വീണ്ടുമൊരിക്കൽകൂടി അമേരിക്ക ആസ്ഥാനമായ ഓഹരി വിപണി ഗവേഷണ സ്ഥാപനം ഹിൻഡൻബർഗ് സുപ്രധാന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നു. അദാനി ഗ്രൂപ്പിന് ബന്ധമുള്ള വിദേശത്തെ കടലാസ് കമ്പനികളിൽ ‘സെബി’ ചെയർമാൻ മാധബി ബുച്ചിനും ഭർത്താവ് ദാവൽ ബുച്ചിനും നിക്ഷേപമുള്ളതായാണ് പുതിയ റിപ്പോർട്ടിൽ പറയുന്നത്. മൂലധന വിപണിയുടെ സുതാര്യതയും കാര്യക്ഷമതയും നിരീക്ഷിക്കുകയും നിക്ഷേപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നതിന് ചുമതലപ്പെടുത്തിയ സ്ഥാപനമാണ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അഥവാ സെബി.
ഭർത്താവിന്റെ കമ്പനിക്ക് വഴിവിട്ട സഹായങ്ങൾ നൽകി, അനധികൃതമായി ഓഹരികൾ കൈവശംവെച്ചു തുടങ്ങിയ ആരോപണങ്ങളും മാധബി ബുച്ചിനുനേരെ ഹിൻഡൻബർഗ് ഉയർത്തുന്നു. 2018ൽ മുഴുവൻ സമയ ‘സെബി’ ഡയറക്ടറായ മാധബി ബുച്ചിനെ 2022ലാണ് കേന്ദ്രസർക്കാർ ചെയർപേഴ്സനായി നിയമിച്ചത്.
രണ്ടു വർഷത്തിനിടയിൽ രണ്ടാം തവണയാണ് ഹിൻഡൻബർഗ് നിർണായക വെളിപ്പെടുത്തലുമായി റിപ്പോർട്ട് പുറത്തുവിടുന്നത്. ഗൗതം അദാനിയുടെ അദാനി ഗ്രൂപ് വിദേശത്ത് കടലാസ് കമ്പനികൾ രൂപവത്കരിച്ച് അവയിലൂടെ ഇന്ത്യയിലെ സ്വന്തം കമ്പനികളുടെ ഓഹരികളിൽ കൃത്രിമ വിലക്കയറ്റമുണ്ടാക്കി എന്നായിരുന്നു ആദ്യ റിപ്പോർട്ട്. വില കയറിയ ഓഹരികൾ ഉപയോഗിച്ച് വീണ്ടും സാമ്പത്തിക നേട്ടമുണ്ടാക്കിയതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇൗ റിപ്പോർട്ട് കോളിളക്കമുണ്ടാക്കി.
അന്ന് 10 ലക്ഷം കോടിയിലധികം രൂപയുടെ മൂല്യത്തകർച്ച രാജ്യത്തെ ഓഹരി വിപണികളിലുണ്ടായി. ഗൗതം അദാനിയുടെ ശതകോടീശ്വര സ്ഥാനത്തിന് ഇടിവു തട്ടുകയുംചെയ്തു. എന്നാൽ, അദാനിക്കെതിരെയല്ല കേന്ദ്രസർക്കാറും സെബിയും നിലകൊണ്ടത്. അദാനിയെ ന്യായീകരിച്ചു. സുപ്രീംകോടതിയിലടക്കം അനുകൂല നിലപാട് സ്വീകരിച്ചു. ഹിൻഡൻബർഗിനെ നിയമക്കുരുക്കിലാക്കി.
ഇപ്പോൾ ആരോപണവിധേയമായ നിക്ഷേപ വാർത്ത അദാനിയും സെബിയും മാധബിയും ഒരുപോലെ നിഷേധിച്ചിട്ടുണ്ട്. പക്ഷേ, രാജ്യത്തെ ഒാഹരി-മൂലധന വിപണിയിൽ ഗുരുതരമായ ആശയക്കുഴപ്പവും ആശങ്കയും വെളിപ്പെടുത്തൽ സൃഷ്ടിച്ചിട്ടുണ്ട്. കേന്ദ്ര ഭരണകൂടവും സെബിയും അദാനിയുമെല്ലാം ചേരുന്ന അവിശുദ്ധ കൂട്ടുകെട്ട് ഇപ്പോൾ ജനങ്ങൾക്ക് മുമ്പെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണെന്ന പതിവ് ന്യായമാണ് കേന്ദ്രവും മാധബിയും അദാനിയും ഉയർത്തുന്നത്.
അതിവിപുലവും അനുദിനം വളരുന്നതുമാണ് ഇന്ത്യൻ ഒാഹരി-മൂലധന വിപണി. ആഭ്യന്തര നിക്ഷേപകരിൽനിന്ന് വലിയതോതിൽ മൂലധനം വിപണിയിലേക്ക് എത്തുന്നു. രാജ്യാന്തര തലത്തിലെ പല സംഭവങ്ങളും ബാധിക്കാത്ത വിധത്തിൽ ഒാഹരിസൂചിക ഇടിയാതെ നിൽക്കുന്നു. നിക്ഷേപകരിലും സാമ്പത്തികരംഗത്തും വലിയ ആശങ്ക ഉയർത്തുന്നതാണ് ‘സെബി’ മേധാവിക്കെതിരായ റിപ്പോർട്ട്.
ഇപ്പോൾ അടിയന്തരമായി ചെയ്യേണ്ടത് സംശയത്തിന്റെ മുൾമുനയിലുള്ള മാധബിയെ മാറ്റിനിർത്തലാണ്. തുടർന്ന് എന്താണ് സംഭവിച്ചത് എന്ന് സർക്കാർ നിക്ഷേപകരോടും ജനങ്ങളോടും തുറന്നു പറയണം. നിക്ഷേപകരുടെ ആശങ്ക പരിഹരിക്കണം. സാമ്പത്തികരംഗത്ത് സുതാര്യത വീണ്ടെടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.