സെമികണ്ടക്ടർ മേഖലയിൽ സഹകരണത്തിന് ഇന്ത്യ-സിംഗപ്പൂർ ധാരണ

സിംഗപ്പൂർ: സെമികണ്ടക്ടർ മേഖലയിലെ സഹകരണത്തിന് ഇന്ത്യയും സിംഗപ്പൂരും ധാരണാപത്രം ഒപ്പിട്ടു. ദ്വിദിന സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങിന്റെയും സാന്നിധ്യത്തിലാണ് ധാരണാപത്രം കൈമാറിയത്. സെമികണ്ടക്ടർ നിർമാണ രംഗത്ത് ആഗോള ശക്തിയാവുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

ഇലക്ട്രോണിക്സ്, ഇലക്ട്രിക് വാഹനങ്ങൾ, നിർമാണ മേഖല എന്നിവക്കായി ഇന്ത്യയിൽ സെമികണ്ടക്ടറുകളുടെ ആവശ്യകത കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഉൽപാദനം വർധിപ്പിക്കാനുള്ള നീക്കം സർക്കാർ നടത്തുന്നത്. സെമികണ്ടക്ടർ നിർമാണ മേഖലയിൽ പ്രാവീണ്യമുള്ള സിംഗപ്പൂരിലെ കമ്പനികളുടെ സഹായത്തോടെയായിരിക്കും ഇന്ത്യയിൽ ഈ രംഗത്തെ പ്രവർത്തനം വിപുലപ്പെടുത്തുക. കഴിഞ്ഞമാസം 26ന് ഇന്ത്യ-സിംഗപ്പൂർ മന്ത്രിതല സമ്മേളനത്തിൽ സിംഗപ്പൂർ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വ്യാപാര, വ്യവസായ മന്ത്രിയുമായ ഗാൻ കിം യോങ്ങും മന്ത്രി അശ്വനി വൈഷ്ണവും തമ്മിലാണ് കരാറിൽ ഒപ്പുവെച്ചത്.

സിംഗപ്പൂർ ഇന്ത്യയുടെ പങ്കാളി മാത്രമല്ല, വികസ്വര രാജ്യങ്ങൾക്ക് മാതൃക കൂടിയാണെന്ന് മോദി പറഞ്ഞു. ഇന്ത്യയിൽ ‘ഒന്നിലധികം സിംഗപ്പൂർ’ സൃഷ്‍ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കുന്നതിൽ സന്തോഷവാനാണ്. നൈപുണ്യ വികസനം, ഡിജിറ്റൽവത്കരണം, ഉൽപാദനം, സെമികണ്ടക്ടർ, നിർമിത ബുദ്ധി തുടങ്ങിയ മേഖലകളിൽ സഹകരണം വിപുലപ്പെടുത്തും. കഴിഞ്ഞ 10 വർഷത്തിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയായതായി മോദി പറഞ്ഞു. പരസ്പര നിക്ഷേപം മൂന്നുമടങ്ങ് വർധിച്ച് 15,000 കോടി ഡോളറായി. 10 വർഷത്തിനിടെ സിംഗപ്പൂരിന്റെ 17 ഉപഗ്രഹങ്ങൾ ഇന്ത്യയിൽനിന്ന് വിക്ഷേപിച്ചു. നൈപുണ്യ വികസനം മുതൽ പ്രതിരോധം വരെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വ്യാപിച്ചുകിടക്കുന്നു. സിംഗപ്പൂർ എയർലൈൻസും എയർ ഇന്ത്യയും തമ്മിലെ സഹകരണം ഇരു രാജ്യങ്ങൾക്കുമിടയിലെ യാത്ര എളുപ്പമാക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

പ്രസിഡന്റ് തർമൻ ഷൺമുഖരത്നവുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.

Tags:    
News Summary - India-Singapore MoU for Cooperation in Semiconductor Sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.