മാഡ്രിഡ്: രാജ്യത്ത് നിർബന്ധിത ക്വാറന്‍റീൻ നടപ്പാക്കിയതിനെതിരെ സ്പെയിനിലുണ്ടായ രാത്രി സംഘർഷത്തിൽ 50 പേർ കസ്റ്റഡിയിൽ. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായാണ് സ്പെയിൻ സർക്കാർ നിർബന്ധിത ക്വാറന്‍റീനും രാത്രി കർഫ്യൂവും നടപ്പാക്കിയത്.
മാഡ്രിഡ്, ലൊഗ്രോനൊ, ബിൽബാവോ, സാന്‍റാഡർ, മലാഗ അടക്കമുള്ള നഗരങ്ങളിലാണ് പൊതുജന പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. തലസ്ഥാന നഗരമായ മാഡ്രിഡിലെ റോഡുകളിൽ പ്രതിരോധം തീർക്കാനും വേസ്റ്റ് കണ്ടെയ്നറുകൾക്ക് തീയിടാനും പ്രക്ഷോഭകർ ശ്രമിച്ചു. ഇവിടെ 30 പേരെ കരുതൽ തടങ്കലിലാക്കി. സംഘർഷത്തിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
ലൊഗ്രോനൊയിൽ ആറു പേരെയും ബിൽബാവോ, സാൻ സെബാസ്റ്റ്യൻ, വിക്ടോറിയ എന്നിവിടങ്ങളിൽ ഏഴു പേരെയും സാന്‍റാഡറിൽ അഞ്ചു പേരെയും കസ്റ്റഡിയിലെടുത്തു.
തീവ്രവാദികളുടെ നടപടികളെ അസ്വീകാര്യമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി പെട്രോ സാഞ്ചസ്, മഹാമാരിക്കെതിരായ പോരാട്ടത്തിൽ രാജ്യം ഉത്തരവാദിത്തവും ഐക്യവും കാണിക്കണമെന്ന് ആവശ്യപ്പെട്ടു.
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ മേയ് മാസം വരെ അതീവ ജാഗ്രതാ നിർദേശം തുടരാൻ സ്പെയിൻ പാർലമെന്‍റ് കഴിഞ്ഞ വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് വിവിധ സ്വയംഭരണ സ്ഥാപനങ്ങളിലും മുനിസിപ്പാലിറ്റികളിലും രാത്രി കർഫ്യൂ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.