രാജ്യത്തിന്റെ ചരിത്രത്തിൽ നിർണായകമായ വർഷമാണ് കടന്നുവരുന്നത്. അതിൽ ഏറ്റവും പ്രധാനം ജനുവരി 26ന് നമ്മുടെ ഭരണഘടനക്ക്, റിപ്പബ്ലിക്കിന് 75 വർഷം പൂർത്തിയാകുമെന്നതുതന്നെയാണ്.
മനുഷ്യായുസ്സിെന ആധാരമാക്കിയാൽ 75 വലിയ പ്രായമാണ്. വാർധക്യത്തിലേക്ക് നീങ്ങുന്ന കാലം. എന്നാൽ, ചരിത്രത്തെ സംബന്ധിച്ചും രാജ്യത്തെ സംബന്ധിച്ചും 75 വർഷം ചെറിയ കാലയളവാണ്. പക്ഷേ, കാലത്തിന്റെ ഹ്രസ്വതയോ ദൈർഘ്യമോ അല്ല വിഷയം. ഇൗ ഏഴരപ്പതിറ്റാണ്ട് നമ്മൾ, രാജ്യം എങ്ങനെ ജീവിച്ചുവെന്നത് തന്നെയാണ്.
ഭരണഘടന വീണ്ടും വീണ്ടും ചർച്ചയാകുന്ന ചരിത്രനിമിഷങ്ങളിലാണ് നമ്മൾ ജീവിക്കുന്നത്. ഭരണഘടന എഴുതി തയാറാക്കുന്നതിൽ മുന്നിൽ നിന്ന ഡോ. ബി.ആർ. അംബേദ്കറടക്കം വലിയ രീതിയിൽ ഭരണ-സവർണ വിഭാഗങ്ങളിൽനിന്ന് അവമതി നേരിടുന്ന കാലംകൂടിയാണിത്. മതനിരപേക്ഷതയും ജനാധിപത്യവും വലിയ വെല്ലുവിളികൾ നേരിടുന്ന സമയം.
75 വർഷ കാലയളവിൽ ഭരണഘടന പലതവണ, പലരീതിയിൽ അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. ജനാധിപത്യത്തിന്റെ പേര് പറഞ്ഞ്, ജനാധിപത്യത്തിലൂടെ അധികാരത്തിൽ വന്നവർതന്നെ ഭരണഘടനയെയും അതിന്റെ മൂല്യങ്ങളെയും അട്ടിമറിക്കുകയും നോക്കുകുത്തിയായി നിർത്തുകയുംചെയ്തു. അടിയന്തരാവസ്ഥയിൽ ഭരണഘടനതന്നെ ഇല്ലാതായി. ഇപ്പോൾ തുടരുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയിലോ?
ഭരണഘടനതന്നെയാകണം നമ്മുടെ ചർച്ചയിൽ നിറയേണ്ടത്. നമുക്ക് പോരാടാനും അതിജീവിക്കാനും മുന്നിൽ മാർഗദർശിയായി ഭരണഘടനയാണുള്ളത് –അത് തയാറാക്കിയവരുടെ വലിയ മൂല്യങ്ങളും. ഹിന്ദുത്വ ഫാഷിസത്തിന്റെ തള്ളിക്കയറ്റം ഭരണഘടനയെ സർവമേഖലകളിലും ശക്തമല്ലാത്ത ആയുധമാക്കി മാറ്റിയിട്ടുണ്ട്.
ഭരണഘടന അനുസരിച്ച് വിധി പുറപ്പെടുവിക്കേണ്ട കോടതികളും നീതി പലപ്പോഴും മറന്നു, മറന്നുകൊണ്ടിരിക്കുന്നു. രാജ്യഭരണം കൈയാളുന്ന ഹിന്ദുത്വ ഫാഷിസത്തിന്റെ സംഘടനാരൂപമായ ആർ.എസ്.എസിന് 100 വർഷം തികയുന്നുവെന്നും മറന്നുകൂടാ.
ഇൗ ചരിത്ര പശ്ചാത്തലത്തിൽ ഭരണഘടനയെപ്പറ്റി, രാജ്യത്തെപ്പറ്റി കൂടുതൽ ആഴത്തിൽ ചർച്ചചെയ്യേണ്ടതുണ്ട്. പുതുവർഷത്തിലെ ആദ്യ ലക്കം അതിന് വേദിയാവുകയാണ്. തുടർ ലക്കങ്ങളിലും ഭരണഘടനയെ നമ്മൾ കൂടുതൽ ഉയർത്തിപ്പിടിക്കും.
പുതുവർഷം രാജ്യത്തിനും ജനങ്ങൾക്കും അഭിമാനിക്കുന്ന മുഹൂർത്തങ്ങൾ നൽകെട്ട എന്നാശംസിക്കുന്നു. വെറുപ്പിന്റെ ദംഷ്ട്രകൾ ആഴാത്ത, ജനാധിപത്യത്തിന്റെ വലിയ വിജയങ്ങൾ ഉറപ്പിക്കുന്ന വർഷമാകെട്ട. ഇൗ രാജ്യത്തിനും ജനതക്കും അതിജീവിക്കേണ്ടതുണ്ട്. നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.