നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ സൗദി-ഇറാൻ ധാരണ; എംബസികൾ വീണ്ടും തുറക്കും

നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ സൗദി അറേബ്യയും ഇറാനും തമ്മിൽ ധാരണയായി. രണ്ടു മാസത്തിനുള്ളിൽ എംബസികൾ തുറക്കാനും തീരുമാനമായതായി സൗദി-ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിൽ നടന്ന ചർച്ചക്കു പിന്നാലെയാണ് ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്.

ചർച്ചയുടെ ഫലമായി ഇറാനും സൗദി അറേബ്യയും രണ്ടു മാസത്തിനുള്ളിൽ നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനും എംബസികൾ വീണ്ടും തുറക്കാനും ധാരണയിലെത്തിയതായി ഇറാനിയൻ വാർത്ത ഏജൻസി ഇർന റിപ്പോർട്ട് ചെയ്തു. പിന്നാലെ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ നേരിട്ട് കൂടിക്കാഴ്ച നടത്തി അംബാസഡർമാരെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് പറയുന്നു.

സൗദി പ്രസ് ഏജൻസിയും വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പരമാധികാരത്തെ മാനിക്കാമെന്നും പരസ്പരം ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും ഇരുരാജ്യങ്ങളും ധാരണയിലെത്തിയെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കൂടാതെ, 2001ൽ ഒപ്പിട്ട സുരക്ഷ സഹകരണ കരാർ നടപ്പാക്കാനും ഇരുരാജ്യങ്ങളും ധാരണയായി.

2016ൽ ഇറാനിലെ സൗദി അറേബ്യയുടെ നയതന്ത്ര കാര്യാലയം ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് സൗദി ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. ബന്ധം പുനസ്ഥാപിക്കുന്നതിനായി ഇരുരാജ്യങ്ങളും ഏറെ നാളായി ചർച്ചകൾ തുടരുകയായിരുന്നു. തെഹ്‌റാനും റിയാദും തമ്മിലുള്ള ബന്ധം സാധാരണനിലയിലാകുന്നത് മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ ബന്ധത്തിൽ വലിയ മാറ്റമുണ്ടാക്കും.

Tags:    
News Summary - Iran and Saudi Arabia agree to restore relations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.