അങ്ങനെ, നിയമക്കുരുക്കും മറ്റും മറികടന്ന് ജസ്റ്റിസ് ഹേമ കമീഷൻ റിപ്പോർട്ട് ഒരു പരിധിവരെ വെളിച്ചം കണ്ടു. മലയാള സിനിമ-സീരിയൽ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടുന്ന പീഡനങ്ങളും ചൂഷണങ്ങളും വിവേചനവും ചൂണ്ടിക്കാട്ടുകയും പ്രതിവിധി നിർദേശിക്കുകയും ചെയ്യുകയായിരുന്നു ജസ്റ്റിസ് ഹേമ കമീഷന്റെ ചുമതല.
2017ൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് സിനിമാരംഗത്തെ വനിതാ കൂട്ടായ്മ ഡബ്ല്യു.സി.സി മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തെ തുടർന്നാണ് സർക്കാർ കമീഷനെ നിയോഗിച്ചത്. 2019 ഡിസംബറിൽ കമീഷൻ അതിന്റെ അന്വേഷണറിപ്പോർട്ട് പിണറായി സർക്കാറിന് സമർപ്പിച്ചു. എന്നാൽ, റിപ്പോർട്ട് വെളിച്ചം കാണാതെ നാലു വർഷം ഫയലിൽ ഉറങ്ങി. ഒടുവിൽ സംസ്ഥാന വിവരാവകാശ കമീഷൻ വ്യക്തികളെ ബാധിക്കുന്ന കാര്യങ്ങളൊഴിച്ചുള്ള ഭാഗങ്ങൾ പുറത്തുവിടണമെന്ന് ഉത്തരവിട്ടതോടെയാണ് കാര്യങ്ങൾ മാറിയത്. റിപ്പോർട്ട് മലയാള സിനിമയിലെ അേധാലോക മുഖമാണ് വെളിപ്പെടുത്തുന്നത്. അതേ അധോലോകത്തിന്റെ സമ്മർദത്തിന് സർക്കാറും വഴങ്ങി എന്നാണ് ഇതുവരെയുള്ള നടപടികൾ സൂചിപ്പിക്കുന്നത്.
പ്രമുഖരായ ചില നടന്മാരും സംവിധായകരും നിർമാതാക്കളും പ്രൊഡക്ഷൻ കൺട്രോളർമാരുംവരെ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നു, പല പ്രമുഖരും രാത്രി നടിമാരുടെ വാതിലിൽ മുട്ടുന്നത് പതിവാണ്, കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ടതല്ല, മുമ്പും സമാന സംഭവം നടന്നു തുടങ്ങിയ നിരവധി പരാമർശങ്ങൾ റിപ്പോർട്ടിലുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികൾവരെ ചൂഷണംചെയ്യപ്പെട്ടുവെന്നും 15 അംഗ ക്രിമിനൽ മാഫിയയാണ് മലയാള സിനിമയെ ഭരിക്കുന്നത് എന്നും പറയുന്ന റിപ്പോർട്ടിൽ പ്രമുഖ നടിമാർക്ക് ഒഴിച്ച് മറ്റു സ്ത്രീകൾക്ക് സിനിമ സെറ്റുകളിൽ മൂത്രമൊഴിക്കാനുള്ള സൗകര്യം ഉണ്ടാകാറിെല്ലന്നും യുവനടന്മാരിൽ പലരും ലഹരിക്ക് അടിമകളാണെന്നും സിനിമ മേഖലയിൽ കാസ്റ്റിങ് കൗച്ച് യാഥാർഥ്യമാണെന്നും വ്യക്തമാക്കുന്നു.
ഹേമ കമീഷൻ റിപ്പോർട്ടിലെ പരാമർശങ്ങളിൽ സത്യത്തിൽ പുതുമയില്ല. ഒളിഞ്ഞും തെളിഞ്ഞും സിനിമാ സെറ്റുകളിൽനിന്ന് വന്നുകൊണ്ടിരുന്ന വാർത്തകളുടെ അനുബന്ധമാണിത്. പക്ഷേ, ഇപ്പോൾ അതിന് ഒരു ഒൗദ്യോഗിക രൂപം കൈവന്നിരിക്കുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കേണ്ടതുണ്ട്. കുറ്റത്തെപ്പറ്റി പരാമർശിക്കുന്ന വിഷയങ്ങളിൽ സ്വമേധയാ കേസെടുത്ത് അന്വേഷണവും നടത്തണം. അതിഗുരുതരമാണ് ഹേമ കമീഷന്റെ കണ്ടെത്തലുകൾ. നടിമാരുടെ നേർക്കുള്ള ലൈംഗിക ചൂഷണമാണ് ഏറ്റവും ഗുരുതര വിഷയം. അതുപോലെ, പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾ വരെ ഈ ചൂഷണത്തിനിരകളായി എന്നതും. ഇത് പോക്സോ കേസ് ചുമത്തപ്പെടേണ്ട വിഷയമാണ്.
ഹേമ കമീഷൻ റിപ്പോർട്ട് വന്നതുമുതൽ വാർത്താമാധ്യമങ്ങളെ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാകും. തികഞ്ഞ പുരുഷാധിപത്യ ബോധത്തോടെയാണ് ഇൗ വിഷയം മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ‘പൈങ്കിളി’ വശങ്ങൾക്ക് ഉൗന്നൽ നൽകപ്പെടുന്നു. സ്ത്രീകൾ പലതിനും തയാറായിട്ടല്ലേ എന്ന വാദം വരുന്നു. അതേ ചോദ്യങ്ങളുമായി പലരും നടിമാരെ സമീപിക്കുന്നു. ശരിക്കും അതുതന്നെ മറ്റൊരു കുറ്റകൃത്യമാണ്.
യഥാർഥത്തിൽ വേണ്ടത് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റവാളികളെ കണ്ടെത്തി അറസ്റ്റ് ചെയ്ത് നടപടിയെടുക്കുകയാണ്. മലയാള സിനിമയെ അധോലോകത്തിൽനിന്നും ക്രിമിനൽ പിടിയിൽനിന്നും മോചിപ്പിക്കണം. സ്ത്രീകൾക്കും കുട്ടികൾക്കും ജൂനിയർ ആർട്ടിസ്റ്റുമാർക്കും അന്തസ്സോടെയും ചൂഷണം നേരിടാതെയും പണിയെടുക്കാൻ കഴിയുന്ന ഒരു മേഖലയായി സിനിമയെ നിലനിർത്തണം. അതിന് വാചാടോപങ്ങളല്ല, ക്രിയാത്മക ഇടപെടലുകളാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.