ഗസ്സസിറ്റി: ഹമാസ് തലവൻ യഹ്‍യ സിൻവാർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഹമാസിന്റെ ഗസ്സയിലെ മേധാവി ഖലീൽ ഹയ്യ ആണ് മരണം സ്ഥിരീകരിച്ച് പ്രസ്താവന പുറപ്പെടുവിച്ചത്. പുതിയ മേധാവിയെ ഉടൻ പ്രഖ്യാപിക്കുമെന്നും ഹമാസ് അറിയിച്ചു.
തെക്കൻ ഗസ്സയിലെ റഫയിലെ താൽ അൽ സുൽത്താനിലെ കെട്ടിടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ മൂന്നുപേരിൽ ഒരാൾ സിൻവാറാണെന്ന് ഇസ്രായേൽ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാൽ ആ സമയത്ത് ഹമാസ് മരണം സ്ഥിരീകരിച്ചിരുന്നില്ല. ബുധനാഴ്ച രാത്രി തെക്കൻ ഗസ്സയിലുള്ള സതേൺ കമാൻഡ് 828ാം ബ്രിഗേഡിലെ ഇസ്രായേൽ സൈനികരാണ് ആക്രമണം നടത്തിയത്. ഹമാസിന്റെ ഏറ്റവും കരുത്തനും കാർക്കശ്യക്കാരനുമായ നേതാവായിരുന്നു സിൻവാർ. ഇസ്മാഈൽ ഹനിയ്യ തെഹ്റാനിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം ഹമാസ് മേധാവിയായി ചുമതലയേറ്റത്.
ഇസ്രായേലിനെ വിറപ്പിച്ച ഒക്ടോബർ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരൻ എന്നതുൾപ്പെടെ നിരവധി വിശേഷണങ്ങളുണ്ട് സിൻവാറിന്. ഹമാസിൽ ഹനിയ്യ കഴിഞ്ഞാൽ രണ്ടാമനായിരുന്നു സിൻവാർ. 1962ലാണ് യഹ്‍യ സിൻവാർ ജനിച്ചത്. ഈജിപ്തിന്റെ നിയന്ത്രണത്തിലായിരുന്ന ഖാൻ യൂനിസിലെ അഭയാർഥി ക്യാമ്പിലായിരുന്നു അദ്ദേഹം പിറന്നുവീണത്.
1948ലെ അറബ്-ഇസ്രായേൽ യുദ്ധത്തിൽ അൽ-മജ്ദൽ അസ്ഖലാനിൽ (അഷ്കെലോൺ) നിന്ന് പലായനം ചെയ്‌ത് ഗസ്സയിൽ അഭയം തേടിയതായിരുന്നു സിൻവാറിന്റെ കുടുംബം. ക്യാമ്പുകളിലെ ജനങ്ങൾക്കെതിരെ അധിനിവേശ ഭരണകൂടം നടത്തുന്ന അതിക്രമങ്ങൾ നേരിട്ട് കണ്ടും അനുഭവിച്ചും സിൻവാർ വളർന്നു. ഖാൻ യൂനിസ് സെക്കൻഡറി സ്‌കൂൾ ഫോർ ബോയ്‌സിൽ നിന്ന് ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ യഹ്‌യ സിൻവാർ ഗസയിലെ ഇസ്‍ലാമിക് യൂനിവേഴ്‌സിറ്റിയിൽ നിന്ന് അറബിക് പഠനത്തിൽ ബിരുദം നേടി. പഠനകാലത്ത് ഫലസ്തീനിലെ മുസ്‍ലിം ബ്രദർഹുഡിന്റെ വിദ്യാർഥി പ്രസ്ഥാനത്തിൽ സജീവമായിരുന്നു.
23 വർഷം ഇസ്രായേൽ ജയിലിൽ കിടന്ന അദ്ദേഹം ഹീബ്രു പഠിക്കുകയും ഇസ്രായേൽ കാര്യങ്ങളിലും ആഭ്യന്തര രാഷ്ട്രീയത്തിലും അവഗാഹം നേടുകയും ചെയ്തു. 2011ൽ ഹമാസ് പിടികൂടിയ ഇസ്രായേൽ സൈനികൻ ഗിലാദ് ഷാലിത്തിനെ മോചിപ്പിച്ചതിന്റെ ഭാഗമായി അദ്ദേഹത്തെ ജയിലിൽനിന്ന് വിട്ടയച്ചു. മോചിതനായശേഷം സിൻവാർ ഹമാസിന്റെ മുൻനിര നേതാവായി വളർന്നു. 2012ൽ ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
യഹ്‍യ സിൻവാറിന്റെ വധത്തോടെ ഗസ്സയിലെ യുദ്ധം അവസാനിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.