അസ്താന: ഖസാകിസ്താനിലെ അക്തൗവിൽ യാത്രാവിമാനം തകർന്നുവീണത് റഷ്യൻ മിസൈൽ ഇടിച്ചാണെന്ന് റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേണൽ, യൂറോന്യൂസ്, വാർത്ത ഏജൻസിയായ എ.എഫ്.പി തുടങ്ങിയ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ബകുവിൽനിന്ന് ഗ്രോസ്നിയിലേക്ക് പോകുന്നതിനിടെയാണ് അസർബൈജാൻ എയർലൈൻസിന്റെ വിമാനം അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ 40 പേർ മരിച്ചിരുന്നു.
വിമാനത്തിന്റെ പ്രധാന ഭാഗത്തെ ദ്വാരങ്ങളും വാൽഭാഗത്തെ അടയാളങ്ങളും മിസൈൽ അല്ലെങ്കിൽ ഷെല്ലുകൾ ഇടിച്ചുണ്ടായതാണെന്ന് വ്യോമയാന വിദഗ്ധരെ ഉദ്ധരിച്ച് നൽകിയ റിപ്പോർട്ടിൽ പറയുന്നു. പ്രധാന ബോഡിയിൽ കണ്ടെത്തിയ തുളകൾ വളരെ വലുതാണെന്ന് യുദ്ധം റിപ്പോർട്ട് ചെയ്യുന്ന ക്ലാഷ് റിപ്പോർട്ട് സംഘം എക്സിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. റഷ്യയുടെ ഭാഗമായ ചെച്നിയൻ നഗരങ്ങളെ ലക്ഷ്യമിട്ട് നിരന്തരം യുക്രെയ്ൻ ഡ്രോൺ പറത്തുന്ന മേഖലയിലാണ് വിമാനം തകർന്ന് വീണത്. ഇവിടെ റഷ്യയുടെ ഡ്രോൺ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ശക്തമാണെന്നും ക്ലാഷ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. അവശിഷ്ടങ്ങളിൽ കാണുന്ന ദ്വാരങ്ങൾ വിമാനവേധ മിസൈൽ സംവിധാനം മൂലമുണ്ടായ കേടുപാടുകൾക്ക് സമാനമാണെന്നും വ്യോമപ്രതിരോധ മിസൈൽ ഇടിച്ചിട്ടുണ്ടാകാമെന്നും റഷ്യൻ സൈനിക വ്ലോഗർ യൂറി പോഡോല്യാക എ.എഫ്.പിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.