ലോകം വനിതദിനം ആഘോഷിച്ചു


ലണ്ടന്‍: അന്താരാഷ്ട്ര വനിതദിനത്തില്‍ ലോകവ്യാപകമായി സ്ത്രീകള്‍ സമത്വത്തിനായുള്ള പോരാട്ടത്തിന് തെരുവിലിറങ്ങി. ആഗോളവ്യാപകമായി സ്ത്രീപ്രസ്ഥാനങ്ങള്‍ വലിയ ചലനങ്ങളുണ്ടാക്കിയിട്ടുണ്ടെങ്കിലും ചില രാജ്യങ്ങളില്‍ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്ന് യു.എന്‍ ഹൈകമീഷണര്‍ സെയ്ദ് റഅദ് അല്‍ ഹുസൈന്‍ അഭിപ്രായപ്പെട്ടു. നിരവധി രാജ്യങ്ങളില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. ഇത്തരം സംഭവങ്ങള്‍ വേദനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

40ലേറെ രാജ്യങ്ങളില്‍ വനിതദിനം സമുചിതമായി കൊണ്ടാടി. ലോകത്തിന്‍െറ പല ഭാഗങ്ങളിലും സ്ത്രീകള്‍ ബുധനാഴ്ച ജോലിയില്‍നിന്നു മാറി കുടുംബത്തോടൊപ്പം ചെലവഴിച്ചു. അതോടെ  ചില സ്കൂളുകളില്‍ ക്ളാസുകള്‍ക്ക് അവധി നല്‍കി. ഡബ്ളിനിലെ ഗര്‍ഭഛിദ്ര നിയമത്തിനെതിരെ പ്രതിഷേധിച്ച് പലയിടത്തും ആയിരക്കണക്കിന് സ്ത്രീകളാണ് ബുധനാഴ്ച തെരുവിലിറങ്ങിയത്.
 

തുല്യവേതനത്തിനായി ചില രാജ്യങ്ങളില്‍ സ്ത്രീസംഘടനകള്‍ തൊഴിലിടങ്ങള്‍ ബഹിഷ്കരിച്ച് സമരരംഗത്തത്തൊന്‍ ആവശ്യപ്പെട്ടു. ലിംഗസമത്വം ഇപ്പോഴും കടലാസില്‍ തുടരുകയാണെന്ന ആശങ്ക വിവിധ സംഘടനകള്‍ പങ്കുവെച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സ്ത്രീകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അടിച്ചമര്‍ത്തലുകളെ കുറിച്ചും പരാമര്‍ശിക്കപ്പെട്ടു. അതേസമയം, ആഫ്രിക്കന്‍ രാജ്യങ്ങളിലെ പാര്‍ലമെന്‍റുകളില്‍ ബ്രിട്ടന്‍, യു.എസ് രാജ്യങ്ങളെ അപേക്ഷിച്ച് സ്ത്രീപ്രാതിനിധ്യം കൂടുതലാണ്. അഫ്ഗാനിസ്താനില്‍ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിന്‍െറ നേതൃത്വത്തില്‍ പ്രകടനങ്ങള്‍ നടന്നു.

അവകാശങ്ങള്‍ വീണ്ടെടുക്കാനുള്ള പോരാട്ടങ്ങള്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും സജീവമായിരുന്നു. അതിനിടെ പുരുഷന്മാരും വനിതദിനം ആഘോഷിക്കണമെന്ന് പറഞ്ഞ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോറി വിവാദം വിളിച്ചുവരുത്തി.ട്രൂഡോക്കൊപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് സോഫി ഒന്നിച്ചുള്ള ആഘോഷത്തിന് ആഹ്വാനം ചെയ്തത്. പോസ്റ്റിനെ ചിലര്‍ അനുകൂലിച്ചപ്പോള്‍  രൂക്ഷവിമര്‍ശനവുമായാണ് മറ്റു ചിലര്‍ രംഗത്തുവന്നത്.

Tags:    
News Summary - world celebrate womens day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.