രാജ്യം അധികം ശ്രദ്ധിക്കാതെയോ സാധാരണമെന്നമട്ടിലോ വിട്ട ഒരു വാർത്തയുണ്ട്. ജൂലൈ രണ്ടാം വാരം ഛത്തിസ്ഗഢിൽനിന്നുള്ളതായിരുന്നു അത്. അഞ്ചു വർഷമായി യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിലടക്കപ്പെട്ട 121 ആദിവാസികൾ മോചിപ്പിക്കപ്പെട്ടിരിക്കുന്നു. 2017ൽ സി.ആർ.പി.എഫ് അംഗങ്ങൾക്കു നേരെ ബുർകാപാലിൽ നടന്ന മാവോവാദി ആക്രമണത്തിൽ സഹായിച്ചുവെന്നതായിരുന്നു കുറ്റം. അഞ്ചു വർഷത്തിനു...
രാജ്യം അധികം ശ്രദ്ധിക്കാതെയോ സാധാരണമെന്നമട്ടിലോ വിട്ട ഒരു വാർത്തയുണ്ട്. ജൂലൈ രണ്ടാം വാരം ഛത്തിസ്ഗഢിൽനിന്നുള്ളതായിരുന്നു അത്. അഞ്ചു വർഷമായി യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിലടക്കപ്പെട്ട 121 ആദിവാസികൾ മോചിപ്പിക്കപ്പെട്ടിരിക്കുന്നു. 2017ൽ സി.ആർ.പി.എഫ് അംഗങ്ങൾക്കു നേരെ ബുർകാപാലിൽ നടന്ന മാവോവാദി ആക്രമണത്തിൽ സഹായിച്ചുവെന്നതായിരുന്നു കുറ്റം. അഞ്ചു വർഷത്തിനു ശേഷം തെളിവില്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു ഇവരെ. നഷ്ടപ്പെട്ട വർഷങ്ങൾക്കും ജീവിതത്തിനും ആര് ഉത്തരം പറയും എന്നത് ഉത്തരമില്ലാത്ത ചോദ്യം. എന്തായാലും അവർ ഭാഗ്യംചെയ്തവരാണ്. അവർക്ക് വീണ്ടും പുറംലോകം കാണാനായി. പക്ഷേ, എല്ലാവരെയും ഇങ്ങനെ ഭാഗ്യം കടാക്ഷിച്ചുകൊള്ളണമെന്നില്ല.
ജയിലുകളിൽ വിചാരണത്തടവുകാരായും ശിക്ഷിക്കപ്പെട്ടവരായും ഏറ്റവും അധികമുള്ളത് ദലിതരും ന്യൂനപക്ഷങ്ങളുമാണെന്നതിൽ തർക്കമില്ല. പക്ഷേ, ഇപ്പോൾ രാജ്യത്തെ തടവറകളിൽ ഫാഷിസ്റ്റ് സർക്കാർ ആരെയാണ് അടച്ചിട്ടുള്ളത്? സംശയമെന്ത്, ജനങ്ങൾക്കൊപ്പം നിന്നവർ, ജനങ്ങൾക്കുവേണ്ടി നിർഭയം ശബ്ദമുയർത്തിയവർ. അല്ലാതാര്?
നമുക്കൊന്ന് നോക്കാം: അടുത്തിടെയാണ് ഗുജറാത്ത് വംശഹത്യ കേസിൽ മോദിക്കും അമിത് ഷാക്കും പങ്കുെണ്ടന്ന് േകാടതിയിൽ തെളിവു സഹിതം വാദിച്ച ടീസ്റ്റ സെറ്റൽവാദ്, ആർ.ബി. ശ്രീകുമാർ, സഞ്ജീവ് ഭട്ട് എന്നിവർ അറസ്റ്റിലായത്. കേസിൽ മോദിക്ക് ക്ലീൻചിറ്റ് നൽകിയ കോടതിവിധി വന്ന് മണിക്കൂറുകൾക്കകമായിരുന്നു അറസ്റ്റ്. തൊട്ടടുത്ത ദിവസമായിരുന്നു ആൾട്ട് ന്യൂസിന്റെ സ്ഥാപകാംഗംകൂടിയായ മുഹമ്മദ് സുബൈർ അറസ്റ്റിലായത്. അധികം വൈകാെത രൂപേഷ് കുമാർ സിങ് എന്ന സ്വതന്ത്ര മാധ്യമപ്രവർത്തകൻ മാവോവാദി ബന്ധം ആരോപിച്ച് ഝാർഖണ്ഡിൽ അറസ്റ്റിലായി. മുഹമ്മദ് സുബൈറിന് കർശനവ്യവസ്ഥകൾ പ്രകാരം ജാമ്യം കിട്ടിയതു മാത്രമാണ് ഏക ആശ്വാസം.
കുപ്രസിദ്ധമായ ഭീമ കൊറേഗാവ് കേസിൽ 16 പേരാണ് ജയിലിലടക്കപ്പെട്ടത്. മലയാളിയായ റോണ വിൽസൺ, ഹാനി ബാബു, സുരേന്ദ്ര ഗാഡ്ലിങ്, ഷോമ സെൻ, സുധീർ ധാവലെ, മഹേഷ് റൗത്, സുധ ഭരദ്വാജ്, വരവര റാവു, ആനന്ദ് തെൽതുംബ്ഡെ തുടങ്ങി രാജ്യത്തെ പ്രമുഖ ചിന്തകരും എഴുത്തുകാരും ആക്ടിവിസ്റ്റുകളുമാണ് തടവിലടക്കപ്പെട്ടത്. മലയാളി അധ്യാപകൻ ഹാനി ബാബു അറസ്റ്റിലായിട്ട് ജൂലൈ 28ന് രണ്ടു വർഷം തികയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി ആദ്യ അറസ്റ്റ് നടന്നത് 2018 ജൂൺ ആറിനാണ്. ഇതേ കേസിൽ സ്റ്റാൻ സ്വാമി എന്ന വയോധികനായ പുരോഹിതൻ തടവറയിൽ ചികിത്സ കിട്ടാതെ മരിച്ചു. സുധ ഭരദ്വാജ്, വരവര റാവു എന്നിവർക്ക് മാത്രമാണ് നീണ്ടനാൾ തടവിൽ കിടന്നതിനുശേഷം ജാമ്യം ലഭിച്ചത്. റോണ വിൽസണും മറ്റും ജയിലിൽ കഴിയാൻ തുടങ്ങിയിട്ട് നാലു വർഷമാകുന്നു. എൻ.െഎ.എ നൽകിയ 17,000 താളുകളുള്ള കുറ്റപത്രത്തിൽ മോദിയെ കൊല്ലാനുള്ള വിശദപദ്ധതി ഇ-മെയിൽ വഴി അയച്ചതിന്റെ 'തെളിവാണ്' പൊലീസിന് കിട്ടിയിട്ടുള്ളത്. അറസ്റ്റിനു മുമ്പുതന്നെ റോണ വിൽസന്റെ കമ്പ്യൂട്ടറിൽ ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് നുഴഞ്ഞുകയറിയാണ് വ്യാജരേഖകൾ തിരുകിക്കയറ്റിയതെന്ന് സ്വതന്ത്ര വിദഗ്ധ ഏജൻസികൾ വ്യക്തമാക്കിയിട്ടുണ്ട്.
പൗരത്വസമരത്തിൽ പെങ്കടുത്തുവെന്നതിന്റെ പ്രതികാര നടപടിയായാണ് ഉമർ ഖാലിദും ഷർജിൽ ഇമാമുമെല്ലാം ജയിലിലടക്കപ്പെട്ടത് എന്ന് വ്യക്തമാണ്. പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി വക്താവ് നൂപുർ ശർമക്കെതിരെ പ്രതിഷേധിച്ച 'കുറ്റ'ത്തിനാണ് വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദും കുടുംബവും യോഗിയുടെ 'ബുൾഡോസർ രാജി'ന് ഇരയായത്. ഇപ്പോൾ അദ്ദേഹത്തിനെതിരെ ദേശസുരക്ഷാ കുറ്റംകൂടി ചുമത്തിയിരിക്കുകയാണ്.
മഅ്ദനി രണ്ടാംവട്ടം ജയിലിലടക്കപ്പെട്ടത് 2010 ആഗസ്റ്റ് 17നാണ്. ബംഗളൂരു സ്ഫോടനക്കേസിൽ അറസ്റ്റിലായ അദ്ദേഹത്തിന് ചികിത്സാവശ്യത്തിന് ബംഗളൂരുവിൽ തങ്ങാൻ ജാമ്യംനൽകി എന്നത് മാത്രമാണ് ലഭിച്ച ഏക ആനുകൂല്യം. ഇനി എത്രകാലം വേണം അദ്ദേഹത്തിന് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാൻ? മലയാളികളായ സിദ്ദീഖ് കാപ്പനും സക്കരിയയും എന്ന് മോചിതരാകുമെന്ന് ആർക്കുമറിയില്ല.
കേരളത്തിലെ ജയിലുകളിലോ? ഏഴു വർഷമായി രൂപേഷ് വിചാരണത്തടവുകാരനായി ജയിലിൽ കിടക്കുന്നു. മൊത്തം പതിമൂന്നു പേരാണ് മാവോവാദി കുറ്റാരോപിതരായി കേരളത്തിലെ ജയിലിലുള്ളത്. അതിൽ എട്ടുപേർ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലാണ്. ഡോ. ദിനേശ്, രാജീവ്, ഉസ്മാൻ, രാജൻ, ചൈതന്യ, കൃഷ്ണമൂർത്തി, ആഞ്ജനേയലു, അയ്യപ്പൻ രാഘവേന്ദ്ര, ഡാനീഷ് എന്നിവരും പന്തീരാങ്കാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട വിജിത് വിജയനുമാണ് ജയിലിലുള്ള 'മാവോവാദികൾ'. ഇവരിൽ നല്ലപങ്കും ജയിലിൽ രണ്ടു വർഷത്തിലേറെയായി കഴിയുകയാണ്. ജാമ്യമാണ് നീതി. അതാണ് ജനാധിപത്യം എന്നൊന്നും ഇടതുപക്ഷ സർക്കാർപോലും പരിഗണിക്കുന്നില്ല.
ഫാഷിസത്തിന് ഒരു രീതിയുണ്ട്. അത് വിമത ശബ്ദങ്ങളെയെല്ലാം അടിച്ചമർത്തും. ജനങ്ങൾക്കുവേണ്ടി ശബ്ദമുയർത്തിയവരെ ഒന്നൊന്നായി ജയിലിലടച്ച് കൊല്ലാക്കൊല ചെയ്യും. ജയിൽ എന്ന ഭീഷണിയുയർത്തി മറ്റുള്ളവരെ ഭയപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഭീതി നമുക്കുമേൽ ഭരണകൂടം വലിയ അളവിൽ വിതച്ചുകഴിഞ്ഞു. പക്ഷേ, നമുക്ക് ഇൗ ഭയത്തെ മറികടക്കണം. ജനങ്ങൾക്കിടയിലേക്ക് തടവിലുള്ളവരെ മടക്കിക്കൊണ്ടുവരണം. എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കുക എന്ന മുദ്രാവാക്യം കൂടുതൽ ഒച്ചയിൽ ഉയരേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.