സിയോൾ: ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിന്റെ തടങ്കൽ കാലാവധി നീട്ടിയതിനെ തുടർന്ന് നൂറുകണക്കിന് അനുയായികൾ കോടതി കെട്ടിടം ആക്രമിച്ചു. അതിക്രമിച്ച് അകത്ത് കയറി ജനൽ ചില്ലുകൾ തകർത്തു.
ഞായറാഴ്ച പുലർച്ചെ 3 മണിക്ക് കോടതി തീരുമാനം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ യൂനിന്റെ അനുയായികൾ കെട്ടിടത്തിന് ചുറ്റും തടിച്ചുകൂടി. പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല.
പ്രവേശന കവാടത്തിൽ നിന്ന പൊലീസിനു നേരെ അഗ്നിശമന ഉപകരണങ്ങൾ എടുത്തു പ്രയോഗിച്ചു. ഇതെത്തുടർന്ന് ഉള്ളിൽ വെള്ളം കയറി ഓഫിസ് ഉപകരണങ്ങളും ഫർണിച്ചറും നശിച്ചു.
ഏതാനും മണിക്കൂറുകൾക്കുള്ളിൽ പൊലീസ് ക്രമസമാധാനം പുനഃസ്ഥാപിച്ചു. 46 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായും ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.
‘നിയമവിരുദ്ധമായ അക്രമങ്ങളിൽ സർക്കാർ ഖേദം പ്രകടിപ്പിക്കുന്നു. ഇത് ഒരു ജനാധിപത്യ സമൂഹത്തിൽ സങ്കൽപ്പിക്കാനാവാത്തതാണ്’ -ആക്ടിങ് പ്രസിഡന്റ് ചോയ് സാങ് മോക്ക് പ്രസ്താവനയിൽ പറഞ്ഞു. സുരക്ഷാ നടപടികൾ അധികൃതർ ശക്തമാക്കുമെന്നും പറഞ്ഞു.
സംഘർഷത്തിൽ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 40 ഓളം പേർക്ക് നിസാര പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റിനെ തടങ്കലിൽ വെക്കുന്നതിനുള്ള സമയപരിധി നീട്ടാൻ അന്വേഷകർ ആവശ്യപ്പെട്ടതിനെ തുടർന്ന് ജഡ്ജി തടങ്കൽ 20 ദിവസത്തേക്ക് നീട്ടുകയായിരുന്നു. ഡിസംബർ 3ന് നടത്തിയ സൈനിക നിയമ പ്രഖ്യാപനവുമായി ബന്ധപ്പെട്ട കലാപത്തിൽ ആരോപണങ്ങൾ നേരിടുന്നതിനാൽ അറസ്റ്റിലാകുന്ന ആദ്യത്തെ ദക്ഷിണ കൊറിയൻ സിറ്റിങ് പ്രസിഡന്റായി യൂൻ മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.