരു സൗഹൃദ സാക്ഷ്യമാണ്.
പ്രശസ്ത ചലച്ചിത്രവിമർശകനും കവിയും പ്രഭാഷകനുമായ വി.കെ. ജോസഫിന്റെ ആദ്യനോവലായ മരിച്ചവരുടെ യുദ്ധങ്ങൾ സമസ്തസംഘർഷങ്ങൾക്കിടയിലും സ്വപ്നംകാണുന്നത്, സമസ്തം ജീവിതപ്രകാശം എന്ന വർണാഭമായൊരു കാഴ്ചപ്പാടാണ്. അധികാരരഹിതമാവുമ്പോൾ മാത്രം മനുഷ്യർക്ക് അനുഭവപ്പെടാനും അനുഭൂതിപ്പെടാനും കഴിയുന്ന ഭാരരഹിതമായ സ്വാതന്ത്ര്യത്തിന്റെ നവലോകങ്ങളെയാണ് നോവൽ ആശ്ലേഷിക്കുന്നത്.
ചട്ടപ്രകാരമുള്ള ബിസിനസ് കത്തുകൾപോലും ചട്ടംപൊളിക്കുംവിധം കാവ്യാത്മകമായതിനാൽ, കൃത്യം പുലർത്തേണ്ട കണക്കുകൾപോലും, കൃത്യത ചോരാതെതന്നെ കവിതയായതിനാൽ, അവയിൽനിന്ന് അധികാരധ്വനികളൊക്കെയും ചോർന്നുപോയതിനെക്കുറിച്ച് മാർകേസ് ‘കോളറക്കാലത്തെ പ്രണയം’ എന്ന നോവലിൽ എഴുതിയത് മഹത്തായൊരു മോചനം സ്വപ്നം കണ്ടാണ്. വി.കെ. ജോസഫിന്റെ മരിച്ചവരുടെ യുദ്ധങ്ങൾ പലതരം പരിമിതികളോടെ സ്വന്തം വഴിയിൽനിന്ന് മിഴി തുറക്കുന്നതും അധികാരഭാരങ്ങളിൽനിന്നും മുക്തമാവുന്ന ഒരു മഹാസ്വപ്നത്തിലേക്കാണ്.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.