തെഹ്റാൻ: സർക്കാർവിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇറാനിൽ ഒരാഴ്ചക്കിടെ രണ്ടാമത്തെയാളെ പരസ്യമായി തൂക്കിലേറ്റി. രണ്ട് സുരക്ഷാസേനാംഗങ്ങളെ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെട്ട മജീദ്റിസ റഹ്നവർദിന്റെ (23) വധശിക്ഷയാണ് തിങ്കളാഴ്ച നടപ്പാക്കിയത്. വസ്ത്രധാരണ മര്യാദ പാലിച്ചില്ലെന്നാരോപിച്ച് ധാർമിക പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമീനിയുടെ മരണത്തിനുശേഷം വ്യാപിച്ച പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 11 പേർക്ക് കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്.
ഇതിൽ രണ്ടാമത്തേതാണ് നടപ്പാക്കിയത്. പ്രക്ഷോഭത്തിനിടെ സൈനികരെ വടിവാൾ കൊണ്ട് പരിക്കേൽപിച്ച കേസിൽ വ്യാഴാഴ്ച മുഹ്സിൻ ശികാരിയെന്ന യുവാവിനെ തൂക്കിലേറ്റിയിരുന്നു. അറസ്റ്റ് ചെയ്ത് ഒരുമാസത്തിനകം വിചാരണനടപടികൾ പൂർത്തിയാക്കിയാണ് റഹ്നവർദിനെ തൂക്കിലേറ്റിയത്. നിർത്തിയിട്ട ബൈക്കിനരികെ വീണുകിടക്കുന്നയാളെ ഒരാൾ കുത്തുന്ന ദൃശ്യം ദേശീയ ടെലിവിഷൻ സംപ്രേഷണം ചെയ്തിരുന്നു. ഇത് രഹ്നവർദ് ആണെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാലുപേരെ കൂടി കുത്തിയതായി കുറ്റപത്രത്തിലുണ്ട്. നിയമവ്യവസ്ഥയെയും സുരക്ഷയെയും വെല്ലുവിളിക്കുന്ന കലാപകാരികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നത് സമൂഹത്തിന്റെ ആവശ്യമാണെന്ന് ടെലിവിഷനിൽ ജുഡീഷ്യറി വക്താവ് മസൂദ് സിതായിഷി പറഞ്ഞു.
അതിനിടെ വധശിക്ഷക്കെതിരെ തിങ്കളാഴ്ചയും രാജ്യത്ത് പ്രതിഷേധ പ്രകടനങ്ങൾ നടന്നു. വിചാരണ പ്രഹസനത്തിലൂടെ പൗരന്മാർക്ക് തൂക്കുകയർ ഒരുക്കി എതിർശബ്ദങ്ങളെ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തി. പാശ്ചാത്യൻ രാജ്യങ്ങളും ഇറാനെതിരെ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.