ഇത്യോപ്യയില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് വെടിവെപ്പ്; 75 പേര്‍ കൊല്ലപ്പെട്ടു

ആഡിസ് അബബ: ഇത്യോപ്യയില്‍ വിദ്യാര്‍ഥി സമരക്കാര്‍ക്കുനേരെ പൊലീസും സൈന്യവും നടത്തിയ വെടിവെപ്പില്‍ 75 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞമാസം തുടങ്ങിയ സമാധാനപരമായ സമരം ആക്രമണത്തിലേക്ക് വഴിമാറുകയായിരുന്നു. സമരം ജനങ്ങളുടെ സൈ്വരജീവിതം തടസ്സപ്പെടുത്തിയതിനെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്ന് സര്‍ക്കാര്‍വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

ഒറോമിയ മേഖലയിലെ നിരവധി ടൗണുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ നവംബറില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് സമരം തുടങ്ങിയത്. രാജ്യത്തെ ഏറ്റവുംവലിയ വംശീയവിഭാഗമായ ഒറോമോ വിഭാഗത്തെ പാരമ്പര്യമായി അവരുടെ അധീനതയിലുള്ള ഭൂമിയില്‍നിന്ന് പുറത്താക്കാനുള്ള നീക്കത്തെിനെതിരെയായിരുന്നു സമരം. ഹരാമയ, ജാര്‍സോ, വാലിസോ, റോബോ തുടങ്ങിയ നഗരങ്ങളിലായിരുന്നു സമരക്കാരുടെ പ്രകടനം നടന്നത്. വിദ്യാര്‍ഥികളുടെ പ്രകടനത്തിനുനേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുന്നതിന്‍െറയും വെടിവെക്കുന്നതിന്‍െറയും ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിദ്യാര്‍ഥികളുടെ സമാധാനപരമായ പ്രതിഷേധത്തെ ഭീകരവാദവിരുദ്ധ നിയമം ഉപയോഗിച്ച് അടിച്ചമര്‍ത്തിയ സര്‍ക്കാര്‍നടപടിയെ മനുഷ്യാവകാശ സംഘം രൂക്ഷമായി വിമര്‍ശിച്ചു. 270 ലക്ഷത്തോളം ജനങ്ങളുള്ള ഒറോമോവംശം രാജ്യത്തെ ഏറ്റവും പ്രബല ഫെഡറല്‍ വിഭാഗമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.