മനഃസാക്ഷിയുള്ള ഏവരെയും പലരീതിയിൽ പിടിച്ചുകുലുക്കുന്നതാണ് വയനാട്ടിൽനിന്ന് കഴിഞ്ഞയാഴ്ച വന്ന രണ്ട് വാർത്തകൾ. പുരോഗമനം, പ്രബുദ്ധം എന്നിങ്ങനെയുള്ള കേരളീയരുടെ അവകാശവാദങ്ങളെ മുഴുവൻ തച്ചുതകർക്കുന്നതാണ് രണ്ട് വാർത്തകളും. രണ്ടും മലയാളിയുടെ സങ്കുചിത വംശീയബോധത്തെയും സവർണവെറിയെയും വെളിപ്പെടുത്തി. രണ്ടും ഒറ്റപ്പെട്ട സംഭവങ്ങളല്ല. അങ്ങനെ ചുരുക്കിക്കാണാനും പാടില്ല.
ഡിസംബർ 15നാണ് രണ്ട് സംഭവവും നടന്നത്. ആദ്യത്തേത് വഴിയോരത്ത് കാർ യാത്രക്കാരുടെ തർക്കത്തിൽ ഇടപെട്ട, ആദിവാസിയായ മാതനെ കാറിൽ അര കിലോമീറ്റർ റോഡിലൂടെ വലിച്ചിഴച്ചതാണ്. ഒടുവിൽ മാതനെ വഴിയിൽ ഉപേക്ഷിച്ച് കാർയാത്രക്കാർ രക്ഷപ്പെട്ടു. മാനന്തവാടി പയ്യമ്പള്ളി കൂടൽക്കടവ് ചെമ്മാട് കോളനിക്കാരനാണ് അമ്പതു വയസ്സുകാരനായ മാതൻ. മാനന്തവാടിയിൽനിന്ന് 12 കിലോമീറ്റർ അകലെ കൂടൽക്കടവ് ജങ്ഷനിൽ വൈകീട്ടാണ് സംഭവം. കൂടൽക്കടവ് ചെക്ക് ഡാം സന്ദർശിക്കാനെത്തിയ രണ്ടു കാറിലുള്ളവർ തമ്മിൽ തർക്കമായി. കൈയാങ്കളിയിലെത്തിയ സംഭവം അനുനയിപ്പിക്കാനാണ് മാതൻ ശ്രമിച്ചത്. എറിയാൻ ശ്രമിച്ചയാളിൽനിന്ന് കല്ല് പിടിച്ചുവാങ്ങാൻ ശ്രമിച്ച മാതന്റെ വലതുകൈ കാറിന്റെ വാതിലിനിടയിൽപെട്ടു. ഈ കാർ മുന്നോട്ടെടുത്തു.
കാറിലുള്ളയാൾ മാതന്റെ കൈ കൂട്ടിപ്പിടിച്ചു. ഇതോടെ മാതനെ വലിച്ചിഴച്ച് കാർ മുന്നോട്ടുനീങ്ങി. നാട്ടുകാർ ഒച്ചവെച്ചിട്ടും ശ്രദ്ധിക്കാതെ അര കിലോമീറ്റർ പോയ കാർ മാതനെ ദാസനക്കര ജങ്ഷനിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. അരക്ക് താഴെയും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ മാതനെ പിന്നാലെ എത്തിയ നാട്ടുകാരാണ് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
വലിച്ചിഴച്ച കാറിന് പിറകിൽ വന്ന കാറിലുണ്ടായിരുന്നവർ പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ പടർന്നു. ഇത് ഒരാളെ കാറിൽ വലിച്ചിഴച്ചുവെന്ന അപകടകരമായ കൃത്യം മാത്രമല്ല. തുറന്ന രീതിയിലുള്ള വംശീയ കടന്നാക്രമണംകൂടിയാണ്. വിനോദസഞ്ചാരത്തിന് വന്ന ആളുകൾ ‘മാതനായിരുന്നില്ല’ അവിടെ എങ്കിൽ ഇൗ കൃത്യം ചെയ്യില്ല. ആദിവാസി, ദലിത് വിഭാഗങ്ങളോട് എന്തുമാവാം എന്ന വിഷലിപ്തമായ ചിന്ത തന്നെയാണ് ഇൗ കൃത്യത്തിന്റെ അടിസ്ഥാനം.
അടുത്തത് പട്ടികജാതി-പട്ടികവർഗ മന്ത്രി ഒ.ആർ. കേളുവിന്റെ മണ്ഡലമായ മാനന്തവാടിയിലാണ് നടന്നത്. പട്ടികവർഗ വകുപ്പ് ആംബുലൻസ് ഏർപ്പെടുത്താത്തതിനാൽ ആദിവാസി വയോധികയുടെ മൃതദേഹം സംസ്കരിക്കാൻ കൊണ്ടുപോയത് ഓട്ടോറിക്ഷയിലായിരുന്നു. എടവക വീട്ടിച്ചാൽ നാലു സെന്റ് കോളനിയിലെ പരേതനായ കയമയുടെ ഭാര്യ ചുണ്ടക്കാണ് (98) ഈ ദുർഗതി വന്നത്. 15ാം തീയതി രാത്രിയാണ് വാർധക്യസഹജ അസുഖത്തെ തുടർന്ന് ചുണ്ട മരിച്ചത്.
അപ്പോൾ മുതൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പട്ടികവർഗ വകുപ്പ് ഉദ്യോഗസ്ഥരും ട്രൈബൽ പ്രമോട്ടറുമായി ബന്ധപ്പെട്ട് ആംബുലൻസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ട്രൈബൽ പ്രമോട്ടർ തിരിഞ്ഞുനോക്കുകപോലും ചെയ്തില്ല. അടുത്തദിവസം ഉച്ചയോടെ ഓട്ടോറിക്ഷ വിളിച്ച് രണ്ട് കി.മീറ്റർ ദൂരത്തെ എള്ളുമന്ദം സമുദായ ശ്മശാനത്തിൽ മൃതദേഹം എത്തിച്ച് സംസ്കരിച്ചു. ആംബുലൻസ് സ്ഥലത്തില്ലാത്തതിനാലാണ് നൽകാൻ കഴിയാത്തതെന്നാണ് ട്രൈബൽ അധികൃതർ നൽകുന്ന വിശദീകരണം.
ഒരു സമൂഹത്തിന്റെ മുന്നേറ്റം, പുരോഗമനം എന്നിവയുടെ അടയാളം ആ സമൂഹം പൊതുവിൽ അതിലെ ദുർബല, ന്യൂനപക്ഷ വിഭാഗങ്ങളോട് എങ്ങനെ പെരുമാറുന്നുവെന്നതിലാണ് വ്യക്തമാവുക. സമത്വത്തോടെ, തങ്ങൾക്ക് തുല്യരായ ഒരു ജനവിഭാഗമായി സമൂഹത്തിലെ മറ്റു വിഭാഗങ്ങളെയും ഭൂരിപക്ഷസമുദായത്തിന് പരിഗണിക്കാൻ കഴിയുന്നില്ലെങ്കിൽ ആ സമൂഹത്തിന് ഗുരുതരമായ കുഴപ്പം ബാധിച്ചുവെന്നാണർഥം.
ആദിവാസി സമൂഹത്തിലെ ഒരംഗത്തിന്റെ അന്ത്യകർമത്തിന് ആംബുലൻസ് വിട്ടുനൽകാൻ ‘മുഖ്യധാര’ക്ക് കഴിയുന്നില്ലെങ്കിൽ ആ സമൂഹം ഒട്ടും പുരോഗമിച്ചിട്ടില്ല, മനുഷ്യരെ മനുഷ്യരായി കാണാൻ കഴിയുന്നില്ല എന്ന് തന്നെയാണർഥം. ഗുരുതരമായ ഇൗ അവസ്ഥയുമായി കേരളീയ സമൂഹം മുന്നോട്ടുപോകുന്നതിൽ അർഥമില്ല. ശരിയായ, ശാസ്ത്രീയ ചികിത്സ ‘പ്രബുദ്ധകേരള’ത്തിന് ആവശ്യമാണ് എന്ന് ചുരുക്കം. അത് ഇനിയും വൈകിക്കൂടാ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.