കോഴിക്കോടിന് അർഹമായ അലങ്കാരമാണ് ആഗോള സാഹിത്യനഗരി എന്ന പദവി. ആ നേട്ടത്തിൽ ‘മാധ്യമ’ത്തിനും ആഴ്ചപ്പതിപ്പിനും വായനകുടുംബത്തിനും അഭിമാനിക്കാൻ ഏറെയുണ്ട്. നൂറ്റാണ്ടുകളുെട പാരമ്പര്യമുണ്ട് കോഴിക്കോടിന്. കൊളോണിയൽ അധിനിവേശത്തിനു മുമ്പും ലോകവ്യാപാര ഭൂപടത്തിൽ കോഴിക്കോട് ഉണ്ടായിരുന്നു. പിന്നെ വായനയുടെയും എഴുത്തിന്റെയും പ്രസാധനത്തിന്റെയും നഗരമായി കോഴിക്കോട്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലാവണം സാഹിത്യത്തിന്റെ ഊഷരതയിൽ കോഴിക്കോട് അമർന്നത്. അപ്പോൾ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ദേശീയപ്രസ്ഥാനം മുന്നേറിയ കാലംകൂടിയാണ്. സാഹിത്യത്തിന്റെ മാത്രമല്ല, സംഗീതത്തിെന്റയും കായികമികവിന്റെയും നഗരംകൂടിയാണ് കോഴിക്കോട്.
ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ-ശാസ്ത്ര-സാംസ്കാരിക സംഘടനയുടെ (യുനെസ്കോ) പട്ടികയിൽ കോഴിക്കോടിനെ ഉൾപ്പെടുത്തിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം ജൂൺ 23ന് നടന്നു. ഇന്ത്യയിൽനിന്നുള്ള ഏക സാഹിത്യനഗരംകൂടിയാണ് കോഴിക്കോട്. ലോകത്തെ സർഗാത്മക നഗരങ്ങളുടേതായ പട്ടികയിൽ യുനെസ്കോ പുതുതായി ചേർത്ത 55 സ്ഥലങ്ങളിലൊന്നാണ് നമ്മുടെ ഈ നഗരവും. സാഹിത്യനഗര പദവിയുടെ ഔദ്യോഗിക പ്രഖ്യാപനം പോർചുഗലിലെ ബ്രാഗ നഗരത്തിൽ നടന്നു.
േകാഴിക്കോടിനെ ഈ പദവിക്ക് അർഹമാക്കുന്ന പല ഘടകങ്ങളുണ്ട്. രണ്ട് ജ്ഞാനപീഠ ജേതാക്കളുടെ നഗരത്തിൽ 62 പൊതു ലൈബ്രറികളടക്കം 540ലധികം വായനശാലകളുണ്ട്. 17ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രചിക്കപ്പെട്ട ആദ്യകാല മാപ്പിളപ്പാട്ടായ ‘മുഹ്യിദ്ദീൻ മാല’ മുതൽ 19ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ‘കുന്ദലത’യും (അപ്പു നെടുങ്ങാടി), ‘ഇന്ദുലേഖ’യും (ഒ. ചന്തുമേനോൻ) കോഴിക്കോട്ടുനിന്നാണ് പുറത്തുവന്നത്. സ്വാതന്ത്ര്യസമരത്തിന്റെ ഉജ്ജ്വല പാരമ്പര്യം അവകാശപ്പെടുന്ന നഗരത്തിൽ അക്കാലത്ത് നിരവധി സാംസ്കാരിക സംഘങ്ങളും വായനശാലകളും പ്രസിദ്ധീകരണങ്ങളും ഉണ്ടായി. എസ്.കെ. പൊറ്റെക്കാട്ട്, വൈക്കം മുഹമ്മദ് ബഷീർ, എം.ടി. വാസുദേവൻ നായർ, എൻ.പി. മുഹമ്മദ്, യു.എ. ഖാദർ, തിക്കോടിയൻ, പി. വത്സല, ഉറൂബ്, കെ.ടി. മുഹമ്മദ് എന്നിങ്ങനെ ഈ നഗരത്തിൽ ജനിക്കുകയോ ഈ നഗരം കർമഭൂമിയായി തിരഞ്ഞെടുക്കുകയോ ചെയ്തവരും ധാരാളം.
സാഹിത്യനഗരി പദവിയിൽ ഒട്ടും ചെറുതല്ലാത്ത പങ്ക് നമുക്കുമുണ്ട്. കോഴിക്കോട് ആസ്ഥാനമായി പുറത്തിറങ്ങുന്ന സാംസ്കാരിക പ്രസിദ്ധീകരണം എന്നനിലക്കു മാത്രമാണ് ആ പദവിയിൽ നമ്മളും അഭിമാനിക്കുന്നത്. യഥാർഥത്തിൽ, ഈ അംഗീകാരം പുനർചിന്തക്കും പുനരർപ്പണത്തിനും കോഴിക്കോടിന് അവസരമാകണം.
സാഹിത്യത്തെയും സംസ്കാരത്തെയും കൂടുതൽ പുഷ്‍ടിപ്പെടുത്തുന്ന, നല്ല പ്രവർത്തനങ്ങളുമായി മൊത്തം കേരളത്തിനും മാതൃകയായി നഗരം മാറണം. സാംസ്കാരിക അധിനിവേശത്തിനും നവോത്ഥാന മൂല്യങ്ങളിൽനിന്നുള്ള പിന്തിരിഞ്ഞു നടത്തത്തിനുമെതിരെ ശക്തമായ ബദൽ സൃഷ്ടിക്കാനും കോഴിക്കോടിനാകണം. ജനാധിപത്യവും മതേതരത്വവും പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിൽ മുന്നേ നടക്കാൻ നഗരിക്ക് കഴിയട്ടെ. അതിൽ ആഴ്ചപ്പതിപ്പും അതിന്റേതായ പങ്കുവഹിക്കുമെന്ന് നിസ്സംശയം പറയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.