ചൈനയിലെ പാർക്കിൽ നാല് യു.എസ് കോളജ് അധ്യാപകർക്ക് കുത്തേറ്റു

​​ബീജിങ്: ചൈനയിലെ പബ്ലിക് പാർക്കിൽവെച്ച് നാല് യു.എസ് യൂനിവേഴ്സിറ്റി ട്യൂട്ടർമാർക്കുനേരെ അജ്ഞാതന്റെ ആക്രമണം. കുത്തേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കൻ ചൈനയിലെ ജിലിൻ പ്രവിശ്യയിലെ പാർക്കിൽ പകൽ സമയത്താണ് അയോവ കോർണൽ കോളേജ് അധ്യാപകർക്കുനേരെ ആക്രമണമുണ്ടായതെന്ന് കോളേജ് പ്രസ്താവനയിൽ അറിയിച്ചു.

തിങ്കളാഴ്‌ച ഒരു പ്രാദേശിക ക്ഷേത്രം സന്ദർശിക്കാനെത്തിയ സംഘത്തെ കത്തിയുമായി ഒരാൾ ആക്രമിക്കുകയായിരുന്നു. ബെയ്‌ഷാൻ പാർക്കിൽവെച്ച് തൻ്റെ സഹോദരന്റെ കൈക്ക് കുത്തേറ്റതായും ഇദ്ദേഹം ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണെന്നും സാബ്‌നർ എന്നയാൾ പറഞ്ഞു.

ആക്രമണം തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതായും കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയില്ലെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് അറിയിച്ചതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ചൈനീസ് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, ഇതിന്റെ അനന്തരഫലങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.മൂന്ന് പേർ രക്തം വാർന്നു നിലത്ത് കിടക്കുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ചൈനീസ് ദേശീയ മാധ്യമം സംഭവം റിപ്പോർട്ട് ചെയ്തുവെങ്കിലും ചൈനയുടെ ഇൻ്റർനെറ്റിൽ സംഭവം സെൻസർ ചെയ്യപ്പെടുന്നു​വെന്ന സൂചനകളുമുണ്ട്.

ചൈനയിലെ ഒരു സർവകലാശാലയുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായാണ് നാല് യു.എസ് ഇൻസ്ട്രക്ടർമാർ ഇവിടെ പഠിപ്പിക്കാ​നെത്തിയതെന്ന് കോർണൽ കോളേജ് അധികൃതർ പറയുന്നു.

പിരിമുറുക്കമുള്ള നയതന്ത്ര ബന്ധങ്ങൾക്കിടെ  ബീജിങും വാഷിംങ്ടണും സമീപ കാലത്ത് പൗരൻമാർ തമ്മിലുള്ള കൈമാറ്റം പുനഃസ്ഥാപിക്കാൻ ശ്രമിച്ചുവരുന്നതിനിടെയാണ് പുതിയ സംഭവം.

വരുന്ന അഞ്ച് വർഷത്തിനുള്ളിൽ 50,000 അമേരിക്കൻ യുവാക്കളെ ചൈനയിലേക്ക് ക്ഷണിക്കാനുള്ള പദ്ധതി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് അവതരിപ്പിച്ചിരുന്നു. അതേസമയം, യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഭാഗത്തുനിന്ന് സ്വന്തം പൗരൻമാർ ചൈനയിലേക്ക് പോകുന്നത് നിരുത്സാഹപ്പെടുത്തുന്ന സമീപനമുണ്ടെന്ന് ചൈനീസ് നയതന്ത്രജ്ഞർ പറയുന്നു.

News Summary - Four US college instructors stabbed in public park in China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.