മാർച്ച് മാർച്ച് മാർച്ച് (സംവി: കാത്തു ലൂക്കോസ്) ,ഇൻ ദി ഷെയ്ഡ്സ് ഓഫ് ഫോളൻ ചിനാർ (സംവി: ഫാസിൽ എൻ സി, ഷോൺ സെബാസ്റ്റ്യൻ), അൺബെയ്റബിൾ ബീയിങ് ഓഫ് നത്തിംഗ്നെസ് (സംവി: രാമചന്ദ്ര പി എൻ) എന്നിവയ്ക്കാണ് അനുമതി നിഷേധിക്കപ്പെട്ടത്. ജെ.എൻ.യു സമരം, കാശ്മീരിലെ സിവിലിയന്മാരുടെ സംഘർഷഭരിതമായ ജീവിതം, രോഹിത് വെമൂലയുടെ ആത്മഹത്യ എന്നിവയാണ് ഇവയുടെ പ്രമേയങ്ങൾ യഥാക്രമം.
പ്രത്യക്ഷമായി രാഷ്ട്രീയ രേഖീകരണങ്ങൾ ഉൾപ്പെടുന്ന രചനകൾക്ക്, പ്രധാനമായും ഡോക്യുമെൻററികൾക്ക് ഇന്നത്തെ സാഹചര്യത്തിൽ സർക്കാർ സ്പോൺസേർഡ് ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശനം പൊതുവേ അസാധ്യമാണ്.
വൈരുദ്ധ്യം എന്ന് പറയാവുന്ന ഒരു കാര്യം 2017 ലെ IDSFFK നടക്കുന്നതിന് ഏതാനും മാസങ്ങൾക്കു മുമ്പ് സംഘടിപ്പിക്കപ്പെട്ട ഫിലിം സൊസൈറ്റി ഫെഡറേഷൻ കേരള ഘടകം നടത്തിയ സൈൻസ് ഡോക്യുമെൻററി ഹ്രസ്വചിത്രമേളയിൽ ഇൻ ദി ഷെയ്ഡ്സ് ഓഫ് ഫാളൻ ചിനാറിന് പുരസ്കാരം ലഭിച്ചിട്ടുണ്ട് എന്നതാണ്. ഒരേ സംസ്ഥാനത്ത് നടക്കുന്ന ഒരു മേളയിൽ പുരസ്കാരം ലഭിക്കുക, മറ്റൊരു മേളയിൽ അതേ ചിത്രം പ്രദർശനത്തിന് വിലക്ക് നേരിടുക!
ഒരു സ്വതന്ത്ര ചലച്ചിത്രമേളയുടെ പ്രസക്തിയും ദൗത്യവും എന്താണെന്ന് അറിയാൻ മറ്റൊരു തെളിവ് വേണ്ടതില്ല.
2005ൽ സൈൻസ് ആരംഭിക്കുമ്പോൾ ഫിലിം സൊസൈറ്റി ഫെഡറേഷൻ ആലോചിച്ച മൂന്നു കാര്യങ്ങൾ ഇവയാണ്, ഇന്ത്യയിൽ ഉണ്ടാക്കുന്ന ഡിജിറ്റൽ ഫോർമാറ്റിലുള്ള ഡോക്യുമെൻററികൾ ഹ്രസ്വചിത്രങ്ങൾ എന്നിവയ്ക്ക് ഒന്നിച്ചൊരു പ്രദർശന വേദി ഒരുക്കുക, വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ജനങ്ങൾക്ക് അത് കാണാൻ അവസരം ഉണ്ടാവുക, ഈ സിനിമകളുടെ സംവിധായകർക്കും അതിനു പിന്നിൽ പ്രവർത്തിച്ചവർക്കും പരസ്പരം കാണാനും ആശയങ്ങൾ പങ്കിടാനും തങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും ഫെസ്റ്റിവൽ വേദിയിൽ അവസരം ഉണ്ടാക്കുക.
സൈൻസ് ഫെസ്റ്റിവലിന്റെ പതിനേഴാമത് എഡിഷൻ തിരൂരിലുള്ള തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിൽ സംഘടിപ്പിക്കുമ്പോഴും ഈ ലക്ഷ്യങ്ങൾ എല്ലാറ്റിൻ്റേയും പ്രാധാന്യം മാറ്റമില്ലാതെ തുടരുകയാണ്.
സൈൻസിലൂടെ ആദ്യ സിനിമ പ്രദർശിപ്പിച്ച് വളർന്നുവന്ന സംവിധായകർ നിരവധിയാണ്. ഹോബം പബൻകുമാർ എന്ന മണിപ്പൂരി സംവിധായകന്റെ ആദ്യ ഡോക്യുമെൻററി ആയ AFSPA 1956 ആദ്യമായി അവാർഡ് നേടുന്നത് സൈൻസിൽ ആണ്.
മണിപ്പൂരിൽ(വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ എല്ലായിടത്തും) നിലനിൽക്കുന്ന മനുഷ്യാവകാശ വിരുദ്ധ നിയമമായ ആമ്ഡ് ഫോഴ്സസ് സ്പെഷ്യൽ പവർ ആക്ട് (AFSPA) പിൻവലിക്കുന്നതിനായി മണിപ്പൂരി ജനത നടത്തിയ സമാനതകളില്ലാത്ത സമരപരമ്പര ഒരു ഡയറി പോലെ രേഖപ്പെടുത്തിയ ചിത്രമാണ് AFSPA 1956.
മനോരമ ദേവി എന്ന യുവതിയെ പട്ടാളക്കാരെന്നു കരുതുന്നവർ (അസം റൈഫിൾസ്) കൂട്ട ബലാൽസംഗം ചെയ്തു കൊന്ന് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിന് ശേഷമാണ് ഇംഫാൽ നഗരത്തിൽ സമര പ്രവർത്തനങ്ങൾ രൂക്ഷമായത്. ഏകദേശം ഇതേ കാലയളവിലാണ് ഇറോം ശർമിള അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. സൈൻസിൽ അവാർഡ് നേടിയ ശേഷം പബൻകുമാറിന്റെ ഡോക്യുമെൻററി പ്രശസ്തമായ പല വിദേശ മേളകളിലും സമ്മാനിതമായി.
പിന്നീട് വേറെയും ഡോക്യുമെൻററികളും ഫീച്ചർ സിനിമകളും സംവിധാനം ചെയ്ത പബൻകുമാർ ഇന്ന് വടക്ക് കിഴക്കൻ ഇന്ത്യയിൽനിന്നുള്ള പ്രധാനപ്പെട്ട സംവിധായകരിൽ ഒരാളായി മാറിയിട്ടുണ്ട്.
ബംഗാളിൽനിന്നുള്ള സുപ്രിയോ സെൻ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടക്കുന്ന യുദ്ധ തടവുകാരുടെ കൈമാറ്റത്തെക്കുറിച്ച് ഹൃദയസ്പർശിയായി അവതരിപ്പിച്ച ഹോപ്പ് ഡൈസ് ലാസ്റ്റ് ഇൻ വാർ (HOPE DIES LAST IN WAR) സൈൻസിൽ പ്രദർശിപ്പിച്ചു. യുദ്ധം എന്നത് കേവലം രണ്ടു രാഷ്ട്രങ്ങൾ തമ്മിൽ നടക്കുന്ന അധികാര/അഭിമാന/ദേശീയ വ്യവഹാരം എന്നതിലുപരി അപ്രത്യക്ഷമാവുകയോ കൊല്ലപ്പെടുകയോ ചെയ്യപ്പെടുന്ന സൈനികരുടെ കുടുംബങ്ങളുടെ കാത്തിരിപ്പിന്റെയും ഘനീഭവിക്കാത്ത കണ്ണീരിന്റെയും ദുരന്ത പര്യവസായിയായ കഥയാണ് എന്നതാണ് ഈ ചിത്രം പറയുന്നത്. സദസ്സിന്റെ നിറഞ്ഞ കൈയ്യടി ഏറ്റുവാങ്ങിയ ഈ ചിത്രത്തിനുശേഷം സുപ്രിയോ സെൻ സാക്ഷാത്ക്കരിച്ച വാഗ, വാഗ ചെക്ക്പോസ്റ്റിൽ ഇന്ത്യൻ/പാകിസ്ഥാൻ പട്ടാളക്കാരുടെ അഭിമാന/അഹങ്കാര പ്രകടനക്കസർത്തിനെ പരിഹാസത്തോടെ സമീപിക്കുന്നു. കേവലം 15 മിനുട്ട് ദൈർഘ്യം മാത്രമുള്ള ഈ ഡോക്യുമെന്ററി ബെർലിൻ മേളയിൽ പുരസ്ക്കാരം നേടി. ഡിജിറ്റൽ ഫോർമാറ്റിൽ നിർമ്മിച്ച ഒരു സിനിമക്ക് ബെർലിൻ മേള ആദ്യമായി പുരസ്ക്കാരം നൽകുന്നത് ഈ ചെറു ചിത്രത്തിനാണ്. പിന്നീട് ലോക പ്രശസ്തനായി മാറിയ സുപ്രിയോ, സൈൻസിന്റെ ജൂറി ചെയർമാനായി 2019ൽ തൃശ്ശൂരിൽ തിരിച്ചെത്തി. സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന കാലത്ത് ചെയ്ത കാമുകി എന്ന ഹ്രസ്വ ചിത്രത്തിന് സൈൻസിൽ സ്പെഷ്യൽജൂറി പുരസ്കാരം ലഭിച്ച ക്രിസ്റ്റോ ടോമിയാണ് ഈയിടെ തീയേറ്ററിൽ ഏറെ ശ്രദ്ധ നേടിയ ഉള്ളൊഴുക്ക് എന്ന സിനിമയുടെ സംവിധായകൻ. 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ' സംവിധാനം ചെയ്യുകയും പ്രേമലു ഉൾപ്പടെ നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത അൽത്താഫ് പാലക്കാട് നടന്ന സൈൻസിന്റെ ആറാമത് എഡിഷനിൽ ട്രാൻസിഷൻ എന്ന ഹ്രസ്വ ചിത്രത്തോടെയാണ് സിനിമാ ലോകത്തേക്കുള്ള വരവ് വിളംബരം ചെയ്തത്. ഇതേ മേളയിലാണ് അരുൺ കാർത്തിക് ട്രാൻസ് ൻസെൻസേർസ് എന്ന ചെറുസിനിമയുമായി ബൈക്കോടിച്ച് വന്നത്. ഈ അരുൺ കാർത്തിക്, നാസിർ എന്ന തമിഴ് സിനിമയിലുടെ നിരവധി വിദേശ മേളകളിൽ പങ്കെടുത്തു. തന്നെ ഒരു ഫിലിം മേക്കർ ആക്കിയത് സൈൻസ് ആണെന്ന് അരുൺ കാർത്തിക് പരസ്യമായി പറഞ്ഞിട്ടുണ്ട്. വിദ്യാർത്ഥിനി ആയിരിക്കുമ്പോൾ ‘നുണക്കഥകൾ’ എന്ന ഷോർട്ട് ഫിലിമുമായി സൈൻസിൽ പുരസ്ക്കാരം നേടിയ കുഞ്ഞില മസിലാമണി പിന്നിട് കൊൽക്കത്തയിലെ SRFTI യിൽ പഠനത്തിനായി പോവുകയും അവിടെ നിന്ന് 'ഗീ' എന്ന ഹ്രസ്വ ചിത്രവുമായി വന്ന് സൈൻസിൽ വീണ്ടും പുരസ്ക്കാരം നേടുകയും ചെയ്തു. ജിയോ ബേബി ഒരുക്കിയ ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി സിനിമയിലൂടെ കുഞ്ഞില വലിയ സിനിമയുടെ ലോകത്തേക്ക് പ്രവേശിച്ചു. അസംഘടിതർ എന്ന കുഞ്ഞിലയുടെ എപ്പിസോഡ് മിഠായി തെരുവിൽ നടന്ന മൂത്രപ്പുര സമരത്തെ അവലംബിച്ച് എടുത്ത ഡോക്യു ഡ്രാമയാണ്. സൈൻസ് മേളയുടെ വളർച്ച ഇന്ത്യയിലെ നിരവധി ഡോക്യുമെന്ററി, കഥാചിത്ര സിനിമകളുടെ സംവിധായകരുടെ വളർച്ച കൂടിയാണ് എന്നതിന് ഇനിയും ധാരാളം ഉദാഹരണങ്ങളുണ്ട്.
രാജ്യത്തെ ഏറ്റവും പ്രമുഖരായ ചലച്ചിത്രകാരന്മാരാണ് കഴിഞ്ഞ സൈൻസുകളിൽ ജൂറിയായി പ്രവർത്തിച്ചത് എന്നത് സുപ്രധാനമാണ്. മണി കൗൾ, സയ്യിദ് മിർസ, അടൂർ ഗോപാലകൃഷ്ണൻ, കുമാർ സാഹ്നി, കെ.ആർ. മോഹൻ, ഗിരീഷ് കാസറവള്ളി, ലളിത് വചാനി, മധുശ്രീദത്ത, ദീപ ധൻരാജ്, രാകേഷ് ശർമ്മ, ആർ.വി. രമണി, അമൃത് ഗാംഗർ, ആർ.പി. അമുദൻ, സുമ ജോസൻ, അശോക് റാണെ, കെ.ജി. ജയൻ, സുപ്രിയോ സെൻ എന്നിവരൊക്കെ തന്നെ സിനിമയെ ഒരു ദർശനമായി ബോധത്തിലേക്ക് ആവാഹിച്ചവരാണ്. ഇതിൽ തന്നെ പല ഡോക്കുമെന്റെറി സംവിധായകരും സൈൻസ് മേളയുടെ ചില എഡിഷനുകളിൽ ചിത്രം പ്രദർശിപ്പിച്ചവരോ, പുരസക്കാരം നേടിയവരോ ആണെന്നത് ഈ ഫെസ്റ്റിവലിന്റെ തലപ്പൊക്കത്തെ സാക്ഷ്യപ്പെടുത്തുന്നു.
ഇന്ത്യയിലെ സ്വതന്ത്ര ഡോക്യുമെന്ററി പ്രസ്ഥാനത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപെടുന്ന ആനന്ദ് പട് വർദ്ധന്റെ സാന്നിദ്ധ്യം തിരൂരിൽ നടക്കുന്ന മേളയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു.
താൻ സംവിധാനം ചെയ്ത എല്ലാ ഡോക്യുമെന്ററികളും ഭരണകൂട വിമർശനമായതു കൊണ്ടു തന്നെ അവ നേരിട്ട സെൻസർഷിപ്പുകളെ ആനന്ദ് പട് വർധൻ തന്നെ സ്വയം കോടതിയിൽ എതിർത്തു വാദിച്ച ചരിത്രമുണ്ട്. ഫാദർ സൺ ഹോളി വാർ എന്ന ചിത്രത്തിന് മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ അവാർഡ് കിട്ടിയതിനെത്തുടർന്ന് അന്ന് നിലനിന്ന നിയമപ്രകാരം പ്രസ്തുത ചിത്രത്തിന് ദൂരദർശനിൽ (ഡി.ഡി 1) കാണിക്കാനുളള സൗകര്യമുണ്ട്. സെൻസർ ബോർഡിന്റെ കത്രികപ്പൂട്ടിൽപ്പെട്ടത് കാരണം ചാനലിൽ പ്രദർശിപ്പിക്കുവാൻ അനുമതി ലഭിച്ചില്ല. അന്ന് കോടതിയിൽ ആനന്ദ് നേരിട്ട് ഹാജരായി ചിത്രത്തിനു വേണ്ടി വാദിച്ചു, ബോംബെ നഗരത്തിൽ നടന്ന വംശീയ അതിക്രമത്തിന്റെ ഭാഗമായി വി.ടി. റെയിൽവെ സ്റ്റേഷനടുത്ത് പ്രധാന റോഡരികിൽ കത്തിക്കരിഞ്ഞ ഒരു മനുഷ്യന്റെ മൃതദേഹം ഒരു മിനുട്ടോളം കാണിക്കുന്നുണ്ട് എന്നതായിരുന്നു സെൻസർഷിപ്പിന് കാരണമായി ചൂണ്ടികാണിക്കപ്പെട്ടത്. എന്തിനാണത് കാണിച്ചത് എന്ന ന്യായാധിപന്റെ ചോദ്യത്തിനു ആനന്ദ് നൽകിയ ഉത്തരം താൻ കാണിച്ചത് മൃതദേഹമല്ല അതിനരികിലൂടെ നിസംഗരായി നടന്നു പോകുന്ന ജനങ്ങളെ ആണെന്നായിരുന്നു. ഇതായിരിക്കണം രാഷ്ട്രിയ ബോധ്യമുള്ള ഒരു ചലച്ചിത്രകാരന്റെ പരിപ്രേക്ഷ്യം.
1991-ൽ പട് വർധൻ സംവിധാനം ചെയ്ത രാം കെ നാം എന്ന ഡോക്യുമെന്ററി സംഘ്പരിവാറിനാൽ ബാബറി മസ്ജിദ് തകർക്കപ്പെടും എന്ന പ്രവചനമായിരുന്നു. അത് അവഗണിച്ച ഇന്ത്യയിലെ ഭരണകൂടങ്ങളും രാഷ്ട്രിയ പാർട്ടികളും 1912-ൽ മസ്ജിദ് തകർക്കപ്പെട്ടപ്പോൾ മതേതര ഇന്ത്യയെക്കുറിച്ച് മൈതാന പ്രസംഗങ്ങൾ നടത്തുകയാണുണ്ടായത്. ഈ ഡോക്യുമെന്ററിയുടെ തുടർച്ച എന്ന് പറയാവുന്ന വിവേക് ( Reason), സ്വതന്ത്ര ഇന്ത്യയിൽ സംഘ്പരിവാർ ജനാധിപത്യത്തെ ഹനിക്കുന്നതിനെ കുറിച്ചുള്ള ഒരു ദീർഘ ഉപന്യാസമാണ്. ഈ സിനിമയാണ് സൈൻസ് 2024-ന്റെ ഉദ്ഘാടന ചിത്രം എന്നത് ഒരിക്കലും യാദൃശ്ചികമല്ല.
സിനിമ ഒരു വിനോദം/ വ്യവസായം / ആവിഷ്കാരം എന്നതിലുപരിയായി ഒരു രാഷ്ട്രിയ വ്യവഹാരമാണ് എന്ന തിരിച്ചറിവാണ് സൈൻസ് ഉയർത്തി പ്പിടിക്കുന്നത്. ഈ കാലത്ത് എന്തായിരിക്കണം ഒരു ചലച്ചിത്ര മേള എന്ന ചോദ്യത്തിന്റെ കൃത്യമായ ഉത്തരമാണ് സൈൻസ് ഡോക്യുമെന്ററി - ഹ്രസ്വ ചിത്ര മേള.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.