മേരി ഫ്ലെമിങ് എന്ന ഐറിഷ് യുവതി തന്റെ കെനിയൻ യാത്രയിലാണ് ആ കാഴ്ച കാണുന്നത്. ഉപയോഗിച്ച വസ്ത്രങ്ങൾ അടിഞ്ഞ് ഒരു നദിക്കരയിൽ ചെറു കുന്നുതന്നെ രൂപപ്പെട്ടിരിക്കുന്നു. ഈ കാഴ്ച മേരിയെ ഒന്നു പിടിച്ചുകുലുക്കി. ഡബ്ലിനിൽ ആഴ്ചാവസാനം പുതിയ വസ്ത്രം വാങ്ങുന്ന ഷോപ്പിങ് ഭ്രമക്കാരിയാണവൾ. തങ്ങളടക്കം അടിമപ്പെട്ടുകൊണ്ടിരിക്കുന്ന ഫാസ്റ്റ് ഫാഷന്റെയും കൂട്ട പർച്ചേസിന്റെയും ഇരകളാണ് ഇത്തരം രാജ്യങ്ങളെന്ന് അധികം താമസിയാതെ മേരി തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിൽനിന്ന്, വസ്ത്രമാലിന്യം കുറയ്ക്കുന്നതിനുള്ള വിവിധ വഴികൾ മുന്നോട്ടുവെക്കുന്ന പ്രസ്ഥാനവുമായി അവർ രംഗത്തുവന്നു.
പുനരുപയോഗം, കൈമാറി ഉപയോഗിക്കൽ, അറ്റകുറ്റപ്പണി നടത്തൽ, മറ്റ് ഉപയോഗങ്ങൾക്കുവേണ്ടി ചെറിയ മാറ്റം വരുത്തൽ തുടങ്ങിയ പ്രവൃത്തികളിലൂടെ വസ്ത്ര മാലിന്യം നന്നായി കുറയ്ക്കാൻ കഴിയുമെന്ന് മേരി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ‘ചേഞ്ച് ക്ലോത്ത്’ എന്ന എൻ.ജി.ഒ രൂപവത്കരിച്ച അവർ, കൈമാറി ഉപയോഗിക്കാനായി വസ്ത്രം മാറ്റിയെടുക്കാവുന്ന ഒരു ഷോപ്പ് ഡബ്ലിനിൽ ആരംഭിക്കുകയും ചെയ്തു. ഇവിടെനിന്ന്, വസ്ത്രം വാടകക്കെടുക്കാനും മാറ്റിയെടുക്കാനും ഉപയോഗിച്ചവ (ക്ലീൻ ചെയ്തത്) വാങ്ങാനും സാധിക്കും. കേടായ വസ്ത്രങ്ങൾ നന്നാക്കാനുള്ള ചെറിയ ക്ലാസും ഇവിടെനിന്ന് ലഭിക്കും.
‘പിന്നിയതോ കീറിയതോ ആയ വസ്ത്രം നന്നാക്കാൻ പലർക്കും അറിയില്ല. ഒരിക്കൽ അതു പഠിച്ചാലോ, ഏറെ ആഹ്ലാദം തരുന്ന കാര്യം കൂടിയാണത്. ഏറെ ലളിതമാണിത്. ഇത് പഠിക്കാതിരിക്കുന്നത് കുറ്റമാണെന്ന് ഞാൻ പറയും’ -മേരി അഭിപ്രായപ്പെടുന്നു.
സങ്കൽപം ജനങ്ങൾക്ക് ഇഷ്ടപ്പെട്ടു. അങ്ങനെ ഷോപ്പ് സന്ദർശിക്കുന്നവരുടെ എണ്ണം കൂടിയതോടെ കൂടുതൽ സൗകര്യപ്രദമായ ഇടത്തേക്ക് മാറ്റേണ്ടിവന്നു. ‘വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ ഞങ്ങൾക്ക് വളരാൻ കഴിഞ്ഞു. ഏതാനും വർഷങ്ങൾകൊണ്ടുതന്നെ ഈ സങ്കൽപം ലോകത്ത് പടരും. ഈ ഫാസ്റ്റ് ഫാഷൻ അതിപ്രസരത്തിന് ഒരു മാറ്റം ആഗ്രഹിക്കുന്നവരാണ് യുവതലമുറ’ -മേരി കൂട്ടിച്ചേർക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.