ന്യൂഡൽഹി: ഗസ്സയിൽ ഇസ്രായേലിന്റെ വംശഹത്യ തുടരുന്നതിനിടെ പൗരാണിക ഫലസ്തീൻ നഗരമായ തെൽ ഉമ്മു അമർ യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ. അതോടൊപ്പം തന്നെ നഗരത്തെ അപകടാവസ്ഥയിലുള്ള പൈതൃക നഗരങ്ങളുടെ പട്ടികയിലും ഉൾപ്പെടുത്തി. ഡൽഹിയിൽ ചേർന്ന വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ 46ാം സെഷനിലാണ് പ്രഖ്യാപനം. ആദ്യമായാണ് യുനെസ്കോയുടെ സുപ്രധാന പരിപാടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. ഒക്ടോബർ ഏഴു മുതൽ ഗസ്സയിൽ ആക്രമണം തുടരുകയാണ് ഇസ്രായേൽ. അതിനിടയിലാണ് യുനെസ്കോയുടെ പ്രഖ്യാപനം. ഫലസ്തീനിൽ സമാധാനം ഉറപ്പാക്കാനുള്ള നടപടികൾക്ക് ഇന്ത്യ കഴിഞ്ഞ നവംബറിൽ ഇരുപക്ഷത്തോടും ആവശ്യപ്പെട്ടിരുന്നു.
ഗസ്സാമുനമ്പിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. സെയ്ന്റ് ഹിലാരിയൻ ആണ് ഇത് സ്ഥാപിച്ചതെന്ന് കരുതുന്നു. പുതുതായി ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഫലസ്തീൻ നഗരത്തിന് നേരിട്ടോ, അല്ലാതെയോ നാശമുണ്ടാക്കാൻ സാധ്യതയുള്ള നടപടികൾ ഒഴിവാക്കാനും സംരക്ഷിക്കാനും അംഗങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും യുനെസ്കോ വ്യക്തമാക്കി. ഇസ്രായേലിന്റെ നിരന്തരമായ ആക്രമണത്തിന് ഇരയാകുന്ന നഗരം കൂടിയാണിത്.
പശ്ചിമേഷ്യയിലെ ഏറ്റവും പഴക്കം ചെന്ന നഗരമാണ് തെൽ ഉമ്മു അമർ. ഏഷ്യക്കും ആഫ്രിക്കക്കും ഇടയിലെ പ്രധാന വ്യാപാര-വിനിമയ പാതകളുടെ ക്രോസ് റോഡിൽ ആയിരുന്നു ഈ നഗരം. യുനെസ്കോയുടെ തീരുമാനത്തെ ലെബനാനും തുർക്കിയും കസാഖ്സ്ഥാനും സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.