ഇന്നലെ രാത്രി റഫയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഗർഭിണിയായ ഭാര്യയുടെയു​ം രണ്ട് മക്കളുടെയും മൃതദേഹങ്ങൾക്കരികിൽ ഫലസ്തീനി പൗരൻ അഷ്‌റഫ് അബു ദറ 

രക്ഷാപ്രവർത്തകർക്ക് നേരെയും ഇസ്രായേൽ ബോംബാക്രമണം: മെഡിക്കൽ സ്റ്റാഫ് അടക്കം നാലുപേർ കൊല്ലപ്പെട്ടു

ഗസ്സ: ഭക്ഷ്യവിതരണ സംഘത്തെ ആക്രമിച്ച് കൊലപ്പെട​ുത്തിയതിന്റെ രോഷം തണുക്കുംമുമ്പ് രക്ഷാപ്രവർത്തകർക്ക് നേരെയും ഇസ്രായേൽ ബോംബാക്രമണം. പാരാമെഡിക്കൽ സ്റ്റാഫ് അടക്കം നാലുപേർ കൊല്ലപ്പെട്ടതായി ഡോക്ടേഴ്സ് വിത്തൗട്ട് ​ബോർഡേഴ്സ് (എം.എസ്.എഫ്) അറിയിച്ചു.

വടക്കൻ ഗസ്സയിലെ ബെയ്ത്ത് ഹനൂനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ പരിക്കേറ്റവരെ രക്ഷിക്കാനെത്തിയ ആരോഗ്യ സംഘത്തിന് നേരെയാണ് വീണ്ടും ഇസ്രായേൽ ആക്രമണം നടത്തിയത്. പരിക്കേറ്റവരെ രക്ഷിക്കുന്ന മെഡിക്കൽ സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് കമൽ അദ്‌വാൻ ആശുപത്രിയിലെ എമർജൻസി ഡയറക്ടർ ഫാരിസ് അഫാൻ പറഞ്ഞു.

“ഇസ്രായേൽ ഷെല്ലാക്രമണത്തിൽ പരിക്കേറ്റവരെ രക്ഷിക്കാൻ എത്തിയതായിരുന്നു ഞങ്ങളുടെ സംഘം. അവിടെ എത്തിയ അവരും ബോംബാക്രമണത്തിന് ഇരയായി. സേവനപ്രവർത്തനത്തിൽ നിരതരായിരിക്കെയാണ് അവർ കൊല്ല​പ്പെട്ടത്’ -അഫാൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഗസ്സയിൽ ഭക്ഷണം വിതരണം ചെയ്യാനെത്തിയ സന്നദ്ധ സംഘടനയായ 'വേൾഡ് സെൻട്രൽ കിച്ചണി'ന്റെ ഏഴു പ്രവർത്തകരെ ഇസ്രായേൽ ബോംബിട്ടുകൊന്നത്. മൂന്ന്​ ​ബ്രിട്ടീഷ്​ പൗരൻമാരെയും അമേരിക്ക, ആസ്​​ത്രേലിയ, പോളണ്ട്​ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മൂന്നുപേരെയും വാഹന ഡ്രൈവറായ ഫലസ്​തീനിയെയുമാണ് കൊലപ്പെടു​ത്തിയത്. സെൻട്രൽ ഗസ്സയിലെ ദേൽ അൽ ബലാഹിലായിരുന്നു സംഭവം. വെയർഹൗസിൽനിന്ന് ഭക്ഷണവുമായി ഗസ്സയിലേക്ക് നീങ്ങിയ വാഹനത്തിനു മുകളിലാണ് ഇസ്രായേൽ ബോംബ് വർഷിച്ചത്. ഡബ്ല്യു.സി.കെ എംബ്ലം പതിച്ച കാറുകൾക്ക് നേരെയായിരുന്നു 2.4 കി.മീ ദൂരത്തിനിടയിൽ ആക്രമണം അഴിച്ചുവിട്ടത്.

Tags:    
News Summary - Israeli strike targets rescue team, killing four

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.