ഹനോയ്: വിയറ്റ്നാമിൽ ശക്തമായ കാറ്റിലും വെള്ളപ്പൊക്കത്തിലും 59 മരണം. ‘യാഗി’ കൊടുങ്കാറ്റിൽ അകപ്പെട്ട് ഒമ്പത് പേരും തുടർന്നുള്ള വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കുറഞ്ഞത് 50 പേരും മരിച്ചതായി സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കാവോ വാങ് പ്രവിശ്യയില്‍ 20 യാത്രക്കാരുമായി പോയ ബസ് ഒലിച്ചു പോയി. ഫുതോ പ്രവിശ്യയിൽ നദിക്ക് കുറുകെയുള്ള ഉരുക്ക് പാലം തിങ്കളാഴ്ച രാവിലെ തകർന്നതിനെ തുടർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. 10 കാറുകളും ട്രക്കുകളും രണ്ട് മോട്ടോർ ബൈക്കുകളും നദിയിൽ വീണതായി റിപ്പോർട്ടുകൾ പറയുന്നു. മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. 13 പേരെ കാണാതായി.
ഹൈഫോങ് പ്രവിശ്യയിലെ നിരവധി ഫാക്ടറികൾക്ക് വ്യാപകമായ നാശനഷ്ടം സംഭവിച്ചു. വ്യാവസായിക യൂണിറ്റുകളിലേക്ക് വെള്ളം കയറി, നിരവധി ഫാക്ടറികളുടെ മേൽക്കൂര തകർന്നുവെന്നും ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഉൽപ്പാദനം പുനരാരംഭിക്കാൻ കുറഞ്ഞത് ഒരു മാസമെങ്കിലും എടുക്കുമെന്നും ചില കമ്പനികൾ പറഞ്ഞു.
പ്രധാനമന്ത്രി ഫാം മിൻ ചിൻ ഞായറാഴ്ച ഹൈഫോങ് നഗരം സന്ദർശിക്കുകയും തുറമുഖ നഗരം വീണ്ടെടുക്കാൻ സഹായിക്കുന്നതിന് 4.62 ദശലക്ഷം യു.എസ് ഡോളറിന്‍റെ പാക്കേജിന് അംഗീകാരം നൽകുകയും ചെയ്തു.
149 കിലോമീറ്റർ (92 മൈൽ) വരെ വേഗതയിലാണ് വിയറ്റ്നാമിൽ കാറ്റ് വീശുന്നത്. ഞായറാഴ്ച ഇത് ദുർബലമായെങ്കിലും തുടരുന്ന മഴ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകുമെന്ന് രാജ്യത്തെ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.