ജറൂസലം: ബശ്ശാറുൽ അസദിന്റെ പതനത്തിന് പിന്നാലെ അധിനിവിഷ്ട ഗോലാൻ കുന്നുകളിൽ ജൂതകുടിയേറ്റം വ്യാപിപ്പിക്കാനുള്ള പദ്ധതിക്ക് ഇസ്രായേൽ സർക്കാർ അംഗീകാരം നൽകി. ഗോലാൻ കുന്നുകളിൽ ഇസ്രായേൽ ജനതയുടെ എണ്ണം ഇരട്ടിയാക്കാനുള്ള പദ്ധതിക്ക് സർക്കാർ ഐകകണ്ഠ്യേന അംഗീകാരം നൽകിയതായി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. 11 ദശലക്ഷം ഡോളറിന്റെ കുടിയേറ്റ പദ്ധതിക്കാണ് സർക്കാർ അംഗീകാരം നൽകിയത്. 1967 മുതൽ ഇസ്രായേൽ കൈവശം വെക്കുന്ന ഗോലാൻ കുന്നുകളിലാണ് ജൂത കുടിയേറ്റം വ്യാപിപ്പിക്കുക.
1973ലെ യു.എൻ മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാർ പ്രകാരം സൈനിക സാന്നിധ്യം ഒഴിവാക്കിയ മൗണ്ട് ഹെർമൺ ഉൾപ്പെടുന്ന മേഖലയിലേക്ക് സിറിയയിലെ ഭരണകൂട ശൂന്യത മുതലെടുത്ത് ഇസ്രായേൽ സൈന്യം ഇരച്ചുകയറിയിരുന്നു. കൂടാതെ, സിറിയയുടെ സൈനിക സന്നാഹങ്ങളും ആയുധശേഷിയും കഴിഞ്ഞദിവസങ്ങളിൽ നശിപ്പിക്കുകയും ചെയ്തു. ഇതിലൂടെ അടുത്തെങ്ങും സൈനികമായി സിറിയ ഒരു വെല്ലുവിളിയാകില്ലെന്ന് ഉറപ്പിക്കാനും ഇസ്രായേലിനായി.
ഈ അനുകൂല സാഹചര്യം മുതലെടുത്താണ് അധിനിവിഷ്ട ഗോലാൻ കുന്നുകളിൽ ജൂതകുടിയേറ്റം ഇരട്ടിപ്പിക്കുന്നത്. നിലവിൽ സിറിയയിൽനിന്ന് അനധികൃതമായി കൈവശപ്പെടുത്തിയ ഗോലാൻ കുന്നുകളിൽ 30ഓളം സെറ്റിൽമെന്റുകളിലായി 31,000ലധികം പേർ താമസിക്കുന്നുണ്ട്. സിറിയൻ ന്യൂനപക്ഷമായ ഡ്രൂസെ വിഭാഗക്കാരും മേഖലയിൽ കഴിയുന്നുണ്ട്. ഗോലാൻ ശക്തിപ്പെടുത്തുന്നത് ഇസ്രായേൽ രാഷ്ട്രത്തെ ശക്തിപ്പെടുത്തുന്നതിന് തുല്യമാണെന്ന് നെതന്യാഹു പ്രതികരിച്ചു.
1967ലെ ആറുദിന യുദ്ധത്തിലാണ് ഗോലാൻ കുന്നുകളുടെ ഭൂരിഭാഗവും ഇസ്രായേൽ സിറിയയിൽനിന്ന് പിടിച്ചെടുത്തത്. രാജ്യാന്തരതലത്തിൽ ഇസ്രായേലിന്റേത് അനധികൃത കുടിയേറ്റമായാണ് കണക്കാക്കുന്നതെങ്കിലും 2019ൽ അന്നത്തെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗോലാൻ കുന്നുകളിൽ ഇസ്രായേലിന്റെ സ്വയംഭരണാധികാരത്തെ പിന്തുണച്ചിരുന്നു. ട്രംപ് വീണ്ടും പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നതോടെ കാര്യങ്ങൾ അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് ഇസ്രായേൽ. അതേസമയം, സിറിയയിൽ നടത്തുന്ന വ്യോമാക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് അസദ് ഭരണകൂടത്തെ പുറത്താക്കിയ ഹൈഅത്ത് തഹ്റീർ അശ്ശാം തലവൻ അബു മുഹമ്മദ് അൽ ജൂലാനി ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.