‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’: ചെലവ് ചുരുക്കൽ വാദങ്ങൾ കപടമാണ്

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ വാദം സാധൂകരിക്കാനായി കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്ന പ്രധാനവാദമാണ് തെരഞ്ഞെടുപ്പിന്റെ ചെലവ് ചുരുക്കൽ. ഈ വാദത്തിന്റെ നിജസ്ഥിതി പരിശോധിക്കുന്നു. മധുര സെൻട്രൽ എം.എൽ.എയും തമിഴ്നാട് പബ്ലിക് അക്കൗണ്ട് കമ്മിറ്റി അംഗവും ഡി.എം.കെ ഐ.ടി വിങ് തലവനുമാണ് ലേഖകൻ.  

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിർദേശം രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന ഫെഡറൽ സംവിധാനത്തെ തന്നെ പച്ചയായി ലംഘിക്കുന്നതാണ്. ഒന്നിച്ച് അഞ്ചുവർഷത്തിലൊരിക്കൽ ഇത് നടത്തുന്നതിലെ നിയമപരവും ഘടനാപരവുമായ വെല്ലുവിളികൾ നിരവധി പേർ മുമ്പുതന്നെ ഇത് വ്യക്തമാക്കിയതാണ്. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പി’ലെ പ്രഥമ തെരഞ്ഞെടുപ്പ് നടത്താൻ നിലവിലുള്ള സഭകൾ സമയമെത്താതെ പിരിച്ചുവിടുന്നതിലെ അസാംഗത്യം ഒരു ഉദാഹരണം. ഇടക്ക്, ഭൂരിപക്ഷം നഷ്ട​മായാലുള്ള ​പ്രശ്നം വേറെ. അഞ്ചു വർഷം തികയുംവരെ ഇടക്കാല തെരഞ്ഞെടുപ്പ് വേറെ ​നടത്തി ചിലവ് ഇരട്ടിയാക്കുന്നതാകുമോ പോംവഴി. അതല്ല, ഭൂരിപക്ഷമില്ലാത്ത സർക്കാരിനെ തുടരാൻ അനുവദിക്കലോ? അങ്ങനെ ​വരുമ്പോൾ ഭൂരിപക്ഷമില്ലാത്തതിനെ തുടർന്ന് ബില്ലുകൾ പാസ്സാക്കലടക്കം പ്രതിസന്ധിയാകുമെന്നത് മറ്റൊന്ന്.

ചെലവു ചുരുക്കൽ വാദം എന്തുകൊണ്ട് ദുർബലമാകുന്നു?

ഈ നീക്കം വഴിയുള്ള ആരോപിത ആനുകൂല്യങ്ങളിൽ ഒന്ന് ചെലവു ചുരുക്കലാണ്. അതുപക്ഷേ, വസ്തുതകൾ പരിശോധിച്ചാൽ ലളിതമായി തള്ളിപ്പോകും. സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ചെലവ് മുറിച്ചുപറഞ്ഞാൽ ഒരു എം.എൽ.എക്ക് ഒരു കോടി വീതവും (അവസാനത്തെ കർണാടക തെരഞ്ഞെടുപ്പിൽ വ്യക്തമാക്കിയ കണക്കുകൾ പ്രകാരം) മൊത്തമായിട്ടാണെങ്കിൽ എല്ലാ സംസ്ഥാനങ്ങൾക്കും കൂടി 4,150 കോടി മുതൽ 5,500 കോടി വരെയുമാണ്. ഇത് വലിയ ഒരു സംഖ്യയാണെങ്കിലും (അതും ഒരു ഭരണഘടനാജനാധിപത്യത്തിൽ വോട്ടറുടെ അവകാശം വിനിയോഗിക്കാൻ വേണ്ടിയാണ്) എല്ലാ സംസ്ഥാനങ്ങളുടെയും അഞ്ചു വർഷത്തെ മൊത്തം ബജറ്റ് തുക പരിഗണിച്ചാൽ ഒന്നുമല്ല.


തമിഴ്നാട് ഒരു ഉദാഹരണമായി എടുക്കാം. 234 തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരാണ് അവിടെയുള്ളത്. അഞ്ചു വർഷത്തിലൊരിക്കൽ തെരഞ്ഞെടുപ്പിന് സംസ്ഥാനത്ത് ചെലവ് 250 കോടിയാകും. ഈ ചെലവ് ജനാധിപത്യം നടപ്പാക്കുകയെന്ന അതിനിർണായക ദൗത്യത്തിനു വേണ്ടിയാണ്. തമിഴ്നാടിന്റെ അഞ്ചു വർഷത്തെ ശരാശരി ബജറ്റ് തുകയുമായി ഒത്തുനോക്കുക- 15ാം നിയമസഭയിലിത് ഏകദേശം എന്റെ കണക്കുകൂട്ടൽ 13 ലക്ഷം കോടിയാണ്. അതുമല്ലെങ്കിൽ ഒരു എം.എൽ.എക്ക് അനുവദിക്കുന്ന മണ്ഡല വികസന ഫണ്ട് മാത്രം പരിഗണിക്കുക. ഒരു വർഷം ഒരു എം.എൽ.എക്ക് 2.50 കോടി പ്രകാ​രം 2,925 കോടി (ബജറ്റിന്റെ 0.23 ശതമാനം) ആണിത്.

അങ്ങനെ വരുമ്പോൾ അഞ്ചു വർഷത്തിലൊരിക്കൽ വരുന്ന തെരഞ്ഞെടുപ്പ് സംസ്ഥാന ബജറ്റ് തുകയുടെ 0.2 ശതമാനം മാത്രമേ വരുന്നുള്ളൂ. എം.എൽ.എമാരുടെ മണ്ഡല വികസന ഫണ്ടിന്റെ എട്ടു ശതമാനവും. യുക്തിബോധമുള്ള ആളുകൾക്ക് മുമ്പിൽ ഈ ചെലവ് ചുരുക്കൽ വാദം ഇവിടെ അവസാനിക്കും.

അതിനൊപ്പം, ചെലവു ചുരുക്കൽ വിഷയം എടുത്തിടുമ്പോൾ സംസ്ഥാനങ്ങളും കേന്ദ്രവും ചില ചോദ്യം ചെയ്യപ്പെടാവുന്ന വിഷയങ്ങളിൽ നടത്തുന്ന ചെലവിടൽ മാമാങ്കങ്ങളും പരിഗണിക്കാതെ വയ്യ (പ്രതിമകൾക്കായി അനേകായിരം കോടികൾ, പ്രചാരണങ്ങൾക്കായി വേറെയും അനേകായിരങ്ങൾ). ഇത്രയും ചെലവിടുന്നതിനിടെ, ബജറ്റിൽ വകയിരുത്തിയിട്ടും ഫണ്ടില്ലെന്നു പറഞ്ഞ് നടപ്പാക്കാത്തവ വേറെ. (സെസ് ഫണ്ടുകൾ 1,30,000 കോടി രൂപ ചെലവാക്കാത്തതായി 2016ലെ സി.എ.ജി റി​പ്പോർട്ട്).

തെരഞ്ഞെടുപ്പ് പ്രക്രിയ ഒന്നിച്ചാക്കിയാലും കാര്യമായ സാമ്പത്തിക ലാഭം ഉണ്ടാകുമോയെന്നും വ്യക്തമല്ല. തെരഞ്ഞെടുപ്പ് കമീഷന് വളരെ കുറച്ച് മുഴുസമയ ജീവനക്കാർ മാത്രമാണുള്ളത്. എക്സ് ഒഫീഷ്യോ പ്രതിനിധികളെ (ഉദാഹരണത്തിന് ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ജില്ലാ കലക്ടറാണ്) വെച്ചും മറ്റു ജീവനക്കാരെ ഇതിന്റെ ഭാഗമാക്കിയും (വോട്ടർ പട്ടിക, പോളിങ് എന്നിവക്ക് തദ്ദേശ ജീവനക്കാർക്കാണ് ചുമതല) ആണ് കാര്യങ്ങൾ ചലിപ്പിക്കാറ്. ഒറ്റ ദിവസത്തേക്ക് ഇരട്ടി വോട്ടിങ് യന്ത്രങ്ങൾ എത്തിക്കുന്നതും കൈകാര്യം ചെയ്യുന്നതുമാകുമ്പോഴുള്ള ചെലവും പകുതി ആകുമ്പോഴുള്ള ചെലവിലുമുണ്ടാകും വ്യത്യാസം. രണ്ടാമതായി കൂടുതൽ വിശ്വാസ്യവും ​ഫലപ്രദവുമാകുമെന്നത് വേറെ കാര്യം. അപ്പോൾ സ്ഥിരമായതും മാറിവരുന്നതുമായ ചെലവുകൾ തുലനം ചെയ്യുമ്പോൾ സ്വാഭാവികമായും ഒന്നിച്ചാക്കുമ്പോൾ ചെലവു ചുരുക്കാമെന്ന വാദം ദുർബലമാകും.

തെരഞ്ഞെടുപ്പുകളിൽ എന്തുകൊണ്ട് കൂടുതൽ ചെലവഴിക്കണം?

പൊതു/സർക്കാർ വിഭവങ്ങൾ ചുരുക്കാമെന്നത് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പി’ന് ന്യായമാകുന്നില്ലെങ്കിൽ രാഷ്ട്രീയ കക്ഷികളുടെ ചെലവഴിക്കൽ എന്താകും? തീർച്ചയായും തെരഞ്ഞെടുപ്പുകളുടെ എണ്ണം കുറയുമ്പോൾ പാർട്ടികൾക്ക് ചെലവും കുറയും. പക്ഷേ, രാഷ്ട്രീയ കക്ഷികളുടെ ചെലവ് കുറക്കാൻ വേണ്ടി മാത്രം ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂട് ബലികഴിക്കണം? രോഗിയുടെ രോഗം ചികിത്സിക്കാൻ ഡോക്ടറെ കൈയാമം വെക്കുംപോലെയാകും ഇത്!

സ്ഥാനാർഥിയായി തെ​ര​ഞ്ഞെടുപ്പ് പ്രക്രിയയിൽ എന്റെ പങ്കാളിത്തം വെച്ചും, സ്വന്തം കക്ഷിയിൽ വിവരങ്ങളും മറ്റു പ്രക്രിയകളുമടക്കം നോക്കുന്ന വിഭാഗത്തിന്റെ മേധാവിയെന്ന നിലക്കും എനിക്ക് പറയാനുള്ളത് യഥാർഥ ജനാധിപത്യം പുലരുന്നുവെന്ന് ഉറപ്പാക്കാൻ തെ​രഞ്ഞെടുപ്പ് പ്രക്രിയയിൽ ചെലവ് കുറക്കുകയല്ല, ഉയർത്തുകയാണ് വേണ്ടത് എന്നാണ്.

അടിസ്ഥാന പ്രക്രിയകളിൽ തന്നെ ആഴത്തിൽ വേരുപതിഞ്ഞ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. പേരുചേർക്കലും കളയലുമടക്കം നിരവധി വീഴ്ചകളുള്ള വോട്ടർ പട്ടികയിൽ തുടങ്ങും അത്. വോട്ടർമാരെ ​പ്രായം പരിഗണിച്ചുള്ള പട്ടിക പരിശോധിച്ചാൽ 18-25 വയസ്സുകാർ വോട്ടർപട്ടികയിൽ പേരു ചേർക്കുന്നത് കുറവാണ്. തെറ്റായി വോട്ടർമാരെ ചേർക്കുന്നത് പറയാൻ 2017ലെ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ് മാത്രം മതി. ഇവിടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ 47,000 പേരുകളാണ് ഒഴിവാക്കിയത്. 2017 ഏപ്രിലിൽ നിശ്ചയിച്ച് പിന്നീട് ഡിസംബറിൽ രണ്ടു ഘട്ടങ്ങളിലായാണ് ഇവിടെ തെരഞ്ഞെടുപ്പ് നടത്തിയിരുന്നത്.

അവയത്രയും കളഞ്ഞ ശേഷം വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ പിന്നെയും നൂറുകണക്കിന് പേർ വ്യാജന്മാരോ വിശദീകരണം സാധ്യമല്ലാത്തവരോ ആയി കയറിക്കൂടിയതായി ഞങ്ങൾ കണ്ടെത്തി. വിഷയം കമീഷൻ സി.ഇ.ഒക്ക് മുമ്പാകെ ഞങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. ശരിക്കും അമ്പരപ്പിച്ച് ഒരു വോട്ടർ തിരിച്ചറിയൽ രേഖ ആറു തവണയാണ് അഞ്ചു ബൂത്തുകളിലായി ചേർത്തിരുന്നത്. 26കാരിയായ ഒരു ഹിന്ദു വനിത ഒരേ പേരിൽ അഞ്ചു വട്ടവും ഒരു തവണ 43കാരനായ ഒരു മുസ്‍ലിം പേരിലും ചേർത്തിരുന്നത്.


തെരഞ്ഞെടുപ്പ് ദിവസം പോളിങ് ബൂത്തുകളിൽ നിൽക്കുന്നവർക്ക് സമാന ആധികൾ വേണ്ടുവോളമുണ്ടാകും. തെരഞ്ഞെടുപ്പ് ചുമതലയിലുള്ള സർക്കാർ ജീവന​ക്കാരോ (ബൂത്ത് ഓഫീസർമാർ), ബൂത്ത് ഏജന്റുമാരോ (എല്ലാ കക്ഷികളുടെയും) ആവശ്യമായ നടപടിക്രമങ്ങൾ സംബന്ധിച്ച് പൂർണമായി പരിശീലനം നൽകപ്പെട്ടവരാകില്ല. വിശിഷ്യാ, മനഃപൂർവമല്ലാത്ത (ദുരുദ്ദേശ്യപരമായവ തീരെയും) തകരാറുകൾ വന്നാൽ (ഉച്ചസമയത്ത് വോട്ടിങ് ​മെഷീൻ തകരാറിലാകൽ ഉദാഹരണം) എന്തു ചെയ്യണമെന്നത് ഉദാഹരണം. പലയിടത്തും ബൂത്ത് ഓഫീസർമാർ സ്ഥാനാർഥികളുടെ ഏജന്റുമാരെ കൊണ്ട് വിവരങ്ങൾ പൂർത്തിയായി ചേർക്കാതെ ഫോം 17 സി (വോട്ടിങ് പൂർത്തിയായ ശേഷമാകും അവസാന പോളിങ് എണ്ണം പ്രഖ്യാപിക്കുകയെന്നത്) രാവിലെ തന്നെ ഒപ്പുചാർത്തിക്കുന്നതു കണ്ടു.

തെരഞ്ഞെടുപ്പ് കമീഷൻ ഔദ്യോഗിക സംവിധാനങ്ങൾ വഴി അറിയിക്കുന്ന വിവരങ്ങളും വോട്ടർ പട്ടികയും തമ്മിൽ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പല ഘട്ടങ്ങളിലും ചേർച്ചയില്ലായ്മയുമുണ്ട്. അവസാന പൊതു ​തെരഞ്ഞെടുപ്പിൽ കമീഷൻ ചുരുക്കപ്പട്ടികയിലും ഫോം 17സിയിലുമുള്ള മൊത്തം വോട്ടുകളുടെ എണ്ണത്തിൽ നൂറുകണക്കിന് വ്യത്യാസങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. മിക്കതിലും ചെറിയ വോട്ടുകളായിരുന്നു വ്യത്യാസപ്പെട്ടത്. എന്നാൽ, ചിലയിടത്ത് ഇത് നൂറുകണക്കിനുണ്ട്. ഞങ്ങളുടെ പാർലമെന്റംഗം ഇടപെട്ട് പലയിടത്തെയും വ്യത്യാസം വോട്ടെടുപ്പിന് മുമ്പു തന്നെ ശരിയാക്കാനായി. പലതും ക്ലറിക്കൽ തെറ്റുകളെന്ന നിലക്കാണ് പിൻവലിച്ചത്.

ഇതിൽ ഏറ്റവും മോശമായത്, ഓരോ പൊതു തെരഞ്ഞെടുപ്പിലും എല്ലാ മണ്ഡലങ്ങളിലെയും വോട്ടിങ് ദിവസത്തെ ബൂത്തുതല കണക്കുകളും വോട്ടെണ്ണൽ ദിനത്തി​ലെ കണക്കുകളും തമ്മിലും വ്യത്യാസമുണ്ടാകുന്നു. വോട്ടു ചെയ്തതിനെക്കാൾ വോട്ടെണ്ണലിൽ വോട്ടുകളുണ്ടാകുന്നു, ചിലയിടത്ത് വോ​ട്ടു ചെയ്തതിനെക്കാൾ എണ്ണുമ്പോൾ കുറയുന്നു.

ഈ പൊരുത്തക്കേടുകളിൽ ഗൂഢാലോചനയുണ്ടെന്ന് ഞാൻ ആരോപിക്കുന്നില്ല. ‘താൽകാലിക’മെന്ന് ടാഗ് നൽകി എല്ലാ സംഭവങ്ങളിലും തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരണം നൽകുകയും ചെയ്യും. എന്നാൽ, ഒരേ പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിൽ ഇങ്ങനെ പൊരുത്തക്കേടുകൾ ആവർത്തിക്കുന്നത് തീർച്ചയായും ഇവിടെ സുപ്രധാനമായ പരിഷ്‍കരണം വേണ്ടിയിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. ആവശ്യമായ സാമ്പത്തിക, മനുഷ്യ വിഭവം അധികമായി നൽകാതെ ഈ പരിഷ്‍കരണമുണ്ടാകില്ലെന്നുറപ്പ്.

തെരഞ്ഞെടുപ്പുകൾക്കു വേണ്ടി നാം കൂടുതൽ ചെലവിടണം. കുറക്കുകയല്ല വേണ്ടത്. എല്ലാ ജനാധിപത്യത്തിലെയും പവിത്രമായ ​ഈ പ്രക്രിയ സുതാര്യവും വിശ്വാസ്യവും ഒപ്പം തെറ്റില്ലാതെ നടക്കുന്നുവെന്ന് അപ്പോഴേ ഉറപ്പാക്കാനാകൂ.

സ്വതന്ത്ര വിവർത്തനം: കെ.പി മൻസൂർ അലി
കടപ്പാട്: thewire.in

Tags:    
News Summary - One Nation, One Election: A Poor Argument for Cost Savings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.