ഗസ്സയിലെ പട്ടിണിപ്പാവങ്ങളെ അന്നമൂട്ടാനുള്ള ഒരവസരവും പാഴാക്കരുത്; മരണത്തിലേക്ക് നടന്നടുക്കും മുമ്പ് സോമി ഫ്രാങ്കോം എന്ന ആസ്ട്രേലിയക്കാരിയുടെ സന്ദേശം

ഗസ്സ സിറ്റി: ഇസ്രായേൽ നരനായാട്ട് തുടരുന്ന ഗസ്സയിൽ വിശക്കുന്നവർക്ക് ഭക്ഷണം എത്തിക്കാനുള്ള ഒരവസരം പോലും പാഴാക്കരുതെന്ന് സന്നദ്ധപ്രവർത്തകയായ സോമി ഫ്രാങ്കോം. ഇ​സ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ദ ഇൻഡിപെൻഡന്റിന് നൽകിയ അഭിമുഖത്തിലായിരുന്നു സോമി എന്ന് 43 കാരിയുടെ വാക്കുകൾ. മധ്യഗസ്സയിലെ ദൈർ അൽ ബലാഹിൽ പ്രവർത്തിക്കുന്ന വേൾഡ് സെൻട്രൽ കിച്ചൻ എന്ന ചാരിറ്റി സംഘത്തിലെ അംഗമാണ് ഈ ആസ്ട്രേലിയക്കാരി. സോമിയടക്കം ഈ സംഘത്തിലെ ഏഴുപേരാണ് ഇസ്രായേലിന്റെ വ്യേമാക്രമണത്തിൽ കൊല്ലപ്പെട്ടത്. അതിൽ മൂന്നുപേർ ബ്രിട്ടീഷ് പൗരൻമാരാണ്.

ഗസ്സയിലേക്ക് സൈപ്രസ് വഴിയുള്ള നാവിക പാത വഴി നൂറു കണക്കിന് ടൺ ഭക്ഷ്യ സാധനങ്ങളുടെ വിതരണം എത്തിക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയതിനു പിന്നാലെയാണ് ഇവർ മരണം പുൽകിയത്. ജോൺ ചാപ്മാൻ, ജെയിംസ് ഹെൻഡേഴ്സൺ, ജെയിംസ് കിർബി എന്നിവരാണ് മരിച്ച ബ്രിട്ടീഷ് പൗരൻമാരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഇസ്രായേൽ വേൾഡ് സെൻട്രൽ കിച്ചന്റെ മൂന്ന് വാഹനങ്ങളും തകർത്തു. കൊല്ലപ്പെട്ട സോബി തിളക്കമാർന്ന നക്ഷത്രമായിരുന്നുവെന്നും ലോകത്തിന് ലഭിച്ച സമ്മാനമായിരുന്നുവെന്നും സുഹൃത്തുക്കൾ അനുസ്മരിച്ചു. ജോർഡനിൽ നിന്ന് മാനുഷിക സഹായം എത്തിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് അവരെ ഇൻഡിപെൻഡന്റ് കണ്ടുമുട്ടിയത്. അവരുടെ അവസാനത്തെ അഭിമുഖങ്ങളിലൊന്നായി അത് മാറുകയും ചെയ്തു.

അത്യധികം ഉൽസാഹത്തോടെ അമ്മാന് പുറത്തുള്ള ജോർഡാനിയൻ സൈനിക താവളത്തിൽ ഭക്ഷണസാധനങ്ങൾ വിമാനത്തിൽ കയറ്റാൻ അവർ സഹായിച്ചു. ഗസ്സയിലെ ഇസ്രായേൽ ഏറ്റവും നാശം വിതച്ച മേഖലകളിലേക്ക് സാധനങ്ങൾ എത്തിക്കുകയായിരുന്നു ദൗത്യം. വടക്കൻ ഗസ്സയിലേക്ക് സഹായം എത്തിച്ചിരുന്നത് വ്യോമമാർഗം വഴിയായിരുന്നു. കഴിഞ്ഞ ഒക്ടോബർ ഏഴിന് ഹമാസിന്റെ ആക്രമണത്തിന് നിഷ്ഠൂരമായി തിരിച്ചടി തുടരുന്ന ഇസ്രായേൽ വടക്കൻ ഗസ്സയിലേക്ക് ഭൗമമാർഗം സഹായം എത്തിക്കാനുള്ള എല്ലാ മാർഗങ്ങളും അടച്ചു. കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന മൂന്നുലക്ഷം ആളുകൾ വടക്കൻ ഗസ്സയിൽ കഴിയുന്നുണ്ടെന്നാണ് യു.എൻ റിപ്പോർട്ട്. കുഞ്ഞുങ്ങൾ വിശപ്പു മൂലവും നിർജലീകരണം മൂലവും മരിച്ചു വീഴുമെന്ന് യു.എൻ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. അതിനാലാണ് സാധ്യമാവുന്ന വഴികളിൽ കൂടി ഗസ്സയുടെ പട്ടിണിമാറ്റാൻ സോമി മുന്നിട്ടിറങ്ങിയത്.

സെലിബ്രിറ്റി ഷെഫ് ജോസ് ആൻഡ്രസ് ആണ് വേൾഡ് സെൻട്രൽ കിച്ചൻ എന്ന സംരംഭത്തിന് പിറകിൽ. ഗസ്സയിലേക്ക് കര,വ്യോമ, കടൽ മാർഗങ്ങൾ വഴി സഹായമെത്തിക്കുകയാണ് ലക്ഷ്യം. സൈപ്രസിൽ നിന്ന് ഗസ്സയിലേക്ക് സാധനങ്ങൾ കയറ്റുമതി ചെയ്തതിനു തൊട്ടുപിന്നാലെയാണ് സോമിയും സംഘവും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. സത്യത്തിൽ അവ​രെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ പ്രതികരണം. 2018 മുതലാണ് സോമി വേൾഡ് സെൻട്രൽ കിച്ചന്റെ ഭാഗമായത്. അന്നുതൊട്ട് ലോകത്തിന്റെ ഏതുഭാഗത്തുമുള്ള ആളുകളുടെ വിശപ്പകറ്റാനുള്ള പ്രവർത്തനങ്ങളിൽ അവർ ഭാഗവാക്കായി. 2019ൽ സന്നദ്ധസംഘടനയുടെ മുഴുവൻ സമയ പ്രവർത്തകയായി. 2019ൽ വെനിസ്വേലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലും 2020ൽ ആസ്ട്രേലിയയിലുണ്ടായ കാട്ടുതീയിലും അകപ്പെട്ട ആളുകൾക്ക് ഭക്ഷണമെത്തിക്കാൻ അവർ മുന്നിലുണ്ടായിരുന്നു. 

Tags:    
News Summary - Let’s take every opportunity to feed Gaza Aid worker’s message before she was killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.