വാഷിങ്ടൺ: ഇന്ത്യ-പാക് വിഭജനത്തിന്റെ മുറിവുകൾ ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയ ‘ഐസ് കാൻഡി മാനി’ന്റെ രചയിതാവും പ്രമുഖ പാകിസ്താനി നോവലിസ്റ്റുമായ ബാപ്സി സിധ്വ (86) അന്തരിച്ചു. യു.എസിലെ ഹൂസ്റ്റണിലായിരുന്നു അന്ത്യം.
‘ദ ക്രോ ഈറ്റേഴ്സ്’, ‘ദ ബ്രൈഡ്’, ‘ആൻ അമേരിക്കൻ ബ്രാറ്റ്’, ‘സിറ്റി ഓഫ് സിൻ ആൻഡ് സ്പ്ലെൻഡർ: റൈറ്റിങ്സ് ഓൺ ലഹോർ’ എന്നിവയാണ് പ്രധാന കൃതികൾ. ദക്ഷിണേഷ്യയുടെ സംസ്കാരവും ചരിത്രവും വിളിച്ചോതുന്നവയായിരുന്നു ബാപ്സിയുടെ കൃതികൾ. ദീപ മേത്തയുടെ ‘എർത്ത്’, ‘വാട്ടർ’ എന്നീ സിനിമകൾക്കാധാരം ബാപ്സി സിധ്വയുടെ ഐസ് കാൻഡി മാൻ, വാട്ടർ എന്നീ നോവലുകളാണ്.
ഗുജറാത്തിൽനിന്നുള്ള പാഴ്സി കുടുംബത്തിൽ 1938 ആഗസ്റ്റ് 11ന് കറാച്ചിയിലാണ് ബാപ്സി സിധ്വ ജനിച്ചത്. പിന്നീട് ലഹോറിലേക്ക് താമസം മാറുകയായിരുന്നു. ലഹോറിലാണ് ബാപ്സി ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്. രണ്ടാം വയസ്സിൽ പോളിയോ പിടിപെട്ട അവരുടെ എഴുത്തിൽ ജീവിതത്തിൽ നേരിട്ട വെല്ലുവിളികൾ പ്രതിഫലിച്ചു.
1947ലെ ഇന്ത്യാ-പാക് വിഭജനകാലത്ത് പോളിയോ ബാധിതയായ പാഴ്സി പെൺകുട്ടിയുടെ അനുഭവകഥയാണ് ‘ഐസ് കാൻഡി മാൻ’ നോവലിലൂടെ ബാപ്സി പറയുന്നത്. ലോകത്തെ സ്വാധീനിച്ച 100 നോവലുകളുടെ ബി.ബി.സി പട്ടികയിൽ ഇടം നേടിയ ഐസ് കാൻഡി മാൻ മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പാകിസ്താനിലെ പ്രസിദ്ധമായ ‘സിതാര ഇ ഇംതിയാസ്’ ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.