മൂന്നാം മോദി സർക്കാർ ജൂൺ ഒമ്പതിന് വർണപ്പകിട്ട് നിറഞ്ഞ ആഘോഷങ്ങളോടെ കേന്ദ്രത്തിൽ അധികാരമേറ്റു. രാജ്യത്തെ സംബന്ധിച്ച് പലവിധത്തിൽ നിർണായകമാണ് മോദിയുടെ മൂന്നാമൂഴം. അവകാശപ്പെട്ടതുപോലെ 400 സീറ്റുകളില്ലാതെയും, ശക്തമായ പ്രതിപക്ഷ സാന്നിധ്യത്തോടെയുമാണ് പുതിയ ഭരണദിനങ്ങൾ വരുക.
കാബിനറ്റ് റാങ്കിൽ മുപ്പതും സ്വതന്ത്ര ചുമതലയിൽ (സഹമന്ത്രി) അഞ്ചും സഹമന്ത്രിമാരായി മുപ്പത്താറുമടക്കം 71 അംഗ ദേശീയ ജനാധിപത്യ മുന്നണി മന്ത്രിസഭയാണ് അധികാരമേറ്റത്. തെരഞ്ഞെടുപ്പിൽ തനിച്ച് ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് ആന്ധ്രപ്രദേശിലെ എൻ. ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ-യുനൈറ്റഡ് എന്നീ പ്രമുഖ കക്ഷികളുമായി ചേർന്നുള്ള കൂട്ടുകക്ഷി സർക്കാറാണ് ഇനി ഇന്ത്യ ഭരിക്കുക. മോദിയെ സംബന്ധിച്ചും മുന്നണിയെ സംബന്ധിച്ചും കൂട്ടുകക്ഷി മന്ത്രിസഭയെ മുന്നോട്ടുകൊണ്ടുേപാകുക പലവിധത്തിൽ പ്രയാസമാണ്. പ്രതിപക്ഷ മുന്നണികളിലെ എം.പിമാരെ ചാക്കിട്ടുപിടിച്ചും ഭയപ്പെടുത്തിയും ഒക്കെ ഒപ്പം കൊണ്ടുവന്ന് തനിച്ച് ഭൂരിപക്ഷം ഉണ്ടാക്കാനാണ് മോദിയും സംഘവും ഇനി ശ്രമിക്കുക എന്നത് ഏറക്കുറെ ഉറപ്പാണ്.
ഏകാധിപതി ഭാവത്തിൽനിന്ന് കൂട്ടുകക്ഷി സർക്കാറിന്റെ തലവൻ എന്ന നിലയിലേക്ക് മോദിയുടെ ശരീരഭാഷ മാറിയത് സത്യപ്രതിജ്ഞാ ചടങ്ങിൽ വ്യക്തമായി. ഭരണഘടന തിരുത്താൻ ശ്രമിക്കുമെന്ന് പ്രത്യക്ഷമായും പരോക്ഷമായും പറഞ്ഞ മോദി ഭരണഘടന ഉയർത്തി തലകൊണ്ട് വന്ദിക്കുന്നതും കണ്ടു. ബി.ജെ.പിയുടെ മുസ്ലിംവിരുദ്ധ പ്രതിലോമ രാഷ്ട്രീയത്തെ അംഗീകരിക്കാത്തവരാണ് കൂട്ടുകക്ഷി സർക്കാറിലെ ചന്ദ്രബാബു നായിഡുവും നീതിഷ്‍കുമാറും. ഈ വർഷം മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലും അടുത്ത വർഷമാദ്യം ഡൽഹിയിലും ബിഹാറിലും നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. അതിൽ വിജയിക്കുക ലക്ഷ്യമായതിനാൽ മോദിയും സംഘവും ബാക്ഫൂട്ടിൽ കളിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ നല്ലപങ്കും കരുതുന്നത്. അഗ്നിവീർ, ജാതി സെൻസസ്, ഏക സിവിൽ കോഡ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ആന്ധ്രയും ബിഹാറും ആവശ്യപ്പെടുന്ന പ്രത്യേക പദവി തുടങ്ങിയ പ്രശ്നങ്ങളിൽ ഈ രണ്ടു കക്ഷികളെയും ശക്തമായ പ്രതിപക്ഷത്തെയും മുന്നിൽ വെച്ചുകൊണ്ട് മോദിക്ക് ഹിന്ദുത്വലൈനിൽ തുടരുകയും എളുപ്പമല്ല. ഈ വിഷയങ്ങളിൽ ഘടക കക്ഷികളെടുക്കുന്ന തീരുമാനം നിർണായകമാകും.
അതേസമയം തന്നെ ഇത് ബി.ജെ.പി സർക്കാറാണ് എന്ന് തെളിയിക്കാൻ മോദിയും സംഘവും തുടക്കംമുതലേ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് പ്രമുഖ വകുപ്പുകളും സ്പീക്കർ സ്ഥാനവും സഖ്യകക്ഷികൾക്ക് വിട്ടുകൊടുക്കാതിരിക്കൽ. മന്ത്രിസഭയിലെ പ്രമുഖ വകുപ്പുകൾ എല്ലാംതന്നെ ബി.ജെ.പി കൈയടക്കിയിട്ടുണ്ട്. മാത്രമല്ല, ഇതൊരു ഹിന്ദുത്വ സർക്കാറാണ് എന്ന് വ്യംഗ്യമായി പറയുന്നുണ്ട്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് മുസ്‍ലിം അംഗമില്ലാതെ ഒരു കൂട്ടുകക്ഷി മന്ത്രിസഭ അധികാരത്തിൽ വരുന്നത്. മാത്രമല്ല, എൻ.ഡി.എ മുന്നണിയിൽ ഒരൊറ്റ മുസ്‍ലിം അംഗം പോലും ലോക്സഭയിലില്ല. ബി.ജെ.പി രാജ്യത്തുടനീളം ഒരേയൊരു മുസ്ലിമിനെയാണ് മത്സരിപ്പിച്ചത്. മോദിയുടെ മുന്നിലെ വെല്ലുവിളികൾ രണ്ടാണ്. ഒന്ന് സർക്കാർ വഴി ഹിന്ദുത്വ രാഷ്ട്രം ശക്തിപ്പെടുത്തണം. ഒപ്പംതന്നെ കൂട്ടുകക്ഷികളെയും പ്രതിപക്ഷത്തെയും കൈകാര്യംചെയ്യണം. എളുപ്പമല്ല.
ഇതിനൊപ്പം മറ്റൊരു അപകടസാധ്യത ചിന്തകനും സാമൂഹിക പ്രവർത്തകനുമായ ആനന്ദ് തെൽതുംബ്ഡെയെപ്പോലുള്ളവർ ചൂണ്ടിക്കാട്ടുന്നുണ്ട്. മൂന്നാം മോദി സർക്കാർ അപകടം കുറഞ്ഞ സംവിധാനമാണെന്ന് കരുതുന്നത് അപകടമാണ് എന്നതാണ് അത്. അങ്ങനെ കരുതുന്ന ലാഘവത്തിന്റെ വഴികളിലൂടെ ഹിന്ദുത്വ കൂടുതൽ ശക്തമായി മുന്നേറും. അതിനാൽ, കൂടുതൽ വിശാലമായ ജാഗ്രതയോടെയുള്ള പ്രതിപക്ഷം കെട്ടിപ്പടുക്കുകതന്നെയാണ് ജനാധിപത്യവും മതേതരത്വവും ഉറപ്പാക്കാനുള്ള വഴികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.