1999 ജൂണില്‍ ദൂരദര്ശന് ന്യൂസില്‍, ഡൽഹിയിലെ പതിനാലോ പതിനഞ്ചോ വയസ്സുള്ള സ്കൂള്‍ വിദ്യാര്‍ഥികള്‍ പല സ്ഥലങ്ങളില്‍ നടത്തിയ പ്രസംഗങ്ങള്‍ തത്സമയം കാണിച്ചിരുന്നു. കാര്‍ഗിലില്‍ ഇന്ത്യയുടെയും പാകിസ്താെൻറയും സൈനികര്‍ ഏറ്റുമുട്ടുന്ന പശ്ചാത്തലത്തില്‍ പട്ടാളക്കാര്‍ക്ക് അഭിവാദ്യം പ്രഖ്യാപിച്ചുകൊണ്ട് ഡൽഹിയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന റാലികളില്‍ ആയിരുന്നു ഈ പ്രസംഗങ്ങള്‍. ഒറ്റ വാചകത്തില്‍ ആ പ്രസംഗങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം: ''വടക്ക് ഹിമാലയത്താലും കിഴക്കും പടിഞ്ഞാറും തെക്കും മഹാസമുദ്രങ്ങളാലും സംരക്ഷിക്കപ്പെടുന്ന നമ്മുടെ മാതൃഭൂമിയുടെ ഒരിഞ്ചുപോലും ഒരു ശത്രുവിനും നമ്മുടെ പട്ടാളക്കാര്‍ വിട്ടുകൊടുക്കില്ല.'' മുതിര്‍ന്നവര്‍ പഠിപ്പിച്ചു കൊടുത്തത് അവര്‍ ഏറ്റുപറയുക ആയിരുന്നു എന്നു നിശ്ചയം.
1947ല്‍ ആഗസ്റ്റ് 16ന് ഇന്ത്യയും പാകിസ്താനും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ഒരു ദിവസം പിന്നിടുമ്പോള്‍ ഇന്ത്യക്കും പാകിസ്താനും ഇടക്ക് അതിര്‍ത്തി രൂപപ്പെട്ടിരുന്നില്ലെന്ന് ആ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങളോ അധ്യാപകരോ പറഞ്ഞുകൊടുക്കാന്‍ സാധ്യതയില്ല. പരസ്പരം ശത്രുക്കളെന്ന് ഇരു സര്‍ക്കാറുകളും ഒളിച്ചും തെളിച്ചും പറയുമ്പോഴും യുദ്ധസന്നദ്ധര്‍ ആയി നിലയുറപ്പിക്കുമ്പോഴും 1947 ആഗസ്റ്റ് 17നു പ്രഖ്യാപിച്ച അതിര്‍ത്തി, കശ്മീരിെൻറ തുടക്കത്തില്‍ അവസാനിച്ചിരുന്നു എന്നും ആ വിദ്യാര്‍ഥികള്‍ക്ക് അറിയാന്‍ വഴിയില്ല. 1948ലെയും 1971ലെയും യുദ്ധങ്ങള്‍ക്ക് ശേഷവും ഷിംല കരാറിന് ശേഷവും സിയാചിന്‍ മഞ്ഞുനിരകളില്‍ അതിര്‍ത്തി ഒരു രേഖയായി വരക്കപ്പെട്ടിരുന്നില്ല എന്നും ആരും ആ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ടാവില്ല. കാരണം അത്തരം സുഖകരം അല്ലാത്ത വസ്തുതകള്‍ രാജ്യത്തെ കുറിച്ച് നാം ഉണ്ടാക്കിയെടുത്ത മിത്തുകളെ പൊളിച്ചെഴുതും.
രാജ്യത്തിെൻറ നിര്‍വചനം ഭൂമിശാസ്ത്രപരം ആയിരിക്കെ രാജ്യസ്നേഹത്തിെൻറ ചിന്താപദ്ധതിയില്‍ അതിര്‍ത്തികള്‍ നിർണായകം ആണ്. അനാദികാലം മുതല്‍ ഇന്ത്യ ഉണ്ടായിരുന്നു എന്നും, ഏറ്റവും ചുരുങ്ങിയത്, 1947 ആഗസ്റ്റ് 15നെങ്കിലും നമ്മുടെ അതിര്‍ത്തികള്‍ തീരുമാനിക്കപ്പെട്ടിരുന്നു എന്നും എല്ലാ രാജ്യസ്നേഹ കഥകളുടെയും പ്രമേയപരിസരം ആണ്. അതിര്‍ത്തിയെ കുറിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ അത് അതിർത്തിക്കപ്പുറം ഉള്ള ശത്രു സൃഷ്ടിക്കുന്നതാണെന്നും നാം സ്വയം വിശ്വസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒരുകാലത്ത് ഈ ഭൂഖണ്ഡം തന്നെ ഇവിടെ ഉണ്ടായിരുന്നില്ല എന്നും, 1980കളില്‍പോലും സിയാചിന്‍ ഭാഗത്തെ അതിര്‍ത്തി തീരുമാനിക്കപ്പെട്ടിരുന്നില്ല എന്നും ഓര്‍ക്കുമ്പോള്‍ ''നമ്മുടെ രാജ്യത്തിെൻറ ഒരിഞ്ച് ഭൂമിപോലും വിട്ടുകൊടുക്കില്ല''എന്ന പ്രസ്താവനയോട് പക്ഷേ ഏതാണ് ആ ഒരിഞ്ച് ഭൂമി എന്നു തിരിച്ചുചോദിക്കേണ്ടി വരും. അതിര്‍ത്തികളുടെ ചരിത്രത്തിെൻറ പ്രസക്തി ഇവിടെ ആണ്.
ഠഠഠ
കാളിദാസെൻറ കുമാരസംഭവം തുടങ്ങുന്നത് ഇങ്ങനെ ആണ്:
''അങ്ങ് വടക്ക്, ദേവന്മാരുടെ വിഹാരഭൂവില്‍, കിഴക്കും പടിഞ്ഞാറും ഉള്ള സമുദ്രങ്ങളെ സ്പര്‍ശിച്ചുകൊണ്ടു മലനിരകളുടെ രാജാവായ ഹിമാലയ പര്‍വതം ഭൂമിയുടെ തന്നെ അളവുകോല്‍ എന്നപോലെ സ്ഥിതി ചെയ്യുന്നു.''കാളിദാസെൻറ ജീവിതകാലം എപ്പോള്‍ ആയിരുന്നു എന്നതിനെ കുറിച്ച് (കാളിദാസന് ഒരു വ്യക്തി ആയിരുന്നോ എന്നതിനെ കുറിച്ചും) ചരിത്രകാരന്മാര്ക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ട്. എങ്കിലും അദ്ദേഹം ജീവിച്ചിരുന്നത് ഹിമാലയം ഉണ്ടായതിന് ശേഷം വളരെ കാലം കഴിഞ്ഞാണ് എന്നതില്‍ തര്‍ക്കമില്ല. അഞ്ചു കോടി കൊല്ലങ്ങള്‍ക്ക് മുമ്പ് ആണ് അദ്ദേഹം ജീവിച്ചിരുന്നതെങ്കില്‍ തിബത്തില്‍നിന്നു തെക്കോട്ട് നോക്കുമ്പോള്‍ അദ്ദേഹം കാണുക ടെതിസ് എന്ന മഹാസമുദ്രത്തില്‍ മുന്നോട്ട് വന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡം ആണ്. അതിനും രണ്ടു കോടി കൊല്ലം മുമ്പ്, ഇന്ത്യന്‍ ഉപഭൂഖണ്ഡം ആഫ്രിക്കയിൽനിന്ന് വിടപറയുന്ന തിരക്കില്‍ ആയിരുന്നു. ഏതാണ്ട് രണ്ടു കോടി കൊല്ലം സമുദ്രത്തില്‍ ഒഴുകി നടന്നതിനു ശേഷം ഇന്ത്യന്‍ ഉപഭൂഖണ്ഡം തിബത്തില്‍ ചെന്നിടിച്ച ആഘാതത്തില്‍ ആണ് ഹിമാലയം രൂപപ്പെട്ടത് എന്നാണ് ഇന്ന് മിക്ക ഭൂമിശാസ്ത്ര ഗവേഷകരും അനുമാനിക്കുന്നത്.1 ഇപ്പൊഴും ഇന്ത്യന്‍ ഉപഭൂഖണ്ഡം സ്ഥിതിചെയ്യുന്ന പലക (plate) തിബത്തിനടിയിലേക്ക് ഇടിച്ചുകയറിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ കരുതുന്നു. ആലങ്കാരികമായി പറഞ്ഞാല്‍ ചൈനക്കടിയിലേക്ക് സാവധാനം നീങ്ങിക്കൊണ്ടിരിക്കുന്ന അടിത്തറക്ക് മുകളില്‍ ഇരുന്നാണ് നാം നമ്മുടെ ഒരിഞ്ച് ഭൂമിപോലും വിട്ടുകൊടുക്കില്ല എന്ന് പ്രഖ്യാപിക്കുന്നത്.
ഹിമാലയം ഉണ്ടായതോടെ അത് പ്രകൃതി നിര്‍മിച്ച ഒരതിര്‍ത്തി ആയി മാറി എന്നത് ശരിയാണ്. എന്നാല്‍ ആ അതിര്‍ത്തിക്ക് അപ്പുറവും ഇപ്പുറവും ഉള്ളവര്‍ക്ക് മറ്റ് വഴികളിലൂടെ ഇവിടെ എത്താന്‍ കഴിഞ്ഞാല്‍, ഇവിടെ ജീവിക്കുന്നതിന് തടസ്സം ഒന്നും ഉണ്ടായിരുന്നില്ല. ആഫ്രിക്കയില്‍നിന്നും ഏതാണ്ട് എഴുപതിനായിരം കൊല്ലം മുന്‍പ് യാത്ര പുറപ്പെട്ട ആധുനിക മനുഷ്യവര്ഗത്തിെൻറ പിന്‍ഗാമികള്‍ക്ക് ലോകം മുഴുവന്‍ പടരാന്‍ പ്രകൃതിയുടെ ഒരതിര്ത്തികളും തടസ്സമായില്ല. മഞ്ഞുമലകളിലൂടെ, മരുഭൂമികളിലൂടെ, നദീതീരങ്ങളിലൂടെ, കടലോരങ്ങളിലൂടെ അവര്‍ തലമുറ തലമുറകളായി പടര്‍ന്നുകൊണ്ടിരുന്നു. പലയിടങ്ങളില്‍ അവര്‍ സ്ഥിരതാമസം ആക്കി. അവരുണ്ടാക്കിയ മനുഷ്യസമൂഹങ്ങളില്‍ പതിയെ പതിയെ പുതിയതരം അധികാര രൂപങ്ങള്‍ ഉടലെടുത്തു. അതോട് കൂടിതന്നെ പുതിയ തരം അതിര്‍ത്തികളും രൂപംകൊള്ളാന്‍ തുടങ്ങി.
പല രൂപങ്ങളിലാണ് മനുഷ്യന് അതിര്‍ത്തികള്‍ സൃഷ്ടിച്ചത്. മിക്ക ആധുനിക പൂര്‍വ സമൂഹങ്ങളിലും അധികാരത്തിെൻറ അതിര്ത്തികളോടൊപ്പം തന്നെ വിശ്വാസത്തിെൻറ അതിര്‍ത്തികള്‍ വളരെ പ്രധാനം ആയിരുന്നു. അധികാരത്തിെൻറ അതിര്‍ത്തികള്‍, വിഭവങ്ങളുടെ ലഭ്യത, കാലാവസ്ഥ, ജനങ്ങളുടെ എണ്ണം എന്നിവക്കനുസരിച്ച്, ഭൂമിശാസ്ത്രപരം ആയിരിക്കെതന്നെ അവ നിശ്ചിത അതിര്‍ത്തി രേഖകളെ സൃഷ്ടിച്ചിരുന്നില്ല. ഗോത്രസമൂഹങ്ങളിലെ യുദ്ധങ്ങള്‍ മേൽപറഞ്ഞ ഭൗതികമായ കാരണങ്ങളാല്‍ പ്രചോദിതം ആകാം എങ്കിലും, അവയുടെ ലക്ഷ്യമോ ഫലപ്രാപ്തിയോ അതിര്‍ത്തി രേഖകളാല്‍ നിയന്ത്രിതം ആയിരുന്നില്ല.2 പ്രദേശത്തിനെ കുറിച്ച് ഈ സമൂഹങ്ങളില്‍ സങ്കൽപങ്ങള് ഉണ്ടായിരുന്നില്ല എന്നല്ല, ആ സങ്കൽപങ്ങള്ക്ക് പ്രാധാന്യം കൊടുത്തത് ദേശത്തിെൻറ അതിരുകളിലല്ല, അവിടത്തെ വിഭവങ്ങളുടെ ഉപയോഗസാധ്യതയില് ആയിരുന്നു എന്നതാണ്.
എന്നാല്‍ വിശ്വാസത്തിെൻറ അതിര്‍ത്തികള്‍ വളരെ പ്രധാനം ആയിരുന്നു. ആരാണ് വിശ്വാസി, വിശ്വാസത്തിെൻറ പുറത്തുള്ളവര്‍, അതിര്‍ത്തിക്ക് അപ്പുറം ഉള്ള അവരോട് വിശ്വാസികള്‍ എന്തു സമീപനം എടുക്കണം എന്നതെല്ലാം എല്ലാ ആധുനിക പൂര്‍വ സമൂഹങ്ങളും ചര്‍ച്ചചെയ്തിട്ടുണ്ട്. മാര്‍ഗ്രറ്റ് മൂറും അലന് ബുക്കാനനും ചേര്‍ന്ന് എഡിറ്റ് ചെയ്ത 'രാഷ്ട്രം, ദേശം, അതിര്‍ത്തികള്‍: അതിര്‍ത്തി നിര്‍മാണത്തിെൻറ നൈതികത' എന്ന പുസ്തകം വിവിധ സംസ്കാരങ്ങളിലെ അതിര്‍ത്തി സങ്കൽപങ്ങളെ വിശകലനം ചെയ്യുന്നു. ഈ സങ്കൽപങ്ങളും ആധുനിക ദേശ രാഷ്ട്രത്തിെൻറ അതിര്ത്തിരേഖാ സങ്കൽപവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ആണ് ഇന്നത്തെ മിക്കവാറും 'അതിര്‍ത്തി തര്‍ക്കങ്ങളുടെ' കാതല്‍. ഉദാഹരണത്തിന്, ജൂതന്മാരുടെ വിശ്വാസ സംഹിതയില്‍ വിശ്വാസത്തിെൻറ അതിര്‍ത്തി തീരുമാനിക്കുന്നത് മൂന്നു പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ആണ്. വിഗ്രഹാരാധന, നിഷിദ്ധ സംഗമം (incest), രക്തച്ചൊരിച്ചില്‍ എന്നിവയാണ് അവിശ്വാസിയെ വിശ്വാസിയില്‍നിന്നും വേര്‍തിരിക്കുന്നത്. മേല്പറഞ്ഞവക്ക് എതിരായുള്ള നിബന്ധനകള്‍ ലംഘിക്കുന്നവര്‍ അവരുടെ ഭൂമിയില്‍നിന്നും പുറന്തള്ളപ്പെടാന്‍ യോഗ്യരാണ്. ഇവിടെ വിശ്വാസികളെയും അവിശ്വാസികളെയും വ്യക്തികള്‍ എന്നതിനെക്കാള്‍ സമുദായം എന്ന നിലയിലാണ് ഈ നിബന്ധനകള്‍ക്ക് വിധേയമാക്കേണ്ടത്. മേല്‍ നിര്‍വചിച്ച വിധമുള്ള വിശ്വാസം എന്നതാണ് ഒരു സമുദായത്തിെൻറ ഭൂമിക്ക് മുകളിലുള്ള അവകാശത്തെ നിര്‍വചിക്കുന്നത്. കാനാന്‍ ദേശങ്ങള്‍ക്ക് മുകളില്‍ ഇസ്രായേലുകാര്‍ക്ക് ദൈവം അധികാരം നല്‍കുന്നത് അതിര് നിര്‍ണയിച്ച ഭൂമിയെന്ന നിലയില്‍ അല്ല, അവിശ്വാസികള്‍ക്ക് മുകളില്‍ വിശ്വാസികൾക്കുള്ള അധികാരം എന്ന നിലയില്‍ ആണ്. ഭൂമിയുടെ അവകാശത്തില്‍നിന്നും പുറന്തള്ളുക എന്നാല്‍ പുറത്താക്കല്‍ അല്ല എന്നും ജൂതന്മാരുടെ ബൈബിളില്‍നിന്നും മനസ്സിലാക്കാവുന്നതാണ്. ഇസ്രായേലികള്‍ അല്ലാത്തവരോട് നീതിപൂര്‍വം പെരുമാറാത്തവര്‍ അവിശ്വാസികള്‍ ആണെന്നും അവര്‍ക്കും നിര്‍ദിഷ്ട ഭൂമിയില്‍ ഉള്ള അവകാശം നഷ്ടമാകുന്നു എന്ന തരത്തിലുള്ള പല പരാമര്‍ശങ്ങളും ഇവിടെ കാണാവുന്നതാണ്. ഇസ്രായേല്‍ രാജ്യം എന്നത് ഭൂമിശാസ്ത്രപരം ആയി നൈല്‍ നദി മുതല്‍ യൂഫ്രട്ടീസ് വരെ (അന്ന് ഭൂമിയുടെ അതിരുകള്‍ എന്നു സങ്കല്പ്പിച്ചവ) ആണെന്ന പരാമര്‍ശം സൂചിപ്പിക്കുന്നത്, യഥാര്‍ഥത്തില്‍ അതിര്‍ത്തി നിര്‍ണയിക്കാന്‍ ആകാത്ത അത്ര വിശാലമായ രാജ്യം എന്ന അര്‍ഥത്തില്‍ ആണ് എന്ന് പല ജൂത ചരിത്രകാരന്മാരും പ്രസ്താവിക്കുന്നുണ്ട്.3 ഇങ്ങനെ വിശ്വാസനിഷ്ഠയുമായി ബന്ധപ്പെട്ട അതിര്‍ത്തിയെ പൂര്‍ണമായും ദേശരാഷ്ട്ര അതിര്‍ത്തിയുടെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള സയണിസ്റ്റ് ശ്രമങ്ങള്‍ ആണ് ഇന്നത്തെ ഇസ്രായേലിെൻറ ഫലസ്തീന് മുകളിലുള്ള കൊളോണിയല്‍ അവകാശവാദങ്ങളുടെ അടിസ്ഥാനം.
പ്രൊട്ടസ്റ്റൻറ് പരിഷ്കരണ ശ്രമങ്ങള്‍ തുടങ്ങും മുമ്പ്, ക്രിസ്തുമതം ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല എന്ന് ആൻറണി പാഗ്ദെന്, ഒലിവര്‍ ഡോനോവന്‍ തുടങ്ങിയവരുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.4 ആരാണ് ക്രൈസ്തവര്‍ എന്നതിന് തോമസ് അക്വിനാസ് പിന്തുടര്‍ന്ന വിശദീകരണങ്ങള്‍ക്ക് യൂറോപ്പ് മുഴുവന്‍ നവോത്ഥാന കാലഘട്ടംവരെ സ്വാധീനം ഉണ്ടായിരുന്നു എന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മുഴുവന്‍ മനുഷ്യരും ദൈവസൃഷ്ടികള്‍ ആയിരിക്കെ ക്രിസ്തുമതത്തിന് ഏതെങ്കിലും പ്രത്യേക ദേശങ്ങളുടെയോ സമുദായങ്ങളുടെയോ അതിര്‍ത്തികള്‍ ബാധകം ആല്ലെന്ന് അക്വിനാസ് കരുതുന്നു. പ്രൊട്ടസ്റ്റൻറ് നവോത്ഥാന സമയത്ത് ആണ് ആരാണ് യഥാർഥ ക്രിസ്ത്യാനികള്‍ എന്ന ചോദ്യത്തിലൂടെ വിശ്വാസിക്കും അവിശ്വാസിക്കും ഇടയില്‍ കൃത്യമായ അതിര്‍വരമ്പ് സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. യൂറോപ്പില്‍ മതവും ഭരണകൂടവും തമ്മിലുള്ള വേര്‍തിരിവ് എന്ന സങ്കൽപം ഉടലെടുക്കുന്നതും കാത്തലിക്, പ്രൊട്ടസ്റ്റൻറ് വിശ്വാസ യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ ആണെന്ന് പല യൂറോപ്യന്‍ ചരിത്രകാരന്മാരും സൂചിപ്പിക്കുന്നു. ഇവിടെ മതത്തെ ഭരണത്തില്നിന്നോ പൊതു ഇടങ്ങളില്‍നിന്നോ മാറ്റിനിര്‍ത്തേണ്ടതുണ്ട് എന്നതരം മതേതര വിശ്വാസം അല്ല യൂറോപ്പില്‍ ഉണ്ടായിവന്നത്. കാത്തലിക് പോപ്പിന് ഓരോ രാജ്യത്തിെൻറയും ഭരണത്തിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു എന്നു മാത്രമേ ഇതിന് അർഥം ഉള്ളൂ. എന്നാല്‍ യൂറോപ്പിലെ ഭരണകൂടങ്ങള്‍ ദേശരാഷ്ട്രങ്ങളായി മാറുന്നതോടൊപ്പം മിക്ക ഭരണാധികാരികളും ഒന്നുകില്‍ പോപ്പിനോടോ അല്ലെങ്കില്‍ പ്രൊട്ടസ്റ്റൻറിസത്തോടോ കൂറു പ്രഖ്യാപിക്കുക ഉണ്ടായി. ഇതോടെ വിശ്വാസത്തിനും ഭൂമിശാസ്ത്രപരമായ അതിര്‍വരമ്പുകള്‍ സൃഷ്ടിക്കപ്പെട്ടു. ഇംഗ്ലണ്ടും അയര്‍ലൻഡും തമ്മില്‍ നൂറ്റാണ്ടുകളായി തുടരുന്ന വിശ്വാസയുദ്ധം പ്രദേശപരംകൂടി ആയിരിക്കുന്നതിെൻറ ചരിത്രം നമുക്കിവിടെ ഓര്‍ക്കാവുന്നതാണ്.
ഇസ്ലാമിെൻറ ചരിത്രത്തിലും വിശ്വാസത്തിെൻറ അതിര്‍ത്തിയും അധികാരത്തിെൻറ അതിര്‍ത്തിയും തമ്മിലുള്ള ഇടപെടലുകള്‍ പ്രധാനം ആണ്. ദൈവത്തിെൻറ നീതി നടപ്പാക്കുന്നതിന് ഭൂമിയില്‍ ചുമതലപ്പെട്ടവരുടെ സമുദായം ആണ് ഇസ്ലാം എന്നു ഖുർആന്‍ സൂചിപ്പിക്കുന്നു. നീതി നടപ്പാക്കണം എങ്കില്‍ പ്രത്യേക രാഷ്ട്രീയ അധികാരം ഒഴിവാക്കാനാകാത്തതാണ് എന്നു ചില ഇസ്ലാമിക പണ്ഡിതന്മാര് വിശദീകരിക്കുന്നു. മുഹമ്മദ് നബി മദീനയില്‍ സ്ഥാപിച്ചെടുത്ത നിയമസംവിധാനം സൂചിപ്പിക്കുന്നത് പ്രദേശപരമായ രാഷ്ട്രീയ അധികാരം ഇസ്ലാമില്‍ പ്രധാനം ആണ് എന്നതാണ് എന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ രാഷ്ട്രീയാധികാരം എന്നത് സാന്ദര്ഭികം മാത്രം ആണെന്നും, ഇസ്ലാമിക ഭരണകൂടങ്ങള്‍ ഇല്ലാതെ തന്നെ ഇസ്ലാമിന് നിലനില്‍ക്കാമെന്നും മറ്റ് ചില പണ്ഡിതര്‍ വാദിക്കുന്നു. എന്നാല്‍, ക്രിസ്തുമതത്തില്‍ എന്നപോലെ, നീതിക്കു ചുറ്റും ഒന്നിക്കുന്ന സമുദായം പ്രദേശപരമായി അല്ല സങ്കൽപിക്കപ്പെടുന്നത് എന്ന് എല്ലാവരും അംഗീകരിക്കുന്നു. നൈതിക സമുദായം എന്ന നിലയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിശ്വാസ സമൂഹം ആയാണ് ഖുർആന്‍ മനുഷ്യസമൂഹത്തെ കാണുന്നത് എന്നതുകൊണ്ട് തന്നെ അവിശ്വാസികള്‍ പ്രദേശപരം ആയി 'പുറത്തുള്ളവര്‍' അല്ല. എങ്കിലും ഇസ്ലാമിനകത്തെ ഭിന്നതകള്‍, വിശ്വാസി, അവിശ്വാസി അതിര്‍ത്തികളെ ദേശ രാഷ്ട്ര യുക്തിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതും ചരിത്രം ആണ്. ഇസ്ലാമിക ഭരണകൂടങ്ങള്‍, തമ്മിലുള്ള കഴിഞ്ഞ നൂറ്റാണ്ടിലെ യുദ്ധങ്ങള്‍ ഇതിനെ സൂചിപ്പിക്കുന്നു.
ക്രിസ്തുമതത്തിലും ഇസ്ലാമിലും അവിശ്വാസിക്ക് വിശ്വാസി ആയി മാറാന്‍ കഴിയും എന്നതും പ്രധാനം ആണ്. ഈ പരിവര്‍ത്തനം എന്നത് വിശ്വാസികള്‍ തങ്ങളുടെ അതിര്‍ത്തിയെ വ്യാപിപ്പിക്കുന്ന പ്രക്രിയ ആയല്ല ആധുനിക പൂര്‍വ സമയങ്ങളില്‍ സങ്കൽപിച്ചിരുന്നത്. നേരെ മറിച്ച് ഒന്നുകില്‍ അവിശ്വാസികള്‍ നൈതികതയിലേക്ക് പ്രവേശിക്കുമ്പോളോ, അല്ലെങ്കില്‍ അവിശ്വാസികളുടെ സമൂഹം നീതിരഹിതമായി തുടരുമ്പോള്‍, ദൈവശിക്ഷ എന്ന നിലയിലോ ആണോ പരിവര്‍ത്തനം സംഭവിക്കുന്നത്. നിര്‍ബന്ധിത പരിവര്‍ത്തനം എന്നത് ദൈവത്തിന്നു മാത്രം ചെയ്യാന്‍ കഴിയുന്നതാണ്. അതുകൊണ്ടു തന്നെ രാഷ്ട്രീയാധികാരം നേരിട്ട് വിശ്വാസത്തിെൻറ സ്ഥാപനം ആയി ഇരു മതങ്ങളും സങ്കൽപിക്കുന്നില്ല. ഇന്ത്യയില്‍ ഉണ്ടായിരുന്ന ഇസ്ലാം ഭരണകൂടങ്ങള്‍ ഇതിന് ഉദാഹരണങ്ങള്‍ ആണ്. വിശ്വാസത്തിെൻറയും രാഷ്ട്രീയത്തിെൻറയും അതിര്‍ത്തികള്‍ ഒന്നായിരുന്നില്ല എന്ന് ഇത് സൂചിപ്പിക്കുന്നു.
ബ്രാഹ്മണിസത്തെ സംബന്ധിച്ചിടത്തോളം വിവിധ മനുഷ്യജാതികള്‍ക്ക് ഇടയിലുള്ള അതിര്‍ത്തികള്‍ ദൈവനിർമിതം ആണ് ("ചാതുര്‍വര്‍ണ്യം ഞാന്‍ (ഭഗവാന്) സൃഷ്ടിച്ചതാണ്''എന്ന് ഭഗവദ്ഗീത). ഇവിടെ മനുഷ്യന് അതിര്‍ത്തികള്‍ക്കകത്ത് ജനിച്ച് അതിര്‍ത്തികള്‍ക്ക് അകത്തുതന്നെ ജീവിക്കേണ്ടതുണ്ട് എന്നാണ് നിബന്ധന. വിധിവിഹിതം എന്നത് മാറ്റാന്‍ കഴിയില്ലെന്നിരിക്കെ, അവിശ്വാസത്തില്‍നിന്നും വിശ്വാസത്തിലേക്കുള്ള മാറ്റം എന്നത് ഇവിടെ പരാമര്ശിക്കപ്പെടുന്നേത ഇല്ല, അത്തരം ഒരു സാധ്യത നിലനില്‍ക്കുന്നുമില്ല. ജാതിസമുദായത്തിനകത്ത് അതിര്‍ത്തികള്‍ കാക്കുക എന്നത് വിശ്വാസത്തിെൻറ തന്നെ പ്രധാന അളവുകോല്‍ ആണ്. ഇവിടെയും വിശ്വാസത്തിെൻറ അതിര്‍ത്തി രാഷ്ട്രീയാധികാരത്തിെൻറ അതിര്‍ത്തിയുമായി ഒന്നാകുന്ന സ്ഥിതി ഇല്ല. എന്നാല്‍ ജാതിപരമായ അതിര്‍ത്തികള്‍ക്ക് പ്രദേശപരമായ അസ്തിത്വം അനിവാര്യം ആയിരുന്നു. അയിത്തം എന്നത് പ്രദേശപരമായി മാത്രമേ നടപ്പിലാക്കാന്‍ കഴിയുമായിരുന്നുള്ളൂ. ശൂദ്രജാതിയില്പ്പെട്ടവര്ക്ക് താമസിക്കുന്നതിനും സഞ്ചരിക്കുന്നതിനും പ്രദേശപരമായ അതിര്‍ത്തികള്‍ ഉണ്ടായിരുന്നു എന്നത് മാത്രം അല്ല ഇതിെൻറ സൂചന. ബ്രാഹ്മണരുടെ ശുദ്ധിയുടെ പരമമായ അളവുകോല്‍ സ്പര്‍ശം ആയിരുന്നു എങ്കിലും ശുദ്ധി നിയന്ത്രിക്കുന്നതിലും സ്ഥലം ഒരു ഘടകം ആയിരുന്നു. എവിടെ പ്രവേശിക്കുമ്പോള്‍ ആണ് ശുദ്ധി നഷ്ടം ആകുന്നത് എന്നതിന് ആചാരങ്ങളാല്‍ നിര്‍ണയിക്കപ്പെട്ട ചിട്ടവട്ടങ്ങള്‍ ഉണ്ടായിരുന്നു. ഏറ്റവും പ്രധാനം അശുദ്ധിയെ അതിര്‍ത്തിക്ക് അപ്പുറം നിര്‍ത്തുക എന്നത് ഓരോ ബ്രാഹ്മണെൻറയും ഉത്തരവാദിത്തം ആയിരുന്നു. വിവിധ ജാതികളില്‍പെട്ടവര്‍ ബ്രാഹ്മണരില്‍നിന്നും എത്ര അകലം പാലിക്കണം എന്നതിന് കൃത്യമായ കണക്കുകള്‍ ഉണ്ടായിരുന്നു. അയിത്തം എന്നത് പുറന്തള്ളല്‍ ആണെന്നിരിക്കെ എത്ര ദൂരം എന്ന സ്ഥലപരമായ ചോദ്യം ഒഴിവാക്കാന്‍ ആകാത്തത് ആയിരുന്നു. ചുരുക്കത്തില്‍ വിശ്വാസത്തിന് സ്ഥലവുമായുള്ള ബന്ധം അയിത്തം നിലനിര്‍ത്തുന്നതില്‍ നിര്‍ണായകം ആയിരുന്നു. അതുകൊണ്ടുതന്നെ ജാതിയുടെ അതിർത്തികളെ നിലനിർത്തി ദേശത്തിെൻറ മറ്റൊരു അതിർത്തിയെ വിഭാവനം ചെയ്യുക എന്നത് സവർണ ദേശീയതയെ സംബന്ധിച്ച് എല്ലായ്പോഴും ഒരു പ്രശ്നവും ഉത്തരവാദിത്തവും ആയിരുന്നു.
ആധുനിക ദേശ രാഷ്ട്രത്തിെൻറ അതിരുകള്‍ എന്നത് ഭൂമിശാസ്ത്രപരം ആണ് എന്നതിനര്‍ഥം വിശ്വാസം സൃഷ്ടിച്ച അതിരുകളുമായി അവക്ക് ഒരു ബന്ധവും ഇല്ല എന്നതല്ല. രാജ്യാതിര്‍ത്തികള്‍ രാഷ്ട്രീയമായി തീരുമാനിക്കപ്പെട്ടവയാണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ വിശ്വാസത്തിെൻറ അതിര്‍ത്തികളെ കുറിച്ചുള്ള ചര്‍ച്ചയില്‍നിന്നും നമുക്ക് മനസ്സിലാകുന്നത് രാഷ്ട്രീയപരമായ ഈ തീരുമാനം പല വിധത്തില്‍ വിശ്വാസത്തിെൻറ അതിര്‍ത്തികളുടെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. ഇന്ത്യക്കും പാകിസ്താനും ഇടക്കുള്ള അതിർ നിര്ണയത്തിെൻറ ചരിത്രം ഈ തരത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്.
ഠഠഠ
വിദേശികൾക്കെതിരായ ഒരു വ്യവഹാരമായാണ് ഇന്ത്യൻ ദേശീയതയുടെ ഉദ്ഭവംതന്നെ. യൂറോപ്പിൽ ദേശരാഷ്ട്രങ്ങൾ ഉയർന്നു വരുമ്പോൾ ആരാണ് ദേശി എന്ന ചോദ്യമായിരുന്നു പ്രാഥമികം എങ്കിൽ, കൊളോണിയലിസത്തിെൻറ പശ്ചാത്തലത്തിൽ ഉണ്ടായി വന്ന ഇന്ത്യൻ ദേശീയതക്ക്, ആരാണ് വിദേശികൾ, നമ്മൾ അവരിൽനിന്ന് എങ്ങനെ വ്യത്യസ്തം ആയിരിക്കുന്നു എന്നീ ചോദ്യങ്ങൾ ആയിരുന്നു പ്രധാനം. കൊളോണിയലിസ്റ്റ് ഓറിയൻറൽ ചരിത്രത്തെ ആസ്പദമാക്കി നിർമിച്ച ഇന്ത്യൻ ദേശീയത, മുസ്ലിംകളെയും ക്രിസ്ത്യാനികളെയും തുടക്കത്തിൽതന്നെ വിദേശികളാക്കിത്തീർത്തു. ഇതിൽതന്നെ മുസ്ലിംകളെ കുറിച്ചുള്ള കൊളോണിയൽ വ്യവഹാരങ്ങൾ ആരാണ് വിദേശി എന്നു തീരുമാനിക്കുന്നതിൽ നിർണായകം ആയിരുന്നു. ഈ കാലഘട്ടത്തിൽ ദേശീയതയുടെ വിഭാവനത്തിന് സ്ഥലപരമായ അതിർത്തികൾ പ്രധാനം ആയിരുന്നില്ല. കാരണം, രാജ്യത്തിന് അകത്തുതന്നെ ഉള്ളവരെ വിദേശികൾ ആയി കണക്കാക്കുമ്പോൾ രാജ്യാതിർത്തി നിർണായകം ആയിരുന്നില്ല.
സവർക്കർ ആയിരിക്കും ഒരുപക്ഷേ ബ്രിട്ടീഷ് ഇന്ത്യയിൽ മതത്തിെൻറ അതിർത്തിയെയും രാജ്യത്തിെൻറ അതിർത്തിയെയും ബന്ധിപ്പിക്കുന്ന സിദ്ധാന്തം ആദ്യമായി അവതരിപ്പിക്കുന്നത്. ആരായിരിക്കണം ഇന്ത്യക്കാർ എന്നതിന് പല നിബന്ധനകൾ സവർക്കർ കൊണ്ടുവന്നു. ഇവിടെ പരമ്പരകളായി ജനിച്ചു ജീവിച്ചവർ, രാജ്യത്തെ സ്നേഹിക്കുന്നവർ തുടങ്ങി പല ഘടകങ്ങളും അദ്ദേഹം പരിശോധിക്കുന്നു. എന്നാൽ ഇവയൊന്നും മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ഇന്ത്യക്കാർ അല്ലാതാക്കാൻ പര്യാപ്തമായ നിബന്ധനകൾ അല്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം മറ്റൊരു നിബന്ധനകൂടി കൂട്ടിച്ചേർക്കുന്നു. തങ്ങളുടെ പുണ്യഭൂമി ഇന്ത്യയിൽ ആയിരിക്കുന്നവരെ മാത്രമേ യഥാർഥ ഇന്ത്യക്കാർ ആയി കണക്കാക്കാൻ പാടുള്ളൂ എന്ന് അദ്ദേഹം തുടർന്നു പ്രസ്താവിക്കുന്നു. ഇവിടെ കൊളോണിയൽ ഭാവനക്കകത്ത് ഉണ്ടായിവന്ന മതങ്ങളെ കുറിച്ചുള്ള ധാരണകൾ ആസ്പദമാക്കി വിശ്വാസത്തിെൻറ അതിർത്തിയെ രാജ്യത്തിെൻറ അതിർത്തിയിലേക്ക് തർജമ ചെയ്യാൻ ആണ് സവർക്കർ ശ്രമിച്ചത്. ഇന്ത്യൻ നാഷനൽ കോൺഗ്രസിന് അകത്തുള്ള സവർണ സ്വാധീനങ്ങൾ ഇത്തരം ദേശീയസങ്കൽപങ്ങൾക്ക് ശക്തി പകരുകയും ചെയ്തു. ഇതോടുകൂടി ഹിന്ദു മുസ്ലിം അതിർത്തി മാനസികമായി വിഭാവനംചെയ്യുന്നതിന് തടസ്സം ഇല്ലാതായി. ഗാന്ധിയും ചുരുക്കം ചിലരും ഇതിനെ ശക്തമായി എതിർത്തു എങ്കിലും, നിർണായക സന്ദർഭങ്ങളിൽ ആ അഭിപ്രായങ്ങൾ നിശ്ശബ്ദം ആക്കപ്പെട്ടു.
1940കൾ മുതൽ 'ഹിന്ദു- മുസ്ലിം' പ്രശ്നങ്ങളും അവക്കുള്ള പരിഹാരങ്ങളും പ്രദേശപരമായി നിർവചിക്കാനും പരിഹരിക്കാനും ഉള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇത് മിക്കവാറും ബ്രിട്ടീഷ് ഇന്ത്യയിലെ പ്രോവിൻസുകളെ പുനർ നിർണയിക്കുന്നതിനുള്ള ചർച്ചകളിലേക്ക് നയിച്ചു. 1946ഓടു കൂടി ബ്രിട്ടീഷ് ഇന്ത്യയിൽനിന്നു രണ്ടു രാജ്യങ്ങൾ രൂപവത്കരിച്ചുകൊണ്ടാണ് ബ്രിട്ടീഷ് ഭരണം അവസാനിക്കാൻ പോകുന്നതെന്ന് ഒരു ഏകദേശ ധാരണ രൂപപ്പെട്ടിരുന്നു. എന്നാൽ ഇതിെൻറ മൂർത്തരൂപം എങ്ങനെ എന്നതിനെ കുറിച്ച് 1947 ഫെബ്രുവരിയിൽ മൗണ്ട് ബാറ്റൺ വൈസ്രോയി ആയി സ്ഥാനമേൽക്കുംവരെ അവ്യക്തമായ ധാരണകൾ മാത്രമാണ് ഉണ്ടായിരുന്നത്. 1948 ജൂണിന് മുൻപ് ഇന്ത്യയിൽനിന്നും പിൻവാങ്ങുക എന്ന ദൗത്യം ഏറ്റെടുത്ത് ഇന്ത്യയിൽ എത്തിയ മൗണ്ട് ബാറ്റൺ ഇന്ത്യൻ നേതാക്കളുമായി ഉള്ള ആദ്യവട്ട ചർച്ചകൾക്ക് ശേഷം എത്രയും പെെട്ടന്നുതന്നെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുന്നതാണ് ബ്രിട്ടന് നല്ലത് എന്ന തീരുമാനത്തിൽ എത്തി. കാര്യങ്ങൾ അത്രയും സങ്കീർണമായതുകൊണ്ടും എത്രയും പെട്ടെന്ന് ഉത്തരവാദിത്തങ്ങൾ തദ്ദേശീയ നേതൃത്വത്തിന് കൈമാറുന്നതാണ് ബുദ്ധി എന്ന് മൗണ്ട് ബാറ്റൺ ബ്രിട്ടീഷ് സർക്കാറിനെ അറിയിച്ചു. അങ്ങനെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുന്നതിന് 1947 ആഗസ്റ്റ് 15 എന്ന തീയതി തീരുമാനിക്കപ്പെട്ടു. അതിതീവ്രമായ രാഷ്ട്രീയ സാമൂഹിക സംഘർഷങ്ങളുടെയും വൈരുധ്യങ്ങളുടെയും പശ്ചാത്തലത്തിൽ ബ്രിട്ടീഷ് ഇന്ത്യയെ വിഭജിച്ച് രണ്ടു രാജ്യങ്ങൾ രൂപവത്കരിക്കുക എന്നത് അതിസങ്കീർണമായ ഒരു പ്രക്രിയയാണെന്ന് നമുക്കറിയാം. പിൻവാങ്ങുന്നതുകൊണ്ട് തങ്ങൾക്കിനി വലിയ ഉത്തരവാദിത്തം ഒന്നും ഇല്ല എന്ന മട്ടിലും, ഇതിെൻറ അനന്തര ഫലങ്ങൾ തങ്ങളെ ബാധിക്കില്ല എന്ന ആത്മവിശ്വാസത്തിലും അതീവ ലാഘവത്തത്തോടെ ആണ് ബ്രിട്ടൻ, ബ്രിട്ടീഷ് ഇന്ത്യയുടെ വിഭജനം കൈകാര്യം ചെയ്തതെന്ന വിമർശനം പിന്നീട് ബ്രിട്ടീഷ് പാർലമെൻറിൽപോലും ഉയർന്നുവരുകയുണ്ടായി. നാലു മാസത്തിനുള്ളിൽ ഈ പ്രക്രിയ പൂർത്തീകരിക്കുക അസാധ്യം ആണെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ വെറും അഞ്ച് ആഴ്ചകൊണ്ട് അതിർത്തിരേഖ ഉണ്ടാക്കി ഇന്ത്യയും പാകിസ്താനും രൂപവത്കരിക്കുന്നതാണ് പിന്നീട് നാം കണ്ടത്.
1947 ജൂലൈ എട്ടിനാണ് ബൗണ്ടറി കമീഷൻ ചെയർമാൻ ആയി നിയമിതനായ സർ സിറിൽ റാഡ്ക്ലിഫ് ഇന്ത്യയിൽ എത്തുന്നത്. അഞ്ച് ആഴ്ചകൊണ്ട് ഇരുപക്ഷക്കാർക്കും സമ്മതമായ അതിർത്തി രേഖ ഉണ്ടാക്കുക എന്ന അസാധ്യമായ വെല്ലുവിളിയാണ് കമീഷനു മുന്നിൽ ഉണ്ടായിരുന്നത്. പഞ്ചാബിനെയും ബംഗാളിനെയും മതപരമായി വിഭജിച്ച അതിർത്തി രേഖ വിശ്വാസത്തിെൻറ വിഭാവനം ചെയ്ത അതിർത്തിയെ ജനസംഖ്യയിലേക്ക് വിവർത്തനം ചെയ്തുകൊണ്ടാണ് വരക്കപ്പെട്ടത്. എത്ര ശതമാനം ഹിന്ദുക്കൾ, എത്ര ശതമാനം മുസ്ലിംകൾ എന്ന രീതിയിൽ കണക്കെടുത്ത്, മതത്തെ രാജ്യത്തിലേക്കും അതുവഴി പ്രദേശത്തേക്കും വിന്യസിക്കുക എന്ന പ്രക്രിയ ആണ് കമീഷന് ചെയ്യാൻ ഉണ്ടായിരുന്നത്. ഇത് ആദ്യമായല്ല ലോകത്ത് സംഭവിക്കുന്നത്. എന്നാൽ ഇവിടെ വിശ്വാസത്തിെൻറ അതിർത്തികൾ അത്രയും ആഴത്തിൽ ഉള്ളതായിരുന്നതിനാൽ ഭൂമിയിൽ വരയ്ക്കുന്ന രേഖക്ക് രണ്ടാം സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ. ബൗണ്ടറി കമീഷൻ വരച്ച അതിർത്തി പരസ്യമാക്കിയത് ഇന്ത്യയും പാകിസ്താനും ഉണ്ടായി രണ്ടു ദിവസം കഴിഞ്ഞ് ആഗസ്റ്റ് 17ന് ആണ്. പക്ഷേ അതിനോടകം തന്നെ വിശ്വാസത്തിെൻറ അതിർത്തികളാൽ വിഭജിക്കപ്പെട്ട് പരസ്പരം ശത്രുക്കൾ ആയി പ്രഖ്യാപിച്ച് ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടുകഴിഞ്ഞിരുന്നു: ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ വിഭജനങ്ങളിൽ ഒന്ന്.
സർ റാഡ്ക്ലിഫ് തീരുമാനിച്ച അതിർത്തി രേഖ അപൂർണമായിരുന്നു. കശ്മീർ നാട്ടുരാജ്യം ആയിരിക്കെ ഇന്ത്യയിലോ പാകിസ്താനിലോ ചേരാനോ സ്വതന്ത്രമായി നിൽക്കാനോ കഴിയുമെന്നിരിക്കെ അവിടത്തെ അതിർത്തി ആ തീരുമാനത്തിന് ശേഷം മാത്രമേ നിർണയിക്കാൻ ആവുമായിരുന്നുള്ളൂ. ആ അതിർത്തി തീരുമാനം ആവാതെ തന്നെ ഇന്ത്യയും പാകിസ്താനും രൂപീകരിക്കപ്പെട്ടു. ദേശരാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പരിപാവനം ആയ ഒന്നാണ് അതിർത്തി രേഖ എങ്കിലും, യഥാർഥത്തിൽ അതില്ലാതെയും അവക്ക് നിലനിൽക്കാൻ ആവും എന്ന് ഇതിൽനിന്ന് അനുമാനിക്കാം. അത് സാധ്യമാകുന്നത് രണ്ടു അവസ്ഥയിലാണ്: ജനങ്ങൾ അത്തരം ഒരു അതിർത്തിയെ മാനസികമായി അംഗീകരിച്ചുകഴിയുക, കൃത്യമായി അതിർത്തി ഉണ്ട്, അതിനെ കുറിച്ചുള്ള സംശയങ്ങൾ എല്ലാം ശത്രുരാജ്യം ഉണ്ടാക്കുന്നതാണ് എന്നു ജനതയെ തെറ്റിദ്ധരിപ്പിക്കുന്നതിൽ ഭരണകൂടങ്ങൾ വിജയിക്കുക. ഇന്ത്യയുടെയും പാകിസ്താെൻറയും കാര്യത്തിൽ ഇത് രണ്ടും സംഭവിച്ചതുകൊണ്ട് 1980കൾ വരെ പല മേഖലകളിലും അതിർത്തി വരക്കാതെ തന്നെ രണ്ടു രാജ്യങ്ങളും നിലനിന്നു. ഇന്ത്യയും പാകിസ്താനും തമ്മിൽ 80കൾ വരെ ഉണ്ടായ യുദ്ധങ്ങൾ അതിർത്തി തർക്കം ആയിരുന്നില്ല എന്നോർക്കുക. ഇന്ന് അത്യന്തം സൈനികവത്കരിക്കപ്പെട്ട സിയാചിൻ മേഖലയിൽ 1980കൾ വരെ അതിർത്തിയോ അതുകൊണ്ടുതന്നെ സൈന്യമോ ഉണ്ടായിരുന്നില്ല എന്നത് എത്ര പെട്ടെന്നാണ് നാം മറന്നുപോകുന്നത്.
സിയാചിൻ മേഖല ജനവാസം ഇല്ലെന്ന് മാത്രം അല്ല, മലകയറ്റക്കാർ ഒഴിച്ച് ആരും എത്തിപ്പെടാത്ത ഒരു പ്രദേശം ആയിരുന്നു. മഞ്ഞുമൂടി കിടക്കുന്ന അതിശൈത്യം ഉള്ള ഈ മേഖല തന്ത്രപരമായി പ്രാധാന്യം ഉള്ളതായി 1980കൾ വരെ രണ്ടു രാജ്യങ്ങളും കരുതിയിരുന്നില്ല. അടിയന്തരാവസ്ഥക്ക് ശേഷം ഇന്ദിര ഗാന്ധി 1980ൽ വീണ്ടും അധികാരത്തിൽ വരുമ്പോഴേക്കും ദേശസുരക്ഷ എന്നത് രാഷ്ട്രീയമായി വളരെ പ്രയോജനകരമായി ഉപയോഗിക്കാവുന്ന ഒന്നായി മാറിക്കഴിഞ്ഞിരുന്നു. ഇക്കാലത്ത് സിയാചിൻ അതിർത്തി 'കണ്ടുപിടിച്ചതിനെ' കുറിച്ച് ഉള്ള പല കഥകളിൽ ഏറ്റവും വിശ്വാസ യോഗ്യമായി രാഷ്ട്രീയ നിരീക്ഷകർ കരുതുന്ന ഒരു കഥ പരിശോധിക്കാം. സിയാചിൻ വഴിയുള്ള മലകയറ്റക്കാർ മിക്കവരും വന്നിരുന്നതും പോയിരുന്നതും പാകിസ്താൻ വഴിയാണ്. 1981ൽ പാകിസ്താനിലൂടെ കയറിപ്പോയ ഒരു ബ്രിട്ടീഷ് മലകയറ്റ സംഘം തിരിച്ചിറങ്ങുമ്പോൾ വഴി തെറ്റി ഇന്ത്യയിൽ എത്തി. ഇതിനെ കുറിച്ച് അറിഞ്ഞ ഇന്ത്യൻ ആർമിയിലെ കേണൽ നരീന്ദർ ബുൾ കുമാർ മേലുദ്യോഗസ്ഥരെയും അവർ ഇന്ദിര ഗാന്ധിയെയും ഈ വിവരം അറിയിക്കുന്നു. ഉടൻ തന്നെ ആ മേഖലയിൽ സർവേ നടത്താൻ സർക്കാർ നരീന്ദർ കുമാറിനോട് ആവശ്യപ്പെടുന്നു.5 ആ മേഖലയുടെ ഒരു മേപ് ഉണ്ടാക്കി എന്നതല്ലാതെ അതിർത്തിയൊന്നും അന്നും ചർച്ച ചെയ്യപ്പെടുകയോ തീരുമാനിക്കപ്പെടുകയോ ഉണ്ടായില്ല. 1984ൽ ആദ്യം ഇന്ത്യയും തുടർന്നു പാകിസ്താനും ഇവിടെ സൈന്യത്തെ വിന്യസിക്കുന്നു. തുടർന്നു പത്തു കൊല്ലത്തോളം ഇവിടെ സംഘർഷം ഒന്നും ഉണ്ടായില്ല എങ്കിലും ഇന്ത്യയുടെയും പാകിസ്താെൻറയും നൂറുകണക്കിനു സൈനികർ തണുപ്പിലും മഞ്ഞുവീഴ്ചയിലും കൊല്ലപ്പെട്ടു. 1990കളിൽ ആണ് ഇവിടെ അതിർത്തി തർക്കങ്ങൾ ആരംഭിക്കുന്നത്. എന്നാൽ ഭരണകൂടങ്ങൾ നമ്മെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് മറ്റു പലതുമാണ്. പരിപാവനമായ ഈ അതിർത്തി എന്നും ഉണ്ടായിരുന്നു എന്നും, ആർക്കും അധിവസിക്കാൻ ആകാത്ത, 1980കൾ വരെ ഒരുവിധ തന്ത്രപ്രാധാന്യവും കൽപ്പിക്കാതിരുന്നതുകൊണ്ട് ഒരു രാജ്യത്തിനും പ്രത്യേക നഷ്ടം ഒന്നും ഇല്ലാതിരുന്ന ഈ സ്ഥലത്തിന് വേണ്ടി തണുപ്പിൽ സൈനികർ മരിക്കുന്നത് രാജ്യത്തെ രക്ഷിക്കാൻ ആണെന്നും ആണ്.
അതിർത്തികൾ എപ്പോഴും വേർതിരിക്കാൻ ഉള്ളതാണ്. എന്നാൽ അവ വേർതിരിക്കുന്നത് എല്ലായ്പോഴും ശത്രുക്കളെ ആവണം എന്നില്ല. അവ ഒരേസമയം വ്യത്യസ്തതകൾ അവ്യക്തമാക്കുന്നതും എന്നാൽ വ്യത്യസ്തതകൾ ആരംഭിക്കുന്നതും ആയ ഇടങ്ങൾ ആണ്. വേർതിരിക്കൽ എന്ന പ്രക്രിയ മനുഷ്യസമൂഹത്തിെൻറ അവിഭാജ്യ ഘടകം ആണ്. ദേശ രാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം അതിർത്തികൾ അന്യനെ അകറ്റിനിർത്താനുള്ള തടസ്സങ്ങൾ ആണ്. എന്നാൽ അതിർത്തികളെ വ്യത്യസ്തതയിലേക്കുള്ള തുറസ്സായി സങ്കൽപിക്കുന്ന വിശ്വാസങ്ങളും നമുക്ക് പരിചിതമാണ്. ആദ്യത്തേത് യുദ്ധങ്ങളിലേക്കും രണ്ടാമത്തേത് പലതായി ഇരിക്കുമ്പോഴും പരസ്പരം അറിയാനും പരസ്പരം ഇടപെടാനും വീണ്ടും മറ്റു പലതായി മാറാനും ഉള്ള സാധ്യതകളിലേക്കും നയിക്കുന്നു.
സൂചിക
1. ഈ സിദ്ധാന്തത്തിെൻറയും അതിനോടുള്ള എതിർപ്പുകളുടെയും വിശദമായ ചർച്ചക്ക് നവോമി ഒരെസ്കേസ് എഴുതിയ The Rejection of Continental Drift: Theory and Method in American Earth Science എന്ന പുസ്തകം വായിക്കുക
2. തദ്ദേശവാസികളുടെ അതിർത്തിയെ കുറിച്ചുള്ള ചർച്ചകൾക്ക് ഡഗ്ലസ് ബി. ബാംഫോർത്ത് എഴുതിയ 'Indigenous people, Indigenous violence: Pre contact warfare on the North American Great Plains', എന്ന ലേഖനം കാണുക
3. മാര്‍ഗ്രറ്റ് മൂറും അലന് ബുക്കാനനും ചേര്‍ന്ന് എഡിറ്റ് ചെയ്ത 'രാഷ്ട്രം, ദേശം, അതിര്‍ത്തികള്‍: അതിര്‍ത്തി നിര്‍മാണത്തിെൻറ നൈതികത' എന്ന പുസ്തകത്തിലെ ലേഖനങ്ങൾ കാണുക
4. മേൽ സൂചിപ്പിച്ച അതേ പുസ്തകത്തിൽ ഉള്ള ലേഖനങ്ങൾ
5. economictimes.indiatimes.com/news/defence/siachen-all-you-should-know-about-the-worlds-costliest-battlefield/articleshow/72142137.cms?from=mdr November 20
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.