ദക്ഷിണ കൊറിയയിൽ യൂൻ സുക് യോലിനെ പ്രസിഡന്റ് പദവിയിൽനിന്ന് ഇംപീച്ച് ചെയ്ത പാർലമെന്റ് നടപടി കോടതി ശരിവെച്ചതിൽ ആഹ്ലാദം പ്രകടിപ്പിക്കുന്നവർ
സോൾ: പട്ടാള നിയമം പ്രഖ്യാപിച്ചതിന്റെ പേരിൽ യൂൻ സുക് യോലിനെ പ്രസിഡന്റ് പദവിയിൽനിന്ന് ഇംപീച്ച് ചെയ്ത പാർലമെന്റ് നടപടി ദക്ഷിണ കൊറിയൻ കോടതി അംഗീകരിച്ചു. സംഭവം നടന്ന് നാലു മാസങ്ങൾക്ക് ശേഷമാണ് ഭരണഘടന കോടതിയുടെ ഐകകണ്ഠ്യേനയുള്ള ഉത്തരവ്. യൂനിനെ പദവിയിൽനിന്ന് നീക്കിയതോടെ രാജ്യത്ത് ഇടക്കാല തെരഞ്ഞെടുപ്പ് രണ്ടു മാസത്തിനകം നടക്കുമെന്ന് ഉറപ്പായി.
പട്ടാള നിയമം പ്രഖ്യാപിച്ച യൂനിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് എട്ടംഗ ബെഞ്ച് കണ്ടെത്തിയതായി വിധി പ്രഖ്യാപിച്ച് ആക്ടിങ് ചീഫ് ജസ്റ്റിസ് മൂൺ ഹ്യൂങ് ബീ പറഞ്ഞു. അടിയന്തരാവസ്ഥ ചട്ടങ്ങൾ ദുരുപയോഗം ചെയ്ത ചരിത്രം തിരിച്ചുകൊണ്ടുവന്ന യൂൻ, സമൂഹത്തിലെ സകല മേഖലകളിലെയും ജനങ്ങളിൽ ഞെട്ടലും ആശയക്കുഴപ്പവുമുണ്ടാക്കി. നിയമലംഘനം രാജ്യത്ത് ഗുരുതര പ്രത്യാഘാതമാണുണ്ടാക്കുമെന്ന കാര്യം പരിഗണിച്ച് ഭരണഘടന ഉയർത്തിപ്പിടിക്കുകയാണ് ഉചിതമെന്ന് ബെഞ്ച് വിധിച്ചതായും ആക്ടിങ് ചീഫ് ജസ്റ്റിസ് പഞ്ഞു.
അതേസമയം, കോടതി വിധി അംഗീകരിക്കാൻ വിസമ്മതിച്ച യൂൻ, ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവർത്തിക്കാൻ കഴിയാത്തതിൽ ക്ഷമ ചോദിക്കുന്നെന്ന് പറഞ്ഞു. രാജ്യത്തെ സേവിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. രാജ്യത്തിനും പൗരന്മാർക്കുംവേണ്ടി പ്രാർഥിക്കുന്നതായും അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. യൂനിന്റെ രാഷ്ട്രീയ പാർട്ടിയായ പീപ്ൾ പവർ പാർട്ടി വിധി അംഗീകരിച്ചെങ്കിലും തീർത്തും രാഷ്ട്രീയ തീരുമാനമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകരിലൊരാളായ യൂൻ കാപ് ക്യൂൻ പ്രതികരിച്ചു. പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി വിധി സ്വാഗതം ചെയ്തു. ജനാധിപത്യ റിപ്പബ്ലിക്കിനെ സംരക്ഷിക്കുന്നതാണ് വിധിയെന്ന് നേതാവ് ലീ ജേ മ്യൂങ് പറഞ്ഞു.
കോടതി വിധി തലസ്ഥാനമായ സോളിൽ സമിശ്ര പ്രതികരണമാണുണ്ടാക്കിയത്. യൂൻ വിരുദ്ധരായ ആൾകൂട്ടം കോടതിക്ക് സമീപം ആഹ്ലാദനൃത്തം ചവിട്ടി. തുടർന്ന് റാലി നടത്തുകയും ചെയ്തു. അതേസമയം, യൂനിന്റെ വസതിക്ക് പുറത്ത് അനുയായികൾ വാർത്ത കണ്ട് നിലവിളിക്കുകയും പൊട്ടിക്കരയുകയും ചെയ്തു.
പുതിയ സർക്കാർ അധികാരമേൽക്കുന്നതു വരെ ക്രമസമാധാനനില നിർത്തണമെന്ന് പ്രധാനമന്ത്രി ഹാൻ ഡക് സൂ ആവശ്യപ്പെട്ടു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ പ്രഖ്യാപനത്തെ നേരിടുന്നതിനെക്കുറിച്ച് രാജ്യം ആലോചിക്കുന്നതിനിടെയാണ് കോടതി വിധി പുറത്തുവരുന്നത്. ഡിസംബർ മൂന്നിന് അർധരാത്രി പട്ടാള നിയമം പ്രഖ്യാപിക്കുകയും ആറുമണിക്കൂറിനുള്ളിൽ പിൻവലിക്കുകയും ചെയ്ത യൂനിനെ 10 ദിവസത്തിനു ശേഷമാണ് പാർലമെന്റ് ഇംപീച്ച്മെന്റ് നടപടിയിലൂടെ പുറത്താക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.