എയർ ലിഫ്റ്റ് ചെയ്യാൻ 250 മില്യൺ ഡോളർ; ബശ്ശാറുൽ അസദ് നാടുവിട്ടത് സിറിയയുടെ സ്വന്തം ചെലവിൽ

ഡമസ്കസ്: സിറിയയിൽ നിന്ന് ബശ്ശാറുൽ അസദിനെ ​മോസ്കോയിലെത്തിക്കാൻ ചെലവായത് ഏതാണ്ട് 250 മില്യൺ ഡോളർ. സർക്കാറിന്റെ ചെലവിലാണ് ബശ്ശാർ രാജ്യം വിട്ടതെന്നും ഫിനാൻഷ്യൽ ​ടൈംസ് റി​പ്പോർട്ട്ചെയ്തു. രണ്ടുവർഷം കൊണ്ടാണ് ഇത്രയും തുകയുടെ ഇടപാടുകൾ നടന്നത്.  

ബശ്ശാറിന്റെ ഭരണ കാലത്ത് സിറിയന്‍ സെന്‍ട്രല്‍ ബാങ്ക് രണ്ട് വര്‍ഷത്തിനിടെ മോസ്‌കോയിലേക്ക് ഏകദേശം 25 കോടി ഡോളര്‍ (ഏകദേശം 2120 കോടി രൂപ) പണമായി അയച്ചതായും റിപ്പോർട്ടിലുണ്ട്. 

ഏകദേശം രണ്ട് ടണ്ണോളം ഭാരംവരുന്ന നോട്ടുകളാണ് സിറിയന്‍ സെന്‍ട്രല്‍ ബാങ്ക് മോസ്‌കോയിലെ നുകോവോ വിമാനത്താവളത്തിലേക്ക് അയച്ചത്. നൂറിന്റെ ഡോളര്‍ നോട്ടുകളും അഞ്ഞൂറിന്റെ യൂറോ നോട്ടുകളുമായിരുന്നു ഇതില്‍. വിലക്ക് നേരിടുന്ന ഒരു റഷ്യന്‍ ബാങ്കില്‍  ഈ പണം നിക്ഷേപിച്ചതായാണ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

2018ലും 2019ലുമാണ് ഈ ഇടപാടുകളത്രയും നടന്നത് ഇക്കാലയളവിൽ ബശ്ശാറിന്റെ ബന്ധുക്കൾ റഷ്യയിൽ സ്വത്തുവകകൾ വാങ്ങിക്കൂട്ടുകയും ചെയ്തു. ഇക്കാലയളവിൽ ബശ്ശാർ ഭരണകൂടത്തിനെതിരെ അന്താരാഷ്ട്ര ഉപരോധങ്ങൾ നിലവിലുണ്ടായിരുന്നു. അ​തെല്ലാം നിഷ്പ്രഭമാക്കിയായിരുന്നു റഷ്യയുമായുള്ള സിറിയയു​ടെ സാമ്പത്തിക ഇടപാടുകൾ.

വിമതർ ഭരണം പിടിച്ചെടുത്തതോടെ ഡിസംബർ എട്ടിനാണ് ബശ്ശാർ രാജ്യം വിട്ടത്. 2011 മുതൽ ബശ്ശാറിനെതിരെ തുടരുന്ന ജനകീയ പ്രഷേധമാണ് വിജയം കണ്ടത്. ജനകീയപ്രതി​ഷേധത്തിൽ അഞ്ചുലക്ഷം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്വന്തം ജനതക്കു ​നേ​രെ രാസായുധ പ്രയോഗം നടത്തിയ ഭരണാധികാരിയാണ് ബശ്ശാറുൽ അസദ്.

റഷ്യയുമായുള്ള ബശ്ശാറിന്റെ സാമ്പത്തിക ഇടപാടുകളിൽ അതിശയിക്കാനില്ലെന്ന് യു.എസ് മുൻ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഡേവിഡ് ഷെങ്കർ പ്രതികരിച്ചു. ബശ്ശാർ ഭരണകൂടം കുറെ പണമുണ്ടാക്കി റഷ്യയിൽ സുരക്ഷിതായി നി​ക്ഷേപിച്ചു. ഭാവിയിൽ റഷ്യയിൽ സുഖജീവിതം നയിക്കാനായി അവർ നേരത്തേ എല്ലാം തീരുമാനിച്ചുറപ്പിച്ചു.-എന്നായിരുന്നു ഷെങ്കറു​ടെ പ്രതികരണം.

വർഷങ്ങളായി സിറിയ ബശ്ശാർ ഭരണകൂടത്തിന്റെ സുരക്ഷിത താവളമായിരുന്നു. സിറിയക്ക് എല്ലാ പിന്തുണയും നൽകി റഷ്യൻ ഭരണകൂടവും കൂടെ നിന്നു. അ​തേസമയം സിറിയയിൽ നിന്ന് കറൻസികൾ ഒഴുകിയെത്തിയതിന് റഷ്യൻ ബാങ്കുകളിൽ ​രേഖകളില്ലെന്നും ഫിനാൻഷ്യൽ ​ടൈംസ് റിപ്പോർട്ട് ചെയ്തു. ബശ്ശാറുൽ അസദിന് അഭയം നൽകിയ കാര്യം റഷ്യ സ്ഥിരീകരിച്ചിരുന്നു. 

Tags:    
News Summary - Bashar al Assad Airlifted $250 million Of Syria's wealth to Moscow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.