‘‘ഗുരു മലയാളത്തിലെ ഇനിയും വായിച്ചുതീരാത്തൊരു മഹാകാവ്യമാണ്. കവിതയെന്ന് കൃത്യം പേരിട്ട് വിളിച്ച് പരസ്യപ്പെടുത്താതെ എഴുതിയും പറഞ്ഞും അതിലുപരി ജീവിച്ചും സ്വയം ‘കവിത’യായി മാറിയ ഒരു മഹാവിസ്മയമാണെന്നും’’ ചിന്തകനായ ലേഖകൻ എഴുതുന്നു.
മനുഷ്യാവകാശദിനത്തില്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനിന്നൊരു കഥയുണ്ട്. എഴുതിയത് ആരാണെന്നറിയില്ല. ഒരു വഴിയാത്രക്കാരന് കവലയില്‍ വിചിത്രമായ ഒരു ബോര്‍ഡ് കാണാനിടയായി. എെൻറ പക്കല്‍ ഇവിടെയെവിടെയോ ഒരമ്പതു രൂപ കളഞ്ഞുപോയിരിക്കുന്നു. വൃദ്ധയും അന്ധയും രോഗിയുമായ എനിക്ക്, ആ അമ്പതു രൂപ തിരിച്ചുകിട്ടിയാല്‍ വലിയ കാര്യമാവും. ആ പണം നിങ്ങള്‍ക്ക് കിട്ടുകയാണെങ്കില്‍, ഇതുവഴി വന്നാല്‍ എെൻറ കുടിലിലെത്താം. ഇത് വായിച്ച് കൗതുകം തോന്നിയ ഒരു യാത്രക്കാരന് സ്വന്തം കൈയിലുള്ള അമ്പത് രൂപയുമായി ആ അമ്മൂമ്മയുടെ കുടിലിലെത്തി. ബോര്‍ഡില്‍ പറഞ്ഞതുപോലെ വൃദ്ധയും അന്ധയും രോഗിയുമായൊരു അമ്മൂമ്മ ഉമ്മറത്ത് ഇരിക്കുന്നു. ‘‘ആരാ’’, അവര്‍ ചോദിച്ചു. അയാള്‍ പറഞ്ഞു: ‘‘അമ്മൂമ്മയുടെ കളഞ്ഞുപോയ അമ്പതുരൂപ എനിക്ക് കിട്ടി. അത് തരാന്‍ വന്നതാ.’’ അപ്പോള്‍ കണ്ണീരൊലിപ്പിച്ച് അമ്മൂമ്മ പറഞ്ഞു: ‘‘എന്നോട് ഒരു വഴിയിലും ഒരു രൂപയും ഇതുവരെ കളഞ്ഞ് പോയിട്ടില്ല. എനിക്ക് എഴുത്തും വായനയും അറിയില്ല. ഞാനൊരു ബോര്‍ഡും ഒരിടത്തും വെച്ചിട്ടില്ല. ഇപ്പോള്‍ അമ്പതു രൂപയുമായി ഇവിടേക്ക് വരുന്ന നാല്പതാമത്തെയോ മറ്റോ ആളാണ് നിങ്ങള്‍. എനിക്ക് പണം വേണ്ട.’’ അയാള്‍ നിർബന്ധിച്ച് അമ്മൂമ്മയെ ആ പണം ഏല്‍പ്പിച്ചു. തിരിച്ചു നടക്കുമ്പോള്‍ അയാളോട് അമ്മൂമ്മ പറഞ്ഞു: ‘‘നിങ്ങളെങ്കിലും ആ ബോര്‍ഡ് അവിടെനിന്ന് എടുത്ത് മാറ്റണേ. ഇവിടെ വന്ന ഓരോരുത്തരോടും ഞാനിത് പറഞ്ഞിരുന്നു. അവരാരും അത് ചെയ്തില്ല.’’ അതുകേട്ട് അയാള്‍ തിരിച്ചുനടക്കുമ്പോള്‍, വഴിയില്‍വെച്ച്, അപരിചിതനായ ഒരു ചെറുപ്പക്കാരന് ആ അമ്മൂമ്മയുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചു. എന്തിനാണെന്ന് അയാള്‍ ചോദിക്കുന്നതിനുമുമ്പെ അയാള്‍ വീണുകിട്ടിയ അമ്പതുരൂപയുടെ കാര്യം പറഞ്ഞു! പണവും എടുത്തുകാട്ടി. അയാള്‍ ഒന്നും പറയാതെ അമ്മൂമ്മയുടെ വീട് കാണിച്ചുകൊടുത്തു, കണ്ണീരോടെ.
ആ കത്ത് അമ്മൂമ്മയുടെ നിസ്സഹായാവസ്ഥ അറിയുന്ന ‘മനുഷ്യന്’ എന്നുപേരുള്ള ഏതോ ഒരാള്‍ എഴുതിയതാവാം! ഏറക്കുറെ സമാനമായ ഇതേകാര്യം മറ്റൊരു വിധത്തില്‍ വ്ലാദിമിര്‍ ആഴ്സേന്യോവിെൻറ ‘ദെര്‍സു ഉസാല’ എന്ന കൃതിയിലുമുണ്ട്. വനസഞ്ചാരികളുടെ സഹായിയായി ‘കാട്ടുമനുഷ്യനായി’ മാറിയ ദെര്‍സു നില്ക്കുന്നു. പാശ്ചാത്യര്‍ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സഥലത്തേക്ക് പോവുമ്പോള്‍, അവര്‍ താമസിച്ച കൂടാരത്തിന് തീ കൊളുത്തും. എന്നാല്‍ ദെര്‍സു തെൻറ ടെൻറിന് തീ കൊളുത്തുകയോ, അവിടെയുണ്ടായിരുന്ന ഭക്ഷണസാധനങ്ങള്‍, തുടര്യാത്രക്കുവേണ്ടി കൈയിലെടുക്കുകയോ ചെയ്തില്ല. ‘‘നിങ്ങള്‍ ഇവിടേക്ക് ഇനിയും തിരിച്ചു വരുമോ?’’ പാശ്ചാത്യ സഞ്ചാരികള്‍ ചോദിച്ചു. ദെര്‍സു പറഞ്ഞു: ‘‘ഇല്ല.’’ അതുകേട്ട് അതിശയപ്പെട്ട വെള്ളക്കാരോട് അയാള്‍ പറഞ്ഞു: ‘‘മറ്റാരെങ്കിലും ഈ വഴി വരും. കിടക്കാനൊരിടവും കഴിക്കാന്‍ ഭക്ഷണവും കിട്ടാതെ അവര്‍ മരിക്കാനിടവരരുത്...’’
മാനവികത അഗാധമാവുന്നമുറക്ക് പ്രത്യേകം എഴുതാതെതന്നെ അതിലേക്ക് എവിടെനിന്നൊക്കെയോ ‘കവിത’യും ഒഴുകിവരും. ‘കവിത’ മനുഷ്യരെ സ്വന്തം പരിമിതികളെക്കുറിച്ചോര്മിപ്പിക്കുമ്പോള്, അധികാരം മനുഷ്യരെ അഹങ്കാരികളാക്കുന്നു. അധികാരം മനുഷ്യരെ മലിനീകരിക്കുമ്പോള്‍ കവിത മനുഷ്യരെ ശുദ്ധീകരിക്കുന്നു. അസ്തിത്വത്തിെൻറ സമ്പന്നതയെയും വിസ്തൃതിയെയും വൈവിധ്യത്തെയും പറ്റി കവിത മനുഷ്യരെ അനുസ്മരിപ്പിക്കുമ്പോള്‍, അധികാരം മനുഷ്യരെ സങ്കുചിതരാക്കുന്നു. കവിതയെക്കുറിച്ചും അധികാരത്തെക്കുറിച്ചും സാംസ്കാരിക വിമര്‍ശകര്‍ സാമാന്യമായി പങ്കുവെക്കുന്ന ഇതേ ആശയം, ‘കോളറക്കാലത്തെ പ്രണയ’മെന്ന തെൻറ ശ്രദ്ധേയമായ നോവലില്‍, മാർകേസ് കൂടുതല്‍ കാവ്യാത്മകമാക്കി. അയാളെഴുതിയ ഔദ്യോഗികരേഖകള്പോലും പ്രേമത്തെപ്പറ്റിയാണെന്ന് തോന്നിപ്പിച്ചു. ബില്ലുകള്‍ എഴുതുമ്പോള്പോലും അയാളുടെ ഭാഷ താളാത്മകമായി. ചട്ടപ്രകാരമുള്ള ബിസിനസ് കത്തുകള്‍ക്കുപോലും ഒരു കാവ്യാത്മകഭാവം വന്നുചേര്‍ന്നതിനാല്‍ അവയിലെ അധികാരധ്വനികളൊക്കെയും ചോര്‍ന്നുപോയി. പൊതുവില്‍ അധികാരം പ്രത്യേകിച്ചും ‘മർദകമായ അധികാരം’ അക്കങ്ങളുടെയും ഉത്തരവുകളുടെയും അനന്തമായി നീട്ടിവെക്കപ്പെടുന്ന അപേക്ഷകളുടെയും, സ്തുതികളും ഏറാനവസ്ഥയും കെട്ടിപ്പുണരുന്ന അശ്ലീലതകളുടെയും ഒരിരുണ്ട ലോകമാണ്. വെടിയുണ്ടകള്‍കൊണ്ട് മാത്രമല്ല ഉത്തരവുകള്കൊണ്ടുകൂടിയാണ് അവര്‍ നമ്മെ കൊല്ലുന്നതെന്ന് മാർകേസ്. ‘കവിത’ നഷ്ടപ്പെട്ട ജീവിതങ്ങളും അതിെൻറ തുടര്‍ച്ചയായ സംഘടനകളും പതുക്കെ പതുക്കെ അനാര്ദ്രമാവും. അത്തരം അനാര്ദ്രതകളെ ചെറുക്കുന്ന കവിത, ‘‘മനുഷ്യര്‍ക്കും ദൈവത്തിനുമിടയിലുള്ള മഴവില്പാല’’മെന്ന് ഓഷോ.
സ്നേഹിക്കാന്‍ അറിയാത്തവര്‍ അധികാരത്തില്‍ അഭയം പ്രാപിക്കും. ഒരു സംഘടന കൂടുതല്‍ കൂടുതല്‍ വെറുമൊരു അധികാരരൂപമായി ചുരുങ്ങിയാല്‍ എന്തിനുവേണ്ടി രൂപംകൊണ്ടു എന്നും, സമാനതകളില്ലാത്ത ആത്മത്യാഗങ്ങളിലൂടെ എന്തിനുവേണ്ടി കടന്നുപോന്നു എന്നും മറന്നുപോകും! അത്തരമൊരവസ്ഥയിലേക്ക്, അധഃസ്ഥിതരുടെ കണ്ണീരും മഹത്തായൊരു മാനവികാദര്ശത്തിെൻറ കിനാവും ചേര്‍ത്ത് ഗുരു സ്വന്തം ജീവിതംകൊണ്ട് ജീവനും ജ്വാലയും നല്‍കിയൊരു സംഘടന, വഴുക്കിയപ്പോഴാണ്, സ്വന്തം സംഘടനതന്നെ തന്നെവിട്ട്, മനുഷ്യതവിട്ട് വഴിമാറിപ്പോവുകയാണോ എന്ന വ്യാകുലത ഗുരുവിനെ അസ്വസ്ഥപ്പെടുത്തിയപ്പോഴാണ് ഒരു ചങ്കിടിപ്പോടെ ആദ്യം മനസ്സുകൊണ്ടും, പിന്നെ മുഴുവന്‍ ജീവിതംകൊണ്ടും അതില്‍നിന്നും അദ്ദേഹം മാറി നിന്നത്. അവസാനകാലത്ത് ‘‘ഇനി കേരളത്തിലേക്കില്ല’’ എന്ന ആ നിഷ്കളങ്ക ശാഠ്യത്തിെൻറ സങ്കട ആഴങ്ങള്‍ നമ്മുടെ സംസ്കാരചരിത്രത്തിലെ വലിയൊരു കണ്ണീര് സ്രോതസ്സാണ്.
ശരീരത്തില്‍നിന്നും മനസ്സില്‍നിന്നും മസ്തിഷ്കത്തില്‍നിന്നും സർവ ബന്ധങ്ങളില്‍നിന്നും അധികാരത്തെ പുറന്തള്ളിയ ഗുരുവിന്, അധികാരത്തിെൻറ അവശിഷ്ടങ്ങളോടുപോലും പൊരുത്തപ്പെടുക അസാധ്യമായപ്പോഴാണ്, അദ്ദേഹത്തിലെ കവിത വേദനയോടെ സ്വന്തം സ്വാതന്ത്ര്യം ആഘോഷിച്ചത്. അനിവാര്യഘട്ടത്തില്‍, മറ്റുള്ളവര്‍, നിരുപാധികമായി തനിക്ക് നല്കിയ ‘മഹത്വാധികാരം’, ഗുരുവിന് സ്വന്തം സംഘടനയില്‍ പ്രയോഗിക്കാമായിരുന്നു. പക്ഷേ അതിനുപകരം അദ്ദേഹം തെരഞ്ഞെടുത്തത് അപ്പോഴും കവിതയുടെ വഴിയാണ്. ‘‘...നരന്നു നന്മനല്കും ക്രിയയപരപ്രിയഹേതുവായ് വരേണം’’ എന്ന് ആത്മോപദേശശതകം. ‘‘മൂച്ചൂടും മുന്നേറിലും നിന്നൊപ്പമെത്തീലല്ലോ/ ആ ചൂണ്ടുവിരലോളം വളര്‍ന്നീലല്ലോ ഞങ്ങള്‍’’ എന്ന് ‘ഗുരുസന്നിധി’യില്‍ വൈലോപ്പിള്ളി! ഗുരു നിർവഹിച്ച പ്രധാനപ്പെട്ട ഇടപെടലുകളിലൊക്കെയും ഗുരുവിലെ ‘കവിത’യുടെ കടാക്ഷമുണ്ടായിരുന്നു. 1888ലെ ആദ്യ പ്രതിഷ്ഠ മുതല്‍ 1927ലെ കളവാങ്കോട്ടെ ‘കണ്ണാടി പ്രതിഷ്ഠയില്‍’ വരെ തുളുമ്പിയത് കവിതയുടെ ഓളങ്ങളാണ്. 1927ലെ കളവാങ്കോട്ടെ ഗുരുവിെൻറ ‘കണ്ണാടി’, 1851ല്‍ വൈകുണ്ഠം സ്വാമി പ്രതിഷ്ഠിച്ച ‘കണ്ണാടി’യല്ല. ഗുരുവിെൻറ പൂർവസൂരിയായ, രാമലിംഗസ്വാമികളെ സ്വയം വിസ്മൃതിയിലാക്കിയ കണ്ണാടിയുമല്ല. എം.കെ. സാനുമാഷ്, ഡോ. സുഗതന്, ഇടമറുക്, കെ.പി. അപ്പന് തുടങ്ങി ഗുരുവിനെക്കുറിച്ചെഴുതിയ പ്രതിഭാശാലികളൊക്കെയും ‘കണ്ണാടി പ്രതിഷ്ഠ’ സൃഷ്ടിച്ച കോളിളക്കങ്ങളെക്കുറിച്ചും പ്രതിഷ്ഠയുടെ പശ്ചാത്തലത്തെക്കുറിച്ചും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. പ്രതിഷ്ഠക്ക് വേണ്ടി ക്ഷണിക്കാന്‍ വന്ന കുട്ടന് വൈദ്യരോടും പത്മനാഭ പണിക്കരോടും ഗുരു കട്ടായമായി പറഞ്ഞത് ഇനി ഞാനൊരു പ്രതിഷ്ഠക്കും വരില്ലെന്നായിരുന്നു. അവര്‍ ഗുരുവിനു മുമ്പില്‍ നിന്ന് പ്രതിഷ്ഠ നടന്നില്ലെങ്കില്‍ തങ്ങള്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് കരഞ്ഞു. ഒടുവില്‍ മനസ്സില്ലാമനസ്സോടെയാണ് ഗുരു ആ ദൗത്യം നിർവഹിച്ചത്.
അത് കണ്ണാടി പ്രതിഷ്ഠയല്ല ‘ഓംകാരമാണ്’ എന്ന് കരുതുന്നവരുണ്ട്. ‘‘നീ തന്നെയാണ് ദൈവം എന്ന് മനസ്സിലാക്കി കൊടുക്കാനാണ് ഗുരു കണ്ണാടി പ്രതിഷ്ഠിച്ചത്. കണ്ണാടി കൊണ്ടുവരാന്‍ പറയുന്നതിന് മുമ്പ് ഗുരു ‘തത്ത്വം അസി, അത് നീയാകുന്നു’ എന്ന് വിചാരിക്കുക മാത്രമല്ല പറയുകകൂടി ചെയ്ത സ്ഥിതിക്ക് ഓംകാരവാദത്തിന് നിലനില്പില്ല.’’ (ഡോ. കെ. സുഗതന്). എന്നാല്‍ കണ്ണാടി പ്രതിഷ്ഠയിലെ നാടകീയത, ‘ഓംശാന്തി’ എന്ന് എഴുതിയപ്പോള്‍ വന്ന ഒരക്ഷരതെറ്റാണ്. ഭക്തര്‍ പരിഭ്രാന്തരായപ്പോള്‍ ഗുരു പറഞ്ഞുവത്രെ സാരമില്ല, അതിനും അർഥമുണ്ട്. അപരദ്രോഹമാവാത്തവിധം മനുഷ്യര്‍ ചെയ്യുന്ന ഏതു കാര്യത്തിലേക്കും എന്ത് ‘അക്ഷരത്തെറ്റുണ്ടെങ്കിലും’ എവിടെനിന്നെങ്കിലും നന്മ കടന്നുവരുമെന്ന ഗുരുവിെൻറ കാവ്യാത്മക ശുഭാപ്തി വിശ്വാസമാണ് ‘കണ്ണാടിപ്രതിഷ്ഠ’യെ വേറിട്ടതാക്കുന്നത്.
‘ഓം’ എന്നത് തത്ത്വചിന്താപരമായ അഗാധപൊരുളുള്ള ഒരു വലിയ പരികല്പനയാണ്. ‘‘അകാരം, ഉകാരം, മകാരം, ബിന്ദു എന്നിവയുടെ സമന്വയമാണ് ഓം. അ+ഉ+മ് എന്നതിന് രക്ഷിക്കുന്നത്, വിഷ്ണു ശിവന് ബ്രഹ്മാവ് തുടങ്ങി പല അർഥങ്ങളാണ് വേദപണ്ഡിതന്മാര് നല്കി കാണുന്നത്. അങ്ങനെയുള്ള ‘ഓം’ എന്നതിലെ ദീര്‍ഘം വിട്ടത്, മറ്റൊരു കണ്ണാടികൊണ്ടളന്ന് തിരുത്തി എഴുതാവുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും ഒരക്ഷരതെറ്റിനെ ഗുരു ചരിത്രത്തിലെ ‘മഹാശരി’യാക്കി തീര്‍ത്തതിന് എന്തെങ്കിലും സവിശേഷ പൊരുളുണ്ടെങ്കില് അത് തത്ത്വചിന്താപരമല്ല, മറിച്ച് കാവ്യാത്മകമാണ്. എന്തുകൊണ്ടെന്നാല്‍, ഒഴിഞ്ഞ പേജില്‍ മുന്നേറാനാവുമെങ്കില് കവിതയില്‍ എന്തും അനുവദനീയമാണ്. അതിനും ‘അർഥമുണ്ട്’ എന്ന ഗുരുവിെൻറ അർഥപൂര്‍ണമായ പ്രതികരണം, സമസ്ത അവികസിത മാനസികാവസ്ഥകളെയും നിസ്സഹായമാക്കുന്നൊരു കാവ്യ കടാക്ഷമാണ്.
ഗുരു മലയാളത്തിലെ ഇനിയും വായിച്ചുതീരാത്തൊരു മഹാകാവ്യമാണ്. കവിതയെന്ന് കൃത്യം പേരിട്ട് വിളിച്ച് പരസ്യപ്പെടുത്താതെ എഴുതിയും പറഞ്ഞും അതിലുപരി ജീവിച്ചും സ്വയം ‘കവിത’യായി മാറിയ ഒരു മഹാവിസ്മയം. പ്രസ്താവനകളിലും പ്രതികരണങ്ങളിലും നര്‍മത്തിലും സംഭാഷണങ്ങളിലും സംവാദങ്ങളിലും നിർദേശങ്ങളിലും ജീർണബഹളങ്ങളെ പ്രതിരോധിക്കുന്നൊരു ‘കാവ്യാത്മകമൗനം’, ഗുരുവില്‍ ആര്‍ദ്രതയും അന്വേഷണവുമായി നിരന്തരം വിനയപ്പെട്ടു!
ഡോ. പല്‍പ്പുവിനോട് സംഘടനയെക്കുറിച്ചുള്ള സങ്കടം പങ്കുവെക്കുമ്പോഴും, പ്രിയശിഷ്യനായ നടരാജഗുരുവിനോട് ‘‘തമ്പീ നമുക്കാരുമില്ലല്ലോ’’ എന്ന് സങ്കടപ്പെടുമ്പോഴും സ്വന്തം ‘മഹത്ത്വം’ മങ്ങിപ്പോവുമെന്ന് ഗുരു സംഭ്രമിച്ചില്ല. ഏത് മഹത്ത്വത്തിലേക്കും ഇടിച്ചുകയറാവുന്ന ഇരുട്ടിനെതിരെ എപ്പോഴും സ്വയം ജാഗ്രതപ്പെട്ടു. അധികാരരഹിതമാവുന്ന സ്വാതന്ത്ര്യത്തിെൻറ ലോകമാണ് ഗുരുവില്‍ ‘കവിത’യായി നിര്വൃതമായത്. കുട്ടിയായിരുന്നപ്പോഴും, വിദ്യാർഥിയായിരുന്നപ്പോഴും, അധ്യാപകനായിരുന്നപ്പോഴും, കൃത്യം അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്ത യാത്രികനായിരുന്നപ്പോഴും പിന്നെ മഹത്തായൊരു ആത്മീയസ്രോതസ്സായി മാറിയപ്പോഴും അഗാധമായ മാനവികതയിലാണ് ഗുരു ഉന്മാദിയായത്. എത്ര നടന്നു, എവിടെയൊക്കെ പോയി, ആരൊക്കെ കണ്ടു, എന്തിനായിരുന്നു ഇതൊക്കെ എന്നത് ഗുരുവിെൻറ ജീവിതത്തിലെ ഒരു കണക്കിലും കൊള്ളാത്ത കവിതയുടെ സ്രോതസ്സാണ്. നാനാതരത്തിലും വിധത്തിലുമുള്ള ബഹുജനങ്ങളെ കണ്ടതും അവരുടെ ഹിതം അറിഞ്ഞതും, സംഘര്‍ഷനിര്‍ഭരമായ സ്വന്തം അലച്ചിലിലാണ്. ‘ജാതിക്കെട്ട്’ പൊട്ടിച്ചുള്ള ആ പ്രായോഗിക അലച്ചിലനുഭവത്തിെൻറ ഊഷ്മളതയും കുളിര്‍മയുമാണ്, പിന്നീടുള്ള ജീവിതത്തില്‍ അഗ്നിയും പ്രകാശവുമായത്.
അദ്വൈതവും അധഃസ്ഥിതജീവിത വേദനയും, മുഖാമുഖം കണ്ട ഒരു ചരിത്രസന്ദര്‍ഭത്തിലാണ്, ഗുരുവിെൻറ മലയാളം കോരിത്തരിച്ചത്. അങ്ങനെയാണ് മനുഷ്യജീവിതത്തിനെന്നപോലെ മലയാളഭാഷക്കും ഒരു കാവ്യാത്മക മാനിഫെസ്റ്റോ ഉണ്ടായത്. അശരണമായ അലച്ചില്‍ കാലത്ത്, സ്വന്തം ജീവിതദൈന്യതകള്ക്കിടയിലും, തനിക്ക് രക്ഷ നല്കിയ അധഃസ്ഥിത ജീവിതമാണ് ഗുരുവില്‍ മഹത്തായ ഒരു ‘മാതൃകാസ്ഥാന’ത്തെക്കുറിച്ചുള്ള ദീപ്തസ്വപ്നമായി വളര്‍ന്നത്. അസ്വതന്ത്രവും പീഡനാത്മകവുമായ ജാതിസ്ഥാനെതിരെ ഗുരു നിര്‍മിക്കാനാഗ്രഹിച്ച ‘സ്വപ്ന റിപ്പബ്ലിക്കിെൻറ’ പേരാണ് ആ ‘മാതൃകാസ്ഥാനം’. ഗുരു എഴുതിയ ആദ്യത്തെ കവിതക്ക് ഒരു തലക്കെട്ട് ആവാമെങ്കില്‍ അത് ഒരു മാതൃകാസ്ഥാനം അല്ലെങ്കില്‍ ‘മാതൃസ്ഥാന്’ എന്നായിരിക്കും! ജീർണിച്ച ജാതിസ്ഥാനെതിരെ ‘മലയാള’മുയര്ത്തിയൊരു മഹാമുഷ്ടി. ഇങ്കുലാബുകള്ക്കൊക്കെയും മുമ്പേയുള്ള മറ്റൊരു ഇങ്കുലാബ്!
ഗുരുവിെൻറ ജീവിതത്തെ അഗാധമാക്കാനും പ്രകാശപൂർണമാക്കാനും രണ്ട് വര്‍ഷത്തിലധികം നീണ്ടുനിന്ന ‘അലച്ചില്കാലം’ വലിയ പങ്കുവഹിച്ചുണ്ടാവും. ചവിട്ടിനിന്ന മണ്ണും തലക്കു മുകളിലെ ആകാശവും നടന്നുതീര്‍ത്ത വിജനതകളും അന്തിയുറങ്ങിയ കടലോരങ്ങളും കാടും ഗുഹകളും തെരുവും കണ്ടുമുട്ടിയ പലതരം മനുഷ്യരും കഴിച്ച വ്യത്യസ്ത ഭക്ഷണങ്ങളും അടയാളപ്പെടുത്താനാവാത്ത നിസ്സഹായതകളും പറഞ്ഞറിയിക്കാനാവാത്ത ആവേശങ്ങളും കുരുക്കഴിക്കാനാവാത്ത അസ്തിത്വ സമസ്യകളും, അതേസമയം ഒരുദിവസം തള്ളിനീക്കാന്‍ മനുഷ്യര്‍ പെടുന്ന പെടാപാടും, ഗുരുവിെൻറ ജീവിതത്തെ പിടിച്ചുകുലുക്കിയിരിക്കും, നിറം മങ്ങുന്ന മനുഷ്യജീവിതം നിറപ്പകിട്ടുള്ള ഒരു ലോകത്തെ കിനാവ് കാണാന്‍ പ്രേരിപ്പിച്ചിരിക്കും. അലട്ടുന്ന നിരവധി ചോദ്യങ്ങള്‍ അശാന്തിയുടെ ആഴങ്ങളിലേക്ക് അദ്ദേഹത്തെ വലിച്ചെറിഞ്ഞിരിക്കും.
‘‘ഒരിടത്തും ഒരിക്കലും/നിങ്ങള്‍ കവിതയെ കണ്ടുമുട്ടുന്നില്ല/ സ്വപ്നത്തിലില്ല/ മരീചികയിലില്ല/ നിങ്ങളില്‍തന്നെ/ അത് ജ്വലിച്ചുയരുന്നില്ലെങ്കില്’’ എന്ന് ജിബ്രാന്. ഗുരുവില്‍ ജ്വലിച്ച കവിത, സ്വന്തം കാലത്തിെൻറ ജീവിതമാവുമ്പോള്‍, നമ്മുടെ ജീവിതവും കവിതയാവും. ‘‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന, മാതൃകാസ്ഥാനത്തേക്കാള്, മികച്ചൊരു കവിതയും ജീവിതംകൊണ്ടെഴുതാനാവില്ല. എന്തുകൊണ്ടെന്നാല്‍ അത് അന്വേഷിക്കുന്നത് സർവ മാതൃകകള്ക്കൊക്കെയുമപ്പുറമുള്ള മറ്റൊരു സ്വപ്നമാതൃകയെയാണ്.
മലയാളത്തിെൻറ വ്യാഖ്യാതസൂക്തം, ദിവ്യമന്ത്രം, ശ്ലോകം, മുദ്രാവാക്യം, കവിത എന്നിങ്ങനെ പലതവണ വിശദീകരിക്കപ്പെട്ടിട്ടുള്ള ആ നാലുവരിയില്‍, അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയുണ്ട്, ചായന്‍ എന്ന അധഃസ്ഥിത വാദ്യകലാകാരെൻറ കുഴല്വിളിയുണ്ട്, ഗുരുവുണ്ട്, അധഃസ്ഥിതമോചനമുണ്ട്, മഹാത്മാ ബുദ്ധന്, ബസവാചാര്യ, ജ്യോതിബഫൂല, അയോത്തിദാസ്, വൈകുണ്ഠംസ്വാമികള് മുതലായ മഹാത്മാക്കളുടെ സാന്നിധ്യമുണ്ട്, ജാതിവ്യവസ്ഥയെ പ്രത്യക്ഷമായിതന്നെ വെല്ലുവിളിച്ച മഹാസമരങ്ങളുടെ സ്മരണകളുണ്ട്, ഒപ്പം മനുഷ്യത്വം നൃത്തംവെക്കുന്ന ഒരു നവകാലവുമുണ്ട്. ജാതിരഹിതവും മതനിരപേക്ഷവും സൗഹൃദസാന്ദ്രവുമായ ഒരു ആധുനികരാഷ്ട്രമാവാന് കൊതിക്കുന്ന ഏതൊരു ജനസമൂഹത്തിനും ഇതിനേക്കാള്‍ മികച്ചൊരു ആമുഖവാക്യം കണ്ടെത്താന്‍ എളുപ്പമല്ല. ഇതിനൊപ്പം നില്‍ക്കില്ല; നാം ഇന്ത്യക്കാര്‍ എന്ന ഭരണഘടനയുടെ പ്രശസ്തമായ ആ മുഖവാക്യംപോലും!
സ്തോത്രകവിതകളില്നിന്നല്ല, സമരങ്ങളില്‍നിന്നാണ്, ജീര്‍ണ ജാതിയില്നിന്നല്ല, ജ്വലിക്കുന്ന ജീവിതത്തില്‍നിന്നാണ്, വ്യക്തിയില്നിന്നല്ല, പ്രപഞ്ചത്തില്നിന്നാണ്, ആധിപത്യത്തില്നിന്നല്ല സ്വാതന്ത്ര്യത്തില്‍നിന്നാണ് വരികള്‍ എന്ന് ചുരുക്കാനാവാത്ത ആ വരികള്‍ ഉയിര്‍ത്തെഴുന്നേറ്റത്. സമത്വത്തിെൻറ ‘ഒരുല്കൃഷ്ടഭാവഹര്ഷ’ത്തിന് മലയാളം നിർമിച്ചൊരനശ്വര സ്മാരകത്തിെൻറ മഹത്തായ സാന്നിധ്യമാണ്, അരുവിപ്പുറത്തെ ഏറെ ശ്രദ്ധേയമാക്കിയത്. ഗുരുവിന് മുമ്പ് ആറാട്ടുപുഴ വേലായുധ പണിക്കരും താപസിഓമലും ശിവക്ഷേത്രം നിര്‍മിച്ചിരുന്നു. ജാതിതടസ്സങ്ങള് തട്ടിനീക്കിത്തന്നെ നിര്‍മിച്ച സമരപ്രതിഷ്ഠകളായിരുന്നു രണ്ടും. തന്‍കടം, മുന്‍കടം, സങ്കടം, അപകടം എന്നിങ്ങനെയുള്ള നാല് കടങ്ങള്‍ ഇല്ലാത്തവര്‍ക്ക് മാത്രമേ തന്നെ തടയാനാകൂ എന്ന താപസി ഓമലിെൻറ താക്കീതില്‍ കവിതയുമുണ്ടായിരുന്നു. എന്നിട്ടും 1888ലെ ശ്രീനാരായണഗുരുവിെൻറ ‘അരുവിപ്പുറം’ ശിവപ്രതിഷ്ഠയാണ് ജാതിചരിത്രത്തില്‍ സ്ഫോടനപരമ്പരകള്‍ സൃഷ്ടിച്ചത്. ‘ശിവന്’ ‘ഈഴവശിവന്‍’ ‘നമ്മുടെ ശിവന്’ എന്നിങ്ങനെ പില്ക്കാലത്ത് സംവാദമായി മാറിയ മൂന്ന് ‘ശിവനും’, അതിനൊപ്പം കവിതയും, പിന്നെ എന്തിനെയും മുന്നിലേക്ക് കൊണ്ടുവരുന്ന ഒരു പ്രത്യേക ചരിത്രസന്ദര്‍ഭവും എല്ലാംകൂടി ഒത്തുചേര്‍ന്നപ്പോഴാണ്, ‘അരുവിപ്പുറം ശിവപ്രതിഷ്ഠ’ കേരളത്തിെൻറ സാംസ്കാരിക ചരിത്രത്തിലെ വഴിത്തിരിവായത്.
പുലിവാതുല്ക്കല് വേലായുധന് വൈദ്യരുമൊരുമിച്ച് ഗുരു ആങ്കോട്ട ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴുള്ള അധഃസ്ഥിത ദുരനുഭവം കണ്ടിട്ട്, വല്ലാത്ത കഷ്ടം, ‘‘എന്നാലിതുപോലൊന്ന് നമുക്കും തുടങ്ങാമല്ലോ’’ എന്ന ഗുരുവിെൻറ പ്രാഥമിക പ്രതികരണമാണ്, അരുവിപ്പുറം പ്രതിഷ്ഠയുടെ ആധാരമെന്ന് കരുതുന്നതിലും പ്രസക്തം, ഒരു ജനസമൂഹം സഹസ്രാബ്ദങ്ങളായി അനുഭവിക്കുന്ന ജാതിവിവേചനത്തിനെതിരെയുള്ള രോഷത്തില്നിന്നുണ്ടായ ചിതറിയ തീപ്പൊരികള്‍, ഗുരുവില്‍ വലിയൊരഗ്നിജ്വാലയായി രൂപപ്പെട്ടു എന്ന് കരുതുന്നതാണ്. ‘‘ജാതീലാരാ’’ എന്ന ആഭിജാത്യ ചോദ്യത്തിന്, കീഴാളരുടെ ആത്മാഭിമാനം നല്കിയ മറുപടിയായാണ് കേരളചരിത്രത്തില്‍ ‘അരുവിപ്പുറം’ ശിവപ്രതിഷ്ഠ ഉയര്‍ന്ന് നില്‍ക്കുന്നത്. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ ഒരു സൗമ്യസ്ഫോടനസമരമായിരുന്നെങ്കില് പിന്നീടവിടെ എഴുതിവെച്ച കവിത സമരവും സ്വപ്നവും സാന്ത്വനവുമായിരുന്നു! ഗുരുശിഷ്യനായ സ്വാമി ജോണ്പിയേഴ്സ്, ആദ്യം ഗുരുവിനെ ‘യോദ്ധാവായ മഹര്‍ഷി’ എന്ന് വിളിക്കുകയും, പിന്നീട് ആ ‘യോദ്ധാവ്’ എന്ന വിശേഷണം ഉപേക്ഷിക്കുകയും ചെയ്തത് ഉചിതമായി!
ഗുരുവില്‍ മഹാശക്തിയായി നിറഞ്ഞതും നിര്വൃതമായതും പ്രധാനമായും ‘ശിവനാണ്’. ‘‘കാമനെ ചുട്ട കണ്ണുള്ള കാലാരിതന്‍ നാമം നുകര്‍ന്നു നിന്നാടു പാമ്പേ’’ എന്ന് കുണ്ഡലിനിപ്പാട്ടില്‍ അതുകൊണ്ടാവണം ഗുരു ആടിത്തിമിര്‍ത്തത്. ‘‘ഒരു പെരിയ ശിവന് ഗുരുവിെൻറ ബോധത്തിലുമുണ്ടായിരുന്നു. അതുകൊണ്ടാണ് ശിവശക്തിയാല്‍ ആവേശിതനായി അനേകം കവിതകള്‍ ഗുരു എഴുതിയത്’’ (കെ.പി. അപ്പന്). ശിവന് ഗുരുവിന് സർവസ്വവുമായിരുന്നു. എങ്കിലും ‘സുബ്രഹ്മണ്യ കീര്‍ത്തനത്തില്‍’ ആവര്‍ത്തിക്കുന്ന ആ ‘‘എച്ചില് ചോറുണ്ട പുള്ളി’’ എന്ന ശിവപ്രയോഗത്തിനടിയില് അധഃസ്ഥിത ജീവിതത്തിലെ നോവും നിനവുമാണ് നിറയുന്നത്. എച്ചില്വാരിത്തിന്ന് വിശപ്പടക്കി വീട്ടിലേക്ക് വന്ന മകന് അമ്മയുടെ മുന്നില്‍ സ്വന്തം വിശദമായ എച്ചില്തീറ്റ വിവരണം നടത്തി! അതുകേട്ട അമ്മ, ‘പട്ടിണിമരണമടഞ്ഞ ഒരാളുടെ പ്രേതം കണക്കെ’ അവനോട് ചോദിച്ചു: ‘‘എനിക്കതില്‍നിന്നും എന്തെങ്കിലും കൊണ്ടത്തരാമായിരുന്നില്ലേ? എച്ചില് അമൃത് പോലെയാണ്.’’ ശരണ്‍കുമാര്‍ ലിംബാളയുടെ ‘അക്കര്‍മാശി’യെന്ന പ്രശസ്ത രചനയില്‍ ഇതോട് ചേര്‍ന്നൊരു സംഭ്രമരൂപകമുണ്ട്. ‘‘അതുകേട്ട് ഞാനൊരു എച്ചില്കിണ്ണംപോലെ നിന്നു.’’
ശിവന് ഗുരുവിനെ സംബന്ധിച്ചിടത്തോളം ലഹരി പിടിപ്പിച്ച ഒരധഃസ്ഥിതമോചന സ്രോതസ്സാണ്. കോവിലന് എഴുതി: ‘‘ഈയിടെ എെൻറ മനസ്സ് നിറച്ചും ശിവനാകുന്നു. ശിവന് ആദിമകലാകാരന്‍. ബ്രഹ്മാവിെൻറ ശിരസ്സുകളിലൊന്ന് ശിവന് നുള്ളിയെടുത്തു. ഉടുപ്പിലും നടപ്പിലും ശിവന് മാമൂലുകള്‍ മാനിച്ചില്ല. കാകോളം വാരി വിഴുങ്ങി. അമൃതെന്ന സ്വച്ഛജീവിതത്തിനുവേണ്ടി ദാഹിക്കുകയും വിഷം താനേ ഭുജിച്ച് മാനവരാശിയെ രക്ഷിക്കുകയും ചെയ്തവന്, ഭാരതീയ സങ്കല്പങ്ങളില് ആദികലാകാരന്, വിപ്ലവകാരി, വിലക്ഷണന്‍. ഇന്ത്യയില്‍ ബുദ്ധനും തെക്കേ ആഫ്രിക്കയില്‍ ഗാന്ധിജിയും കേരളത്തില്‍ ശ്രീനാരായണനും ഈ വിഷം കുടിച്ചിട്ടും അനശ്വരരായി. അച്ഛെൻറ ശവം താനേ ചുമന്ന് ചുമക്കാനാവാതെ വലിച്ചിഴച്ച് പട്ടടയിലെത്തിച്ച വി.ടി കുടിച്ചതും അതേ കാകോളം തന്നെ...’’ മലയാളിക്ക് ഗുരു ഒരു വ്യക്തിയല്ല. ശിവന് ഗുരുവിന് വെറുമൊരു ദൈവം മാത്രവുമല്ല, ഇരുവരും അധഃസ്ഥിത വിമോചനത്തിെൻറ വിസ്ഫോടന സ്രോതസ്സുകളാണ്.
ഗുരു ഹിന്ദുമതം ഉപേക്ഷിച്ച് ഏകമതവാദിയാവുകയോ, മതംതന്നെ ഉപേക്ഷിച്ച് നിരീശ്വരനാവുകയോ ചെയ്യുകയല്ല, സ്വയമൊരു ‘കവിതാമത’ത്തിലേക്കുയരുകയാണുണ്ടായത്. ആര്‍ക്കും വന്നുചേരുകയും കടന്നുപോവുകയും ചെയ്യാനാവുംവിധം, അടയ്ക്കാന്‍ വാതിലുകളില്ലാത്ത, ഒരു തുറന്ന ആശയലോകമാണ്, ജാതിവ്യവസ്ഥക്ക് ബദലായി ഗുരു കെട്ടിപ്പൊക്കിയത്. സർവ മതങ്ങളെയും സ്വാഗതം ചെയ്തപ്പോഴും, സർവ മതങ്ങളെയും അദ്ദേഹം സ്വീകരിച്ചില്ല. അധോമുഖത്വ പ്രവണതകള്‍ക്കെതിരെ എവിടെനിന്നും ഉറന്നൊഴുകിയ ഊർധ്വമുഖത്വ പ്രചോദനങ്ങളെ ആശ്ലേഷിക്കാനാണദ്ദേഹം ഉത്സുകമായത്.
അലച്ചില്‍ കാലത്തെ കല്ലും മുള്ളും ‘കാലിത്തൊഴുത്തും’ അറിയാത്ത നാനാജാതി മതസ്ഥരും നല്കിയ സാന്ത്വനത്തില്നിന്നാണ്, അദ്ദേഹത്തിെൻറ ‘അദ്വൈതം’ ശരിക്കുള്ള ജീവിതം ആരും പഠിപ്പിക്കാതെ സ്വയം പഠിച്ചത്. അമൂര്‍ത്തമായ ഉടുപ്പുകളൊക്കെയും ഊരിവെച്ച് അദ്വൈതം ഗുരുവില്‍ മൂര്‍ത്തവും മാനവികവും കാവ്യാത്മകവുമായി! അതില്‍നിന്നാണ് സ്നേഹസാന്ദ്രതയുടെ സാക്ഷാൽക്കാരമായൊരു ‘കൃപാലു’ ഇറങ്ങിവന്നത്. ഏറെ ഹൃദയസ്പര്‍ശിയായ ‘ആത്മോപദേശശതകം’ ‘അപരത്വത്തിന്നെതിരെയുള്ള’ പ്രിയത്തിെൻറ സ്നേഹസമര സംഗ്രഹമാണ്. ‘പ്രിയ’മാണ് ഗുരുവിന് പ്രിയപ്പെട്ട വാക്കും മൗനവും സർവവും.
മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1190 പ്രസിദ്ധീകരിച്ച ലേഖനത്തിൽ നിന്നുള്ള ഭാഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.