ബൈറൂത്: ഇസ്രായേലിനെതിരെ തുടർച്ചയായ റോക്കറ്റ് ആക്രമണങ്ങളുമായി ഹിസ്ബുല്ല സജീവമായ ലബനാനിൽ ഇസ്രായേൽ നേരിട്ട് യുദ്ധത്തിനടുത്തെന്ന് സൂചന. ഒമ്പത് മാസമായി അതിർത്തിക്കിരുവശത്തും ആക്രമണങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം ലബനാനിലെ രണ്ടിടത്ത് ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ മൂന്ന് കുഞ്ഞുങ്ങളുൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടിരുന്നു. ഉമ്മു തൂത് ഗ്രാമത്തിൽ അഞ്ചുപേരും മറ്റൊരിടത്ത് രണ്ടു പേരുമാണ് കൊല്ലപ്പെട്ടത്. കുഞ്ഞുങ്ങളുടെ കുരുതിയെ യൂനിസെഫ് അപലപിച്ചു. ദക്ഷിണ ലബനാനിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങൾക്കു മേലാണ് ഇസ്രായേൽ ബോംബ് പതിച്ചത്.
ഗസ്സയിലെ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഹിസ്ബുല്ല വടക്കൻ ഇസ്രായേലിൽ റോക്കറ്റാക്രമണം നടത്തിയിരുന്നു. ഇതിന് പ്രതികാരമെന്ന പേരിലാണ് സിവിലിയന്മാർക്കുമേൽ ബോംബിട്ടത്. ആക്രമണം കൂടുതൽ രൂക്ഷമാകുന്നത് വൈകാതെ തുറന്ന യുദ്ധത്തിലേക്ക് വഴിമാറിയേക്കുമെന്നാണ് മുന്നറിയിപ്പ്.
ഇവിടെ യുദ്ധം ആരംഭിച്ചാൽ ഗസ്സയിലെ കുരുതി ലോകമറിയാതെ പോകുമെന്ന് മാത്രമല്ല, ഇതുവരെയും പിന്നാമ്പുറത്ത് നിൽക്കുന്ന യു.എസും ഇറാനും പരസ്യമായി രംഗത്തിറങ്ങുമെന്ന ആശങ്കയും നിലനിൽക്കുന്നു. ലബനാനിൽ ആക്രമണമുണ്ടായാൽ സങ്കൽപത്തിനതീതമായ മഹാദുരന്തമാണ് കാത്തിരിക്കുന്നതെന്ന് യു.എൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മാസങ്ങൾക്കിടെ, ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 543 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ദക്ഷിണ ലബനാനിലെ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിൽ ആക്രമണം ശക്തമാക്കുമെന്ന് ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച അഞ്ചു പേർക്ക് പുറമെ തൊട്ടുതലേന്ന് ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ മൂന്നു സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. ലബനാനിൽ ഹിസ്ബുല്ല കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണമെന്ന് ഇസ്രായേൽ വിശദീകരിക്കുന്നുവെങ്കിലും കൊല്ലപ്പെടുന്നത് സിവിലിയന്മാരാണെന്നത് രാജ്യത്ത് രോഷം ശക്തമാക്കുന്നുണ്ട്. പതിറ്റാണ്ടുകൾക്കിടെ ആദ്യമായാണ് ലബനാൻ ഇത്ര രൂക്ഷമായ ആക്രമണത്തിനിരയാകുന്നത്.
അതേ സമയം, ഗസ്സയിൽ ഇസ്രായേൽ വംശഹത്യ അവസാനിപ്പിക്കുന്ന നാളിൽ വടക്കൻ ഇസ്രായേലിനു നേരെയുള്ള ആക്രമണം തങ്ങളും അവസാനിപ്പിക്കുമെന്ന് ഹിസ്ബുല്ല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.