Manipur violence

മണിപ്പൂരിലെ ചോര

മണിപ്പൂർ പ്രക്ഷുബ്​ധവും കലാപകലുഷിതവുമായിത്തീർന്നിട്ട്​ രണ്ടു വർഷമാകുന്നു. ഒടുവിൽ, നിൽക്കക്കള്ളിയില്ലാതെ ഫെബ്രുവരി 9ന്​ ബി.ജെ.പി മു​ഖ്യ​മ​ന്ത്രി എ​ൻ. ​ബി​രേ​ൻ സി​ങ് സ്ഥാനമൊഴിഞ്ഞു. വഴിയടഞ്ഞപ്പോഴുള്ള രാജി. ഒരു നാടകം. കലാപം ഇല്ലാതാക്കാൻ ഒന്നും ചെയ്യാതിരുന്ന മുഖ്യമന്ത്രിക്ക്​ കലാപം തുടങ്ങി 649 ദിവസത്തിനുശേഷം രാജിവെക്കേണ്ടിവന്നു എന്നതുതന്നെ മണിപ്പൂരി​ന്റെ വർത്തമാന അവസ്​ഥ വ്യക്തമാക്കുന്നുണ്ട്​. ക​ലാ​പ​ത്തി​ലേ​ർ​പ്പെ​ട്ട കു​ക്കി-മെ​യ്തേ​യ് വി​ഭാ​ഗ​ങ്ങ​ൾ ഒ​രുപോ​ലെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ബി​​രേ​ൻ സി​ങ് ത​യാ​റാ​യി​രു​ന്നി​ല്ല.

തി​ങ്ക​ളാ​ഴ്ച നി​യ​മ​സ​ഭ​യു​ടെ ബ​ജ​റ്റ് സ​മ്മേ​ള​നം തു​ട​ങ്ങു​േമ്പാൾ ​ പ്ര​തി​പ​ക്ഷം അ​വി​ശ്വാ​സ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കേ യാണ്​ തലേന്ന്​ രാ​ജി​നാടകം അരങ്ങേറിയത്​. കോ​ൺ​റാ​ഡ് സാങ്മ​യു​ടെ നാ​ഷ​ന​ൽ പീ​പ്ൾ​സ് പാ​ർ​ട്ടി ബി.​ജെ.​പി സ​ർ​ക്കാ​റി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ക്കു​ക​യുംചെ​യ്തി​രു​ന്നു. ബി.​ജെ.​പി​യി​ൽ മ​ണി​പ്പൂ​രി​ന്റെ ചു​മ​ത​ല​യു​ള്ള സം​ബീ​ത് പ​ത്ര, സം​സ്ഥാ​ന ബി.​ജെ.​പി പ്ര​സി​ഡ​ന്റ് എ. ​ശാ​ർ​ദ ദേ​വി, ബി.​ജെ.​പി​യു​ടെ​യും എ​ൻ.​പി.​എ​ഫി​ന്റെ​യും 14 എം.​എ​ൽ.​എ​മാ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം രാ​ജ്ഭ​വ​നി​ലെ​ത്തി ഗ​വ​ർ​ണ​ർ അ​ജ​യ് കു​മാ​ർ ഭ​ല്ല​യെ ക​ണ്ട് രാ​ജി​ക്ക​ത്ത് കൈ​മാ​റിയത്​ എന്തായാലും നല്ല മനസ്സോടെയല്ല. ചിലപ്പോൾ മണിപ്പൂർ രാഷ്​​ട്രപതി ഭരണത്തിലേക്ക്​ നീളാം. ‘തുടക്കം’ എഴുതു​േമ്പാൾ ചിത്രം വ്യക്തമല്ല.

ബി.​ജെ.​പി​യി​ൽ ബി​രേ​ൻ സി​ങ്ങി​നെ​തി​രെ എ​തി​ർ​പ്പ് ​ശ​ക്ത​മാ​കു​ക​യും എം.​എ​ൽ.​എ​മാ​ർ​ക്കി​ട​യി​ൽ ഭി​ന്ന​ത രൂ​ക്ഷ​മാ​കു​ക​യുംചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാണ്​ കോ​ൺ​ഗ്ര​സ് അ​വി​ശ്വാ​സ പ്ര​മേ​യം കൊണ്ടുവന്നത്​. മ​ഹാ​കും​ഭ​മേ​ള​യി​ൽ ​സ്നാ​നംചെ​യ്ത് മ​ണി​പ്പൂ​രി​ൽ മ​ട​ങ്ങി​യെ​ത്തി​യ ബി​രേ​ൻ അ​വി​​ശ്വാ​സ​പ്ര​മേ​യ​ത്തെ ഭ​യ​ന്ന്​ രാജിക്ക്​ തൊട്ടുമുമ്പ്​ വീ​ണ്ടും ഡ​ൽ​ഹി​യി​ലേക്ക്​ പാഞ്ഞു. 12 എം.​എ​ൽ.​എ​മാ​ർ മുഖ്യമന്ത്രി മാ​റ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടതും അതിനു കാരണമായി. വി​മ​തപ​ക്ഷ​ത്തെ മൂ​ന്ന് മു​തി​ർ​ന്ന നേ​താ​ക്ക​ളെ അ​മി​ത് ഷാ ​ഡ​ൽ​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചിരുന്നു. 2023 മേ​യി​ൽ തു​ട​ങ്ങി​യ ക​ലാ​പ​ത്തി​ന് ശ​മ​നംവ​രു​ത്താ​ൻ ക​ഴി​യാ​ത്ത മു​ഖ്യ​മ​ന്ത്രി, കു​ക്കി​ക​ൾ​ക്കെ​തി​രെ മെ​യ്തേ​യി​ക​ൾ​ക്കുവേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്ന ആരോപണത്തിന്​ വസ്​തുതകളുടെ പിൻബലമുണ്ട്​. കേന്ദ്ര സർക്കാർ നിയോഗിച്ച സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിങ് പുറത്തുവിട്ട ഔദ്യോഗിക കണക്കുപ്രകാരം പോയവർഷം നവംബർ മൂന്നാം വാരം വരെ 258 പേരാണ് മണിപ്പൂർ വംശീയ കലാപത്തിൽ കൊല്ലപ്പെട്ടത്. അതിനുശേഷവും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി അതിക്രമങ്ങൾ നടന്നു. പലരും കൊല്ലപ്പെട്ടു. സ്ത്രീകൾ തെരുവിൽ കൂട്ട ലൈംഗിക അതിക്രമത്തിനിരയായി.

കേന്ദ്രം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത് മണിപ്പൂർ ജനതക്ക് നൽകുന്ന നീതിയല്ല, മറിച്ച് ഒരു മുഖംരക്ഷിക്കൽ തന്ത്രം മാ​ത്രമാണ്​.​ സുപ്രീംകോടതി തന്നെ രൂക്ഷമായ പരാമർശങ്ങൾ നടത്തിയിട്ടും കേന്ദ്രത്തിലെ മോദി സർക്കാർ നിർലോഭം രക്ഷാകർതൃത്വം നൽകിയതുമൂലമാണ് ബിരേൻ സിങ് സർക്കാറിന് ആയുസ്സ് ഇവ്വിധം നീട്ടിക്കിട്ടിയത്. മണിപ്പൂരിന്റെ സ്ഥിതി ഇത്രമേൽ രൂക്ഷമായതിൽ ബിരേൻ സിങ് എത്രകണ്ട് ഉത്തരവാദിയാണോ അത്രതന്നെ ബാധ്യത കേന്ദ്ര സർക്കാറിനുമുണ്ട്. കലാപത്തിന്റെ ആദ്യഘട്ടത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി സന്ദർശനവും പ്രഖ്യാപനവും നടത്തി മടങ്ങി എന്നതിലുപരി അതിക്രമം തടയുന്നതിനോ ജനങ്ങളുടെ ആത്മവിശ്വാസം പുനഃസ്ഥാപിക്കാനോ ഒന്നും ചെയ്​തില്ല. കലാപം പടർന്ന നാളുകളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പര്യടനങ്ങളുടെ തിരക്കിലായിരുന്നു പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമെല്ലാം. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലെങ്കിലും പ്രധാനമന്ത്രി നാട്​ സന്ദർശിക്കുമെന്ന പ്രതീക്ഷ മണിപ്പൂരിലെ ജനത വെച്ചുപുലർത്തിയിരുന്നു.

ശരിക്കും 21 മാസമായി മണിപ്പൂരിലെ ജനത അനുഭവിക്കുന്ന അതിക്രമങ്ങൾക്ക്​ കേന്ദ്രവും സംസ്​ഥാനത്തെ ബി.ജെ.പി സർക്കാറും സമാധാനം പറയണം. അവിടെ നടന്ന സകല കുറ്റകൃത്യങ്ങളും പക്ഷപാതരഹിതമായി അന്വേഷിക്കപ്പെടണം. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. അതുണ്ടാവാനിടയില്ല. അവിടെ നടക്കുന്നത്​ മുഖംമിനുക്കൽ തന്ത്രം മാത്രമാണ്​. അതിനാൽ, മണിപ്പൂരിൽ ഇനിയും ചോര ഒഴുകാനാണ്​ സാധ്യത.


Tags:    
News Summary - Manipur Insurgency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.