കാന്തഹാർ: അഫ്ഗാനിസ്താനിലെ ഹെൽമന്ദ് പ്രവിശ്യയിൽ അമേരിക്കൻ വ്യോമാക്രമണത്തിൽ 16 പൊലീസുകാർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെയുണ്ടായ ആക്രമണത്തിലാണ് െപാലീസുകാർ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹെൽമന്ദ് പ്രവിശ്യയിലെ താലിബാൻ കേന്ദ്രമായ സലാം അഫ്ഗാനിൽ പൊലീസ് പരിശോധന നടത്തുന്നതിനിടയിലാണ് അമേരിക്കൻ സൈന്യം വ്യോമാക്രമണം നടത്തിയത്.
ഹെൽമന്ദിലെ പൊലീസ് വക്താവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മരിച്ചവരിൽ രണ്ടു കമാൻഡോകളുമുണ്ട്. ഗിരിഷ്ക് ജില്ലയിലെ ഹെൽമന്ദ് പ്രവിശ്യ ഏറക്കുറെ താലിബാൻ നിയന്ത്രണത്തിലാണ്. സംഭവത്തെക്കുറിച്ച് നാറ്റോ അന്വേഷണം പ്രഖ്യാപിച്ചു. നാറ്റോസഖ്യത്തിൽ നിലവിൽ താലിബാനിനെതിരെ വ്യോമാക്രമണം നടത്തുന്ന ഏക വിദേശരാജ്യം അമേരിക്കയാണ്. എന്നാൽ, അമേരിക്കൻ സൈനികവൃത്തങ്ങൾ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
അഫ്ഗാനിൽ അമേരിക്കൻ സൈനികാക്രമണത്തിൽ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം വർധിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ സാൻഗിൻ മേഖലയിൽ അമേരിക്കൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 18 ഗ്രാമീണർ കൊല്ലപ്പെട്ടിരുന്നു. 2016 നവംബറിൽ നടത്തിയ ആക്രമണത്തിൽ 32 സിവിലിയന്മാരായിരുന്നു കൊല്ലപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.