യാംഗോൻ: മ്യാന്മറിനെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2700 കടന്നു. ചൊവ്വാഴ്ച കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് 63കാരിയെ ജീവനോടെ പുറത്തെത്തിച്ചു. ഭൂകമ്പം നടന്ന് 91 മണിക്കൂറിന് ശേഷമാണ് വിജയകരമായി സ്ത്രീയെ രക്ഷിച്ചത്. അഞ്ചു ദിവസമായി പുരോഗമിക്കുന്ന രക്ഷാപ്രവർത്തനത്തിൽ ഇനിയും ജീവനോടെ ആരെയെങ്കിലും കണ്ടെത്താമെന്ന പ്രതീക്ഷ മങ്ങി.
വെള്ളിയാഴ്ചയാണ് മ്യാന്മറിനെയും അയൽരാജ്യമായ തായ്ലൻഡിനെയും വിറപ്പിച്ച് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. സൈനിക ഭരണകൂടത്തിന്റെ നിയന്ത്രണങ്ങൾ കാരണം രക്ഷാപ്രവർത്തനം മന്ദഗതിയിലാണ് നടക്കുന്നത്. ആവശ്യത്തിന് യന്ത്രസാമഗ്രികൾ ലഭ്യമല്ലാതിരുന്നതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. അതേസമയം, ഭൂകമ്പത്തിന് ഇരയായ കുടുംബങ്ങൾ കടുത്ത ഭക്ഷ്യ, കുടിവെള്ള ക്ഷാമം നേരിടുന്നതായാണ് റിപ്പോർട്ട്. ആവശ്യങ്ങൾ വളരെ വലുതാണെന്നും അവ ഓരോ മണിക്കൂറിലും വർധിച്ചുകൊണ്ടിരിക്കുകയാണെന്നും മ്യാന്മറിലെ യുനിസെഫ് ഉപപ്രതിനിധി ജൂലിയ റീസ് പറഞ്ഞു.
2719 പേർ ഭൂകമ്പത്തിൽ മരിച്ചതായും 4521 പേർക്ക് പരിക്കേറ്റതായും സൈനിക ഭരണകൂടത്തിന്റെ തലവനായ സീനിയർ ജനറൽ മിൻ ഓങ് ഹ്ലയിങ് പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 441 പേർ ഇപ്പോഴും കാണാമറയത്താണെന്ന് മ്യാന്മറിലെ പാശ്ചാത്യൻ ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ കെട്ടിടങ്ങൾ തകർന്ന് 21 പേരാണ് മരിച്ചത്. 34 പേർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.