ഹമാസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ല​പ്പെട്ട ഇസ്രായേൽ സൈനികർ 


ഹമാസുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൂടി കൊല്ല​പ്പെട്ടതായി ഇസ്രായേൽ

തെൽഅവീവ്: ഗസ്സയിൽ ഹമാസുമായുള്ള ഏറ്റുമുട്ടലിൽ തങ്ങളുടെ മൂന്ന് സൈനികർ കൂടി കൊല്ല​പ്പെട്ടതായി ഇസ്രായേൽ. ഇവരുടെ പേരുവിവരവും ഫോട്ടോകളും ഇന്നു രാവിലെ ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) പുറത്തുവിട്ടു.

19 വയസ്സുകാരനായ സർജൻറ് ലവി ഘാസി, 20 വയസ്സുകാരനായ ലെഫ്റ്റനന്റ് യാക്കോവ് എലിയാൻ, 21 വയസ്സുകാരനായ ലെഫ്റ്റനന്റ് ഒമ്രി ഷ്വാർട്സ് എന്നിവരാണ് ​​കൊല്ല​പ്പെട്ടത്. എല്ലാവരും വടക്കൻ ഗസ്സയിൽ ഹമാസുമായി നടന്ന ഏറ്റുമുട്ടലിലാണ് മരിച്ചതെന്ന് ഐ.ഡി.എഫ് അറിയിച്ചു.

അതിനിടെ, ബന്ദി മോചനം ലക്ഷ്യമിട്ട് താൽക്കാലിക വെടിനിർത്തലിന് സമ്മർദം ശക്തമാക്കുന്നതിനിടെ ഗസ്സയിൽ സ്ത്രീകളെയും കുട്ടികളെയും കൂട്ടക്കൊല നടത്തുന്നത് തുടരുകയാണ് ഇസ്രായേൽ. ജനവാസ കേന്ദ്രങ്ങളിൽ ബുധനാഴ്ചയും വ്യാപകമായ ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടു.

ഈജിപ്ത് അതിർത്തിയായ റഫയിൽ കുവൈത്ത് ആശുപത്രിക്കരികെ രണ്ടു താമസ കെട്ടിടങ്ങളും ഒരു മസ്ജിദും തകർത്തു. നിലവിൽ ഏറ്റവും കൂടുതൽ അഭയാർഥികൾ തിങ്ങിക്കഴിയുന്ന ഇടമാണ് റഫ. ഇവിടെ ഒരു ആശുപത്രിക്ക് പുറമെ യു.എൻ അഭയാർഥി ക്യാമ്പും സ്ഥിതി ചെയ്യുന്നതിന് സമീപമാണ് ആക്രമണമുണ്ടായത്.

ജബലിയയിൽ റെഡ് ക്രസന്റ് ആംബുലൻസ് കേന്ദ്രം ഇസ്രായേൽ സേന വളഞ്ഞതായും റിപ്പോർട്ടുണ്ട്. 127 പേർ അകത്ത് കുടുങ്ങിക്കിടക്കുകയാണ്. ജബലിയയിൽ 24 മണിക്കൂറിനിടെ 46 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജബലിയ ക്യാമ്പിൽ തിങ്കളാഴ്ച ബോംബിങ്ങിൽ 151 ഫലസ്തീനികൾ കൊല്ലപ്പെടുകയും 313 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വടക്കൻ ഗസ്സയിൽ ശുജാഇയ്യയിൽ 56 താമസ കെട്ടിടങ്ങളാണ് 24 മണിക്കൂറിനിടെ ആക്രമിക്കപ്പെട്ടത്. ബൈത് ഹാനൂനിലടക്കം ഹമാസും ഇസ്രായേൽ സേനയും തമ്മിൽ രൂക്ഷ പോരാട്ടം തുടരുകയാണ്.

രൂക്ഷ പോരാട്ടം തുടരുന്ന ഖാൻ യൂനുസിൽ ചൊവ്വാഴ്ച വൈകീട്ടുണ്ടായ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 15 പേർ കൊല്ലപ്പെട്ടു. സമീപത്ത് മറ്റൊരു ആക്രമണത്തിൽ രണ്ട് കുടുംബങ്ങളിലെ നിരവധി പേർ കുരുതിക്കിരയായതായും റിപ്പോർട്ടുകൾ പറയുന്നു. അതിനിടെ, ജോർഡനിൽനിന്ന് നേരിട്ട് സഹായം ഗസ്സയിലെത്തി. 46 ട്രക്കുകളിലായി 750 മെട്രിക് ടൺ ഭക്ഷ്യ വസ്തുക്കളാണ് യു.എൻ മേൽനോട്ടത്തിൽ ഗസ്സയിലെത്തിയത്.

Tags:    
News Summary - IDF publishes the names of three fallen soldiers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.