‘നഗരം സാഗരം’ എന്ന സിനിമയുടെ സംവിധായകൻ കെ.പി. പിള്ളയാണ്, നടനും സംവിധായകനുമായ മധുവിന്റെ മാനേജരായി കുറേ കാലം ജോലിനോക്കിയതിനു ശേഷമാണ് കെ.പി. പിള്ള സംവിധാനത്തിലേക്ക് കടന്നത്. അതിനുമുമ്പ് അദ്ദേഹം പട്ടാളത്തിൽ ഉദ്യോഗസ്ഥനായിരുന്നു. -‘മോഹം’, ‘നഗരം സാഗരം’, ‘അശ്വതി’ എന്നീ സിനിമകളെക്കുറിച്ചാണ് ഇത്തവണ.
തമിഴ് സിനിമകളെക്കുറിച്ചും സിനിമാഗാനങ്ങളെക്കുറിച്ചും തമിഴിലും ഇംഗ്ലീഷിലും ലേഖനങ്ങൾ എഴുതിയിരുന്ന സിനിമാപ്രേമിയായ രങ്കദുരൈ എന്നയാൾ തന്റെ പേരിന്റെ അക്ഷരങ്ങളുടെ സ്ഥാനം മാറ്റി കിട്ടിയ ‘രണ്ടോർഗയ്’ എന്ന പേരാണ് തൂലികാനാമമായി ഉപയോഗിച്ചിരുന്നത്. സിനിമാ സംവിധാനവും അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. രണ്ടോർഗയ് സംവിധാനം ചെയ്‌ത ആദ്യചിത്രമാണ് ‘മോഹം’. ‘തമിഴിൽ സംവിധായകനായി അരങ്ങേറണമെന്നായിരുന്നു അദ്ദേഹത്തിന്റെ മോഹമെങ്കിലും ആദ്യം അവസരംകിട്ടിയത് മലയാളത്തിലാണ്. പി.എൻ. മേനോന്റെ ‘കുട്ട്യേടത്തി’ എന്ന സിനിമയുടെ നിർമാണത്തിൽ പങ്കാളിയായിരുന്ന എം.ബി. പിഷാരടിയും ‘മോഹം’ എന്ന സിനിമയുടെ നിർമാതാക്കളിൽ ഒരാളായിരുന്നു. മറീന പ്രൊഡക്ഷൻസ് എന്ന ബാനറിലാണ് സിനിമ നിർമിച്ചത്.
എന്നാൽ, ശീർഷകങ്ങളിൽ (ടൈറ്റിൽസ്) നിർമാണം -ആർ.ബി പ്രൊഡക്ഷൻസ് എന്നാണ് കാണിക്കുന്നത്. മാദകത്വം നിറഞ്ഞ യൗവനസ്വപ്നങ്ങൾക്ക് പ്രാധാന്യമുള്ള ഒരു സിനിമതന്നെയായിരുന്നു നിർമാതാക്കളുടെയും സംവിധായകനായ രണ്ടോർഗയിയുടെയും ലക്ഷ്യം. ‘മോഹം’ എന്ന സിനിമക്ക് എ സർട്ടിഫിക്കറ്റ് ലഭിച്ചു എന്നാണ് അറിവ്. പ്രശസ്ത നോവലിസ്റ്റായ വി.ടി. നന്ദകുമാറാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയത്. പി. ഭാസ്കരൻ എഴുതിയ ഗാനങ്ങൾക്ക് എം.കെ. അർജുനൻ ഈണം നൽകി. യേശുദാസും മാധുരിയും ഗാനങ്ങൾ പാടി.
ശ്രീലേഖ എന്ന പുതുമുഖമാണ് ‘മോഹ’ത്തിൽ നായികയായി അഭിനയിച്ചത്. മലയാളത്തിൽ നിർമിക്കപ്പെട്ട ആറാമത്തെ ശബ്ദചിത്രമായ ‘നല്ലതങ്ക’ (ഉദയാ സ്റ്റുഡിയോ -കെ ആൻഡ് കെ പ്രൊഡക്ഷൻസ്) എന്ന സിനിമയിലെ പ്രതിനായികയായ മൂളിയലങ്കാരിയുടെ വേഷത്തിൽ അഭിനയിച്ച ഓമന എന്ന നടിയുടെ മകളാണ് ശ്രീലേഖ. രാഘവൻ, സുധീർ, ജനാർദനൻ, കുതിരവട്ടം പപ്പു, കവിത, ശ്രീലത, ബേബി സുമതി, രാധാദേവി തുടങ്ങിയവരായിരുന്നു ‘മോഹം’ എന്ന സിനിമയിലെ മറ്റ് അഭിനേതാക്കൾ.
‘മോഹം’ എന്ന ചിത്രത്തിൽ മൂന്നു ഗാനങ്ങൾ ഉണ്ടായിരുന്നു. ഒരു പാട്ട് യേശുദാസും രണ്ടു പാട്ടുകൾ മാധുരിയും പാടി. ‘‘വിശാലജീവിത കേദാരത്തിൽ/ വിതച്ചതു കൊയ്യുന്നു മനുഷ്യൻ/ വിധിച്ചതു നേടുന്നു’’ എന്ന് തുടങ്ങുന്ന പാട്ടാണ് യേശുദാസ് പാടിയത്. ഗാനത്തിലെ വരികൾ ഇങ്ങനെ തുടരുന്നു: ‘‘കർമത്തിൻ വിത്തുകൾ വിതയ്ക്കുന്നു/ കണ്ണീരിൻ ജലം കോരി നനയ്ക്കുന്നു/ സ്വപ്നത്താൽ വേലികെട്ടി കാക്കുന്നു -പിന്നെ/ സ്വസ്ഥതയില്ലാതെ വിയർക്കുന്നു...’’ തത്ത്വാചിന്താപരമായ ഈ പാട്ടിലെ ശേഷമുള്ള വരികളും അർഥഗരിമയുള്ളതുതന്നെ.
മാധുരി പാടിയ ആദ്യഗാനം ‘‘മദന പുഷ്പവനശലഭങ്ങളേ...’’ എന്നാണ് ആരംഭിക്കുന്നത്. ‘‘മദനപുഷ്പവനശലഭങ്ങളേ/ മധുരമധുരമാം നിമിഷങ്ങളേ/ ഇത്രനാൾ ഏതു സ്വപ്നത്തിന്റെ/ മൊട്ടിൽ നിങ്ങളൊളിച്ചിരുന്നു?/ മോഹനിദ്രയിൽനിന്നും നിങ്ങടെ/ മോഹനഗാനമെന്നെ വിളിച്ചുണർത്തി/ വിളിച്ചു, ഞാനാം ദാസിയെയിരുത്തി/ വികാരസ്വർണ രഥത്തിൽ -നവമൊരു/ വികാരസ്വർണരഥത്തിൽ...’’
മാധുരി പാടിയ രണ്ടാമത്തെ ഗാനം ‘‘ചെപ്പോ... ചെപ്പോ... കാണട്ടെ’’ എന്നു തുടങ്ങുന്നു. കുട്ടികളെ കളിപ്പിക്കുന്ന ‘‘ചെപ്പോ...ചെപ്പോ... കൈ കൊട്ട്’’ എന്നു തുടങ്ങുന്ന നാടൻപാട്ട് കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ വിവിധ രീതികളിൽ പാടിവരുന്നു. പക്ഷേ, ഇവിടെ പി. ഭാസ്കരൻ തികച്ചും വ്യത്യസ്തമായ രീതിയിൽ ഈ സന്ദർഭത്തിനു തികച്ചും അനുയോജ്യമായ ഗാനം എഴുതിയിരിക്കുന്നു.
‘‘ചെപ്പോ ചെപ്പോ കാണട്ടെ/ ചെപ്പടിചെപ്പിലരിപ്പൊടി/കണ്ണാടി നോക്കി ചെപ്പുകൊട്ട്/ കണ്ണാരം പൊത്തി ചെപ്പു കൊട്ട്/ ഉണ്ണിക്കു നാളെ പൊട്ടിച്ചിരി/ ഊരിലെ ദേവിക്ക് താലപ്പൊലി/ മണ്ണിനും വിണ്ണിനും നേരം വെളുത്തപ്പോ/ പൊന്നിളംവെയിലിൽ മുങ്ങിക്കുളി.’’
ഈ പാട്ടിന്റെ അവസാനത്തെ വരികളിൽ പി. ഭാസ്കരൻ എന്ന കവിയുടെ രചനാകൗശലം തിരിച്ചറിയാൻ സാധിക്കും.
‘‘ഉണ്ണിക്കു പേര് ഉണ്ണിക്കണ്ണൻ/ ഉണ്ണിക്കു വീട് അമ്പാടി/ അഷ്ടമിരോഹിണി പിറന്നാള്/ അത്തം പത്തിന് ചോറൂണ്.’’ 1974 ജൂൺ 14ന് പുറത്തുവന്ന ‘മോഹം’ എന്ന ലോ ബജറ്റ് ചിത്രം ഭേദപ്പെട്ട വിജയം കരസ്ഥമാക്കി.
‘നഗരം സാഗരം’ എന്ന സിനിമയുടെ സംവിധായകൻ കെ.പി. പിള്ളയാണ്, നടനും സംവിധായകനുമായ മധുവിന്റെ മാനേജരായി കുറേ കാലം ജോലിനോക്കിയതിനു ശേഷമാണ് കെ.പി. പിള്ള സംവിധാനത്തിലേക്ക് കടന്നത്, അതിനുമുമ്പ് അദ്ദേഹം പട്ടാളത്തിൽ ഉദ്യോഗസ്ഥനായിരുന്നു.
തൃപ്‌തി ഫിലിംസ് നിർമിച്ച ‘നഗരം സാഗരം’ എന്ന സിനിമക്ക് കഥയും തിരക്കഥയും സംഭാഷണവും ഗാനങ്ങളും ശ്രീകുമാരൻ തമ്പി എഴുതി. ജി. ദേവരാജനാണ് സംഗീതസംവിധായകൻ. യേശുദാസ്, പി. ജയചന്ദ്രൻ, മാധുരി, അമ്പിളി എന്നിവർ പിന്നണി ഗായകരായി. രാഘവൻ, സുമിത്ര, തിക്കുറിശ്ശി, സുകുമാരി, അടൂർ ഭാസി, ബഹദൂർ, കെ.പി.എ.സി ലളിത, ശ്രീലത തുടങ്ങിയവർ അഭിനയിച്ചു. ദേവരാജൻ മാസ്റ്ററുടെ മികച്ച ഈണങ്ങൾ അടങ്ങുന്ന സിനിമയായിരുന്നു ‘നഗരം സാഗരം’.
പി. ജയചന്ദ്രനും മാധുരിയും ചേർന്ന് ആലപിച്ച ‘‘തെന്നലിൻ ചുണ്ടിൽ തോടിരാഗം; തെങ്ങോലക്കാറ്റിൽ ആദിതാളം’’ എന്ന ഗാനം, അമ്പിളി പാടിയ ‘‘പൊന്നോണക്കിളിക്കാറു കടക്കാൻ പൊന്നും താമരപ്പൂത്തോണി.’’
യേശുദാസ് പാടിയ ‘‘ജീവിതമാം സാഗരത്തിൽ ഹൃദയമെന്നൊരു ദ്വീപ്’’ തുടങ്ങിയ ഗാനങ്ങൾ ശ്രോതാക്കൾ സ്വീകരിച്ചു,
‘‘തെന്നലിൻ ചുണ്ടിൽ തോടിരാഗം/ തെങ്ങോലക്കാറ്റിൽ ആദിതാളം/ രാഗവും താളവും സംഗീതമായ്/ നമ്മുടെ ഹൃദയങ്ങൾപോലെ.’’ തുടർന്നുവരുന്ന ചരണം ഗായകൻ പാടുന്നു: ‘‘പൂവിതൾത്തുമ്പത്ത് പൊൻപരാഗം/ തേൻവണ്ടിൻ ചുണ്ടത്ത് പ്രേമഗാനം/ രാഗപരാഗം സ്വരം നുകരും/ ഗാനത്തിലാമലർമണമലിയും/ ഞാനിന്നു ഭൃംഗമായ് പറന്നുയരും... പറന്നുയരും.’’ ഗായിക പാടുന്ന അടുത്ത ചരണം, ‘‘സന്ധ്യതൻ കവിളത്ത് പുഷ്പരാഗം...’’ എന്ന് തുടങ്ങുന്ന അമ്പിളി പാടിയ കുട്ടിപ്പാട്ടും പ്രചാരത്തിലായി.
‘‘പൊന്നോണക്കിളിക്കാറു കടക്കാൻ/ പൊന്നുംതാമര പൂത്തോണി/ പൂത്തോണി തുഴഞ്ഞുകൊടുക്കാൻ/ പുലരിക്കാറ്റ് പൂങ്കാറ്റ്...’’ ആദ്യചരണം ഇങ്ങനെ: ‘‘ഓണപ്പൂവിളി കേട്ടുപറക്കും/ ഓലവാലൻകിളിയേ/ ഉച്ചയൂണുണ്ണുവാൻ വീട്ടിൽ വാ -എന്റെ കൊച്ചു കളിവീടു കാണാൻ വാ...’’ യേശുദാസ് ആലപിച്ച ‘‘ജീവിതമാം സാഗരത്തിൽ’’ എന്ന ഗാനം ഇങ്ങനെ:
‘‘ജീവിതമാം സാഗരത്തിൽ/ ഹൃദയമെന്നൊരു ദ്വീപ്/ തിരയടിച്ചാൽ ചെറുതാകും/ തിരയടങ്ങിയാൽ വലുതാകും.’’ ഈ പല്ലവിക്കുശേഷം വരികൾ ഇങ്ങനെ തുടരുന്നു: ‘‘കാമദാഹക്കൊടുങ്കാറ്റിൽ/ കലി കയറും തിരകൾ/ മോഹഭംഗനീർച്ചുഴിയിൽ/ മുങ്ങിപ്പൊങ്ങും തിരകൾ/ ഏതു കാറ്റുമടങ്ങും/ ഏതു മഴയുമടങ്ങും/ എല്ലാം ശാന്തമാകും നേരം / എത്ര വലിയ ലോകം/ ഇത്ര ചെറിയ ഹൃദയം.’’
പി. ജയചന്ദ്രൻ പാടിയ ‘‘ചഞ്ചലമിഴിയൊരു കവിത’’ എന്ന പാട്ടും വ്യത്യസ്ത രചനയാണ്.
‘‘ചഞ്ചലമിഴിയൊരു കവിത -അതിൽ/അഞ്ജനം അലങ്കാരമായി.../ ഉപമയോ ഉത്പ്രേക്ഷയോ/ ഉണരുമാ ഭാവം രൂപകമോ..?’’
ആദ്യ ചരണത്തിലെ വരികൾ ഇങ്ങനെ: ‘‘താമരയിതളെന്നു തോന്നി. -മധു/ സാഗരമാണെന്നു തോന്നി/ വാനവും നയനവും ഒന്നാണെന്നാ/ ദാഹമുകിലുകൾ ചൊല്ലി/ പെയ്യുക ദാഹത്തിൻ മേഘങ്ങളേ -പ്രേമ/ യൗവന വാടികൾ പൂത്തിടട്ടെ...’’
‘നഗരം സാഗരം’ എന്ന സിനിമയിലെ അഞ്ചാമത്തെ ഗാനം മാധുരിയാണ് പാടിയത്. ‘‘എന്റെ ഹൃദയം മാനം മുട്ടും വസന്തമാളിക...’’ എന്നു തുടങ്ങുന്ന ഗാനം.
‘‘എന്റെ ഹൃദയം മാനം മുട്ടും വസന്തമാളിക/ സ്വപ്നചന്ദ്രിക സ്വർണം മെഴുകും വർണമാളിക/ എങ്ങുമെങ്ങും മണിയറകൾ/ എങ്ങും മാധവമലരൊളികൾ...’’ എന്ന് പല്ലവി. ആദ്യചരണം ഇങ്ങനെ: ‘‘വജ്രഭിത്തികൾ വൈഡൂര്യ വാതിൽ/ പത്മരാഗക്കോവേണികൾ/ നീലമച്ചിൽ മുത്തുമണികൾ/ താഴെ മരതക വിരിപ്പുകൾ/ അതിഥികൾ ആയിരമായിരം/ അവർക്കായ് തൽപങ്ങൾ ആയിരം.’’
അപ്പോൾ ഒരു പുരുഷശബ്ദം... ഇംഗ്ലീഷിൽ ഒരു ചോദ്യം.
‘‘Oh my darlimg, Am I one among those thousands?
Oh sure...’’ എന്ന് ഗായികയുടെ മറുപടി.
1974 ജൂൺ 28ന് തിയറ്ററുകളിലെത്തിയ ‘നഗരം സാഗരം’ എന്ന ചിത്രത്തിന് ശരാശരി വിജയം നേടാനേ കഴിഞ്ഞുള്ളൂ.
ജേസിയുടെ സംവിധാനത്തിൽ ഡി.പി. നായർ സതീഷ് മൂവീസിന്റെ പേരിൽ നിർമിച്ച ‘അശ്വതി’ എന്ന സിനിമയുടെ തിരക്കഥ സംവിധായകൻ ജേസിയുടേതുതന്നെയായിരുന്നു. ശ്രീവരാഹം ബാലകൃഷ്ണൻ സംഭാഷണം രചിച്ചു. പി. ഭാസ്കരന്റെ പാട്ടുകൾക്ക് വി. ദക്ഷിണാമൂർത്തിയാണ് സംഗീതം നൽകിയത്. ‘‘കാവ്യപുസ്തകമല്ലോ ജീവിതം’’ എന്ന പ്രശസ്‌ത ഗാനം ഈ സിനിമയിലുള്ളതാണ്. പ്രേംനസീർ, ഷീല, മോഹൻ ശർമ, ഉഷാനന്ദിനി, അടൂർ ഭാസി, ബഹദൂർ, ശങ്കരാടി, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ചു.
‘അശ്വതി’യിൽ നാല് ഗാനങ്ങളാണ് ഉണ്ടായിരുന്നത്. യേശുദാസ്, പി. സുശീല, പി. ജയചന്ദ്രൻ, എസ്. ജാനകി എന്നിവരാണ് ഗാനങ്ങൾ പാടിയത്. ജയചന്ദ്രൻ പാടിയ ‘‘കാവ്യപുസ്തകമല്ലോ ജീവിതം’’ എന്ന ഗാനം പി. ഭാസ്കരന്റെ ഏറ്റവും മികച്ച രചനകളിലൊന്നാണ്. ഹിന്ദോളരാഗത്തിൽ ദക്ഷിണാമൂർത്തി ഈ വരികൾക്ക് നൽകിയ ഈണവും ഉജ്ജ്വലം, ഉദാത്തം എന്നുതന്നെ പറയണം. ജയചന്ദ്രന്റെ ആലാപനവും ഉന്നതം.
‘‘കാവ്യപുസ്തകമല്ലോ ജീവിതം -ഒരു/ കാവ്യപുസ്തകമല്ലോ ജീവിതം -ഇതിൽ/ കണക്കെഴുതാൻ ഏടുകളെവിടെ.../ ഏടുകളെവിടെ..?/ അനഘ ഗ്രന്ഥം ഇതാരോ തന്നു/മനുഷ്യന്റെ മുമ്പിൽ തുറന്നുവെച്ചു/ ജീവന്റെ വിളക്കും കൊളുത്തിവെച്ചു/ അവൻ ആവോളം വായിച്ചു മതിമറക്കാൻ...’’
‘കാവ്യഗ്രന്ഥം’ കണക്കെഴുതാൻ ഉപയോഗിക്കുന്നവരാണ് നമ്മൾ. എത്ര സത്യം! ഗാനത്തിന്റെ അവസാനഭാഗമാണ് അതിമനോഹരം.
‘‘മധുരകാവ്യമിതു മറക്കുന്നു -ഇതിൽ/ മണ്ടന്മാർ കണക്കുകൾ കുറിക്കുന്നു/ കൂട്ടുന്നു, പിന്നെ കിഴിക്കുന്നു -ഒടുവിൽ/ കൂട്ടലും കിഴിക്കലും പിഴയ്ക്കുന്നു.’’
രചനയുടെയും ഈണത്തിന്റെയും സൗന്ദര്യംകൊണ്ട് പൂർണത കൈവരിച്ച ചലച്ചിത്രഗാനങ്ങളിലൊന്നായി ഈ ഗാനത്തെ കണക്കാക്കണം. ഈ ഗാനം കേട്ടിട്ടില്ലാത്തവർ യൂട്യൂബിൽ പ്രവേശിച്ച് ഈ ഗാനം കേൾക്കണം.
യേശുദാസ് ആലപിച്ച ‘‘എന്റെ സുന്ദരസ്വപ്നമയൂരമേ...’’ എന്ന ഗാനവും മികച്ചതാണ്.
‘‘എന്റെ സുന്ദരസ്വപ്നമയൂരമേ/ നിന്റെ പീലികൾ പൊഴിഞ്ഞല്ലോ/ എന്റെ മോഹമരാളമേ നിന്റെ/ വർണചിറകുകൾ കരിഞ്ഞല്ലോ’’ എന്ന് പല്ലവി.
‘‘ആടുവാൻ വല്ലാതെ മോഹിച്ചു -പക്ഷേ/ അരങ്ങത്തു വന്നപ്പോൾ നിലംപതിച്ചു/ പാടുവാൻ തംബുരു ശ്രുതിചേർത്തു/ പാവം നിൻ കണ്ഠം വിറങ്ങലിച്ചു...’’ എന്ന് ആദ്യ ചരണം.
യേശുദാസും എസ്. ജാനകിയും പാടിയ യുഗ്മഗാനമാണ് അടുത്തത്. ‘‘പേരാറിൻ തീരത്തോ പെരിയാറിൻ തീരത്തോ/ ശാരദേന്ദു നട്ടുവളർത്തിയ പേരമരത്തോട്ടം/ പേരമരത്തോപ്പിലോ ദൂരെ മലയോരത്തോ/ മാരിവില്ലിൻ സുന്ദരമാം മാലക്കാവടിയാട്ടം’’ എന്നു പല്ലവിയുള്ള പാട്ടും ശ്രദ്ധേയംതന്നെ. അതിന്റെ ചരണം ഇങ്ങനെ:
‘‘ആടിയാടി പോകും പെണ്ണേ/ ആട്ടം കാണാൻ പോരാമോ’’ എന്ന് ഗായകൻ ചോദിക്കുമ്പോൾ ഗായികയുടെ ഉത്തരം ഇങ്ങനെ.
‘‘കൂനിക്കൂടിയിരിക്കും ചെറുക്കൻ/ കൂടെ വന്നാൽ പോരാം.’’
വീണ്ടും ‘‘പോരാമോ?’’ എന്നു ചോദ്യം. ‘‘പോരാം’’ എന്ന് ഉത്തരം.
ചിത്രത്തിലെ അവശേഷിക്കുന്ന പാട്ട് പി. സുശീല പാടിയതാണ്. ‘‘ചിരിക്കൂ... ഒന്നു ചിരിക്കൂ’’ എന്നു തുടങ്ങുന്ന ഗാനം.
‘‘ചിരിക്കൂ ഒന്നു ചിരിക്കൂ -എന്റെ/ ചിരകാലമോഹത്തിൻ മണിച്ചെപ്പു തുറന്നതിൽ/ ചിരിയുടെ വെണ്മുത്തു നിറയ്‌ക്കൂ...’’ ആദ്യചരണവും പല്ലവിപോലെ തന്നെ മനോഹരം.
‘‘കടലാം സുന്ദരി വളയിട്ട കൈകളാൽ/ കരയെ പുണരുന്ന പോലെ/ എന്റെ പ്രേമസർവസ്വമേ/ എൻ മലർക്കൈകൾ നിൻ/ ഓമൽക്കഴുത്തിൽ മുറുകുമ്പോൾ/ മറക്കൂ, എല്ലാം മറക്കൂ... എന്റെ/ മനസ്സിലെ മരുഭൂവിൽ പ്രേമനീരദത്തിൻ/ മാദക മധുമാരി തളിക്കൂ...’’
‘അശ്വതി’യിലെ ഒരു പാട്ടുപോലും മോശമായിരുന്നില്ല. കൂട്ടത്തിൽ ‘‘കാവ്യപുസ്തകമല്ലോ ജീവിതം’’ ഒന്നാംസ്ഥാനം നേടുന്നു. അത്രമാത്രം.
ജേസി സംവിധാനംചെയ്ത ഒരു നല്ല സിനിമയായിരുന്നു ‘അശ്വതി’. സാമ്പത്തികമായും ചിത്രം പരാജയപ്പെട്ടില്ല എന്നാണു വിശ്വാസം. 1974 ജൂലൈ അഞ്ചിന് ഈ ചിത്രം പ്രദർശനത്തിനെത്തി.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.