തെഹ്റാൻ: പുതിയ ആണവ കരാറിലെത്താൻ ഇറാനെ പ്രേരിപ്പിച്ചുകൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ കത്തിന് ഒമാൻ വഴി ഇറാൻ മറുപടി നൽകിയതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഒമാൻ വഴി അയച്ച പ്രതികരണത്തിൽ ‘പരോക്ഷ ചർച്ചകൾ തുടരാം’ എന്ന് സ്ഥിരീകരിക്കുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചി പറഞ്ഞതായി ഇറാന്റെ ഔദ്യോഗിക മാധ്യമമായ ‘ഇർന’യാണ് അറിയിച്ചത്.
പരമാവധി സമ്മർദ്ദത്തിലും സൈനിക ഭീഷണിയിലും, നേരിട്ടുള്ള ചർച്ചകളിൽ ഏർപ്പെടരുത് എന്നതാണ് ഞങ്ങളുടെ നയം. എന്നിരുന്നാലും, മുൻകാലങ്ങളിലെന്നപോലെ പരോക്ഷ ചർച്ചകൾ തുടരാം എന്ന് അരാഗ്ചി പറഞ്ഞതായി ‘ഇർന’ പുറത്തുവിട്ടു. നിലവിലെ സാഹചര്യത്തെയും മിസ്റ്റർ ട്രംപിന്റെ കത്തിനെയും കുറിച്ചുള്ള തങ്ങളുടെ വീക്ഷണങ്ങൾ വിശദീകരിച്ച ഒരു കത്ത് പ്രതികരണത്തിൽ ഉൾപ്പെടുന്നുവെന്ന് മന്ത്രി പറഞ്ഞു. 85 കാരനായ ഇറാനിയൻ നേതാവ് ആയത്തുള്ള അലി ഖാംനഇക്ക് ട്രംപ് എഴുതിയ കത്തിന്റെ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല. ട്രംപ് ഭരണകൂടം ഇറാനിൽ പരമാവധി സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ കൂടിയാണ് കത്ത്.
2025 മാർച്ച് 12ന് തെഹ്‌റാൻ സന്ദർശിച്ചപ്പോൾ മുതിർന്ന യു.എ.ഇ നയതന്ത്രജ്ഞനായ അൻവർ ഗർഗാഷ് ആണ് യു.എസ് പ്രസിഡന്റിന്റെ കത്ത് ഇറാനിയൻ ഉദ്യോഗസ്ഥർക്ക് കൈമാറിയത്. ഇറാന്റെ പ്രതികരണത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.
യു.എസ് പ്രസിഡന്റായി വന്ന തന്റെ ആദ്യ ടേമിൽ, ഇറാനും ലോകശക്തികളും തമ്മിലുള്ള 2015ലെ കരാറിൽ നിന്ന് ട്രംപ് അമേരിക്കയെ പിൻവലിച്ചിരുന്നു. ഉപരോധങ്ങൾ ഒഴിവാക്കുന്നതിനു പകരമായി ഇറാന്റെ ആണവ പ്രവർത്തനങ്ങൾക്ക് കർശനമായ പരിധികൾ വെക്കുകയും ചെയ്തു. തങ്ങളുടെ ആണവ പദ്ധതി പൂർണ്ണമായും സിവിലിയൻ ഊർജ ആവശ്യങ്ങൾക്കുള്ളതാണെന്നാണ് ഇറാൻ അവകാശപ്പെടുന്നത്.
എന്നാൽ, ഒരു കരാർ ഉണ്ടാക്കുകയോ സൈനിക പ്രത്യാഘാതങ്ങൾ നേരിടുകയോ ചെയ്യണമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെ തെഹ്റാൻ ഇതുവരെ തള്ളിയിട്ടില്ല. പകരം, ഇറാന്റെ പരമോന്നത നേതാവ് ഖാംനഇയുടെ ഉപദേഷ്ടാവായ കമാൽ ഖരാസി, ചർച്ചകൾക്കുള്ള എല്ലാ വാതിലുകളും അടച്ചിട്ടില്ല എന്ന് പറഞ്ഞു. മറുകക്ഷിയെ വിലയിരുത്തുന്നതിനും സ്വന്തം വ്യവസ്ഥകൾ പ്രസ്താവിക്കുന്നതിനും ഉചിതമായ തീരുമാനം എടുക്കുന്നതിനുമായി അമേരിക്കയുമായി പരോക്ഷ ചർച്ചകൾക്ക് അവർ തയ്യാറാണെന്ന് ഉപദേഷ്ടാവ് പറഞ്ഞതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.