ഗസ്സ: ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 60 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 162 പേർക്ക് പരിക്കേറ്റു. വെടിനിർത്തൽ കരാർ ലംഘിച്ച് മാർച്ച് 18ന് ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചതിന് ശേഷം 1309 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 3022 പേർക്ക് പരിക്കേറ്റു. ഗസ്സ യുദ്ധം ആരംഭിച്ചശേഷം 50,669 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
1,15,225 പേർക്ക് പരിക്കേറ്റു. ഖാൻ യൂനിസിലെ സന്നദ്ധ സംഘടനയുടെ പൊതു അടുക്കളയിൽ ഇസ്രായേൽ ഡ്രോൺ ആക്രമണം നടത്തി. യു.എൻ സന്നദ്ധ പ്രവർത്തകർക്കും റെഡ്ക്രോസ്, റെഡ് ക്രെസന്റ് വളണ്ടിയർമാർക്കും നേരെ ഇസ്രായേൽ ആക്രമണം തുടരുന്നതിൽ ശക്തമായ പ്രതിഷേധം ഉയരുന്നു. ആരോഗ്യപ്രവർത്തകരെ കൊല്ലുന്നത് ഇസ്രായേൽ സാധാരണ സംഭവമാക്കിയിരിക്കുകയാണെന്നും ഇത് ദാരുണവും അംഗീകരിക്കാനാവാത്ത തെറ്റുമാണെന്നും ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റീസ് സെക്രട്ടറി ജനറൽ ജഗൻ ചപഗൈൻ പറഞ്ഞു. വെസ്റ്റ് ബാങ്കിൽ അഞ്ച് ഫലസ്തീനികളെ ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തു. തുടർച്ചയായ 75ാം ദിവസം വെസ്റ്റ് ബാങ്കിലെ തുൽകറം, ജെനിൻ അഭയാർഥി ക്യാമ്പുകളിൽ ഇസ്രായേൽ അതിക്രമം നടത്തി.
ഏപ്രിൽ അഞ്ചിന് ഫലസ്തീൻ കുട്ടികളുടെ ദിനം ആചരിക്കുന്നതിനിടയിലും ഇസ്രായേൽ സൈന്യം കുട്ടികൾക്കുനേരെ ഉൾപ്പെടെ ആക്രമണം നടത്തി. ‘ഗസ്സ യുദ്ധത്തിൽ 19000 കുട്ടികളാണ് കൊല്ലപ്പെട്ടത്. 39000ത്തിലേറെ കുട്ടികൾ അനാഥരായി. അന്താരാഷ്ട്ര സമൂഹത്തിന്റെ നിസ്സംഗത മുതലെടുത്ത് ഇസ്രായേൽ സൈന്യം കുട്ടികളെ കൊല്ലുകയാണ്. ഫലസ്തീൻ കുട്ടികളെ സംരക്ഷിക്കാനും അവർക്കെതിരായ കുറ്റകൃത്യങ്ങൾ തുറന്നുകാട്ടാനും മനുഷ്യാവകാശ സംഘടനകൾ മുന്നോട്ടുവരണം’ ദിനാചരണത്തോടനുബന്ധിച്ച് ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. അന്തരിച്ച ഫലസ്തീൻ നേതാവ് യാസർ അറഫാത് മുൻകൈയെടുത്താണ് ഏപ്രിൽ അഞ്ച് ഫലസ്തീൻ കുട്ടികളുടെ ദിനാചരണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.