ഇസ്രായേൽ വ്യോമാക്രമണത്തിൽ പരിക്കേറ്റ ഫലസ്തീനിയെ രക്ഷിക്കുന്നവർ 

ഗസ്സയിൽ കരയാക്രമണം തുടങ്ങി: സൈനികൻ കൊല്ലപ്പെട്ടതായി ഇസ്രായേൽ, സൈനിക ഉപകരണങ്ങൾ നശിപ്പിച്ചതായി ഹമാസ്

ഗസ്സ: കനത്ത വ്യോമാക്രമണം തുടരുന്നതിനി​ടെ ഗസ്സയിൽ ഇസ്രോയേൽ കരയാക്രമണത്തിന് തുടക്കം കുറിച്ചതായി ഇസ്രായേലും ഹമാസും സ്ഥിരീകരിച്ചു. കരയാക്രമണത്തിന് ഗസ്സയിൽ നുഴഞ്ഞുകയറിയ ഒരു ഇസ്രായേലി സൈനികനെ ഖാൻ യൂനിസിന് കിഴക്ക് ഭാഗത്ത് വെച്ച് കൊലപ്പെടുത്തിയതായി ഹമാസ് അറിയിച്ചു. ഇക്കാര്യം ഇസ്രായേലും സ്ഥിരീകരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ അറിയിച്ചു.

കരസേന ഗസ്സയിൽ നിയന്ത്രിത റെയ്ഡ് നടത്തിയെന്നാണ് ഇസ്രായേൽ സൈന്യം പറയുന്നത്. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിനായി തയ്യാറെടുക്കുന്ന ഹമാസിനെ ഇല്ലാതാക്കുന്നതിനാണ് ഇതെന്ന് സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. 222 ബന്ദികളെ കണ്ടെത്താൻ എന്ന പേരിലാണ് കരയാക്രമണം. ആക്രമണത്തിനിടെ തങ്ങളുടെ ഒരു സൈനികൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹഗാരി വ്യക്തമാക്കി.

അതേസമയം, തെക്കൻ ഗസ്സയിൽ നുഴഞ്ഞുകയറുന്ന ഇസ്രായേലി കവചിത സേനയെ തങ്ങളുടെ പോരാളികൾ നേരിട്ടതായി ഹമാസ് അറിയിച്ചു. ഖാൻ യൂനിസിന്റെ കിഴക്ക് ഭാഗത്താണ് നുഴഞ്ഞുകയറ്റം നടന്നത്. ഇസ്രായേലി സൈനികനെ വധിക്കുകയും സൈനിക ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തതായി ഹമാസ് വ്യക്തമാക്കി.

അതിനിടെ, ഒക്ടോബർ 7 മുതൽ ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന വ്യോമാക്രമണത്തിൽ ഇതുവരെ 5,087 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 2,055 പേർ കുട്ടികളാണ്. 1,119 സ്ത്രീകളും കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 182 കുട്ടികൾ ഉൾപ്പെടെ 436 ഫലസ്തീനികൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

ഇതുവരെ നടന്ന ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 15,273 ആയി. തകർത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ 830 കുട്ടികളുൾപ്പെടെ 1500 പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി മന്ത്രാലയം അറിയിച്ചു.

ആതു​രാലയങ്ങളെ പോലും വെറുതെ വിടാത്ത ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിലെ 12 ആശുപത്രികളും 32 ആരോഗ്യ കേന്ദ്രങ്ങളും പ്രവർത്തനരഹിതമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 57 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെടുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

Tags:    
News Summary - Israel Palestine Conflict: Hamas says it battled Israeli troops inside Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.