തെക്കൻ ഗസ്സയിൽ ഖാൻ യൂനിസിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബാംഗങ്ങളുടെ മയ്യിത്ത് ഖബറടക്കുന്നതിനിടെ പ്രിയപ്പെട്ടവരു​ടെ ഷൂ കെട്ടിപ്പിടിച്ച് കരയുന്ന ഫലസ്തീനി ബാലൻ [എ.എഫ്‌.പി]

അഭയാർഥിക്യാമ്പിലെ നാല് ലക്ഷം ഗസ്സക്കാരോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സേന; പിന്നാലെ കൂട്ടക്കൊല

ഗസ്സ: ഏഴുതവണ വിവിധ സ്ഥലങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട് നിലവിൽ ഖാൻ യൂനിസിൽ തമ്പടിച്ച നാലുലക്ഷത്തോ​ളം ഗസ്സക്കാരോട് അവിടം വിട്ടുപോകാൻ അന്ത്യശാസനം നൽകി ഇസ്രായേൽ അധിനിവേശ സേന. ഇതിനുപിന്നാലെ പ്രദേശത്ത് കരയിൽനിന്നും ആകാശത്തുനിന്നും ഇസ്രായേൽ സൈന്യം ഭീകരാക്രമണം അഴിച്ചുവിട്ടു. 77 പേർ കൊല്ലപ്പെട്ടതായും 200ഓളം പേർക്ക് പരിക്കേറ്റതായും വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 30ലധികം പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്.

ഫലസ്തീൻ സിവിലിയൻമാരോട് കൂട്ടത്തോടെ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് മിനിറ്റുകൾക്കകമാണ് ഇസ്രായേൽ സൈന്യം സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്കുനേരെ ആക്രമണം നടത്തിയത്. യുദ്ധടാങ്കുകളും വിമാനങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം.

തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലെ ഏകദേശം 8.7 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ ജനങ്ങളോടാണ് ഉടൻ കുടിയൊഴിയണമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയത്. നാലുലക്ഷത്തോളം മനുഷ്യരെ ഇത് ബാധിക്കുമെന്ന് ഫലസ്തീൻ സിവിൽ ഡിഫൻസ് പറഞ്ഞു. ഷെല്ലാക്രമണവും ബോംബ് വർഷവും തുടരുന്ന സാഹചര്യത്തിൽ കുട്ടികളും സ്ത്രീകളുമുൾപ്പെടെ ആയിരക്കണക്കിന് ഫലസ്തീനികൾ വീണ്ടും പലായനം തുടങ്ങി. നേരത്തെ പലതവണ ആടിയോടിക്കപ്പെട്ടവരാണ് സുരക്ഷിത സ്ഥലങ്ങൾ തേടി വീണ്ടും യാത്ര തുടങ്ങിയത്.

ആക്രമണത്തിൽ ബാക്കിയായവയും കുഞ്ഞുമക്കളെയും താങ്ങിപ്പിടിച്ചാണ് അഭയാർഥികളുടെ പലായനം. ഇത് എട്ടാമത്തെ തവണയാണ് ഇസ്രായേൽ സേന കുടിയൊഴിപ്പിക്കുന്നതെന്ന് അഭയാർഥികളിലൊരാളായ ഖൊലൗദ് അൽ ദദാസ് പറഞ്ഞു. എങ്ങോട്ടാണ് നടന്നു പോകുന്നത് എന്ന് അറിയില്ല. വീടുകളിൽ ഉറങ്ങിക്കിടക്കുമ്പോൾ ഇസ്രായേൽ സേന വെടിവെക്കുകയും ബോംബിടുകയും ചെയ്യുകയാണ് -അവർ പറഞ്ഞു. ഫലസ്തീനിലെ പൊള്ളുന്ന ചൂടിൽ തളർന്നു വീണ ദദാസിനെ കൂടെയുള്ളവർ ഓടിയെത്തി താങ്ങിയെടുക്കുകയായിരുന്നു.

സുരക്ഷിത മേഖലയായി ഇസ്രായേൽ പ്രഖ്യാപിച്ച 14 കിലോമീറ്ററിനുള്ളിലുള്ള 1.8 ദശലക്ഷം പേർ അഭയാർഥികളായി കഴിയുന്നെന്നാണ് കണക്ക്. തമ്പുകൾ നിറഞ്ഞ ഈ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവാണ്. ആരോഗ്യ സേവനവും ഭക്ഷണവും ലഭിക്കുന്നില്ലെന്നും ഐക്യരാഷ്ട്ര സഭ എജൻസി ഉൾപ്പെടെ മനുഷ്യാവകാശ സംഘടനകൾ പറയുന്നു. മാത്രമല്ല, മാലിന്യക്കൂമ്പാരത്തിനും അഴുക്കുവെള്ളത്തിനുമിടയിലാണ് ഇവരുടെ ജീവിതം.

വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രായേൽ വീണ്ടും പുതിയ ഒഴിപ്പിക്കൽ ഉത്തരവിട്ടത്. ചർച്ചകൾക്കുള്ള സംഘത്തെ വ്യാഴാഴ്ച അയക്കുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞത്. യു.എസ് നേതൃത്വത്തിൽ ഖത്തറും ഈജിപ്തുമാണ് വെടിനിർത്തൽ ചർച്ചക്ക് താൽപര്യമെടുക്കുന്നത്.

അതിനി​ടെ, ഇന്ന് പുലർച്ചെ വടക്കൻ ഗസ്സയിൽ വീടുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ സിവിൽ ഡിഫൻസ് റിപ്പോർട്ട് ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കം 39,006 ഗസ്സക്കാരെയാണ് ഇസ്രായേൽ സേന ഇതിനകം ​കൊലപ്പെടുത്തിയത്. പരിക്കേറ്റവരുടെ എണ്ണം 89,818 ആയി.


Tags:    
News Summary - A new Israeli military assault on eastern Khan Younis in southern Gaza has killed at least 77 Palestinians and injured more than 200,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.